പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതനായിരുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍. റേഡിയേഷന്‍ തെറാപ്പിക്ക് ശേഷം രോഗം ഭേദമായെന്നും വെളിയാഴ്ച ഔദ്യോഗികമായി അദ്ദേഹം അറിയിച്ചു. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നാണ് 76 കാരനായ നെതന്യാഹു തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, താന്‍ കാന്‍സര്‍ ബാധിതനാണെന്ന വിവരം കഴിഞ്ഞ രണ്ട് മാസമായി രഹസ്യമാക്കി വെക്കുകയായിരുന്നുവെന്നും, യുദ്ധകാലത്ത് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് ഈ കാലതാമസം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.
നെതന്യാഹുവിന്റെ ചികിത്സയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ മടിച്ചു. 2024-ല്‍ പ്രോസ്റ്റേറ്റ് വലുതായതുമായി ബന്ധപ്പെട്ട് നടത്തിയ ശസ്ത്രക്രിയയുടെ തുടര്‍ചികിത്സയ്ക്കിടെയാണ് 0.9 സെന്റിമീറ്റര്‍ വലിപ്പമുള്ള കാന്‍സര്‍ മുഴ അദ്ദേഹത്തില്‍ കണ്ടെത്തിയത്. രോഗത്തെ നിരീക്ഷിക്കുന്നതിന് പകരം റേഡിയേഷന്‍ തെറാപ്പി സ്വീകരിക്കാനാണ് അദ്ദേഹം തീരുമാനിച്ചതെന്ന് ജറുസലേമിലെ ഹദാസ മെഡിക്കല്‍ സെന്ററിലെ ഷാരെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഡയറക്ടര്‍ ഡോ. ആരോണ്‍ പോപോവ്‌സര്‍ അറിയിച്ചതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചികിത്സ എപ്പോഴായിരുന്നു നടന്നതെന്നതിനെ കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നതില്‍ അവ്യക്തതയുണ്ട്. ചികിത്സ ‘രണ്ടര മാസം മുന്‍പ്’ നടന്നതാണെന്ന് ആശുപത്രി പുറത്തിറക്കിയ വീഡിയോയില്‍ ഡോക്ടര്‍ പറഞ്ഞെങ്കിലും, ചികിത്സ ‘ഏകദേശം രണ്ടര മാസത്തിന് ശേഷമാണ് അവസാനിച്ചത്’ എന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. റേഡിയേഷന്‍ തെറാപ്പിക്ക് ശേഷം നടത്തിയ പരിശോധനകളില്‍ രോഗം പൂര്‍ണ്ണമായും മാറിയതായും, കാന്‍സറിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തില്‍ അവശേഷിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്നും സാധാരണ രീതിയിലുള്ള മെഡിക്കല്‍ പരിശോധനകള്‍ അദ്ദേഹം തുടരുമെന്നും ഡോ. പോപോവ്‌സര്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ വാര്‍ഷിക ആരോഗ്യ റിപ്പോര്‍ട്ടും ഇതിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. 2023 മുതല്‍ അദ്ദേഹം പേസ്മേക്കര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഈ വര്‍ഷം നടത്തിയ സ്‌ട്രെസ് ടെസ്റ്റും രക്തപരിശോധനകളും സാധാരണ നിലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥ വളരെ മികച്ചതാണെന്ന് അദ്ദേഹത്തിന്റെ സ്വകാര്യ ഫിസിഷ്യന്‍ ഡോ. സ്വിക ബെര്‍കോവിറ്റ്‌സും, ഹദാസ സര്‍ജിക്കല്‍ വിഭാഗം തലവന്‍ പ്രൊഫ. അലോണ്‍ പികാര്‍സ്‌കിയും സാക്ഷ്യപ്പെടുത്തുന്നു.
ഡിസംബര്‍ 2024-ല്‍ നെതന്യാഹു നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. അന്ന് പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുകയാണെന്നാണ് ഓഫീസ് അറിയിച്ചിരുന്നത്. രോഗം ക്യാന്‍സറാണെന്ന സംശയം അന്ന് നിഷേധിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 2025-ലെ റിപ്പോര്‍ട്ടില്‍ ലേസര്‍ ഉപയോഗിച്ച് ‘ബെനിന്‍’ (തീവ്രമല്ലാത്ത) കലകള്‍ മാത്രമാണ് നീക്കം ചെയ്തതെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍, ശസ്ത്രക്രിയയുടെ തുടര്‍നടപടിയായി നടത്തിയ എം.ആര്‍.ഐ സ്‌കാനില്‍ പ്രോസ്റ്റേറ്റില്‍ സംശയാസ്പദമായ ഒരു തഴമ്പ് കണ്ടെത്തിയതായി പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍പരിശോധനകളില്‍ കാന്‍സര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടില്ലെന്ന് ഉറപ്പിച്ചു.
അതേസമയം, കാന്‍സര്‍ വെളിപ്പെടുത്തലിലൂടെ തനിക്കെതിരായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും നെതന്യാഹു മറുപടി നല്‍കി. 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ ഇസ്രയേല്‍ സൈനിക-സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വീണ്ടും ആരോപിച്ചു. ഒരു രോഗത്തെക്കുറിച്ച് കൃത്യസമയത്ത് വിവരം ലഭിച്ചാല്‍ ഉടന്‍ ചികിത്സ തേടുന്നതുപോലെ, രാജ്യസുരക്ഷയിലും അപകടത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചാല്‍ ഉടനടി നടപടിയെടുക്കണമെന്നും അദ്ദേഹം പരോക്ഷമായി കുറ്റപ്പെടുത്തി.
Content Summary: Israel Prime Minister Benjamin Netanyahu reveals he had been treated recently for prostate cancer
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.