March 26, 2025 |

അനന്തുകൃഷ്ണന്റെ തട്ടിപ്പിന് എ എന്‍ രാധാകൃഷ്ണന്റെ ‘ സൈന്‍’?

ബിജെപി നേതാവ് നേതൃത്വം നല്‍കുന്ന സൊസൈറ്റിക്കെതിരേ ഗുരുതര ആരോപണങ്ങള്‍

സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിലെ തടിതപ്പൽ നാടകങ്ങളും ന്യായീകരണങ്ങളും തുടരുകയാണ്. കേസിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടി നേതാക്കൾക്കുള്ള പങ്ക് വിവാദമായിരിക്കുകയാണ്. പദ്ധതിയിൽ 200ഓളം എൻജിഓകൾ ഉൾപ്പെട്ടിരുന്നതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫണ്ട് തട്ടിപ്പിനൊപ്പം എ എൻ രാധാകൃഷ്ണൻ അധ്യക്ഷ സ്ഥാനം വഹിക്കുന്ന സൈൻ സൊസൈറ്റിയെ കുറിച്ചുള്ള അന്വേഷണങ്ങളും പുരോ​ഗമിച്ചു കൊണ്ടിരിക്കയാണ്. എന്താണ് സൈൻ സൊസൈറ്റി, എന്തെല്ലാമാണ് ഈ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ചോദ്യങ്ങളും സംശയങ്ങളുമേറെയാണ്.

ഈ പദ്ധതിയിലെ മുഖ്യ നടത്തിപ്പുകാരാണ് സൈൻ സൊസൈറ്റി. 2015ലാണ് സൊസൈറ്റി ഫോർ ഇന്റ​ഗ്രേറ്റഡ് നേഷൻ എന്ന പേരിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ സൊസൈറ്റി രൂപീകരിക്കുന്നത്. 2015ൽ ആരംഭിച്ച സൈൻ സൊസൈറ്റിയുടെ പ്രവർത്തന രേഖകൾ പരിശോധിക്കുമ്പോൾ പ്രവർത്തനങ്ങൾ കൂടുതൽ നടന്നിരിക്കുന്നത് 2024 ഏപ്രിൽ മുതലുള്ള കാലഘട്ടത്തിൽ ആണ് അതായത് സിഎസ്ആർ ഫണ്ട് തട്ടിപ്പ് നടന്നതായി പറയുന്ന സമയം. സിഎസ്ആർ ഫണ്ട് തട്ടിപ്പിന് അടിസ്ഥാനമായ 50 ശതമാനം നിരക്കിൽ സ്കൂട്ടർ പദ്ധതിയുടെ എറണാകുളം ജില്ലാ തല ഉദ്ഘാടനം 2024 മാർച്ചിൽ നിർവഹിച്ചത് കേന്ദ്രമന്ത്രിയും കർണ്ണാടകയിലെ മുതിർന്ന ബിജെപി നേതാവുമായ ശോഭ കന്തരാളെ ആയിരുന്നു. പരിപാടി നടത്തിപ്പിനുമായി മറ്റുമായി അനന്തുകൃഷ്ണന്റെ സജീവ സാന്നിധ്യവുമുണ്ടായിരുന്നു. സൊസൈറ്റിയുടെ സമൂഹമാധ്യമ പേജിലടക്കം സ്കൂട്ട‌ർ വിതരണ പദ്ധതിയുടെ ചിത്രങ്ങൾ പങ്ക് വച്ചിട്ടുണ്ട്. ജനങ്ങൾക്ക് പദ്ധതിയുടെ മേലുള്ള വിശ്വാസ്യത നേടിയെടുക്കാൻ ഇത്തരം പ്രചരണങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

ബിജെപി നേതാവെന്ന നിലയിലും സംസ്ഥാന നേതൃസ്ഥാനീയൻ എന്ന നിലയിലും പദ്ധതിയുടെ പലപ്പോഴായി നടന്ന വിതരണ ഘട്ടങ്ങളെ നന്നായി മാർക്കറ്റ് ചെയ്തിട്ടുണ്ട് രാധാകൃഷ്ണൻ. സ്ത്രീ ശാക്തീകരണം മുൻനിർത്തിയാണ് പകുതി വിലയിൽ സ്കൂട്ടർ വിതരണം ചെയ്യുന്നത് എന്നായിരുന്നു സൊസൈറ്റി പലപ്പോഴായി പറഞ്ഞിരുന്നത് എന്നാൽ പദ്ധതി നടത്തിപ്പ് പ്രകാരം ലഭ്യമായ പണത്തിന്റെ കണക്കോ ഒന്നും തന്നെ വെളിപ്പെടുത്താൻ സൊസൈറ്റിയ്ക്ക് സാധിച്ചിട്ടില്ല. 100 പ്രവർത്തി ദിനങ്ങൾ കൊണ്ട് സ്കൂട്ടർ വ്യക്തികളിലേക്ക് എത്തുമെന്നാണ് പദ്ധതിയുടെ ഉദ്ഘാടന ഘട്ടത്തിൽ പറഞ്ഞിരുന്നത്. 130 കോടിയുടെ ബജറ്റിലാണ് സൈൻ സൊസൈറ്റി പദ്ധതി ഏറ്റെടുത്തത്. പദ്ധതി പ്രകാരം പകുതി വില ജനങ്ങളിൽ നിന്ന് ഈടാക്കുകയുകയും ചെയ്തിരുന്നു.

സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിൽ അനന്തുകൃഷ്ണൻ പിടിയിലായതോടെ കേസിൽ നിന്ന് തടിതപ്പാനുള്ള പരിശ്രമത്തിലായിരുന്നു എ എൻ രാധാകൃഷ്ണൻ. സൈൻ സൊസൈറ്റി വഴിയാണ് ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും വിതരണം ചെയ്തിരുന്നത്. 35ഓളം ഘട്ടങ്ങളിലായി പദ്ധതിയുടെ വിതരണ പരിപാടി പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനായി ജനങ്ങളിൽ നിന്നും അഡ്വാൻസായി തുക വാങ്ങിയിരുന്നു. സിഎസ്ആർ ഫണ്ട് തട്ടിപ്പ് പുറംലോകമറിഞ്ഞതോടെ അഡ്വാൻസായി നൽകിയ തുക അം​ഗങ്ങൾക്ക് തിരിച്ച് നൽകി. മാർച്ചിൽ വാഹനം നൽകുമെന്ന് സൊസൈറ്റി ഉറപ്പ് നൽകിയിരുന്നു എന്നാൽ സംഭവം വിവാദമായ സാഹചര‍്യത്തിലാണ് സ്കൂട്ടറിനായി നൽകിയ പണം ജനം തിരിച്ച് വാങ്ങിയത്. സ്കൂട്ടറിനായി ആദ‍്യ ഘട്ടത്തിൽ അപേക്ഷിച്ചവർക്ക് വാഹനം കൃത‍്യമായി വിതരണം ചെയ്തിരുന്നു. എന്നാൽ പിന്നീട് കാത്തിരുന്നിട്ടും പലർക്കും സ്കൂട്ടർ ലഭിക്കാതായതോടെയാണ് അടച്ച പണം തിരിച്ച് നൽകാൻ സൈൻ സൊസൈറ്റി തയാറായത്. ഇതോടെ എറണാകുളം ജില്ലയിലെ പല ഭാഗത്ത് നിന്നുള്ളവർ പണം വാങ്ങാനായി ഇടപ്പള്ളിയിലെ സൈനിൻറെ ഓഫീസിലെത്തി തുടങ്ങി. സ്കൂട്ടറിൻറെ തുകയ്ക്ക് തുല്ല‍്യമായ ചെക്കാണ് സൊസൈറ്റി നൽകിയത്.

content summary: bjp leader A N Radhakrishnan’s NGO Society involvement in csr scam

×