ഹെല്‍മെറ്റില്ലാതെ ടൂവീലറില്‍ യാത്ര ചെയ്തതിന് പിഴയിട്ട പോലീസ് ഉദ്യോഗസ്ഥനെ ബിജെപി നേതാവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച മധ്യപ്രദേശിലെ ഗുണ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ബിജെപി ബ്ലോക്ക് പ്രസിഡന്റ് ശോഭ രഘുവന്‍ഷിയുടെ ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികള്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തപ്പോള്‍ അശുതോഷ് തിവാരിയെന്ന കോണ്‍സ്റ്റബിള്‍ പിടികൂടുകയായിരുന്നു.
ഇവരില്‍ നിന്നും ഇദ്ദേഹം പിഴയീടാക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ തങ്ങളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി. ശോഭയുടെ ഭര്‍ത്താവ് രാജീവ് ഉള്‍പ്പെടെ ഒരു കൂട്ടം ആളുകള്‍ സംഭവസ്ഥലത്തെത്തുകയും അശുതോഷിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഒരു മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നീട് പ്രതികളെ തിരിച്ചറിയുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് വിവേക് അസ്താന അറിയിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയെടുത്തിരിക്കുന്ന കേസ്. ജിതേന്ദ്ര രഘുവന്‍ഷി, രാഹുല്‍ രഘുവന്‍ഷി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ രാജീവും മറ്റു ചിലരും കേസില്‍ പ്രതികളാണ്. സംഭവത്തെക്കുറിച്ച് തങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും അന്വേഷണത്തിന് ശേഷമേ മറ്റ് നടപടികള്‍ സ്വീകരിക്കൂവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
Leave a Comment