‘കപട സദാചാരം അസ്തമിക്കുന്നിടത്തു നിന്ന് ഈ കഥകളാരംഭിക്കുന്നു.’- ആയിരത്തൊന്നു രാവുകള്‍.
ഒരു കാലത്ത് ഈ ഭൂമി മലയാളത്തില്‍ ചികിത്സയില്ലാത്ത ഒന്നായിരുന്നു ഭ്രാന്ത് – ഭ്രാന്തെന്ന രോഗത്തിനല്ല, പമ്മന്‍ എഴുതിയ ഭ്രാന്ത് എന്ന മലയാള നോവല്‍ വായിക്കാനുള്ളവരുടെ തീവ്രമായ ആഗ്രഹ ആവേശങ്ങള്‍ക്കാണ് ചികിത്സ ഇല്ലാത്തത്.
കേരളത്തിലെ ഒരു ഗ്രാമത്തിലെ വായനശാലയില്‍ ഭ്രാന്ത് എന്ന നോവലിന്റെ കോപ്പി വന്ന പാടെ വായനക്കാര്‍ എടുത്തു കൊണ്ടു പോയി. പല വായനയും കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ നാനുറോളം പേജുള്ള പുസ്തകത്തിലെ ഭൂരിഭാഗം പേജും നഷ്ടപ്പെട്ടിരുന്നു. നോവലിലെ, വായിക്കുമ്പോള്‍ മറ്റൊരു അനുഭൂതിയിലേക്ക് പോകുന്ന രതിയുടെ വ്യാഖ്യാനങ്ങള്‍ അഭിനിവേശത്തോടെ ആവര്‍ത്തിച്ച് വായിക്കാന്‍ വായനക്കാര്‍ കീറിയെടുത്തായിരുന്നു സംഭവം. വായന സമൂഹത്തിനോട് കാണിക്കുന്ന ഈ അനീതിയെ നിശിതമായി വിമര്‍ശിച്ച വായനക്കാരുടെ അമര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലൈബ്രറി കമ്മറ്റി യോഗം കൂടി ചര്‍ച്ച ചെയ്തു, പരിഹാരം നിര്‍ദ്ദേശിച്ചു. മൂന്നു പുതിയ കോപ്പികള്‍ കൂടി വാങ്ങുക. അത് നടപ്പിലായി. പക്ഷേ , മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മുന്‍ഗാമിയുടെ വിധിപോലെ നോവലിലെ പേജുകള്‍ അപ്രത്യക്ഷമായി. വായനശാലയിലെ ഷെല്‍ഫില്‍ അപൂര്‍ണന്മാരായി ആ മൂന്ന് കോപ്പികളും വേണ്ട പേജുകള്‍ ഇല്ലാത്തതിനാല്‍ ആരും എടുക്കാതെ പൊടിയടിച്ച് കാണപ്പെട്ടു.
നാല് പതിറ്റാണ്ട് മുന്‍പ് ,സോഷ്യല്‍ മീഡിയയോ യൂട്യൂബോ ഇല്ലാത്ത, വിശാലമായ പോര്‍ണോ ലോകം തുറന്ന ക്കുന്നതിനും നാലു പതിറ്റാണ്ട് മുമ്പ്, ലക്ഷക്കണക്കിന് വായനക്കാരെ വികാരം കൊള്ളിച്ച ഭ്രാന്ത് എന്ന മലയാള നോവല്‍ കേരളത്തിലെ നാല് തലമുറയെങ്കിലും പ്രായവ്യത്യാസമില്ലാതെ വായിച്ചു. സഭൃതയുടെ സീമകള്‍ ലംഘിച്ച അധമ കൃതിയായി മുദ്രകുത്തപ്പെട്ടതിനാല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രഹസ്യമായി വായിച്ചു. യുവാക്കളും മധ്യവയസ്‌ക്കരും ഒളിച്ചും, പതുങ്ങിയും രഹസ്യമായി വായിച്ചു. മയക്കുമരുന്ന് പോലെ രഹസ്യമായി, ആരുമറിയാതെ വിദ്യാര്‍ത്ഥികള്‍ ഈ പുസ്തകം സൂക്ഷിച്ചു.
ഭ്രാന്ത് നോവല്‍ പുറംചട്ട, പമ്മന്‍
അന്ന് സണ്ണി ലിയോണ്‍ ജനിച്ചിട്ടില്ല. ഷക്കീലക്ക് പ്രായം 5 വയസ്. മലയാളികളുടെ രതി കാമനകളെ ഉദ്ദീപിപ്പിച്ച ചലചിത്രം ‘അവളുടെ രാവുകള്‍ ‘ എന്ന സിനിമ തിയേറ്ററുകള്‍ കീഴടുക്കുന്നതേയുള്ളൂ.
ആ ബ്ലാക്ക് ആന്റ് വൈറ്റ് യുഗത്തില്‍ ചൂടന്‍ മൊബൈല്‍ ക്ലിപ്പ് പോലെ പ്രചരിച്ച കേരളത്തില്‍ ഹിറ്റ് നോവലായി മാറി പമ്മന്റെ ഭ്രാന്ത്’. എന്ത് കൊണ്ടാണ് ഒരു സാധാരണ നോവലായ ഭ്രാന്ത് ഇത്രയധികം ശ്രദ്ധയാകര്‍ഷിച്ചതും വായനക്കാരെ നേടിയതും? അതിന്റെ കാരണമറിയണമെങ്കില്‍ ഒരു ഫ്‌ളാഷ് ബാക്കിലേക്ക് പോകണം.
‘മലയാള നാടി’ലാണ് ഭ്രാന്ത് എന്ന നോവല്‍ ഖണ്ഡശ ആരംഭിക്കുന്നത്. മലയാള ആനുകാലിക പ്രസിദ്ധീകരണത്തിലെ ചരിത്ര പുരുഷനായി മാറിയ എസ്.കെ നായര്‍ ചീഫ് എഡിറ്ററായി 1969 മെയ് 16 ന് കൊല്ലത്ത് നിന്ന് ആരംഭിച്ച വാരികയാണ് മലയാളനാട്. ആധുനികതയുടെ ഭാഗമായ പല രചനകളും ആദ്യമായി മലയാള സാഹിത്യത്തില്‍ അവതരിപ്പിച്ചത് മലയാള നാടാണ്.
അങ്ങനെയിരിക്കുമ്പോഴാണ് മലയാള സാഹിത്യത്തെത്തേയും വായനക്കാരേയും ഞെട്ടിച്ചു കൊണ്ട് മാധവിക്കുട്ടിയുടെ ആത്മകഥയായ ‘എന്റെ കഥ’ മലയാളനാട് പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചത്. 1971 സെപ്റ്റംബര്‍ 12 ലക്കത്തില്‍ ഒരു കുറിപ്പില്‍ പത്രാധിപര്‍ ഇങ്ങനെ എഴുതി;
‘പ്രിയപ്പെട്ട വായനക്കാരെ മാധവിക്കുട്ടി എന്ന കമല, മിസിസ്സ് കമലാദാസ് കഥ പറഞ്ഞു തുടങ്ങുന്നു. നാലപ്പാട്ടെ കമലാദാസും മാധവിക്കുട്ടിയും ആയി തീര്‍ന്ന സംഭവ ബഹുലമായ കഥ ഇതാ. ഇത്ര ധീരമായി, ഇത്ര സത്യസന്ധമായി , ഇത്ര തുറന്നതായി ആരും ഒരിക്കലും ഒരു കഥയും പറഞ്ഞിട്ടില്ല. വിസ്‌ഫോടകമായ ഈ മാസ്മര മന്ദിരത്തിലേക്ക് പ്രിയപ്പെട്ട വായനക്കാരെ, സ്വാഗതം.’
മലയാള നാടില്‍ പ്രസിദ്ധീകരിച്ച എന്റെ കഥയുടെ അധ്യായം, വാരികയുടെ അറിയിപ്പ്
എഴുതിയതു പോലെ മലയാള സാഹിത്യത്തില്‍ വിസ്‌ഫോടനം നടന്നു. ‘എന്റെ കഥ’യിലെ മദ്യപിക്കുന്ന, പരപുരുഷ ബന്ധമെല്ലാം വെളിപ്പെടുത്തുന്ന, എഴുത്തുകാരിയുടെ കുത്തഴിഞ്ഞ ജീവിതത്തിലെ അനുഭവങ്ങള്‍ കോളിളക്കമുണ്ടാക്കി. അതോടെ സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാന്‍ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരിയായി മാറി മാധവിക്കുട്ടി.
കഥയെ ആത്മകഥയാക്കുകയും ആത്മകഥയെ കഥാന്തരങ്ങളാക്കുകയും ചെയ്യുന്ന കാവ്യത്മകമായ ഒരു വ്യക്തിത്വമായിരുന്നു മാധവിക്കുട്ടിയുടേത്. സ്റ്റോറി ടെല്ലിംഗ് കനിഞ്ഞനുഗ്രിച്ച സര്‍ഗപ്രതിഭയായ ഒരു എഴുത്തുകാരി. ‘എന്റെ കഥ’ യെ കുറിച്ച് അമേരിക്കന്‍ വാരിക ടൈം ഫീച്ചര്‍ ചെയ്തതോടെ സംഭവം അന്താരാഷ്ട ശ്രദ്ധയാകര്‍ഷിച്ചു. ആ ശിലായുഗത്തില്‍ ഒരു എഷ്യക്കാരനെ കുറിച്ച് പോലും ടൈം എഴുതുക വിരളമായ കാലമാണ്. ഒറ്റയടിക്ക് മാധവിക്കുട്ടിയുടെ പ്രശസ്തി വാനോളം വര്‍ദ്ധിച്ചു. ഒപ്പം ശത്രുക്കളും വിമര്‍ശകരും. മലയാള നാടിന്റെ വില്‍പ്പന 40000 കോപ്പിയില്‍ നിന്ന് 55,000 മായി.
എന്റെ കഥ പ്രസിദ്ധീകരണം നിറുത്താനായി മാധവിക്കുട്ടിയോട് പലരും ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദം മൂലം അവസാനിപ്പിച്ചു. അനോരാഗ്യം കാരണം തുടര്‍ന്നെഴുതാന്‍ എഴുത്തുകാരിക്ക് സാധിക്കാത്തതിനാല്‍ ഈ അദ്ധ്യായത്തോടെ എന്റെ കഥ അവസാനിപ്പിക്കുന്നു എന്നൊരു കുറിപ്പും വായനക്കാര്‍ക്കായ് എഡിറ്റര്‍ മലയാളനാടില്‍ കൊടുത്തു.
എന്റെ കഥ, മാധവിക്കുട്ടി
‘എന്റെ കഥ നിശിതമായി വിമര്‍ശിക്കപ്പെട്ടു. കടുത്ത എതിര്‍പ്പുണ്ടായി. സന്‍മാര്‍ഗ വാദികള്‍ അതിനെ ഒരു അശ്ലീല കൃതിയായി എണ്ണി. അവര്‍ എന്റെ മേല്‍ കനത്ത ആരോപണങ്ങള്‍ അഴിച്ചു വിട്ടു. എന്റെ മേല്‍ വര്‍ഷിക്കപ്പെട്ട അപരാധങ്ങളും ഉപലംഭങ്ങളും എന്നെ സ്‌നേഹിക്കുന്നവരെ കണക്കറ്റു വേദനിപ്പിച്ചു. അതൊരു സങ്കല്‍പ്പ സൃഷ്ടിയാണ് എന്ന് പറയുന്നത് വരെ, സദാചാരസംരക്ഷകര്‍ക്ക് ഉറക്കം വന്നതേയില്ല’ മാധവിക്കുട്ടി താനേറ്റു വാങ്ങിയ വിമര്‍ശനങ്ങളെ കുറിച്ച് പറഞ്ഞു.
ബോംബയില്‍ സ്ഥിരതാമസമാക്കിയിരുന്ന മാധവിക്കുട്ടി കടുത്ത രോഗത്താല്‍ ആശുപത്രിയിലായി. അപ്പോള്‍ വേണ്ട സാമ്പത്തിക സഹായമെത്തിച്ചത് മലയാള നാടിന്റെ ഉടമ-എഡിറ്റര്‍ എസ്. കെ. നായരാണ്. ആ കടപ്പാട് മാധവിക്കുട്ടി വീട്ടിയത് മലയാള നാടില്‍ ‘എന്റെ കഥ’ എഴുതിയാണ്.’ അതാണ് എന്റെ കഥയുടെ പിന്നിലെ ചരിത്രം.
നാല് പതിറ്റാണ്ട് മുന്‍പ് മലയാള നാട് വാരികയുടെ ജൂണ്‍ രണ്ടാം ലക്കത്തില്‍ ഉടനെ തുടങ്ങുന്ന ഒരു പുതിയ നോവലിന്റെ പരസ്യം ഉണ്ടായിരുന്നു. ‘ഇതിലെ ചില കഥാപാത്രങ്ങള്‍ക്ക് ജീവിച്ചതോ ജീവിച്ചിരിക്കുന്നതോ ആയ ആരുടെയെങ്കിലും മുഖഛായ കാണുന്നുണ്ടെങ്കില്‍ അത് യാദൃശ്ചികമാണെന്ന്’ നോവലിസ്റ്റിന്റെതായി പരസ്യത്തില്‍ ഒരു കുറിപ്പ് നല്‍കിയിരുന്നു.
നിയമ നടപടികള്‍ ഒഴിവാക്കാന്‍ സിനിമകളില്‍ ടൈറ്റിലില്‍ എഴുതി കാണിക്കുന്ന ഈ വാചകങ്ങള്‍ ഒരു നോവലിന്റെ പരസ്യത്തില്‍ വന്നത് അക്കാലത്ത് അസാധാരണമായിരുന്നു. അതും ഒരു ആനുകാലികത്തില്‍ ഖണ്ഡശ പ്രസിദ്ധീകരിക്കുന്ന സാഹിത്യ കൃതിയുടെ പരസ്യത്തില്‍. പക്ഷേ, മലയാള സാഹിത്യത്തിന് ഭ്രാന്ത് പിടിപെടാന്‍ പോകുന്നതിന്റെ ലക്ഷണമാണ് ആ വാചകമെന്ന് അപ്പോള്‍ ആരും അറിഞ്ഞില്ല.
1978 ജൂണ്‍ 18 ലക്കം മലയാളനാട് വാരികയില്‍ കൃത്യം 46 വര്‍ഷം മുന്‍പ് പമ്മന്‍ എന്ന പ്രശസ്ത നോവലിസ്റ്റിന്റെ ‘മലയാളനാട് ‘ഭ്രാന്ത്’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചു തുടങ്ങി.
ഭ്രാന്തിന്റെ ആദ്യ അധ്യായം മലയാളനാടില്‍
അമ്മു എന്ന പെണ്‍കുട്ടിയാണ് ഭ്രാന്തിലെ നായിക. വലിയ തറവാട്ടില്‍ ജനിച്ച എകാകിനിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. കല്‍ക്കട്ടയില്‍ ജോലിയുള്ള പിതാവ് വല്ലപ്പോഴുമൊക്കെയേ വീട്ടില്‍ വരുകയുള്ളു. ബാല്യകാലത്ത് തന്നെ അവളുടെ ശരീരം പലരും ഉപയോഗിക്കുന്നു. അദ്ധ്യാപകനും, മുറച്ചെറുക്കനുമെല്ലാം അവളോടൊത്ത് രമിക്കുന്നു. അവസാനം അവളുടെ മുറച്ചെറുക്കന്‍ അമ്മുവിനെ വിവാഹം കഴിച്ച് വന്‍നഗരത്തിലേക്ക് കൊണ്ടു പോകുന്നു.
ആ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തെല്ലുമില്ലാതെ അസംതൃപ്തയായ അവള്‍ സാഹിത്യ രചനയിലേക്ക് തിരിയുന്നു. കഴിവുള്ളതിനാല്‍ പ്രശസ്തയാവുന്നു. പല പുരുഷന്മാരുമായി ബന്ധപ്പെടുന്ന അമ്മുക്കുട്ടി കുത്തഴിഞ്ഞ ജീവിതത്തിലേക്ക് വീഴുന്നു. ഒടുവില്‍ ലൈംഗിക അരാജകത്വവും ആസക്തിയും മൂര്‍ഛിച്ച് , തന്റെ തറവാടിനെ പിന്‍തുടരുന്ന ശാപം ഏറ്റു വാങ്ങുന്നു. ‘തറവാട്ടിലെ ഒരു താവഴിയില്‍ എന്നും ഒരു സ്ത്രീക്ക് ഭ്രാന്ത്’. വെറും ഭ്രാന്തല്ല കാമ ഭ്രാന്ത്’.
വായനക്കാരുടെ സിരകളെ ചൂട് പിടിക്കുന്ന ലൈംഗികവേഴ്ചകളുടെയും കാമാസക്തികളുടെയും ലോകത്തിലേക്ക് നയിക്കുന്ന വ്യാഖ്യാന ശൈലിയിലൂടെ പമ്മന്‍ പുതിയൊരു സാഹിത്യവഴി തുറന്നു. സഭ്യമായ രീതിയില്‍ നോവലില്‍ സെക്‌സ് അവതരിപ്പിച്ച സ്റ്റെല്‍ ബുക്കായി ഭ്രാന്തിന്റ ശൈലി അംഗീകരിക്കപ്പെട്ടു. നോവലിലെ വരകള്‍ ചെയ്ത സാബു എന്ന ആര്‍ട്ടിസ്റ്റിന്റെ ചിത്രങ്ങള്‍ നോവലിന് കൂടുതല്‍ മാദകത്വം നല്‍കി. പമ്മന്റെ നോവലുകള്‍ ബെസ്റ്റ് സെല്ലറായി മാറുകയും, വായനശാലകളില്‍ യുവാക്കള്‍ തപ്പി നടക്കുന്ന ഒരു എഴുത്തുകാരനായി പമ്മന്‍ എന്ന മലയാള എഴുത്തുകാരന്‍.
സാബുവിൻ്റെ ചിത്രീകരണം
ആരാണ് പമ്മന്‍? പഴയ തലമുറയിലെ പ്രസാധകരായ എസ്. ടി. റെഡ്യാര്‍ പ്രസ് അച്ചടിച്ചു പുറത്തിറക്കിയ വന്‍ പ്രചാരം നേടിയ കൃതികളുടെ രചയിതാവായ രാമന്‍ മേനോന്റെ മകനാണ് പരമേശ്വര മേനോന്‍ എന്ന പമ്മന്‍. പ്രശസ്തനായ റേഡിയോ കമ്മന്റെറ്ററായിരുന്ന രാമന്‍ മേനോന്‍ എസ്.ടി. റെഡ്യാര്‍ക്ക് വേണ്ടി പുരാണങ്ങള്‍, നിഘണ്ടുക്കള്‍, വ്യാഖ്യാനങ്ങള്‍, പരിഭാഷകള്‍ എന്ന് വേണ്ട സാഹിത്യത്തിലെ എല്ലാ മേഖലകളിലും സംഭാവന നല്‍കിയ സാഹിത്യകാരനായിരുന്നു. പിതാവിനേപ്പോലെ സാഹിത്യത്തില്‍ പ്രശസ്തനായ പമ്മന്‍ സാഹിത്യം ചലച്ചിത്ര രൂപമാക്കി വിജയിപ്പിച്ച മലയാളത്തിലെ അപൂര്‍വം എഴുത്തുകാരനായിരുന്നു. അടിമകള്‍, ചട്ടക്കാരി, മിസ്സി, അമ്മിണിയമ്മാവന്‍ എന്നി പ്രശസ്ത ചലചിത്രങ്ങള്‍ പമ്മന്റെ കഥകളാണ്. രണ്ട് തവണ രചനക്ക് സംസ്ഥാന ചലചിത്ര പുരസ്‌ക്കാരവും നേടിയ എഴുത്തുകാരനാണ് പമ്മന്‍. റെയില്‍വേ ഉദ്യോഗസ്ഥനായ പമ്മന്‍ ബോംബയില്‍ മാധവിക്കുട്ടിയുടെ അടുത്ത ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. 1970 കളില്‍ മലയാളത്തില്‍ ഏറ്റവും അധികം വായനക്കാരുള്ള നോവലിസ്റ്റായിരുന്നു പമ്മന്‍.
ഭ്രാന്ത് വായനക്കാരുടെ മനസ്സില്‍ രതിയുടെ നാളങ്ങളായി ജ്വലിക്കാന്‍ ആരംഭിച്ചു. അപ്പോഴാണ് മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയ ഒരു സംഭവമുണ്ടാവുന്നത്..
ഈ ഭ്രാന്ത് എന്ന നോവല്‍ നിറുത്തണമെന്ന് മലയാള നാടിന്റെ ഉടമയായ എസ്.കെ. നായരോടും എഡിറ്റായ വി. ബി.സി നായരോടും മാധവിക്കുട്ടി ആവശ്യപ്പെട്ടു. കാരണം നോവലിലെ നായികയായ അമ്മുക്കുട്ടി തന്റെ പ്രതിരൂപമായി കാണപ്പെടുന്നു. തന്റെ ജീവിത ശൈലിയാണ് ഭ്രാന്തിലെ കഥാപാത്രത്തിന്റെത്. തന്നെ അപകീര്‍ത്തിപ്പെടുന്നു ഇത് ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മാധവിക്കുട്ടി മലയാള നാടിന് കത്തയച്ചു പിന്നീട് ഫോണിലൂടെ ആവശ്യപ്പെട്ടു. പിന്നീട് വക്കീല്‍ നോട്ടീസയച്ചു. എന്നാല്‍ നോവലും കഥാപാത്രങ്ങളും തന്റെ ഭാവനയാണെന്ന് പമ്മന്‍ വിശദമാക്കി. അപ്പോഴും വായക്കാരുടെ സിരകളില്‍ കാമവികാരമുണര്‍ത്തി നോവല്‍ ഖണ്ഡശയായി മുന്നോട്ട് പോകുകയായിരുന്നു. വിവാദം ഏറ്റെടുക്കാന്‍ ഇന്നത്തെ പോലെ സാമൂഹ്യ മാധ്യമങ്ങളിലാത്തതിനാല്‍ വിവാദം ചില ലേഖനങ്ങളില്‍ ഒതുങ്ങി. എന്നാല്‍ ഭ്രാന്ത് നോവല്‍ മലയാളനാടിന്റെ പ്രചാരം ഒന്നു കൂടി വര്‍ദ്ധിക്കാന്‍ കാരണമായി.
1979 ഓഗസ്റ്റില്‍ ഡല്‍ഹി ആസ്ഥാനമായുള്ള പ്രസ്സ് കൗണ്‍സിലിനു മുന്നില്‍ ഭ്രാന്ത് അശ്ലീല നോവലാണെന്നും അത് അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ഇന്ദിരാ സദാനന്ദന്‍ എന്നൊരു വായനക്കാരി പ്രസ്സ് കൗണ്‍സിലിന് പരാതി നല്‍കി. ഭാവനാതീതമാംവിധം വലിച്ച് നീട്ടിയ ‘ആഭാസത്വം’ പ്രദര്‍ശിപ്പിക്കുന്നതും ‘വൃത്തികെട്ടതുമായ’ ഒരു കഥയാണ് അതെന്നും പത്രപ്രവര്‍ത്തന സദാചാരത്തിന്റെ നിലവാരങ്ങള്‍ക്ക് അത് തീരെ നിരക്കുന്നതല്ലെന്നും ഇക്കാരണത്താല്‍ അതിന്റെ പ്രസിദ്ധീകരണം പ്രതിഷേധാര്‍ഹമാണെന്നും പരാതിയില്‍ ശക്തമായി വാദിച്ചിരുന്നു.
പാര്‍ലിമെന്റ് പാസാക്കിയ ഒരു നിയമമനുസരിച്ച് സ്ഥാപിച്ച ഒരു സംഘടനയാണ് പ്രസ്സ് കൗണ്‍സില്‍. ഇന്ത്യയില്‍ പത്രപ്രവര്‍ത്തകരും പത്ര സ്ഥാപനങ്ങളും ഉയര്‍ന്ന സദാചാര മൂല്യങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നത് പ്രസ് കൗണ്‍സിലാണ്. ഏതെങ്കിലും ആനുകാലികം അശ്ലീല ലേഖനമോ പടങ്ങളോ പ്രസിദ്ധീകരിച്ചു എന്ന് ആക്ഷേപം വന്നാല്‍ തെളിവ് സഹിതം ആര്‍ക്കും അവര്‍ക്ക് പരാതി നല്‍കാം. ശരിയാണെന്ന് കണ്ടാല്‍ നിയമ നടപടി എടുക്കും. പ്രസ്സ് കൗണ്‍സിലിന്റെ ഇടപെടല്‍ കുട്ടിക്കളിയല്ലെന്ന് സാരം.
ആദ്യമായാണ് പ്രസ്സ് കൗണ്‍സിലിന് മുന്നില്‍ അശ്ലീലത്തിന്റെ പേരില്‍, പരാതിയില്‍ ഒരു മലയാള നോവലും വാരികയും എത്തുന്നത്.
വിബിസി നായര്‍, എസ് കെ നായര്‍
പ്രസ്സ് കൗണ്‍സില്‍ ഇതിന്റെ വിശദീകരണം ചോദിച്ച് മലയാള നാട് എഡിറ്റര്‍ക്ക് നോട്ടീസ് അയച്ചു. മലയാള നാട് ഇതിന് യുക്തമായ മറുപടി നല്‍കി. ഒന്നാമതായി പമ്മന്‍ പ്രശസ്തനായ ഒരു സാഹിത്യകാരനാണ്. അദ്ദേഹത്തിനും വായനക്കാര്‍ക്കുമിടയില്‍ ഒരു മാധ്യമമായി നില്‍ക്കുക മാത്രമെ വാരിക ചെയ്തിട്ടുള്ളൂ. രണ്ടാമതായി ഈ നോവലിനെതിരെ ഉത്തരവാദിത്വപ്പെട്ട സാഹിത്യ സാംസ്‌കാരിക സംഘടനകളൊന്നും തന്നെ ശബ്ദമുയര്‍ത്തിയിട്ടില്ല. കാരണം നോവല്‍ ജനപ്രീതി നേടിയതാണ്.
മലയാള നാടിന്റെ മറുപടി പരിശോധിച്ച് പ്രസ്സ് കൗണ്‍സില്‍ പറഞ്ഞു. ‘നോവലില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക വേഴ്ചകളുടെ വിശദ വിവരണങ്ങളുണ്ട്. എങ്കിലും’ തെറി’ വാക്കുകള്‍ ഇല്ല. അശുദ്ധം, നീചം, സഭ്യമല്ലാത്ത എന്ന് വിശേഷിപ്പിക്കുന്നതല്ല നോവലിലെ രംഗ വര്‍ണ്ണനയും ഭാഷാ പ്രയോഗവും. വായനക്കാരെ ദുഷിപ്പിക്കുന്ന സ്ഥൂലമോ ആഭാസമോ അല്ല നോവലിലെ പ്രതിപാദ്യം; പ്രസ്സ് കൗണ്‍സില്‍ വിലയിരുത്തി.
ഡി. എച്ച് ലോറന്‍സിന്റെ ലേഡി ചാര്‍റ്റര്‍ലിയുടെ കാമുകന്‍ എന്ന പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വന്ന ഒരു കേസില്‍ 1965 ല്‍ സുപ്രിം കോടതി വിധിയുണ്ട്; ‘കലയിലും സാഹിത്യത്തിലും നഗ്നതയുടയോ ലൈംഗിക ചിത്രീകരണമോ പ്രതിപാദനമോ ഉണ്ടെന്ന് കാരണത്താല്‍ അത് അശ്ലീലമല്ല’. ഈ പശ്ചാത്തലത്തില്‍ പമ്മന്റെ ഭ്രാന്ത് എന്ന നോവലിനെ കുറിച്ചുള്ള പരാതി പ്രസ്സ് കൗണ്‍സില്‍ തള്ളിക്കളഞ്ഞു.
ആ സമയത്ത് മലയാള നാടിന്റെ എഡിറ്ററായ വി.ബി.സി നായരുടെ ഒരു അഭിമുഖത്തില്‍ ഭ്രാന്തിന്റെ വിവാദം സംബന്ധിച്ച് അവസാന ക്ലൈമാക്‌സ് അദ്ദേഹം ഭാഷാപോഷിണി 2021 ജൂലൈ ലക്കത്തില്‍ പറയുന്നുണ്ട്. ”ഒരു ദിവസം മാധവിക്കുട്ടി മകനായ മോനു നാലപ്പാട്ടുമായി കൊല്ലത്തെ മലയാള നാടിന്റെ ഓഫീസില്‍ ചെന്ന് ഉച്ചത്തില്‍ ബഹളമുണ്ടാക്കി. ഉടമയും ചീഫ് എഡിറ്ററായ എസ്. കെ. നായര്‍ സ്ഥലത്തില്ലായിരുന്നു. എഡിറ്ററായ വി. ബി. സി. നായര്‍ അവരെ അനുനയിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. പോകാനിറങ്ങിയപ്പോള്‍ മലയാള നാടിന്റെ ഓഫീസ് മുറ്റത്ത് നിന്ന് ഒരു പിടി മണ്ണ് വാരിയെടുത്ത് ഓഫിസിന് നേരെ എറിഞ്ഞു ശാപവാക്കുകള്‍ ഉരുവിട്ടു.
‘ഈ സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പറഞ്ഞത് ഇതാണ്; എടാ.., വീ.ബീ. സീ.., ഞാന്‍ ഭദ്രകാളിയാണ്…, ഞാന്‍ ഭഗവതിയാണ്…, നിന്നെയും നിന്റെ പ്രസ്ഥാനത്തെയും ഞാനിതാ ശപിക്കുന്നു.., നീ നശിച്ചു പോകുമെടാ..’ കൈക്കുള്ളില്‍ ചുരുട്ടി പിടിച്ചിരുന്ന മണ്ണ് മലയാളനാട് ഓഫീസിനുനേരെ വലിച്ച് എറിഞ്ഞിട്ട് അവര്‍ തിരിഞ്ഞു നടന്നു. പിന്നീട് എസ്.കെ. നായര്‍ പലതവണ കാര്യം വിശദീകരിക്കാന്‍ ശ്രമിച്ചിട്ടും മാധവിക്കുട്ടി ഒത്തു തീര്‍പ്പിന് തയ്യാറായില്ല.
അതേ സമയത്ത് തിരുവനന്തപുരത്ത് നിന്ന് ഒരു പുതിയ മാസിക പുറത്ത് വന്നു. കെട്ടിലും മട്ടിലും ഒരു ആധുനിക പ്രസിദ്ധീകരണത്തിന്റെ മാതൃകയിലായിരുന്ന അതിന്റെ പേര് ‘പമ്പരം’ എന്നായിരുന്നു. ന്യൂ ലൈഫ് സ്‌റ്റൈയില്‍ മാസിക എന്ന് തലവാചകത്തോടെയുള്ള പമ്പരത്തില്‍ കളര്‍ പേജുകളും കളര്‍ ഫോട്ടോകളും ഉണ്ടായിരുന്നു. അക്കാലത്തെ ആനുകാലികങ്ങളെ അപേക്ഷിച്ച് വിലയും കൂടുതലായിരുന്നു. വില 2.80. പഴയ തിരുവിതാംകൂറിലെ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവും മികച്ച വാഗ്മിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായി സി. നാരായണ പിള്ളയുടെ പംക്തി. കാക്കനാടന്റെ ‘ഒറോത’ എന്ന നോവല്‍, യു. ജയചന്ദ്രന്‍, സുധക്കുട്ടി എന്നീ യുവകവികളുടെ കവിത. കൂടാതെ മാധവിക്കുട്ടിയുടെ പംക്തി എന്നിവയായിരുന്നു ആദ്യ ലക്കം ഉള്ളടക്കത്തിലെ ഹൈലൈറ്റ്. മാധവിക്കുട്ടിയുടെ മകന്‍ മോനു നാലപ്പാട്ട് ആയിരുന്നു വാരികയുടെ മാനേജിംഗ് എഡിറ്റര്‍’. കൂടാതെ ഒരു കുര്യാക്കോസ് എഴുതിയ ഒരു ആക്ഷേപഹാസ്യ നോവല്‍ അതില്‍ ഉണ്ടായിരുന്നു. പേര് ‘ഉലക്കനാട് വാരിക’. ‘എസ്.കെ. വലിയാന്‍ പിള്ളയുടെ ബോംബെ യാത്രകള്‍ എന്നായിരുന്നു ആദ്യ അദ്ധ്യായം. അതിന്റെ കഥാസാരം ഇങ്ങനെ:
കേരളത്തിലെ പണക്കാരനും ഒരു വാരിക ഉടമയുമാണ് എസ്.കെ. വലിയാന്‍ പിള്ള. എസ്. കെ. വലിയാന്‍ പിള്ള സ്ഥിരമായി ബോംബയില്‍ വരും. അവിടെയുള്ള ഒരു പ്രശസ്ത സാഹിത്യകാരി സ്ഥിരമായി പിള്ളയുടെ വാരികയില്‍ എഴുതിയിരുന്നതിനാല്‍ വാരികയ്ക്ക് പ്രചാരം കൂടി. അവര്‍ പിള്ളയെ ഒരു സഹോദരനേപ്പോലെ ബഹുമാനിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ മദ്യ ലഹരിയില്‍ വീട്ടില്‍ വന്ന വലിയാന്‍ പിള്ള സാഹിത്യകാരിയോട് മോശമായി പെരുമാറി. അവര്‍ പിള്ളയെ വീട്ടില്‍ നിന്ന് ചവുട്ടി പുറത്താക്കി വാതിലടച്ചു. മദ്യത്തിന്റെ കെട്ട് വിട്ടപ്പോള്‍ പിള്ള വന്ന് മാപ്പ് ചോദിച്ചപ്പോള്‍ സാഹിത്യകാരി പറഞ്ഞു, ‘കാശുണ്ടെങ്കില്‍ നീ നിന്റെ കയ്യില്‍ വെച്ചാ മതി. നീ നിന്റെ ഭാര്യയോട് പെരുമാറുന്നത് പോലെ അന്യ സ്ത്രീകളോട് എടുക്കരുത്…’
അതോടെ വലിയാന്‍ പിള്ള ക്ഷുഭിതനായി. അവളെ ശരിയാക്കണം. പിള്ള തന്റെ സുഹൃത്തായ ബോംബയിലെ നോവലിസ്റ്റിനെ കാണുന്നു. അവളെ ശരിപ്പെടുത്തണം. കുറെ രൂപയും ഒരു വിസ്‌ക്കി കുപ്പിയും കൊടുത്ത് പിള്ള പറഞ്ഞു അവളെ കുറിച്ച് ഒരു നോവലെഴുത്. ബോംബെയിലെ പത്ത് രൂപാ പെണ്ണുങ്ങളുടെ കൂടെ സ്ഥിരമായി കിടന്നിരുന്നതിനാല്‍ ബോംബെ സാഹിത്യകാരന് ചീത്ത രോഗം പിടിപെട്ടതിന്റെ ചികിത്സക്കായ് ധാരാളം കാശ് വേണമായിരുന്നു. അതിനാല്‍ അയാള്‍ സമ്മതിച്ചു. നോവലെഴുതാന്‍ തുടങ്ങി. ഇതാണ് ഉലക്കനാട് വാരിക നോവലിന്റെ ആദ്യ അദ്ധ്യായത്തിന്റെ ചുരുക്കം.
മലയാള നാടിനേയും എസ്.കെ നായരേയും പമ്മനെയും അടച്ചാക്ഷേപിക്കാനായി എഴുതിയ നോവലായിരുന്നു പമ്പരത്തിലെ ഉലക്കനാട് വാരിക.
എസ്.കെ. നായര്‍ ഇതിന് മറുപടിയെഴുതിയില്ലെങ്കിലും മലയാള നാടില്‍ തന്റെ പ്രശസ്തമായ പംക്തി സാഹിത്യ വാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ പമ്പരത്തെ വിചാരണ ചെയ്തു വധിച്ചു. ‘പമ്പരം ചുറ്റിക്കുന്നു’ അദ്ദേഹം എഴുതി. വേസ്റ്റ് കൊട്ടയിലിടാന്‍ ഒരു ആനുകാലികം കൂടി ഇതാ. കുറച്ച് ലക്കം കൂടി പുറത്തിറങ്ങിയ ശേഷം പമ്പരം നിന്നു പോയി. വിവാദങ്ങള്‍ കെട്ടടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ എസ്.കെ. നായര്‍ അന്തരിച്ചു. ഒരു വര്‍ഷത്തിന് ശേഷം മലയാള നാട് എന്നെന്നേക്കുമായി പ്രസിദ്ധീകരണം അവസാനിപ്പിച്ചു.
ചില ചോദ്യങ്ങള്‍ അപ്പോഴും ഉത്തരമില്ലാതെ തുടര്‍ന്നു. എന്തുകൊണ്ടാണ് ഭ്രാന്ത് എന്നൊരു നോവല്‍ പമ്മന്‍ എഴുതാനും എസ്.കെ. നായര്‍ അത് മലയാള നാടില്‍ പ്രസിദ്ധീകരിക്കാനും കാരണം?
എന്റെ കഥ കൂടാതെ മാധവിക്കുട്ടി’ എന്റെ ലോകം’ എന്നൊരു പംക്തി മലയാള നാടില്‍ 1976 കാലത്ത് എഴുതിയിരുന്നു. മാധവിക്കുട്ടിയുമായി അളവറ്റ സൗഹൃദം പുലര്‍ത്തിയിരുന്ന എസ്.കെ. നായര്‍ അത് തെറ്റിച്ച് ഇത്തരമൊരു കാര്യം ചെയ്യാന്‍ കാരണം എന്താണ്? ‘ഉലക്കനാട്’ എന്ന നോവലിലെ ആദ്യം പറയുന്ന സൂചനയാണോ കാരണം?
മലയാള നാട് വാരിക, എം പി നാരായണ പിള്ള
ആ രഹസ്യം മാധവിക്കുട്ടിക്കും എസ്.കെ നായര്‍ക്കും പമ്മനും പിന്നെ ഒരാള്‍ക്കും മാത്രമേ അറിയാവൂ. ബോബെയില്‍ നടക്കുന്ന എല്ലാ മലയാളി ചലനങ്ങളും അറിയാവുന്ന എം.പി. നാരായണ പിള്ളയാണ് ആ നാലാമന്‍. എസ്. കെ. നായരെ മാധവിക്കുട്ടിക്ക് പരിചയപ്പെടുത്തിയത് തന്നെ നാണപ്പനാണ്. സൂര്യന് കീഴെ എന്തും തന്റെ തനതു ശൈലിയില്‍ ആരെയും ഭയമില്ലാതെ എഴുതാന്‍, കഴിയുന്ന നാണപ്പന്‍ മാധവിക്കുട്ടിയെ കുറിച്ച് വിശദമായിഎഴുതിയിട്ടുണ്ട്. 44 പേജുകളിലായി മാധവിക്കുട്ടിയെന്ന സ്ത്രീയേയും വീട്ടമ്മയേയും എഴുത്തുകാരിയേയും അനാവരണം ചെയ്യുന്ന ആ മനോഹര വ്യക്തി ചിത്രത്തില്‍ ഈ വിവാദ സംഭവത്തെ കുറിച്ച് ഒരു വരി പോലും എഴുതാതെ മൗനം പാലിച്ചു. എസ്. കെ നായരും മാധവിക്കുട്ടിയും നാണപ്പന്റെ മനസ്സില്‍ ഒരേ തട്ടിലായതാകാം കാരണം. നാണപ്പന്‍ ഒരിക്കല്‍ എഴുതിയ പോലെ ‘ഒരു സമയത്ത് ഭംഗിയായി ഒരു കൈ കൊണ്ട് വൃത്തവും മറ്റേ കൈ കൊണ്ട് ചതുരവും വരയ്ക്കാന്‍ സാധ്യമല്ല. രണ്ടില്‍ ഒരെണ്ണമേ ശരിയാകൂ. ഒന്ന് ശരിയാവാന്‍ മറ്റേത് ഉപേക്ഷിക്കണം. ഒന്നുകില്‍ എസ്. കെ. അല്ലെങ്കില്‍ മാധവിക്കുട്ടി’ അതിന് നാണപ്പന്‍ തയ്യാറായില്ല. നാണപ്പനും കാരണം എഴുതിയില്ല.
എന്റെ കഥ പോലെ ഒരു കൃതി എഴുതിയ മാധവിക്കുട്ടി ഭ്രാന്ത് പോലെ ഒരു നോവലിലെ കഥാപാത്രം താനാണെന്ന് ആരോപിച്ച് അതിനെ അന്ന് എതിര്‍ത്തത് അത്ഭുതകരമാണ്. വായനക്കാര്‍ക്ക് തന്നെ കുറിച്ച് എന്ത് തോന്നും എന്ന് ഒട്ടും പരിഭ്രമിക്കാതെ ഭാവിയുടെ ഭാരമില്ലാത്ത ഒരാള്‍ക്കു മാത്രം എഴുതാന്‍ കഴിയുന്ന വിധത്തില്‍ എന്റെ കഥ എഴുതിയ സാഹിത്യകാരിയാണ് മാധവിക്കുട്ടി. തന്നെപ്പറ്റി ഒട്ടും ബോധവതിയല്ലാതെ എഴുതുന്ന മാധവിക്കുട്ടി ഭ്രാന്ത് എന്ന നോവല്‍ എതിര്‍ത്തത് എതോ ചെറിയ തെറ്റിദ്ധാരണ മൂലമാകാം.
ഏറെ നാളുകള്‍ക്കു ശേഷം മാധവിക്കുട്ടി, വി.ബി.സി നായരെ നേരില്‍ കണ്ട് പഴയ കാര്യങ്ങള്‍ക്ക് ക്ഷമ പറഞ്ഞു എന്നത് ഇത് വ്യക്തമാക്കുന്നു.
പമ്മന്‍ എഴുതിയ ഭ്രാന്ത് വിവാദം ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു സാധാരണ നോവല്‍ മാത്രമാണ്. ഹരോള്‍ഡ് റോബിന്‍സണ്‍ എഴുതുന്ന പള്‍പ്പ് നോവല്‍ പോലെ. അതിമനോഹരമായി സെക്‌സ് ചിത്രീകരിച്ച ഒരു നോവല്‍. അത് പ്രസ് കൗണ്‍സില്‍ പോലും സമ്മതിച്ച കാര്യമാണ്.
‘എന്റെ കഥ’ യിലെ ചില സൂഷ്മാംശങ്ങള്‍ പമ്മന്‍ ഭ്രാന്തില്‍ ഉപയോഗിച്ചതായി രണ്ട് കൃതികളും സൂക്ഷിച്ച് വായിച്ചാല്‍ മനസിലാകും. – ഉദാഹരണതിന് ഭ്രാന്തിലെ അമേരിക്കന്‍ ടൈംസിന്റെ ജെയിംസ് എന്റെ കഥയിലെ ഇറ്റലിക്കാരന്‍ കാര്‍ലോയെ ഓര്‍മ്മിപ്പിക്കുന്നു. പേര് ദോഷമുണ്ടെങ്കിലും ഭ്രാന്ത് നോവല്‍ എത്ര പതിപ്പ് പുറത്ത് വന്നെന്ന് രചയിതാവായ പമ്മന് പോലും അറിയാത്ത വിധത്തില്‍ വിറ്റഴിഞ്ഞ കൃതിയായി ചരിത്രത്തില്‍ സ്ഥാനം നേടി.
മലയാള നാടില്‍ പമ്മന്റെ നോവല്‍ ആരംഭിക്കുന്നതിന്റെ അറിയിപ്പ്. പമ്മന്റെ അവസാന രചനകളിലൊന്ന് 2002 മലയാള മനോരമ വാര്‍ഷിക പതിപ്പില്‍
പമ്മന്‍ എന്ന സാഹിത്യകാരന്റെയും പമ്മന്‍ കൃതികളുടെയും മേല്‍ ചാര്‍ത്തപ്പെട്ട ദുഷ്‌കീര്‍ത്തികളെ അഴിച്ചെടുത്ത് പരിശോധിക്കേണ്ടതുണ്ടെന്നും അത് സംഭവിക്കാത്തപക്ഷം മലയാളത്തിലെ പല മികച്ച കൃതികളും ഇരുളാണ്ടുപോകുമെന്നും കഥാകാരനായ വിനു എബ്രഹാം ഒരു ലേഖനത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. ഭ്രാന്തിന്റെ പിന്നിലെ കഥ എന്താണെന്ന് പമ്മനും ഒരിക്കലും എഴുതിയില്ല.
എസ് കെ ആദ്യം പോയി. നാണപ്പനും പിന്നെ പമ്മനും അവസാനം മാധവിക്കുട്ടിയും കടന്നു പോയി. ഭ്രാന്ത് എന്ന നോവലിന്റെ പിന്നാമ്പുറ കഥ അങ്ങനെ ഉത്തരമില്ലാതെ അവസാനിച്ചു.
ഉത്തരമില്ലാത്ത ചോദ്യം ഒന്നു കൂടിയുണ്ട്. ഇത്ര വിവാദമായ ഈ കൃതി എന്തുകൊണ്ട് ചലചിത്രരൂപമായില്ല? പ്രത്യേകിച്ചും പമ്മന്റെ കൃതികള്‍ മലയാള ചലചിത്രമായതെല്ലാം വിജയിച്ചതുമാണ്. വിവാദ വിഷയങ്ങള്‍ ഉടനടി ചലചിത്രമാക്കുന്ന നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും പഞ്ഞമില്ലാത്ത മലയാള ചലചിത്ര രംഗം എന്ത് കൊണ്ട് ഭ്രാന്ത് പോലെ മികച്ച ഹിറ്റ് നോവല്‍ ഒഴിവാക്കി? ഭ്രാന്ത് നോവല്‍ വന്ന അതേ വര്‍ഷമാണ് മലയാളത്തിലെ ആദ്യത്തെ സോഫ്റ്റ് പോണ്‍ എന്നറിയപ്പെട്ട ‘അവളുടെ രാവുകള്‍’ ബോക്‌സ് ഓഫീസ് ഹിറ്റായി, 100 നാള്‍ ഓടി ചരിത്രം സൃഷ്ടിച്ചത്.
എന്ത് കൊണ്ട് ഭ്രാന്ത് ചലചിത്രമായില്ല?
ചലച്ചിത്ര ഗവേഷകര്‍ ഇനിയും പറയാത്ത ഉത്തരമാണത്. Bhranthu malayalam novel written by pamman malayalanadu weekly
Bhranthu malayalam novel written by pamman malayalanadu weekly