ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമപ്രവര്‍ത്തനം. എന്നാല്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ സമീപകാലത്തായി വര്‍ധിച്ചുവരികയാണ്. സുരക്ഷിതവും അന്തസ്സുള്ളതുമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ബി.ജെ.പി. നേതാക്കളുടെ ഭാഗത്തുനിന്ന് നിരന്തരമായ അധിക്ഷേപങ്ങളും ഭീഷണികളും ഉണ്ടാകുന്നത് മാധ്യമപ്രവര്‍ത്തന രംഗത്തെ സ്ത്രീകളുടെ തൊഴില്‍ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്ന സ്ത്രീകളെ പുച്ഛത്തോടെ കാണുന്ന സമൂഹത്തിന്റെ മനോഭാവവും ആണധികാരത്തിന്റെ ധാര്‍ഷ്ട്യവുമാണ് ഇത്തരം പെരുമാറ്റങ്ങള്‍ക്ക് പിന്നില്‍.
ബി.ജെ.പി. തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായിരുന്ന തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച വനിതാ മാധ്യമപ്രവര്‍ത്തകയെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഭീഷണിപ്പെടുത്തിയ സംഭവം ഇതിനൊരു ഉദാഹരണമാണ്.
‘കൈരളി ആണെങ്കില്‍ നീ അവിടെ നിന്നാല്‍ മതി, നീ ചോദിക്കരുത്, മറുപടി തരില്ല’ എന്ന് ആക്രോശിച്ചുകൊണ്ട് അദ്ദേഹം മാധ്യമപ്രവര്‍ത്തകയുടെ തൊഴില്‍പരമായ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ് ഉണ്ടായത്. ഈ സംഭവം കേവലം വ്യക്തിപരമായ ആക്രമണമല്ല, മറിച്ച് മാധ്യമപ്രവര്‍ത്തനത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും നേരെയുള്ള കടന്നുകയറ്റമാണ്. ബിജെപി പ്രവര്‍ത്തകര്‍ മറ്റ് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും വനിതാ റിപ്പോര്‍ട്ടര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.
തൊഴിലിടങ്ങളിൽ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കുന്നതും, മാധ്യമങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും മോശം ഭാഷ ഉപയോഗിക്കുന്നതും മാധ്യമ രംഗത്തെ വിവേചനമാണെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ അഴിമുഖത്തോട് പറഞ്ഞു.
‘ബി.ജെ.പി.യിൽ നിന്ന് മാത്രമല്ല, പല രാഷ്ട്രീയ നേതാക്കന്മാരിൽ നിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ബിജെപിയിൽ നിന്ന് കുറച്ചു കൂടുതലാണെന്ന് സുരേഷ് പറയുന്നു. ഇത്തരം പ്രവണതകൾ ഏത് വിഭാഗത്തിൽ നിന്നും ഉണ്ടായാലും അത് മാധ്യമപ്രവർത്തകരുടെ അവകാശ ലംഘനമാണ്. മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് ചോദ്യം ചെയ്യുന്ന പ്രവണതയ്‌ക്കെതിരെ ഒരു കാമ്പയിൻ തുടങ്ങാനും, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാർക്ക് കത്ത് നൽകാനും യൂണിയൻ തീരുമാനിച്ചിട്ടുണ്ട്, നിയമനടപടികളും പരിഗണനയിലുണ്ട്’ സുരേഷ് പറഞ്ഞു.
2023 ഒക്ടോബര്‍ 27-ന് കോഴിക്കോട് വെച്ച് ഒരു വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വെച്ചത് വലിയ വിവാദമായിരുന്നു. മാധ്യമപ്രവര്‍ത്തക എതിര്‍ത്തിട്ടും അദ്ദേഹം ഇത് ആവര്‍ത്തിച്ചു. തൊഴിലിടത്തില്‍ നേരിട്ട ഈ ശാരീരികമായ അതിക്രമം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും മോശം ഉദ്ദേശ്യത്തോടെ പെരുമാറിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. ഇതേ വിഷയത്തില്‍ പ്രതികരണം തേടിയ മറ്റൊരു മാധ്യമപ്രവര്‍ത്തകയോട് ‘എന്റെ അടുത്ത് ആളാകാന്‍ വരരുത്’ എന്ന് അദ്ദേഹം കയര്‍ക്കുകയും ചെയ്തിരുന്നു.
മാധ്യമപ്രവര്‍ത്തന മേഖലയിലെ സ്ത്രീകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളിലെ സ്ത്രീകളെപ്പോലെ തന്നെ അന്തസ്സോടും ആത്മാഭിമാനത്തോടും കൂടി പ്രവര്‍ത്തിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പ് നല്‍കുന്നതും ഇതുതന്നെയാണ്. ചോദ്യങ്ങള്‍ ചോദിക്കാനും വാര്‍ത്തകള്‍ ശേഖരിക്കാനുമുള്ള മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം, ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ സംരക്ഷിക്കുന്നതും ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതവുമാണ്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന ആക്രോശങ്ങള്‍, ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് സ്ത്രീകള്‍ക്ക് അവരുടെ തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ നേര്‍ക്കാഴ്ച കൂടിയാണ്.
content summary: BJP Leaders’ Actions Threaten Freedom of Press for Women Journalists
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.