June 26, 2026 |
Share on

മമതയെ വീഴ്ത്താന്‍ ബിജെപി പയറ്റിയ തന്ത്രങ്ങള്‍

അത്യന്തം സംഭവബഹുലമായ പശ്ചിമ ബംഗാൾ രാഷ്ട്രീയചരിത്രത്തിന്റെ അടുത്ത അധ്യായം ഇനി ബിജെപി കുറിക്കും

“ബിജെപിയും ഇലക്ഷൻ കമ്മീഷനും തമ്മിലുള്ള ഒത്തുകളിയാണിത്. ധാർമിക വിജയം ഞങ്ങൾക്കാണ്. ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല.”- പശ്ചിമ ബംഗാൾ നിയമസഭാതിരഞ്ഞെടുപ്പിലെ അമ്പരപ്പിക്കുന്ന തോൽവിയെ തുടർന്നുള്ള മമത ബാനർജിയുടെ പ്രസ്താവനയാണിത്. എന്തൊക്കെയായാലും ജനവിധി ബിജെപി-ക്കൊപ്പമായതിനാൽ  മമതയ്ക്കിനി മുഖ്യമന്ത്രി സ്ഥാനമൊഴിയുകയെന്നതല്ലാതെ മറ്റൊരു വഴിയുമില്ല. തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തോളം നീണ്ട ഭരണത്തുടർച്ചക്ക് ഫുൾസ്റ്റോപ്പായിരിക്കുന്നു.

അത്യന്തം സംഭവബഹുലമായ പശ്ചിമ ബംഗാൾ രാഷ്ട്രീയചരിത്രത്തിന്റെ അടുത്ത അധ്യായം ഇനി ബിജെപി കുറിക്കും. 294 നിയമസഭാമണ്ഡലങ്ങളിൽ 207-ഉം ബിജെപി തൂത്തുവാരി. 80 സീറ്റുകൾ മാത്രമാണ് തൃണമൂൽ കോൺഗ്രസ് നേടിയത്. ഇതോടെ മമത ബാനർജി നയിച്ച ടിഎംസി ഭരണം ബംഗാളിൽ അവസാനിക്കുകയാണ്. 

താഴെത്തട്ടിലുള്ള മനുഷ്യരുടെ അകമഴിഞ്ഞ പിന്തുണയോടെ ജനകീയ പ്രക്ഷോഭങ്ങളും സമരങ്ങളും മുൻനിരയിൽ നിന്ന് നയിച്ചാണ് മമത ബാനർജി ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ വളർത്തി ഒരു വന്മരമാക്കിത്തീർത്തത്.   എന്നാൽ 2026 നിയമസഭാതിരഞ്ഞെടുപ്പിലൂടെ ബിജെപി ആ വന്മരത്തിന്റെ അടിവേരിളക്കിയിരിക്കുകയാണ്. എന്താണ് തൃണമൂൽ കോൺഗ്രസിന്റെ പതനത്തിന് കാരണം? എന്തൊക്കെ തന്ത്രങ്ങളാണ് ബിജെപി പയറ്റിയത്?

എസ്ഐആർ എന്ന ബ്രഹ്മാസ്ത്രം 

തൃണമൂൽ കോൺഗ്രസിനെ ജയിപ്പിക്കുന്ന ഭൂരിഭാഗം വോട്ടുകളും അവിടത്തെ സാധാരണക്കാരായ മുസ്ലിം ജനവിഭാഗത്തിന്റേതാണ്. ബിജെപിക്ക് ലഭിക്കാൻ തീരെ സാധ്യത കുറഞ്ഞ വോട്ടുകൾ. ആ വോട്ടുകൾ പരമാവധി കുറയ്ക്കുകയെന്നതായിരുന്നു ബിജെപിയുടെ  ലക്ഷ്യം. 91 ലക്ഷം വോട്ടുകളാണ് എസ്ഐആർ ബിജെപി അസാധുവാക്കിയത്.  ആ വോട്ടുകൾ അസാധുവാക്കുന്നതിലൂടെ ജയിക്കാനാവശ്യമായ ഭൂരിപക്ഷ വോട്ടുകൾ കുറയ്ക്കുക എന്ന തന്ത്രമാണ് ബിജെപി പ്രയോഗിച്ചത്. വോട്ടർപട്ടികയിൽ  12%-ഓളം കുറവാണ് ഇതിനെത്തുടർന്നുണ്ടായത്. 

സാമൂഹിക ധ്രുവീകരണം 

പശ്ചിമബംഗാളിലെ മുസ്ലിം വിഭാഗത്തിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽനിന്ന് കുടിയേറിയവരാണെന്നുള്ള പ്രചാരണം  ഒളിഞ്ഞും തെളിഞ്ഞും ബിജെപി നടത്തി. അതിലൂടെ ഹിന്ദു വോട്ടർമാരെ തങ്ങളിലേക്കടുപ്പിക്കാൻ ബിജെപിക്ക് സാധിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. അതിനെ പ്രതിരോധിക്കാനുള്ള മമതയുടെ ശ്രമങ്ങളൊക്കെയും നിഷ്പ്രഭമാകുകയായിരുന്നു. എസ്ഐആറിലൂടെ തൃണമൂലിന്റെ മുസ്ലിം വോട്ടുകൾ കുത്തനെ കുറക്കാനും ഹിന്ദുക്കളിൽ  ഉണ്ടാക്കിയ സുരക്ഷിതത്വബോധത്തിലൂടെ  തൃണമൂലിന്റെ ഹിന്ദു വോട്ടുകൾ തങ്ങളിലേക്ക് ഒഴുക്കാനും ബിജെപിക്ക് കഴിഞ്ഞു.

വരുത്തൻ ഇമേജ് പൊളിക്കുക 

പ്രചാരണ സമയത്ത് തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപി നേരിട്ട പ്രധാന ആക്രമണം ബിജെപി നേതാക്കളിലാരും ബംഗാളിന്റെ മനസ്സറിയുന്ന തദ്ദേശീയരില്ല എന്നതായിരുന്നു. ഇതിനെ  ബിജെപി നേരിട്ടത് ബംഗാളിന്റെ സംസ്കാരത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രചാരണം നടത്തിക്കൊണ്ടാണ്. ബംഗാളിലെ ബിജെപി നേതാക്കളെ മുന്നോട്ട് കൊണ്ട് വരുകയും ബംഗാളികൾക്ക് ഇഷ്ടപ്പെട്ട കട്ല മത്സ്യം ചിഹ്നമായി ഉപയോഗിച്ചതുമൊക്കെ അതിന്റെ ഭാഗമായിരുന്നു. വളരെ ക്രിയാത്മകമായാണ് ബിജെപി തദ്ദേശീയ വസ്തുക്കളെ ചിഹ്നങ്ങളായി തിരഞ്ഞെടുപ്പിനുപയോഗിച്ചത്. ജാൽമൂരിയെന്ന ബംഗാളി വിഭവം കഴിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ വീഡിയോയും അതിന്റെ ഭാഗമായിട്ട് വേണം കാണാൻ. അതൂകൂടാതെ ബിജെപി തൃണമൂലിനെതിരെ അതേ ആയുധത്തിൽ തന്നെ  പ്രത്യാക്രമണവും നടത്തി. രാജ്യസഭയിലേക്ക് ബംഗാളിൽ നിന്ന് പുറത്തുള്ളവരെ എന്തുകൊണ്ട് തൃണമൂൽ കോൺഗ്രസ് പിന്തുണക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു അത്. 

ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കുക 

മാറ്റമെന്ന് അർത്ഥമുള്ള “പോരിബോർട്ടൺ” എന്ന ബംഗാളി വാക്കിന്റെ  അലയൊലികൾ പടർത്തിക്കൊണ്ടാണ്  2011-ൽ മമത ഇടത്  സർക്കാരിനെ താഴെയിറക്കിയത്. മമത പയറ്റിയ അതേ തന്ത്രം ബിജെപി മിടുക്കോടെ 2026-ൽ പ്രയോഗിക്കുകയായിരുന്നു. 15 വർഷങ്ങൾക്ക് ശേഷം ബംഗാളിൽ എമ്പാടും ബിജെപി “പോരിബോർട്ടൺ” തരംഗങ്ങൾ പരത്തി. ആർജി കർ മെഡിക്കൽ കോളേജ് ബലാത്സംഗക്കൊലപാതകത്തെ തുടർന്ന് വലിയ രാഷ്ട്രീയ പതിസന്ധിയാണ് തൃണമൂൽ കോൺഗ്രസ് നേരിട്ടത്. ആ സംഭവത്തെ അടിസ്ഥാനപ്പെടുത്തി “പെൺകുട്ടികൾ രാത്രികാലത്ത് എന്തിന് പുറത്തിറങ്ങുന്നെന്ന്” മമത നടത്തിയ പരാമർശം ബിജെപിയുടെ വനിത നേതാക്കൾ ശക്തമായി പൊതുജനസമക്ഷം ഉയർത്തി പ്രതിഷേധിച്ചു. ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന അനുകൂല സാഹചര്യത്തിൽ ഇടത് വോട്ടുകളും ബിജെപിയിലേക്ക് ചാഞ്ഞു.

കേന്ദ്രാധികാരം ഉപയോഗിക്കുക

കേന്ദ്രത്തിലെ അധികാരമാണ് പശ്ചിമ ബംഗാളിൽ കാവി പരത്താൻ ബിജെപി നന്നായി ഉപയോഗിച്ച മറ്റൊരു കാര്യം. രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ സംസ്ഥാനം ഭരിച്ചാൽ വികസനമുന്നേറ്റം സുനിശ്ചിതമെന്ന ധാരണ ജനങ്ങളിലുണ്ടാക്കാൻ ബിജെപി പരമാവധി ശ്രമിച്ചു . എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡുകൾ തൃണമൂൽ പാർട്ടി കേന്ദ്രങ്ങളിൽ കൃത്യമായി നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ വഴി 483-ഓളം സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലം മാറ്റി. കേന്ദ്ര ഉദ്യോഗസ്ഥരെയും കേന്ദ്ര സേനയും തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കായി വ്യാപിപ്പിച്ചു. തൃണമൂലിനെതിരെ വോട്ടുകൾ ഒഴുകാൻ ഇതും  കാരണമായെന്നാണ് മനസ്സിലാക്കേണ്ടത്.

Content Summary: In the 2026 West Bengal Legislative Assembly election, the Bharatiya Janata Party defeated the All India Trinamool Congress. Victory was driven by polarization, anti-incumbency, and strategy.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×