ഈ വിഷയത്തില്‍ തുടരന്വേഷണത്തിനു ഉത്തരവിടാന്‍ ഉന്നത കോടതിക്കു സാധിക്കുമെന്നും സിബിഐ മുന്‍ മേധാവി രഞ്ജിത് സിന്‍ഹ
ബിര്‍ള ഗ്രൂപ്പില്‍ നിന്നും കണ്ടെടുത്ത ‘രാഷ്ട്രീയ ഡയറി’യില്‍ എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെടുന്ന ആയിരത്തോളം നേതാക്കളുടെ പേരുകളുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ സിബിഐ മേധാവി രംഗത്തെത്തി. ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയായ ഹിന്‍ഡാല്‍കോയുടെ ഓഫീസ് റെയ്ഡ് നടത്തിയ സിബിഐ ഉദ്യോഗസ്ഥരാണ് രേഖകള്‍ പിടിച്ചെടുത്തെന്നും ഇതില്‍ പണം കൈപ്പറ്റിയ ആയിരത്തോളം എംപിമാരുടെയും നേതാക്കളുടെയും പേരുകളുണ്ടെന്നുമാണ് മുന്‍ സിബിഐ മേധാവി രഞ്ജിത്ത് സിന്‍ഹ ടെലിഗ്രാഫ് പത്രത്തോട് വെളിപ്പെടുത്തിയത്.
ബിര്‍ല ഓഫിസിലെ ഒരു ലാപ്‌ടോപ്പില്‍ നിന്നാണ് സിബിഐയ്ക്ക് ഡയറി ലഭ്യമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ബിര്‍ല ഗ്രൂപ്പില്‍ നിന്നും സഹാറ ഗ്രൂപ്പില്‍ നിന്നും പണം കൈപ്പറ്റിയതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞയാഴ്ച ഗുജറാത്തില്‍ വച്ച് ആരോപിച്ചിരുന്നു. ഡല്‍ഹി മൂഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഇക്കാര്യം നേരത്തെ ഡല്‍ഹി നിയമസഭയില്‍ ഉന്നയിച്ചിരുന്നു. രാഹുലിന്റെ ആരോപണത്തോടെ സംഭവം വീണ്ടും ദേശീയശ്രദ്ധയിലേക്കെത്തി. ബിജെപി അന്നു തന്നെ ആരോപണം തള്ളിക്കളയുകയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായതിനാല്‍ തുടരന്വേഷണങ്ങള്‍ ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തൊട്ട് പിറകെ ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നേതാവും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ ഡയറിയിലുള്ള മറ്റ് ചില പേരുകള്‍ കൂടി വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ യുപിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ഷീല ദീക്ഷിത്, മറ്റൊരു കോണ്‍ഗ്രസ് നേതാവ് സല്‍മാര്‍ ഖുര്‍ഷിദ് തുടങ്ങിയവരുടെ പേരുകളും പ്രശാന്ത് ഭൂഷണ്‍ വെളിപ്പെടുത്തിയ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏതെങ്കിലും വ്യക്തികളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ രഞ്ജിത് സിന്‍ഹ തയ്യാറായില്ല.
ബിര്‍ല ഗ്രൂപ്പില്‍ നിന്നും പ്രധാനമന്ത്രി പന്ത്രണ്ട് കോടി കൈപ്പറ്റിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. ‘ഗുജറാത്ത് സിഎം’ എന്നായിരുന്നു പട്ടികയിലുള്ള പേര്. ഇത് ഗുജറാത്ത് ആല്‍കലി കെമിക്കല്‍സ് ആണെന്ന് ഒരു ബിര്‍ല ഗ്രൂപ്പ് ഉദ്യോഗസ്ഥന്‍ വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഏതായാലും കൂടുതല്‍ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പട്ടികയില്‍ ഉണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നതോടെ കൂടുതല്‍ വ്യാപകമായ ഒരു അന്വേഷണം എന്ന ആവശ്യം സജീവമായേക്കും. ഇത് സംബന്ധിച്ച് ഒരു കേസ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിലവിലുണ്ട്.
ആരോപണം കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് തന്നെ നിഷേധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ആരോപണങ്ങളെ തള്ളുന്നത്. എന്നാല്‍ നേരത്തെ ആരോപണം നിഷേധിച്ചിരുന്ന ഷീല ദീക്ഷിത് പന്ത് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ കോര്‍ട്ടിലാണ് എന്ന് പറഞ്ഞുകൊണ്ട് പാര്‍ട്ടി നയവുമായി ഒത്തുപോകാനാണ് ഇന്നലെ രാത്രി ശ്രമിച്ചത്. ദീക്ഷിതിന്റെ പേരുള്ളത് സഹാറ ഗ്രൂപ്പിന്റെ ഡയറിയിലാണ്. ബിര്‍ല ഗ്രൂപ്പിന്റെ ഡയറിയില്‍ അവരുടെ പേരുണ്ടോ എന്ന് വ്യക്തമല്ല.
ആരോപണം ഇതിനകം തന്നെ സുപ്രീം കോടതി തള്ളിക്കളഞ്ഞതാണ് എന്നാണ് ബിജെപി വക്താവ് ശ്രീകാന്ത് ശര്‍മ പറയുന്നത്. സര്‍ക്കാരിനെ താറടിച്ച് കാണിക്കുന്നതിനാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാല്‍ വിഷയത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ ഉന്നത കോടതിക്ക് സാധിക്കുമെന്ന് സിന്‍ഹ വ്യക്തമാക്കി. ഈ രേഖകളെല്ലാം നേരത്തെ തന്നെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്‍ഡാല്‍കോയ്ക്ക് ഒഡീഷയില്‍ കല്‍ക്കരിപ്പാടം പതിച്ചു നല്‍കിയത് സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ 2013 ഒക്ടോബര്‍ 16-നാണ് ഡയറിയും 25 കോടി രൂപയും പിടിച്ചെടുത്തത്. ആദിത്യ ബിര്‍ല ഗ്രൂപ്പ് അധ്യക്ഷന്‍ കുമാരമംഗലം ബിര്‍ലയെ അന്ന് കേസില്‍ പ്രതിചേര്‍ത്തിരുന്നു.
1996ല്‍ പുറത്തുവന്ന ജയിന്‍ ഹവാല ഡയറികളുമായി ബിര്‍ല, സഹാറ ഡയറികള്‍ക്ക് അസാധാരണമായ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്ന് ജയിന്‍ ഹവാല ഡയറിയില്‍ പേരുണ്ടായിരുന്ന പ്രധാന രാഷ്ട്രീയ നേതാക്കളെയൊക്കെ സുപ്രീം കോടതി വെറുതെ വിട്ടെങ്കിലും സര്‍ക്കാര്‍ ചുതമലകളിലുള്ളവര്‍ക്ക് നിയമവിരുദ്ധമായി പണം ലഭിക്കുന്നുണ്ടോ എന്നറിയുന്നതിന് തുടരന്വേഷണങ്ങള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.