വഖഫ് ഭേദഗതി മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന്റെ പരാമർശം മുനമ്പം വിഷയത്തിൽ ബിജെപിയുടെ പൊള്ള വാദം തുറന്നുകാട്ടിയിരിക്കുകയാണ്. വഖഫ് നിയമ ഭേദഗതി, സമരക്കാരുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുമെന്നും അവരുടെ ഭൂമി അവർക്ക് സ്വന്തമാകുമെന്നും പലപ്പോഴായി ബിജെപി നേതാക്കൾ സമരക്കാർക്ക് പ്രതീക്ഷ നൽകിയിരുന്നു. വഖഫ് ബിൽ പാർലമെന്റ് പാസാക്കിയപ്പോൾ മുനമ്പത്ത് ആഘോഷപരിപാടികളും അരങ്ങേറിയിരുന്നു. എന്നാൽ ബിജെപിയുടെ വാദങ്ങൾ പാടെ പൊളിച്ചുകൊണ്ടുള്ളതായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം.
വഖഫ് ഭേദഗതി മുനമ്പത്തുകാരെ രക്ഷിക്കാനുള്ളതാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നെന്നും കിരൺ റിജിജുവിന്റെ പരാമർശം ഞെട്ടിച്ചുകളഞ്ഞെന്നും മുനമ്പം സമര സമിതി കൺവീനർ ജോസഫ് ബെന്നി അഴിമുഖത്തോട് പ്രതികരിച്ചു.
‘വളരെ ദുഖകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. കിരൺ റിജിജുവിന്റെ പരാമർശം മുനമ്പത്തെ ജനങ്ങളെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. റിജിജു കേരളത്തിലേക്ക് വരുന്നു, മുനമ്പം നിവാസികളെ കാണാൻ എത്തുന്നു എന്ന് പറഞ്ഞപ്പോൾ ഈ പ്രശ്നത്തിന് ഒരു പരിഹാരം അറിയിക്കാനാകും എത്തുക എന്നാണ് ഞങ്ങൾ കരുതിയിരുന്നത്. സമരപന്തൽ എപ്പോൾ പൊളിച്ചുമാറ്റണം എന്ന് വരെ ചിന്തിച്ചിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു എന്ന് മാത്രം.
സുപ്രീം കോടതിയിൽ കേസ് നടത്തി ജയിക്കാനായി എത്ര കാലമാണ് കാത്തിരിക്കേണ്ടി വരുക. ഞങ്ങൾ പാവപ്പെട്ട മത്സ്യത്തൊഴിലാളികളല്ലേ? 34 വർഷം ഞങ്ങൾ കേസ് നടത്തിയതാണ്. നീതി ലഭിക്കാൻ ഇനിയും നിയമപോരാട്ടം തുടരണമെന്നാണോ ഇവർ പറയുന്നത്?
ഞങ്ങളെ രക്ഷിക്കാനുള്ളതാണ് വഖഫ് ഭേദഗതി എന്നാണ് ബിജെപിയിലെ പല നേതാക്കളും ഞങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അതുകൊണ്ടാണ് അവരെ പിന്തുണച്ച് കൂടെ നിന്നത്. അതിലായിരുന്നു മുഴുവൻ പ്രതീക്ഷയും.
എല്ലാവർക്കും എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾക്കിടയിൽ നടന്ന ചർച്ചയിൽ ആശങ്ക ഞാൻ പങ്കുവെച്ചിരുന്നു. ഇപ്പോൾ ബിജെപിയിലേക്ക് മാറിയ കുറച്ച് പേർ ഞാൻ ഉന്നയിച്ച ആശങ്കയോട് വളരെ പ്രകോപനപരമായാണ് പ്രതികരിച്ചത്. എന്നെ സമര സമിതി കൺവീനർ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് വരെ അവർ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഞങ്ങളുടെ പ്രതീക്ഷകളെ തകർത്തുകൊണ്ട് മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്.
കേരള സർക്കാരിലാണ് ഇപ്പോഴുള്ള പ്രതീക്ഷ. അത് ഏത് രാഷ്ട്രീയ പാർട്ടി എന്ന് നോക്കീട്ടല്ല ഞങ്ങൾ പ്രതീക്ഷ വെക്കുന്നത്. ഇന്ന് സിപിഐഎമ്മിന് തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് വരും, അവർക്കും തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപി വന്നാൽ അങ്ങനെ തീരട്ട. മലയാളികൾക്ക് ഞങ്ങളുടെ വിഷമം മനസിലാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുകയാണ്’, ജോസഫ് ബെന്നി പറഞ്ഞു.
വഖഫ് ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ മുനമ്പം ഭൂമി പ്രശ്നം സജീവ ചർച്ചയായിരുന്നു. ഇതിന്റെ ഭാഗമായാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം മുനമ്പത്തെത്തിയത്. എന്നാൽ വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പത്തിന് നീതി ലഭിക്കില്ലെന്ന് റിജിജു വ്യക്തമാക്കുകയായിരുന്നു. മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണമെന്നും കിരൺ റിജിജു മാധ്യമങ്ങളോട് പറഞ്ഞു.
വഖഫ് ട്രിബ്യൂണലിന്‍റെ അധികാരങ്ങളിലും ഘടനയിലും നിയമ ഭേദഗതി മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ ട്രിബ്യൂണൽ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങൾക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാവും. മുനമ്പത്തെ പ്രശ്നങ്ങള്‍ കോടതി വഴിയെ പരിഹരിക്കപ്പെടുകയുള്ളുവെന്ന് സാങ്കേതികമായി പറയാനാകുമെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജുജു പറഞ്ഞിരുന്നു.
വഖഫ് ബിൽ പാർലമെന്റിൽ പാസാക്കുന്നതിന് മുൻപ് വരെ, ബിൽ മുനമ്പം നിവാസികൾക്ക് ഗുണകരമാണ് എന്നായിരുന്നു ബിജെപി നേതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ, ബിൽ പാസായ ശേഷം ജനങ്ങളെ പറ്റിച്ച് മലക്കം മറിഞ്ഞിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
Content Summary: BJP leaders lied, Waqf Bill Offers No Benefit to Munambam Residents
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.