തന്നെ വിസ്മയിപ്പിച്ച നടന്‍’ എന്ന് എം.ടി. വിശേഷിപ്പിച്ച തോപ്പില്‍ പറമ്പില്‍ ചന്ദ്രശേഖര മേനോന്‍ എന്ന ശങ്കരാടിയുടെ ജന്മദിനമാണ് ഇന്ന്. മലയാള ചലചിത്ര രംഗത്തെ കാരണവരായിരുന്ന ചന്ദ്രശേഖര മേനോന്‍ എന്ന ശങ്കരാടിയുടെ മുന്‍കാല ജീവിതാനുഭവങ്ങള്‍ പിന്നിടുള്ള അഭിനയ ജീവിതത്തില്‍ ഏറെ സ്വാധീനിച്ചിരുന്നു. നടനാകും മുന്‍പ് രാഷ്ട്രീയം, പത്രപ്രവര്‍ത്തനം എന്നീ മേഖലയില്‍ ശങ്കരാടി സജീവമായിരുന്നു. 1950 കളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എറണാകുളത്തെ ഓഫീസ് സെക്രട്ടറിയായിരുന്നു ശങ്കരാടി. അന്നത്തെ സജീവ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍.
‘ബോയിംഗ് ബോയിംഗ്’ എന്ന ഹിറ്റു ചിത്രത്തിലെ എം. ടി. ദാമോദരന്‍ എന്ന എഡിറ്ററെ ഓര്‍മ്മയില്ലെ? ശങ്കരാടി ചെയ്ത വേഷം, മഹാനായ ടൈം എഡിറ്റര്‍ ദാമോദരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കഥാപാത്രം.. യഥാര്‍ത്ഥ ജീവിതത്തില്‍ ശങ്കരാടി കുറച്ചു കാലം ഒരു മാസികയുടെ എഡിറ്ററായിരുന്നു. അധികം അറിയപ്പെടാത്ത ഈ അനുഭവങ്ങള്‍ തന്റെ കഥാപാത്രങ്ങളിലൂടെ പകര്‍ന്നാടിയപ്പോള്‍ താത്വികാചാര്യന്‍ കുമാരപിള്ള സാറും ടൈം എഡിറ്റര്‍ എം.ടി. ദാമോദരനും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി മാറി.
സന്ദേശം 1991 :
പാര്‍ട്ടി താത്വികാചാര്യന്‍ കുമാരപിള്ള സാര്‍’ സംസാരിക്കുകയാണ്.
‘‘ താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് വിഘടന വാദികളും പ്രതിക്രിയവാദികളും പ്രഥമ ദൃഷ്ടിയാല്‍ അകല്‍ച്ചയിലായിരുന്നെങ്കിലും. അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍’ ബൂര്‍ഷാസ്വികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു.’ ‘ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട് ശരിയാണ്. നമ്മളെല്ലാരും ഒരുമിച്ചിരുന്ന ദിനേശ് ബീഡി വലിക്കുന്നതും അത് കൊണ്ടാണ്. എന്ന് വെച്ച് പാര്‍ട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത്.’ ‘, അച്ചടക്കമില്ലാതെ പെരുമാറിയാല്‍ അറിയാലോ , ഞങ്ങളത് പഠിപ്പിക്കും.‘ കുമാര പിള്ള സാര്‍ പാര്‍ട്ടിയംഗങ്ങളോട് പാര്‍ട്ടി ഓഫീസില്‍ യോഗത്തില്‍ സംസാരിക്കുകയാണ്.
വളരെയേറെ ശ്രദ്ധിക്കപ്പെട്ട, ഏറെ ചര്‍ച്ചചെയ്യപ്പെട്ട രംഗങ്ങളിലൊന്നാണ് ശങ്കരാടി അഭിനയിച്ച, സന്ദേശത്തിലെ മാനങ്കരയിലെ പാര്‍ട്ടി താത്വികാചാര്യന്‍ കുമാരപിള്ള സാര്‍. ചായയും ബീഡിയും പരിപ്പുവടയുമാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന ആഹാരം എന്ന് പറയുന്ന പാര്‍ട്ടി നേതാവ്. രാഷ്ട്രീയക്കാരുടേയും പാര്‍ട്ടികളുടേയും അപചയം വിഷയമാക്കിയ, കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമയായ ശ്രീനിവാസന്‍ എഴുതിയ സന്ദേശത്തിലെ പല ഡയലോഗുകളും രംഗങ്ങളും പ്രേക്ഷകര്‍ എറ്റ് വാങ്ങിയെന്ന് മാത്രമല്ല. ട്രോളന്മാരുടെ ഇന്നും പ്രിയപ്പെട്ട കഥാപാത്രമാണ് അതില്‍ ശങ്കരാടി അഭിനയിച്ച കുമാര പിള്ള സാറിന്റേത്.

വളരെ സ്വാഭാവികമായി ശങ്കരാടി അഭിനയിച്ച ഈ പാര്‍ട്ടി ഓഫിസിലെ രംഗം ഒരിക്കല്‍ ശങ്കരാടിയുടെ യഥാര്‍ത്ഥ ജീവിതത്തിലൂടെ കടന്നു പോയതാണെന്ന വസ്തുത ആധികമാര്‍ക്കും അറിയാത്ത ഒന്നായിരുന്നു. ആ രംഗം കണ്ട പ്രേക്ഷകരില്‍ ഭൂരിഭാഗം പേര്‍ക്കും ഇപ്പോഴും അത് അജ്ഞാതമായിരിക്കും.
1950 കളില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എറണാകുളത്തെ ഓഫീസ് സെക്രട്ടറിയായിരുന്നു
ചന്ദ്രശേഖര മേനോന്‍ എന്ന ശങ്കരാടി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഒരു കെട്ടിടത്തിലായിരുന്ന പാര്‍ട്ടി ഓഫീസില്‍ അക്കാലത്ത് ടി വി തോമസ്, പി.ടി. പുന്നൂസ്, കെ.സി. ജോര്‍ജ്, ജോര്‍ജ് ചടയംമുറി, തുടങ്ങിയ പല പ്രമുഖ നേതാക്കളും വന്ന് പോയിരുന്നു.
പി. ഗംഗാധരനായിരുന്നു അന്ന് ജില്ലാ സെക്രട്ടറി. അവിടെ നടക്കുന്ന ചര്‍ച്ചകളും വാദപ്രതിവാദങ്ങളും പ്രതികരണങ്ങളും സഖാക്കളുടെ വിലയിരുത്തലുകളും ഓഫിസ് സെക്രട്ടറിയായ ശങ്കരാടിക്ക് സുപരിചിതമായിരുന്നു. ആ അനുഭവങ്ങളൊക്കെ ഈ രംഗം ഗംഭീരമായി സാക്ഷാല്‍ക്കരിക്കാന്‍ ഒരു ശങ്കരാടിയെ സഹായിച്ചു. ഈ രംഗം സംവിധായകന്‍ സത്യന്‍ അന്തിക്കാട് ചിത്രീകരിക്കുമ്പോള്‍ തന്റെ ഓഫീസ് സെക്രട്ടറിക്കാലത്തെ ഓര്‍മ്മകള്‍
ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് റീലായി പഴയ സഖാവ് ചന്ദ്രശേഖര മേനോന്‍ എന്ന ശങ്കരാടിയുടെ മനസില്‍ തെളിഞ്ഞ് വന്നിരിക്കണം.

ബറോഡയില്‍ മറൈന്‍ എഞ്ചിനിയറിംഗിന് പഠിക്കുമ്പോള്‍ ഒളിവിലായിരുന്ന കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ചന്ദ്രശേഖര മേനോന്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി നാഗ്പ്പൂരെത്തി. അവിടെ നടന്ന ഒരു ബോംബ് കേസുമായി ബന്ധപ്പെട്ട് പൊലീസ് ചന്ദ്രശേഖര മേനോനെ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ പഠനം ഉപേക്ഷിച്ച് അദ്ദേഹം കേരളത്തിലേക്ക് തിരികെ വന്നു. എറണാകുളത്ത് തിരിച്ചെത്തിയ അദ്ദേഹം മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. പാര്‍ട്ടിയുടെ സാംസ്‌കാരിക പരിപാടികളോടായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ആഭിമുഖ്യം. ആ കാലത്ത് കൊച്ചിയിലെ നാടകപ്രസ്ഥാനം വളരെ സജീവമായിരുന്നു.
പോരാട്ടങ്ങളുടെ ഭാഗമായി പാര്‍ട്ടിപ്രചാരണത്തിനു വേണ്ടി തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലും കലാസമിതികള്‍ രൂപീകരിച്ച് നാടകങ്ങള്‍ അവതരിപ്പിച്ചു. പില്‍ക്കാലത്ത് മന്ത്രിയായ ടി.കെ. രാമകൃഷ്ണന്റെ നാടകം ‘കല്ലിലെ തീപ്പൊരികള്‍’ അവതിരിപ്പിച്ചപ്പോള്‍ ശങ്കരാടി അതിലെ പ്രധാന അഭിനേതാവായിരുന്നു.
പില്‍ക്കാലത്ത് പ്രസിദ്ധ ജ്യോതിഷ പണ്ഡിതനായ മിത്രന്‍ നമ്പൂതിരിപ്പാടും എരൂര്‍ വാസുദേവും ജനയുഗത്തിലെ പത്രപ്രവര്‍ത്തകനായ നെന്‍മേലി ഗോപാല മേനോനുമൊക്കെ അതിലഭിനയിച്ചു. അക്കാലത്ത് മിത്രന്‍ നമ്പൂതിരിപ്പാട് ഈ നാടകങ്ങള്‍ക്ക് പതിവായി മൃദംഗം വായിച്ചിരുന്നു. ശങ്കരാടിയും നെന്‍മേലി ഗോപാല മേനോനും ചേര്‍ന്നാണ് ഈ നാടകം സംവിധാനം ചെയ്തത്. അതിന് ശേഷം എറണാകുളത്തെ ഇരുമ്പനം കടവില്‍ തോണികള്‍ അടുപ്പിച്ചിട്ട് സ്റ്റേജുണ്ടാക്കി മറ്റൊരു നാടകം അവതരിപ്പിച്ചു. കൊച്ചിരാജ്യത്തെ ജനങ്ങളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുപ്പിച്ചതില്‍ ശങ്കരാടിയും സംഘവും അവതരിപ്പിച്ച അന്നത്തെ നാടകങ്ങള്‍ക്ക് ചെറുതല്ലാത്ത ഒരു പങ്കുണ്ടായിരുന്നു.

1964 ല്‍ ഇന്ത്യാ ചൈന യുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) നേതാക്കളെല്ലാം തടവിലായി. അക്കൂട്ടത്തില്‍, ടി. കെ. രാമകൃഷ്ണന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. ആ ജയില്‍ ജീവിതക്കാലത്ത് ‘കല്ലിലെ തീപ്പൊരികള്‍’ എന്ന നാടകം അതേ പേരില്‍ തന്നെ നോവലാക്കി ടി.കെ.മാറ്റിയെഴുതി. ആ സമയത്ത് പരോളിലിറങ്ങിയ അഴിക്കോട് രാഘവന്‍ ദേശാഭിമാനിയുടെ കോഴിക്കോട് ഓഫീസില്‍ നോവല്‍ എത്തിക്കുകയും. ദേശാഭിമാനിയുടെ ഞായാഴ്ച പതിപ്പില്‍ ഈ നോവല്‍ ഖണ്ഡശ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1987 ല്‍ ഇ.കെ. നായരുടെ ഇടതുപക്ഷ മന്ത്രിസഭയില്‍ ടി.കെ. രാമകൃഷ്ണന്‍ മന്ത്രിയായപ്പോള്‍ ‘കല്ലിലെ തീപ്പൊരികള്‍’ ആദ്യമായി പുസ്തക രൂപത്തില്‍ പ്രകാശനം ചെയ്തു. തൃപ്പൂണിത്തുറ കരിങ്കല്‍ തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ 1949 ല്‍ അറസ്റ്റ് ചെയ്യപ്പെട്ട് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിനിരയായി മരണപ്പെട്ട രക്തസാക്ഷി സഖാവ് സി. കെ. ദാമോദരനാണ് ടി.കെ രാമകൃഷ്ണന്‍ തന്റെ ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

എറണാകുളത്ത് പുതിയതായി രൂപീകരിച്ച ‘പ്രതിഭാ തിയേറ്റേഴ്സ്’ എന്ന നാടക സമിതിയുടെ സെക്രട്ടറിയായപ്പോള്‍ ചന്ദ്രശേഖര മേനോനെന്ന പേര് ഉപേക്ഷിച്ച് വെറും ശങ്കരാടിയായി. പി. ജെ. ആന്റണിയെന്ന പ്രതിഭയായിരുന്നു സമിതിയുടെ പ്രധാന നടനും സംവിധായകനും. പിന്നീട് അഭിപ്രായ വ്യത്യാസം മൂലം ആന്റണി പ്രതിഭയില്‍ നിന്ന് മാറിനിന്നപ്പോള്‍ തോപ്പില്‍ ഭാസിയെഴുതിയ’ വിശക്കുന്ന കരിങ്കാലി’ എന്ന നാടകത്തില്‍ അഭിനയിച്ചതോടെ ശങ്കരാടിയെന്ന നടന്‍ നാടകരംഗത്ത് അറിയപ്പെടാന്‍ തുടങ്ങി.
1963 ലാണ് ശങ്കരാടി സിനിമാ രംഗത്ത് എത്തുന്നത് ഉദയയുടെ, കുഞ്ചാക്കോ’ സംവിധാനം ചെയ്ത ‘കടലമ്മ’ എന്ന ചി ് ത്രത്തിലൂടെയാണ്. ‘അവനത്രക്കായോ? എന്ന് ക്ഷോഭിച്ചാണ് ശങ്കരാടി അഭിനയിച്ച വേലുവെന്ന കഥാപാത്രം, ആദ്യ ഡയലോഗ് പറഞ്ഞ് പ്രത്യക്ഷപ്പെടുന്നത് തന്നെ.
1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ ശങ്കരാടി രാഷ്ട്രീയം വിട്ട് പൂര്‍ണ്ണമായും അഭിനേതാവായി മാറി. മധു സംവിധാനം ചെയ്ത കെ.പി.എസിയുടെ ‘നീലക്കണ്ണുകള്‍ ‘ എന്ന ചിത്രത്തില്‍ പല്‍പ്പൊടി വില്‍പ്പനക്കാരന്റെ വേഷത്തില്‍ തേയില തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാന്‍ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകനായി ശങ്കരാടി അഭിനയിച്ചു. പണ്ട് ബറോഡയിലും ബോംബെയിലും നടത്തിയ തന്റെ രാഷ്ട്രിയ പ്രവര്‍ത്തനത്തിന്റെ ആവര്‍ത്തനം, കേരളത്തില്‍ സ്‌ക്രീനിലായി എന്നു മാത്രം.

ബോയിംഗ് ബോയിംഗ് 1985
ഒരു നീണ്ട കഥ നീണ്ട നീണ്ട കഥയെന്ന് പറഞ്ഞ് എഡിറ്ററെ കാണാന്‍ വരുന്ന ഒ.പി. ഒളശ. തിരിച്ചിട്ടാലും മറിച്ചിട്ടാലും ഒരേ പേരുകാരന്‍. ഒ.പി.ഒളശയെന്ന സാഹിത്യകാരന്‍. പ്രിയദര്‍ശന്റെ ബോയിംഗ് ബോയിംഗില്‍ ജഗതി അഭിനയിച്ച, പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ആ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന എഡിറ്ററാണ് ശങ്കരാടിയുടെ എം.ടി. ദാമോദരന്‍ മഹാനായ ടൈം എഡിറ്റര്‍ ദാമോദരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കഥാപാത്രം. മഹത്തായ സാഹിത്യ സൃഷ്ടികള്‍ മാത്രം പ്രസിദ്ധികരിക്കുന്ന മഹാനായ ടൈം എഡിറ്റര്‍ ദാമോദരന്‍, ‘ഒളശയെ വിരട്ടുന്നുണ്ട് ‘നിന്റെ ചുളുവിരട്ടു പണികളൊന്നും എന്റെടുത്തെടുക്കേണ്ട !’

ഒരു കാലത്ത് യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് പോലെ ഒത്തിരി ഒ.പി. ഒളശമാരെ ശങ്കരാടി തന്റെ പത്രമോഫീസില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ബോംബെയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ശങ്കരാടി തിരികെ കേരളത്തിലെത്തിയ ശേഷം മൂന്ന് വര്‍ഷത്തോളം മലയാളത്തിലെ ആദ്യത്തെ സിനിമാ പ്രസിദ്ധീകരണങ്ങളിലൊന്നായ ‘ഫിലിം സ്റ്റാര്‍’ ന്റെ എഡിറ്ററായിരുന്നു (എഡിറ്റര്‍- ചന്ദ്രശേഖര മേനോന്‍ )
പേര് എങ്ങനെയെങ്കിലും അച്ചടിച്ച് കാണമെന്നാഗ്രഹവുമായി പത്രമോഫിസില്‍ കേറിയിറങ്ങുന്ന അനേകം ഒളശമാരെ വാക്ചാതുര്യം കൊണ്ട് നേരിടുന്ന സിനിമയിലെ പോലെ മഹാനല്ലാത്ത എഡിറ്ററായിരുന്നു ശങ്കരാടി. വലിയ പ്രചാരമൊന്നുമൊന്നും നേടാതെ ആ മാസിക മൂന്ന് വര്‍ഷത്തിന് ശേഷം പൂട്ടി.
നാല് പതിറ്റാണ്ട് മലയാള സിനിമയില്‍ ഇടവേളകളില്ലാതെ തുടര്‍ച്ചയായി ശങ്കരാടി അഭിനയിച്ചു. 800 ഓളം ചിത്രങ്ങള്‍. ഒത്തിരി കഥാപാത്രങ്ങള്‍. ഒരു കാലത്തും ശങ്കരാടി സിനിമയില്‍ വേഷമില്ലാതെ വീട്ടിലിരുന്നില്ല. തന്റെ സമകാലീനരായ അടൂര്‍ ഭാസിയും, ബഹദൂറും പതിയെ, പതിയെ മലയാള സിനിമകളില്‍ നിന്ന് അപ്രത്യക്ഷമായപ്പോഴും ശങ്കരാടി സജീവമായി തന്നെ രംഗത്ത് നിന്നു. പകരം വെയ്ക്കാനില്ലാത്ത ആ നടനെ മലയാള സിനിമക്ക് എന്നും ആവശ്യമായിരുന്നു. സംവിധായകരും പ്രേക്ഷകരും ഒരിക്കലും ശങ്കരാടിയെന്ന നടനെ മറന്നില്ല.
എണ്ണൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ച ശങ്കരാടിയെ ഏതെങ്കിലുമൊരു വിഭാഗത്തില്‍ ഒരുക്കിനിര്‍ത്താന്‍ സാധിക്കില്ല ഹാസ്യനടന്‍, സ്വഭാവനടന്‍ വില്ലന്‍, ഇതെല്ലാമായിരുന്നു ശങ്കരാടി.

അച്ഛനും അമ്മാവനും അളിയനുമായി ശങ്കരാടിയെപ്പോലെ നിറഞ്ഞുനിന്ന മറ്റൊരു നടന്‍ മലയാളത്തിലുണ്ടാവില്ല. അധികാരി, കാര്യസ്ഥന്‍, അമ്പലക്കമ്മിറ്റി പ്രസിഡന്റ്, വിവാഹദല്ലാള്‍ തുടങ്ങി സാധാരണ കഥാപാത്രങ്ങള്‍ വേരെയും. ശങ്കരാടി അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ച അഞ്ചോ ആറോ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ വിഷമിച്ചുപോകും. ശങ്കരാടിയെപ്പോലെ റിയലിസ്റ്റിക്കായ മറ്റൊരു നടന്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടോ? സംശയമാണ് തുറന്ന സംഭാഷണവും സ്വാഭാവികമായ അംഗവിക്ഷേപങ്ങളുമാണ് ശങ്കരാടി എന്ന നടനെ വ്യത്യസ്തനാക്കിയത്. നടപ്പിലും ഇരുപ്പിലും കിടപ്പിലും മാതല്ല. മുറുക്കിത്തുപ്പലില്‍ പോലും റിയലിസ്റ്റിക് സമീപനമായിരുന്നു ശങ്കരാടിക്ക്.

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ പ്രിയപ്പെട്ട നടനായിരുന്നു ശങ്കരാടി. യഥാര്‍ത്ഥ ജീവിതത്തില്‍ സത്യന്റെ പ്രേമം വിവാഹത്തിലെത്തിപ്പോള്‍ വധുവിന്റെ വീട്ടുകാരുമായി ഇടപെട്ട് സംസാരിച്ച കാരണവരായിരുന്നു അദ്ദേഹം. ശങ്കരാടിയുടെ അസാധ്യമായ നിരീക്ഷണ പാടവത്തെയും നര്‍മ്മബോധത്തെയും കുറിച്ച് സത്യന്‍ അന്തിക്കാട് എഴുതിയിട്ടുണ്ട്.
”ഒരു നടിയുടെ ഭര്‍ത്താവ് മരിച്ച സന്ദര്‍ഭത്തിലായിരുന്നു ആ കമന്റ്. നടി സത്യയന്റെ പടത്തിന്റെ ഒരു ഷൂട്ടിങ്ങിലായിരുന്നു. നടിയുടെ ഭര്‍ത്താവിന് വേറെയും ഭാര്യമാരുണ്ടായിരുന്നു. നടിക്കും പോക്കുവരവിന് മറ്റു ചിലരുണ്ട്. എങ്കിലും നടി കൂടുതല്‍ സ്‌നേഹിച്ചിരുന്നത് ഇയാളെയായിരുന്നു. പക്ഷേ, അവര്‍ ആചാര പ്രകാരം വിവാഹിതരായിരുന്നില്ല. അതുകൊണ്ടുതന്നെ ഭര്‍ത്താവ് ആയി അറിയപ്പെട്ട ആള്‍ മരിച്ചതറിഞ്ഞിട്ടും നടിക്ക് ഉറക്കെ കരയാനോ ഭര്‍തൃവീട്ടില്‍ പോകാനോ സാധിച്ചില്ല. നടി ഷൂട്ടിങ് സ്ഥലത്തുനിന്ന് അവരുടെ ലോഡ്ജ് മുറിയിലേക്ക് പോയി. ആ ലോഡ്ജില്‍ അടുത്ത മുറിയില്‍ ശങ്കരാടിയുണ്ടായിരുന്നു. വൈകുന്നേരം അന്നത്തെ ഷൂട്ടിങ് അവസാനിച്ചപ്പോള്‍ ശങ്കരാടി എന്റെ മുറിയിലേക്ക് വന്നു. അപ്പോള്‍ ശ്രീനിവാസന്‍ എന്റെ മുറിയിലുണ്ട്.
”ആ സ്ത്രീക്ക് ഭര്‍ത്താവ് മരിച്ചതില്‍ ശരിക്കും സങ്കടമുണ്ടോ?’
ശ്രീനിവാസന്‍ ചോദിച്ചു.
പെട്ടെന്നുതന്നെ ശങ്കരാടിയുടെ മറുപടിയുണ്ടായി.
‘ഒരു മീഡിയം സ്‌ട്രോങ് ചക്കര കമ്മി’
-ഇതായിരുന്നു ശങ്കരാടി പറഞ്ഞത്.
മദിരാശിയില്‍ പണ്ട് ജീവിച്ചിരുന്നവര്‍ക്ക് ഇതിന്റെ അര്‍ത്ഥമറിയാം. മദിരാശിയിലെ പഴയ ചായക്കടകളില്‍ ചായയ്ക്ക് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മലയാളികള്‍ പറഞ്ഞിരുന്ന വാചകമാണിത്. മീഡിയം സ്‌ട്രോങ്, ചക്കര കമ്മി. ഒരു ഇടത്തരം കരച്ചില്‍ എന്നാണ് ശങ്കരാടി പറഞ്ഞതിന്റെ പൊരുള്‍. ശ്രീനി അതുകേട്ട് പൊട്ടിച്ചിരിച്ചു. പിന്നീട് പല സന്ദര്‍ഭങ്ങളിലും ശ്രീനിവാസന്‍ ഇതുപയോഗിച്ചു. പുതിയ ചില നടന്മാരുടെയോ നടികളുടെയോ
അഭിനയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ശ്രീനി പറയും: ‘ങ്ഹാ, ഒരു മീഡിയം സ്‌ട്രോങ് ചക്കര കമ്മി”.( സത്യന്‍ അന്തികാടിന്റെ ഗ്രാമീണര്‍, താഹ മാടായി -2008)
38 വര്‍ഷം മുന്‍പ് ശങ്കരാടി അഭിനയിച്ച ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ കുഞ്ചാക്കോയുടെ കൊച്ചു മകന്‍ കുഞ്ചാക്കോ ബോബന്റെ ഒപ്പം വരെ- ശങ്കരാടി അഭിനയിച്ചു. എല്ലാ തലമുറക്കാരോടും സൗഹാര്‍ദം സ്ഥാപിച്ചു.

എല്ലാ തരം കഥാപാത്രങ്ങളും ശങ്കരാടി അഭിനയിച്ചു. ‘സകലകലാ വല്ലഭന്‍, വകതിരിവ് വട്ടപ്പൂജ്യം’ അടുതോമയെ കുറിച്ച് പറയുന്ന സ്ഫടികത്തിലെ ജഡ്ജി. ‘ഈ ഭൂതത്തെ ഇപ്പോള്‍ പേടിച്ചാല്‍ ഈ ജന്മം തനിക്കവരെ ഇറക്കി വിടാന്‍ കഴിയില്ല. എന്ന് ഗോപാലകൃഷ്ണ പണിക്കരെ വിരട്ടുന്ന, സന്‍മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെ വക്കീല്‍, നാടോടിക്കാറ്റിലെ ‘ ഇത്തിരി തേങ്ങാപ്പിണ്ണാക്ക് ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട് പാല് ശറ പറാ യെന്ന് പറഞ്ഞു കൊതിപ്പിക്കുന്ന പണിക്കര്‍. എത്രയോ മറക്കാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍’.
അവസാന കാലത്ത് എറണാകുളം ഫൈന്‍ ആര്‍ട്ട്സ് ഹാളില്‍ നാട്ടുകാരും എറണാകുളത്തുകാരും നല്‍കിയ വന്‍സ്വീകരണത്തില്‍ ശങ്കരാടിയെന്ന നടന് അവാര്‍ഡുകളോ അംഗീകാരങ്ങളോ ലഭിക്കാത്തതിനെ കുറിച്ച് പ്രസംഗിച്ച പലരും എടുത്തു പറഞ്ഞു.
ശങ്കരാടി ചുരുങ്ങിയ വാക്കുകളില്‍ മറുപടി പറഞ്ഞു.’ ഔദ്യോഗികമായ അംഗീകാരത്തേക്കാളൊക്കെ വിലപിടിച്ചത് കലാ ജീവിതം കൊണ്ട് എനിക്കു കിട്ടിയ അളവറ്റ സൗഹൃദവും സ്നേഹവുമാണ്. നന്ദി’ എന്ന് പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ ആ കണ്ണുകള്‍ നനഞ്ഞത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ അദ്ദേഹം മുഖം തിരിക്കുകയായിരുന്നു.
രോഗം വന്നതോടെ, പതുക്കെ പതുക്കെ ശങ്കരാടി സിനിലോകത്ത് നിന്ന് നിന്ന് പിന്‍വാങ്ങി. ചെറായിലെ വീട്ടില്‍ തിരിച്ചെത്തിയ ശങ്കരാടി
2001 ഒക്ടോബര്‍ 9 ന് വിടവാങ്ങി. Malayalam actor Sankaradi’ s 101
birthday of the legendary Malayalam actor Thoppil Parambil Chandrasekhara Menon, popularly known as Sankaradi