June 04, 2026 |
Share on

‘ബിഹാറില്‍ ‘കണ്‍സള്‍ട്ടന്റ് രാഷ്ട്രീയം”; ഹൈക്കമാന്‍ഡിനെതിരേ നേതാക്കള്‍, സഖ്യം തകരാതിരിക്കാന്‍ അവസാന നിമിഷ രക്ഷാപ്രവര്‍ത്തനം

സംസ്ഥാന നേതൃത്വത്തിനും ഹൈക്കമാന്‍ഡിനുമെതിരേ കടുത്ത ആരോപണങ്ങളാണ് ബിഹാറിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്

ബിഹാറില്‍ മഹാഗത്ബന്ധന്‍ സഖ്യം തകരാതെ നോക്കാന്‍ കോണ്‍ഗ്രസ്. അവസാന രക്ഷാപ്രവര്‍ത്തനം എന്ന നിലയില്‍ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചൊവ്വാഴ്ച ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായി സംസാരിച്ചിരുന്നു. കൂടാതെ മുതിര്‍ന്ന നേതാവ് അശോക് ഗെഹ്ലോട്ടിനെയും ബിഹാര്‍ ചുമതലയുള്ള കൃഷ്ണ അല്ലവരുവിനെയും കോണ്‍ഗ്രസ് പട്നയിലേക്ക് അയക്കുന്നുണ്ട്.

ഐക്യം തകരില്ലെന്നും തിരഞ്ഞെടുപ്പിനെ മഹാഗത്ബന്ധന്‍ സഖ്യം ഒരുമിച്ച് നേരിടുമെന്നുമാണ് നേതാക്കള്‍ പറയുന്നത്. ബുധനാഴ്ച്ച സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

വ്യാഴാഴ്ച്ചയാണ് നാമനിര്‍ദേശ പതിക്ര പിന്‍വലിക്കാനുള്ള അവസാന ദിവസം. അതിനു മുമ്പ് പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാനാണ് എല്ലാവരുടെയും തീവ്രശ്രമം. പല മണ്ഡലങ്ങളിലും സഖ്യത്തിലുള്ളവര്‍ പരസ്പരം മത്സരിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. അത്തരം സൗഹൃദ മത്സരങ്ങള്‍ ഒഴിവാക്കാന്‍ നിലവിലെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് സഖ്യനേതാക്കള്‍.

ചൊവ്വാഴ്ച്ചവരെയുള്ള കണക്ക് നോക്കിയാല്‍ 12 മണ്ഡലങ്ങളില്‍ മഹാഗത്ബന്ധന്‍ സഖ്യത്തിലുള്ളവര്‍ പരസ്പരം മത്സരിക്കാന്‍ നില്‍ക്കുന്നുണ്ട്. നവംബര്‍ ആറിന് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബച്വാര, രാജപാക്കര്‍, ബിഹാര്‍ ഷെരീഫ് എന്നീ മണ്ഡലങ്ങളില്‍ നാമനിര്‍ദേശപതിക്ര പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ ഇവിടങ്ങളില്‍ സൗഹൃദ മത്സരങ്ങള്‍ ഉറപ്പായി.

വൈശാലിയിലെ ലാല്‍ഗഞ്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നിര്‍ത്തിയിരുന്ന സ്ഥാനാര്‍ത്ഥിയെ അവര്‍ പിന്‍വലിച്ചിട്ടുണ്ട്. സഖ്യത്തിന്റെ നിലനില്‍പ്പിനായാണ് കോണ്‍ഗ്രസ് ഈ തീരുമാനത്തില്‍ എത്തിയത്. അതുപോലെ കതിഹാറിലെ പ്രാണ്‍പൂര്‍ സീറ്റിലും ഒരാള്‍ മത്സരിച്ചാല്‍ മതിയെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.

ആര്‍ജെഡി തിങ്കളാഴ്ച അവരുടെ 143 അംഗ സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കോണ്‍ഗ്രസ് 61 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ഇടതുപക്ഷ പാര്‍ട്ടികള്‍, ഇന്ത്യന്‍ ഇന്‍ക്ലൂസീവ് പാര്‍ട്ടി എന്നിവയാണ് മഹാഗത്ബന്ധന്റെ മറ്റ് സഖ്യകക്ഷികള്‍. ബിഹാറില്‍ ആകെ 243 സീറ്റുകളാണുള്ളത്.

തേജസ്വി യാദവിനെയാണ് മഹാസഖ്യത്തിന്റെ ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര്‍ജെഡി അവതരിപ്പിക്കുന്നത്. വോട്ടര്‍ അധികാര്‍ റാലിയിലും തേജസ്വി ഇക്കാര്യം വ്യക്തമാക്കിയിരുന്നു, എന്നാല്‍ രാഹുല്‍ ഗാന്ധി ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചതെന്നതാണ് സഖ്യത്തിനിടയില്‍ വിള്ളല്‍ വീഴാന്‍ കാരണം.

തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാല്‍ യാദവ ഇതര വോട്ടുകളുടെ ഏകീകരണത്തിന് കാരണമാകുമെന്നാണ് ബിഹാറിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നത്. അതേസമയം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ഈ നിലപാട് യുക്തിരഹിതമാണെന്നാണ് കുറ്റപ്പെടുത്തുന്നത്. മഹാസഖ്യത്തില്‍ ഏറ്റവും അധികം സീറ്റുകളില്‍ മത്സരിക്കുന്നത് ആര്‍ജെഡിയാണ്. ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയാരാകണം എന്നു തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക ആര്‍ജെഡി എംഎല്‍എമാര്‍ ആയിരിക്കും, പിന്നെന്താണ് പ്രശ്‌നം എന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചോദിക്കുന്നത്.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സഖ്യത്തില്‍ വിള്ളല്‍ വീണതിന് നേതാക്കള്‍ പ്രധാനമായും കുറ്റപ്പെടുത്തുന്നത് അവരവരുടെ പാര്‍ട്ടി നേതൃത്വത്തെയാണ്. നേതൃത്വം അഹങ്കാരം കാണിക്കുന്നു, പിടിവാശി കാണിക്കുന്നു എന്നാണ് അവരുടെ ആരോപണം. ബച്വാര സീറ്റില്‍, ആറ് തവണ എംഎല്‍എയായിരുന്ന രാംദിയോ റായിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ ശിവപ്രകാശ് ഗരീബ് ദാസ് 39,878 വോട്ടുകള്‍ക്ക് സ്വതന്ത്രനായി നിന്നു വിജയിച്ചിരുന്നു. ഇതാണ് ബച്വാരയില്‍ കണ്ണുവയ്ക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടി നേതൃത്വം അഹങ്കാരം കാണിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതിയിലെ ഒരംഗം തന്നെ കുറ്റപ്പെടുത്തുന്നുണ്ട്.

സഖ്യത്തിലെ നേതാക്കള്‍ നിസാര കാര്യങ്ങള്‍ക്കു പോലും ഈഗോ കാണിക്കുന്നുണ്ടെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. ഒരിക്കല്‍, സംസ്ഥാന ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കൃഷ്ണ അല്ലവരു തേജസ്വിയെ ഒരു മണിക്കൂറിലധികം കാത്തിരിക്കാന്‍ നിര്‍ബന്ധിതനാക്കി, ഇതിനു പകരമായി തേജസ്വി അല്ലവരുവിനെ ഒരു മീറ്റിംഗിനായി രണ്ട് മണിക്കൂറിലധികം കാത്തിരിക്കാന്‍ നിര്‍ബന്ധിച്ചു. ഇതുപോലുള്ള ഈഗോകളാണ് നേതൃത്വതലത്തില്‍ നടക്കുന്നതെന്നാണ് പാര്‍ട്ടിയിലുള്ളവര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയാണ് കൂടുതലും വിമര്‍ശനം. ബിഹാറിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പല നേതാക്കളും ആഞ്ഞടിക്കുകയാണ്. പണം വാങ്ങി ടിക്കറ്റ് നല്‍കുകയാണെന്നാണ് പ്രധാന ആരോപണം. രാഹുല്‍ ഗാന്ധി ബിഹാര്‍ രാഷ്ട്രീയത്തിലേക്ക് പാരച്യൂട്ടില്‍ ഇറങ്ങുന്നത് നിര്‍ത്തണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആക്ഷേപിക്കുന്നത്.

ഹൈക്കമാന്‍ഡ് എവിടെയാണ്? രാഹുല്‍ ഗാന്ധിയുടെ വോട്ട് യാത്ര സംസ്ഥാനത്ത് നടന്നപ്പോള്‍ കോണ്‍ഗ്രസിന് ബിഹാറില്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഉണ്ടായത്. അവിടെ നിന്നും എന്തിനാണ് ഞങ്ങളെ ഈ രീതിയില്‍ കോണ്‍ഗ്രസ് നേതൃത്വം കൈവിട്ടത്. ബിഹാര്‍ കോണ്‍ഗ്രസില്‍ ഇത്രയും വലിയ കൊടുങ്കാറ്റ് വീശുമ്പോള്‍, നേതാക്കള്‍ക്ക് പത്രസമ്മേളനം നടത്തേണ്ടി വരുമ്പോള്‍, ബിഹാറിലെ മൂന്ന് മുന്‍നിര നേതാക്കള്‍ക്കെതിരെ (സംസ്ഥാന ചുമതലയുള്ള കൃഷ്ണ അല്ലവരു, ബിഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് റാം, കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവ് ഷക്കീല്‍ അഹമ്മദ്) ആരോപണം ഉയരുമ്പോള്‍ എല്ലാം ഹൈക്കമാന്‍ഡ് എവിടെയാണ്? മത്സരിക്കാന്‍ അവസരം കിട്ടാതെ അസംതൃപ്തരായ നേതാക്കളെ എന്തുകൊണ്ട് സമാധാനിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല? ഈ വക ചോദ്യങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ഉയരുന്നത്.

തേജസ്വിയെയും ലാലുവിനെയും പോലുള്ള നേതാക്കളുമായി പാര്‍ട്ടി ഇടപെടേണ്ടി വരുന്ന ഒരു സംസ്ഥാനത്ത് തെലുങ്കനായ കൃഷ്ണ അല്ലവരുവിനെ നിയോഗിച്ചത് എന്തിനാണെന്ന ചോദ്യവും കോണ്‍ഗ്രസുകാര്‍ ഹൈക്കമാന്‍ഡിനെതിരേ ഉയര്‍ത്തിയിട്ടുണ്ട്. ലാലുവിനൊപ്പം ഇരുന്ന് ഒരു കരാര്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന ഒരു നേതാവ് നമുക്ക് ഉണ്ടാകേണ്ടതായിരുന്നു. ഭൂപേഷ് ബാഗേലിനെപ്പോലുള്ള ഒരാള്‍ വേണമായിരുന്നു എന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്.

ഫെബ്രുവരിയിലാണ് അല്ലവരുവിന് ബിഹാറിന്റെ ചുമതല കൊടുക്കുന്നത്. അല്ലവരുവിന് പഞ്ചാബിന്റെയും ബാഗേലിന് ബിഹാറിന്റെയും ചുമതലകളാണ് നല്‍കിയിരുന്നതെങ്കിലും ബാഗേല്‍ തയ്യാറാകാതിരുന്നതോടെ വേറെ മാര്‍ഗമില്ലാതെ അല്ലവരുവിനെ തന്നെ ബിഹാറിലേക്കും നിയോഗിക്കുകയായിരുന്നു നേതൃത്വം.

ബിഹാറിലെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്, അവര്‍ നിയോഗിച്ച കണ്‍സള്‍ട്ടന്റുകള്‍ക്കാണ് എല്ലാ അധികാരവും നല്‍കിയിരിക്കുന്നതെന്നാണ് പാര്‍ട്ടിക്കാരുടെ മറ്റൊരു പരാതി. അല്ലവരുവിന്റെ സഹായികളില്‍ ഒരാളാണ് പാട്‌നയില്‍ പാര്‍ട്ടിയുടെ വാര്‍ റൂം നിയന്ത്രിക്കുന്നത്. അയാള്‍ പാര്‍ട്ടിക്കാരന്‍ പോലുമല്ല. അങ്ങനെയുള്ള ഒരാളുമായി എന്തിനാണ് ഒരു പാര്‍ട്ടി എംഎല്‍എ സംസാരിക്കുന്നതെന്നാണ്, ഇന്ത്യന്‍ എക്‌സ്പ്രസുമായി സംസാരിച്ച ഒരു സിറ്റിംഗ് എംഎല്‍എ ചോദിക്കുന്നത്.

നേതാക്കള്‍ എന്തിനാണ് കണ്‍സള്‍ട്ടന്റുമാരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത്? കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിഹാര്‍ കോണ്‍ഗ്രസ് കണ്‍സള്‍ട്ടന്റുമാരാണ് നിയന്ത്രിക്കുന്നത്, സീറ്റ് മോഹിയായ മറ്റൊരു നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞ കാര്യമാണ്.

തേജസ്വി യാദവ് ഒരിക്കലും കൃഷ്ണ അല്ലവരുവിനെ തനിക്കൊപ്പമുള്ളൊരു നേതാവായി കണക്കാക്കുന്നില്ല. അല്ലവരുവിനെ പ്രാധാന്യമുള്ളൊരാളായും തേജസ്വി കാണുന്നില്ല. രാഹുല്‍ ഗാന്ധിയെ മാത്രമാണ് തനിക്ക് സമാനനായി കാണുന്നത്. ഇക്കാര്യം പക്ഷേ കോണ്‍ഗ്രസ് മനസിലാക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

×