June 04, 2026 |
Share on

ക്ഷണിക്കപ്പെടാത്ത ‘സ്റ്റാര്‍ കാമ്പയിനര്‍’; തരൂരിന്റെ ഉളിയമ്പ് കെസിക്ക് നേരെയോ?

തരൂരിന്റെ പ്രസ്താവന ഉന്നംവയ്ക്കുന്നത് രാഹുല്‍ ഗാന്ധിയെ മാത്രമല്ല

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ, കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര വൈരുദ്ധ്യങ്ങളും സംഘടനാപരമായ വീഴ്ചകളും വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. മുതിര്‍ന്ന നേതാവും എം.പി.യുമായ ഡോ. ശശി തരൂര്‍ നടത്തിയ പരസ്യപ്രതികരണം ഈ വിഷയത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയാണ്. ‘തന്നെ ബിഹാറില്‍ പ്രചാരണത്തിന് ക്ഷണിച്ചില്ല’ എന്ന അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍, പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകളെയും, വിജയിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ നേതൃത്വം കാണിക്കുന്ന വീഴ്ചകളെയും വീണ്ടും വലുതായിരിക്കുന്നു എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

‘ക്ഷണിക്കപ്പെടാത്ത’ സ്റ്റാര്‍ കാമ്പയിനര്‍

ബിഹാര്‍ ഫലം ‘നിരാശാജനകമാണ്’ എന്നും, പാര്‍ട്ടിയുടെ തന്ത്രപരവും, ആശയപരവും, സംഘടനാപരവുമായ പരാജയങ്ങള്‍ ഗൗരവമായ ആത്മപരിശോധനയ്ക്ക് വിധേയമാക്കണം എന്നും തരൂര്‍ ആവശ്യപ്പെട്ടു. സമീപകാലത്തായി കോണ്‍ഗ്രസിന്റെ നയങ്ങളെയും പ്രവര്‍ത്തന രീതികളെയും ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം ഉന്നയിച്ച പ്രധാന വിമര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് ബിഹാറിനെ കനത്ത തോല്‍വിക്ക് പിന്നാലെയുണ്ടായ പ്രതികരണം.

‘എന്നെ പ്രചാരണത്തിന് ക്ഷണിച്ചില്ല, അതുകൊണ്ട് വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് കൂടുതല്‍ പറയാനില്ല. പ്രചരണത്തില്‍ നേരിട്ട് പങ്കാളികളായവര്‍ കാരണങ്ങള്‍ വിശദീകരിക്കണം’ എന്ന തരൂരിന്റെ അഭിപ്രായപ്രകടനം കോണ്‍ഗ്രസിലെ ആഭ്യന്തര അനൈക്യത്തെയാണ് എടുത്തുകാണിക്കുന്നത്. കേരളം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന ഈ സാഹചര്യത്തില്‍, തരൂരിനെപ്പോലെ മുതിര്‍ന്ന നേതാവ് ഇത്തരമൊരു ഗുരുതര ആരോപണം ഉന്നയിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് ജനസമക്ഷത്തില്‍ ക്ഷീണം തന്നെയാണ്. വിജയം ലക്ഷ്യമിട്ടുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം, പാര്‍ട്ടിയിലെ ഗ്രൂപ്പ് താത്പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത് എന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.

ഉത്തരം പറയേണ്ടതാര്?

ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേരിട്ട് പങ്കാളികളായവരും, ഏകോപനത്തിന് ചുമതല വഹിച്ചവരും തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കണമെന്ന ശശി തരൂരിന്റെ പ്രസ്താവന ഉന്നംവയ്ക്കുന്നത് രാഹുല്‍ ഗാന്ധിയെ മാത്രമല്ല. മറിച്ച് പ്രചാരണ രംഗത്തും, സീറ്റ് വിഭജനം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തുടങ്ങിയ സംഘടനാപരമായ കാര്യങ്ങളിലും നിര്‍ണായക സ്വാധീനമായി നിലകൊണ്ട് കേരളത്തില്‍ നിന്നുള്ള പ്രധാന നേതാവായ കെ.സി. വേണുഗോപാലിനെ കൂടിയാണ്.

രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ ‘വോട്ടര്‍ അധികാര്‍ യാത്ര’ കടന്നുപോയ 23 ജില്ലകളിലും കോണ്‍ഗ്രസിന് ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. 2020-ലെ തിരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയ സ്ഥാനത്ത്, മത്സരിച്ച 61 സീറ്റില്‍ കേവലം ആറിടത്ത് മാത്രമാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്.

സെപ്റ്റംബര്‍ ഒന്നിന് ‘വോട്ട് അധികാര്‍ യാത്ര’ പട്നയില്‍ അവസാനിച്ചതിന് പിന്നാലെ അദ്ദേഹം വിദേശ യാത്രയ്ക്ക് പോയി. പിന്നീട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമാണ് സജീവമായത്. ഈ കാലയളവിനിടെ വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയിരുന്ന അലയൊലികള്‍ ഇല്ലാതാവാന്‍ ഇത് കാരണമായതായും വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായിട്ടും തരൂരിനെ ബിഹാറിലേക്ക് അടുപ്പിക്കാതെ, മുന്‍നിര നേതാക്കള്‍ വിമുഖത കാണിച്ചതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായി വിമര്‍ശനം ഉയരുന്നു.

ഈ വിമര്‍ശനങ്ങളുടെ മുനകള്‍ നീളുന്നത് കെ.സി. വേണുഗോപാലിന് നേര്‍ക്കാണ്. സംഘടനയുടെ ചുമതല വഹിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ബിഹാറിലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് നേരിട്ടത്. ദയനീയമായ ഈ പരാജയം അദ്ദേഹത്തിന്റേത് കൂടിയാണെന്നാണ് വേണുഗോപാല്‍ വിരുദ്ധ ഗ്രൂപ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രചാരണം ആരംഭിച്ചിട്ടുള്ളത്. വേണുഗോപാല്‍ സംഘടനയുടെ ചുമതല ഏറ്റെടുത്ത ശേഷം പാര്‍ട്ടിയിലെ പ്രമുഖരും വിവിധ വിഭാഗങ്ങളില്‍ സ്വാധീനമുള്ളവരുമായ നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയെന്ന ആരോപണങ്ങളും ഇതിനോടകം വ്യാപകമാണ്.

കുടുംബവാഴ്ചയും മെറിറ്റോക്രസിയും

കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി തരൂര്‍ അടുത്തിടെ ഉയര്‍ത്തിക്കാട്ടിയത് കുടുംബവാഴ്ചാ രാഷ്ട്രീയമാണ്. ‘കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചു. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടുന്ന നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം, ജന്മാവകാശമാണെന്ന ധാരണയ്ക്ക് അടിത്തറയിടുന്നതാണെന്നായിരുന്നു തരൂരിന്റെ വിമര്‍ശനം.

നേതാക്കളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന രീതി വരണമെന്ന് പറയുന്ന തരൂര്‍, ഇന്ത്യന്‍ രാഷ്ട്രീയം കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം, ജനാധിപത്യ വാഗ്ദാനമായ ‘ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളുടെ ഭരണം’ യാഥാര്‍ത്ഥ്യമാകില്ലെന്നും അന്താരാഷ്ട്ര മാധ്യമ സംഘടനയായ പ്രോജക്ട് സിന്‍ഡിക്കേറ്റിന് വേണ്ടി എഴുതിയ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.’

തരൂര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ പലപ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിക്കുകയും, ‘തരൂര്‍ മനഃപൂര്‍വം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു’ എന്ന ആഭ്യന്തര വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയെ തള്ളിപ്പറയാതെ, അതിന്റെ പോരായ്മകള്‍ തുറന്നുപറഞ്ഞ്, ഒരു ‘ആഭ്യന്തര പരിഷ്‌കരണവാദി’യുടെ റോളാണ് പലപ്പോഴും തരൂര്‍ തുടരുന്നത്.

പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ നേതൃത്വത്തെ ചോദ്യം ചെയ്യാനും, സുതാര്യതയും കഴിവുകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന സമ്പ്രദായം നടപ്പിലാക്കാനും വേണ്ടി ശബ്ദമുയര്‍ത്തുന്ന തരൂര്‍, നിലവില്‍ കോണ്‍ഗ്രസിനുള്ളിലെ ‘മാറ്റത്തിന് വേണ്ടി വാദിക്കുന്നവരുടെ’ മുഖമായി മാറിക്കഴിഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി, പാര്‍ട്ടിയുടെ സംഘടനാപരമായ ദയനീയാവസ്ഥയെ തുറന്നുകാണിക്കുന്ന ദിശാസൂചിക കൂടിയാണ്.

Content Summary: Bihar election: who is responsible for the Congress’s defeat?

Leave a Reply

Your email address will not be published. Required fields are marked *

×