പാലക്കാട് ഹെഡ്ഗേവാറിന്റെ പേര് നൽകിയ സംഭവത്തിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും ചേരി പോര് കനക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയും രാഹുലിന്റെ ഓഫീസിലേക്ക് പ്രതിഷേധ ജാഥ നയിച്ചും ബിജെപി പ്രവർത്തകരും പകരം പ്രതിഷേധം സംഘടിപ്പിച്ച് കോൺഗ്രസും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ചരിത്രം വളച്ചൊടിക്കുന്നതിലൂടെ ആധിപത്യം സ്ഥാപിക്കുകയെന്നത് ബിജെപിയെ സംബന്ധിച്ച് ഒരു പുതുമയുള്ള കാര്യമല്ലെങ്കിലും പാലക്കാട് വിഷയത്തിൽ രാഷ്ട്രീയ ലാഭം തന്നെയാണ് ബിജെപിയുടെ ലക്ഷ്യം.
ഹെഡ്ഗേവാർ സ്വാതന്ത്ര്യസമര പോരാളിയാണെന്നും ഹെഡ്ഗേവാറിന്റെ പേരിലെ ആദ്യ സ്ഥാപനമല്ല ഇതെന്നുമായിരുന്നു ബിജെപി ഈ വിഷയത്തിൽ ആദ്യം പ്രതികരിച്ചത്. ഹെഡ്ഗേവാർ സ്വാതന്ത്ര്യസമര സേനാനിയാണെന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ടെന്നും ഇഎംഎസിന്റെ ആ വാക്കുകളെ തള്ളിപ്പറയുകയാണ് പാർട്ടി ചെയ്യുന്നതെന്നുമായിരുന്നു ബിജെപിയുടെ വാദം. ബിജെപിയെ സംബന്ധിച്ച് ചരിത്രം വളച്ചൊടിക്കുന്നത് ഒരു പുതിയ കാര്യമല്ലെങ്കിലും ഇതിനൊപ്പം തന്നെ സിപിഎമ്മിനെക്കൂടി വലിച്ചിട്ട് കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. കേരളത്തിൽ ബിജെപിയ്ക്ക് പ്രാതിനിധ്യമുള്ള രണ്ട് നഗരസഭകളിൽ ഒന്നായ പാലക്കാട്
നഗരസഭയിൽ ബിജെപി നടത്തിയ ഈ നീക്കത്തിന്റെ ലക്ഷ്യം വ്യക്തമാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയം നീക്കമാണ് ബിജെപിയുടേത്. ഇതിനെതിരെ പ്രതിഷേധിച്ച് കൊണ്ട് യഥാർത്ഥ്യത്തിൽ ഇതിന് ഒത്താശ ചെയ്യുകയാണ് കോൺഗ്രസ് ചെയ്യുന്നത്.
ഇത്രയേറെ പ്രതിഷേധങ്ങളുയർന്നിട്ടും പാർട്ടി തീരുമാനത്തിൽ നിന്നൊരു പിൻമാറ്റത്തിന് ഒരുക്കമല്ലെന്നുള്ള ബിജെപിയുടെ നിലപാട് ഈ താത്പര്യം ശക്തിപ്പെടുത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കുറഞ്ഞ വോട്ട് ഷെയർ തിരിച്ചു പിടിക്കുകയെന്നത് ബിജെപിയുടെ നിലനിൽപ്പിന്റെ പ്രശ്നം കൂടിയായി തീർന്നിരിക്കുകയാണ്.
ബിജെപി ഭരിക്കുന്ന ഒരു നഗരസഭയിൽ പുതിയതായി വരുന്ന ഒരു സ്ഥാപനത്തിന് പാർട്ടിയ്ക്ക് താത്പര്യമുള്ള ഒരു നേതാവിന്റെ പേര് നൽകുന്നതിലെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ അഴിമുഖത്തോട് പറഞ്ഞത്.
ജനങ്ങൾക്കിയിൽ ഭിന്നത ഉണ്ടാക്കുന്ന തരത്തിൽ അനാവശ്യ രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും. കഴിഞ്ഞ പത്തു വർഷമായുള്ള ഭരണകാലഘട്ടത്തിൽ പട്ടികയിലുണ്ടായിരുന്ന ഒരു പദ്ധതിയായിരുന്നു ഈ നൈപുണ്യ കേന്ദ്രത്തിന്റേത് അതിന് സമയവും സന്ദർഭവും ലഭിച്ചപ്പോൾ ആരംഭിക്കുന്നുവെന്ന് മാത്രമാണെന്നാണ് ബിജെപിയുടെ വാദം.
അല്ലാതെ തിരഞ്ഞെടുപ്പ് മുൻകണ്ട് ചെയ്യുന്ന പ്രവർത്തനങ്ങളല്ല ഒന്നും. ഈ വിഷയത്തിൽ ആരും വിറളി പൂണ്ടിട്ട് കാര്യമില്ല നഗരസഭ തീരുമാനവുമായി മുന്നോട്ട് പോകും. അനാവശ്യ ചർച്ചയാണിത്. ഇലക്ഷൻ വരുന്നതിന് മുമ്പ് ആണെങ്കിൽ പോലും ഇതേ പേര് തന്നെയാവും നൽകുക. 2000ത്തിൽ 8 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിയ്ക്ക് ഇന്ന് 28 സീറ്റുകളാണുള്ളത്. സിപിഎം ഭരിക്കുന്ന സംസ്ഥാനത്തെ പദ്ധതികൾക്ക് അവരുടെ ആളുകളുടെ പേരാണ് നൽകുന്നത്. അതു പോലെ ഇതിനെയും കണ്ടാൽ മതിയെന്നും പ്രമീള പറയുന്നു.
തങ്ങളുടെ രാഷ്ട്രീയ അജണ്ട പ്രചരിപ്പിക്കുകയെന്നത് ബിജെപിയുടെ ആവശ്യമായി നിലനിൽക്കെ പലപ്പോഴായി അതിനുള്ള പല ശ്രമങ്ങളും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതിനെ ശക്തമായി എതിർക്കാൻ സിപിഎമ്മിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.
നഗരസഭയിലെ വികസനപ്രവർത്തനങ്ങളെ ഒന്നും പ്രതിപക്ഷമെന്ന തരത്തിൽ ഞങ്ങൾ എതിർത്തിട്ടില്ല. നൈപുണ്യ വികസന കേന്ദ്രമെന്ന പദ്ധതിയ്ക്കും പ്രതിപക്ഷ പാർട്ടിയെന്ന തരത്തിൽ കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. ഇതിനെ രാഷ്ട്രീയമായ കൈകാര്യം ചെയ്യുന്നതിനെയും ഹെഡ്ഗവാറിന്റെ പേര് അതിനു വേണ്ടി ഉപയോഗിക്കുന്നതിനെതിരെയാണ് ഞങ്ങളുടെ എതിർപ്പെന്ന് പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലറായി മൻസൂർ കെ അഴിമുഖത്തോട് പറഞ്ഞു
ആർഎസ്സ് അജണ്ഡ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കേരളത്തിലെ 87 നഗരസഭകളിൽ ആകെ രണ്ട് നഗരസഭകൾക്ക് മാത്രമാണ് ബിജെപിയുടേത് അത് നിലനിർത്താനുള്ള ശ്രമങ്ങളാണിത്. കെട്ടിടത്തിന് ഹെഡ്ഗേവാറിന്റെ പേരുനൽകുന്ന വിവരം നഗരസഭയിൽ ചർച്ചചെയ്തില്ല എന്നാൽ, മുൻകൂർ അനുമതിനൽകാൻ നഗരസഭാധ്യക്ഷയ്ക്ക് അധികാരമുണ്ടെന്നും പിന്നീട് കൗൺസിലിൽ അവതരിപ്പിച്ച് ഭരണസമിതിയുടെ അംഗീകാരം വാങ്ങിയാൽ മതിയെന്നുമാണ് ഭരണപക്ഷവാദമെന്നും മൻസൂർ വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊക്കെയാണ് മുൻകൂർ അനുമതി നൽകുന്നത്. ആർഎസ്എസ് നേതാവിന്റെ പേര് നൽകുന്നതിന് ഒരിക്കലും മുൻകൂർ നൽകാൻ സാധിക്കില്ല. കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പൊലീസിന്റെ നരനായാട്ടിൽ പരിക്കേറ്റിരുന്നു. കൊലവിളിയുയർത്തിയ ബിജെപിയ്ക്ക് എതിരെ നടപടിയെടുക്കാതെ കോൺഗ്രസിനെ മാത്രം ലക്ഷ്യം വച്ചായിരുന്നു പൊലീസ് നടപടിയെന്നും മൻസൂർ പറഞ്ഞു.
ഭരണ പ്രതിപക്ഷ ചേരിപോരുകൾക്കിടയിൽ ഗെഡ്ഗേവാറെന്ന പേര് വീണ്ടും ചർച്ചയാവുന്നത് ബിജെപിയുടെ രഹസ്യ അജണ്ടയാണ്. ബിജെപിയ്ക്കെതിരെ പ്രതിഷേധം നയിക്കുന്ന കോൺഗ്രസ് അവരുടെ ആശയത്തിന്റെ പ്രചരാണായുധമായി മാറുകയാണ്. ഇതോടൊപ്പം ആറു മാസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്ന് പറയുന്ന നൈപുണ്യ കേന്ദ്രവും വരുന്ന തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രചരണ ആയുധമാണ്.
content summary: BJP has stated that it will not back down from its decision to name the Naipunya Kendra in Palakkad after Hedgewar