June 06, 2026 |
Share on

ബിഹാർ എസ്ഐആർ വിവാദം; വോട്ടർ പട്ടിക ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച്
ഇലക്ഷൻ കമ്മീഷൻ

ബിഹാറിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ടുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമർപ്പിച്ചു. ഓഗസ്റ്റ് 1ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഉൾപ്പെടാത്ത ബിഹാറിലെ 65 ലക്ഷം വോട്ടർമാരുടെ പേരുകളും വിശദാംശങ്ങളും സംസ്ഥാനത്തെ 38 ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാരുടെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നുള്ള സത്യവാങ്മൂലമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയിൽ സമര്‍പ്പിച്ചത്. ഈ വിവരങ്ങൾ ഔദ്യോ​ഗികമായി പ്രസിദ്ധീകരിക്കാനുള്ള സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചത്.

മരണം, കുടിയേറ്റം, അല്ലെങ്കിൽ ഇരട്ട രജിസ്ട്രേഷൻ തുടങ്ങിയ കാരണങ്ങളാൽ ഒഴിവാക്കപ്പെട്ട എല്ലാ വോട്ടർമാരുടെയും ജില്ലാ തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടിക ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാക്കിയത്.

ബീഹാറിലുടനീളമുള്ള പഞ്ചായത്ത് ഭവനുകളിലും ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും പട്ടികയുടെ പകർപ്പ് പ്രദർശിപ്പിച്ചിച്ചുണ്ടെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിലും എളുപ്പത്തിൽ അന്വേഷണം നടത്താൻ ഇത് സഹായകമാവും. ലിസ്റ്റുകളുടെ ഓൺലൈൻ ലഭ്യതയെക്കുറിച്ച് പരസ്യങ്ങൾ പ്രധാന പത്രങ്ങളിലും റേഡിയോകളിലും ടെലിവിഷനിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടന്നുക്കൊണ്ടിരിക്കുകയാണ്. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത 65 ലക്ഷത്തോളം വോട്ടർമാരുടെ ബൂത്ത് തിരിച്ച് എണ്ണമെടുത്ത പട്ടിക പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ച ഓ​ഗസ്റ്റ് 14ലെ നിർദ്ദേശങ്ങൾ പാലിച്ചാണ് ഇസിഐ ഇപ്പോൾ സത്യവാങ്മൂലം സമർപ്പിച്ചത്.

ബീഹാർ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പരാതിയുള്ള വോട്ടർമാർക്ക് ആധാർ കാർഡുകളുടെ പകർപ്പുകൾ അവരുടെ അവകാശവാദങ്ങൾക്കൊപ്പം സമർപ്പിക്കാമെന്നും പൊതു നോട്ടീസിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്ന് ഇസിഐ സുപ്രീം കോടതിയിൽ പറ‍ഞ്ഞു. 2025 ജനുവരിയിൽ നടത്തിയ പരിഷ്കരണത്തിന് ശേഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 65 ലക്ഷത്തോളം വോട്ടർമാരുടെ പേരുകൾ ഉൾപ്പെട്ടിരുന്നില്ല.

ഈ വിഷയം ബിഹാറിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് ഇത്രയധികം പേരെ ഒഴിവാക്കിയത് ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയുടെ ഇടപെടൽ ഈ വിഷയത്തിൽ വലിയ ആശ്വാസമാണ് നൽകിയത്.

content summary: Bihar SIR Controversy, Voter List Published on Official Website, Election Commission Submits Affidavit to Supreme Court

Leave a Reply

Your email address will not be published. Required fields are marked *

×