ലോകത്തെ ഏറ്റവും വിനാശകരമായ കപ്പല്‍ യാത്ര ഏതെന്ന് ചോദിച്ചാല്‍ അത് ടൈറ്റാനിക് എന്ന ആഡംബര കപ്പലിന്റേത് തന്നെയാണ്. 1912ല്‍ തകര്‍ന്ന് ഇല്ലാതായ ആ കപ്പല്‍ തേടി ഇന്നും ആളുകള്‍ പുറപ്പെടുന്നത് പറഞ്ഞിട്ടും അറിഞ്ഞിട്ടും തീരാത്ത ദൂരുഹതകളുടെ കെട്ടഴിക്കാനാണ്. അങ്ങനെ യാത്ര പോയവരും തിരികെ വരാത്ത ചരിത്രമുണ്ട്. അതില്‍ അവസാനത്തേത് ആയിരുന്നു ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയ സ്വകാര്യ കമ്പനിയുടെ ടൈറ്റന്‍ അന്തര്‍വാഹിനി. അന്തര്‍വാഹിനി കാണാതാവുന്നതും പിന്നീട് അതിലെ 5 സഞ്ചാരികള്‍ മരണമടഞ്ഞ വാര്‍ത്ത വന്നതും ജൂണ്‍ 2023നായിരുന്നു.
ഇപ്പോഴിതാ കൃത്യം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാനും ശാസ്ത്രീയ പര്യവേഷണത്തിനും ഒരുങ്ങിയിരിക്കുകയാണ് കോടീശ്വരനായ ലാറി കോണര്‍. ഓഹിയോയിലെ റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍മാരിലൊരാളാണ് ലാറി. ട്രിറ്റന്‍ അന്തര്‍വാഹിനി നിര്‍മാണ കമ്പനിയിലെ പാട്രിക് ലേ ആണ് ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്യുക. 2026ല്‍ ഇരുവര്‍ക്കും യാത്ര ചെയ്യാനുള്ള അന്തര്‍വാഹിനി തയ്യാറാവുമെന്നാണ് റിപ്പോര്‍ട്ട്. 74കാരനായ ലാറി പറയുന്നത് തന്റെ യാത്രയുടെ ലക്ഷ്യം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുക അല്ല. മറിച്ച് ശാസ്ത്രീയ പര്യവേഷണം നടത്തുക എന്നതാണ്. ഒപ്പം അത്യാധുനിക അന്തര്‍വാഹിനികളുടെ സുരക്ഷ ലോകത്തിന് മനസിലാക്കി കൊടുക്കുകയും വേണം. ടൈറ്റാനിക്കിലേക്ക് ഒരു തിരിച്ച് പോക്ക്-എന്നാണ് അദ്ദേഹം തന്റെ പര്യവേഷണ യാത്രയ്ക്ക് നല്‍കിയിരിക്കുന്ന പേര്.
1985ലാണ് മുങ്ങി പോയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ലോകം ആദ്യമായി കണ്ടെത്തുന്നത്. പിന്നാലെ നിരവധി പര്യവേഷണങ്ങളും നടന്നു. അറ്റ്ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് 12400 അടി ആഴത്തിലാണ് ഈ അവശിഷ്ടങ്ങളുള്ളത്. അതിനാല്‍ തന്നെ പ്രത്യേകം നിര്‍മ്മിച്ച അന്തര്‍വാഹിനികളാണ് ഈ ഭാഗത്തേക്ക് പോവാന്‍ ഉപയോഗിക്കുന്നതും. ഇത്തരത്തില്‍ നിര്‍മിച്ചതായിരുന്നു യുഎസ് കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്സ്പെഡീഷന്‍സിന്റെ ടൈറ്റന്‍ അന്തര്‍വാഹിനി. 2023ല്‍ ടൈറ്റന്‍ കനേഡിയന്‍ കപ്പലായ പോളാര്‍ പ്രിന്‍സില്‍നിന്നാണ് യാത്ര തിരിച്ചത്. രണ്ട് മണിക്കൂര്‍ തികയും മുന്‍പ് അന്തര്‍വാഹിനിയും കപ്പലും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. 22 അടിയോളം നീളമുള്ള ഈ അന്തര്‍വാഹിനിയില്‍ 5 പേര്‍ക്ക് 100 മണിക്കൂറോളം ജീവിക്കാനുള്ള ഓക്‌സിജന്‍ അടക്കമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. എന്നിട്ടും യാത്രക്കാരില്‍ ഒരാളെ പോലും ജീവനോടെ തിരിച്ച് കിട്ടിയില്ല.
English summary: Billionaire Plans Dive to the Titanic in a Newly Designed Submersible