June 03, 2026 |
Share on

‘തെരുവ് നായ’ കണക്കെടുപ്പ് ചുമതലയും അധ്യാപകർക്ക്; ബിഹാറിൽ പ്രതിഷേധം ശക്തം

തെരുവ് നായകളുടെ എണ്ണം തിട്ടപ്പെടുത്താനും അവയുടെ വിവരങ്ങൾ ശേഖരിക്കാനുമാണ് നിർദ്ദേശം

സെൻസസ് ജോലികൾക്കും ജാതി സർവേക്കും പിന്നാലെ ബിഹാറിലെ അധ്യാപകരെ തേടി എത്തിയിരിക്കുന്നത് പുതിയൊരു വിചിത്ര ഉത്തരവാണ്. സ്കൂൾ പരിസരങ്ങളിലെ തെരുവ് നായകളുടെ എണ്ണം തിട്ടപ്പെടുത്താനും അവയുടെ വിവരങ്ങൾ ശേഖരിക്കാനുമാണ് റോഹ്താസ് ജില്ലയിലെ സസാരം മുനിസിപ്പൽ കോർപ്പറേഷൻ ഇപ്പോൾ അധ്യാപകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കിടയിലും അധ്യാപകരെ ഇത്തരം അനധ്യാപക ജോലികൾക്ക് നിയോഗിക്കുന്നത് സംസ്ഥാനത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. നഗരസഭാ പരിധിയിലുള്ള എല്ലാ സ്കൂളുകളും ഒരു നോഡൽ ഓഫീസറെ ഇതിനായി ചുമതലപ്പെടുത്തണം.

സ്കൂൾ പരിസരത്തുള്ള തെരുവ് നായകളുടെ കൃത്യമായ എണ്ണം, അവയുടെ ശാരീരികാവസ്ഥ എന്നിവ ശേഖരിക്കണം.നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകണം. നഗരസഭ പുതുതായി ആരംഭിക്കുന്ന ‘ഡോഗ് പൗണ്ട്’ (നായ്ക്കൾക്കുള്ള അഭയകേന്ദ്രം) പദ്ധതിയുടെ ഭാഗമായാണ് ഈ വിവരശേഖരണം.

സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മുനിസിപ്പൽ കമ്മിഷണർ വികാസ് കുമാർ അറിയിച്ചു. പ്രാദേശിക തലത്തിൽ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായം തേടിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, നഗരസഭയുടെ ഈ നീക്കത്തിനെതിരെ അധ്യാപക സംഘടനകൾ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ സെൻസസ് ഡ്യൂട്ടി,ബൂത്ത് ലെവൽ ഓഫീസർ ജോലികൾ,ജാതി സർവേ തുടങ്ങിയ ജോലികളാൽ തങ്ങൾ വീർപ്പുമുട്ടുകയാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

പഠനപ്രവർത്തനങ്ങൾക്കായി നീക്കിവെക്കേണ്ട സമയം ഇത്തരം ജോലികൾക്കായി വിനിയോഗിക്കുന്നത് ബിഹാറിലെ തകർച്ചയിലായ വിദ്യാഭ്യാസ സംവിധാനത്തെ കൂടുതൽ മോശമാക്കുമെന്നാണ് ഇവരുടെ പക്ഷം. കുട്ടികളെ പഠിപ്പിക്കുന്നതിന് പകരം തെരുവ് നായകളുടെ പിന്നാലെ പോകേണ്ടി വരുന്നത് തങ്ങളുടെ തൊഴിലിനോടുള്ള അവഹേളനമാണെന്നും അധ്യാപകർ പ്രതികരിച്ചു.

content summary: Bihar Teachers Tasked with Stray Dog Census

Leave a Reply

Your email address will not be published. Required fields are marked *

×