തൊടുപുഴ നഗരസഭയില്‍ ബിജെപി പിന്തുണയില്‍ ഭരണം പിടിച്ച് യുഡിഎഫ്. അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ടതോടെയാണ് എല്‍ഡിഎഫിന് അധികാരം നഷ്ടപ്പെട്ടത്. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ നാല് ബിജെപി കൗണ്‍സിലര്‍മാര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് ബിജെപി കൗണ്‍സിലര്‍മാര്‍ യുഡിഎഫിന് അനുകൂലമായി അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്തത്.
യുഡിഎഫ് ഭരിച്ചിരുന്ന നഗരസഭയായിരുന്നു തൊടുപുഴയിലേത്. ലീഗും കോണ്‍ഗ്രസും തമ്മില്‍ ഉണ്ടായ പടലപ്പിണക്കമായിരുന്നു ഭരണം പോകാന്‍ കാരണം. കോണ്‍ഗ്രസ്- ലീഗ് തര്‍ക്കം യുഡിഎഫില്‍ അന്തഃഛിദ്രം ഉണ്ടാക്കിയതിനെ തുടര്‍ന്ന് സിപിഎം നഗരസഭയില്‍ അവിശ്വാസം കൊണ്ടുവന്നു. ലീഗ് ഈ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫ് അധികാരത്തില്‍ എത്തുകയും ചെയ്തു.
ഇപ്പോള്‍ കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം പരിഹരിക്കപ്പെട്ടതോടെയാണ് ആറുമാസക്കാലത്തിനുശേഷം വീണ്ടും തൊടുപുഴ നഗരസഭയില്‍ അവിശ്വാസം കൊണ്ടുവരുന്നത്. എങ്കിലും ബിജെപിയുടെ നിര്‍ണായക പിന്തുണ കിട്ടിയതുകൊണ്ട് മാത്രമാണ് എല്‍ഡിഎഫ് ഭരണം മറിച്ചിടാന്‍ യുഡിഎഫിന് കഴിഞ്ഞത്.
18 പേരുടെ പിന്തുണ അവിശ്വാസം പാസാക്കാന്‍ ആവശ്യമായിരുന്നു. എന്നാല്‍ യുഡിഎഫിന് 14 പേരുടെ അംഗബലം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്താണ് ബിജെപിയില്‍ നിന്നുള്ള പിന്തുണ കിട്ടുന്നത്. നാല് ബിജെപി അംഗങ്ങള്‍ കൂടി ചേര്‍ന്നതോടെ 18 എന്ന സംഖ്യയില്‍ എത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്കായി. അതുവഴി ഭരണം തിരിച്ചു പിടിക്കാനും.
അതേസമയം, ബിജെപിയുടെ നാല് കൗണ്‍സിലര്‍മാരും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത് പാര്‍ട്ടി വിപ്പ് ലംഘിച്ചാണെന്നാണ് വിവരം. എട്ട് കൗണ്‍സിലര്‍മാരാണ് നഗരസഭയില്‍ ബിജെപിക്കുള്ളത്. ഇവര്‍ എട്ടുപേര്‍ക്കും വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ജില്ല ഘടകം വിപ്പ് നല്‍കിയിരുന്നു. വിപ്പ് ലംഘിച്ചാണ് നാല് പേര്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാടെടുത്തത്.
പാര്‍ട്ടി ജില്ല നേതൃത്വത്തെ വിമര്‍ശിച്ചാണ് ബിജെപി കൗണ്‍സിലര്‍മാര്‍ തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിക്കുന്നത്. നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്നായിരുന്നു വിപ്പ് ലംഘിച്ചതിന്റെ വിശദീകരണമായി ബിജെപി കൗണ്‍സിലര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. യുഡിഎഫിനെ പിന്തുണയ്ക്കുന്നത് അപകടമാണെന്ന് കണ്ടാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വിപ്പ് നല്‍കിയതെന്നാണ് ബിജെപി ജില്ല നേതൃത്വത്തിന്റെ വിശദീകരണം. BJP helped; UDF regained control of Thodupuzha municipality
Content Summary; BJP helped; UDF regained control of Thodupuzha municipality
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.