April 20, 2025 |
Share on

സ്വർണക്കടത്തിൽ റന്യ റാവുവിനെതിരെ അശ്ലീല പരാമർശവുമായി ബിജെപി എംഎൽഎ

ശരീരത്തിൽ സ്ഥലമുണ്ടായിരുന്നിടത്തെല്ലാം അവൾ സ്വർണം ഒളിപ്പിച്ചുവെന്നായിരുന്നു പരാമർശം

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി റന്യ റാവുവിനെതിരെ അശ്ലീല പരാമർശവുമായി ബിജെപി എംഎൽഎ ബസൻ​ഗൗ​ഡ പട്ടീൽ യത്‌നാല്‍. റന്യ റാവുവിന്റെ ശരീരം മുഴുവൻ സ്വർണമായിരുന്നുവെന്നും എവിടെയെല്ലാം ഒളിപ്പിക്കാൻ സ്ഥലമുണ്ടായിരുന്നോ അവിടെയെല്ലാം അവൾ സ്വർണം ഒളിപ്പിച്ചുവെന്നുമായിരുന്നു ബസൻ​ഗൗ​ഡ പറഞ്ഞത്. കേസിൽ കസ്റ്റംസ് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്നും കേസിൽ ഏതൊക്കെ മന്ത്രിമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് തനിക്ക് അറിയാമെന്നും ബസൻ​ഗൗ​ഡ പട്ടീൽ പറഞ്ഞു.

കുറ്റക്കാരായി കണ്ടെത്തുന്ന എല്ലാവരും ഇതിൽ ഉത്തരവാദികളാണെന്ന് ബിജെപി എംഎൽഎ മാധ്യമ പ്രവർത്തകരോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. കേന്ദ്ര സർക്കാർ ജീവനക്കാരനായതിനാൽ ഒരാളെ സംരക്ഷിക്കാൻ കഴിയുമോയെന്ന് റന്യ നാവുവിന്റെ പിതാവിനെയും ബസൻ​ഗൗ​ഡ വിമർശിച്ചു. കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോർപ്പറേഷനിൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആയി സേവനമനുഷ്ഠിക്കുന്ന മുതിർന്ന ഐപിഎസ് ഓഫീസർ രാമചന്ദ്ര റാവുവിന്റെ മകളാണ് റന്യ.

അതേസമയം മകൾ ഉൾപ്പെട്ട സ്വർണക്കടത്ത് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് രാമചന്ദ്ര റാവു പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് രാമചന്ദ്ര റാവുവിനെ നിർബന്ധിത അവധിയിൽ അയച്ചിരിക്കുകയാണ്. വരുന്ന നിയമസഭാ സമ്മേളനത്തിൽ കേസിൽ ഉൾപ്പെട്ട മന്ത്രിമാരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ബസൻ​ഗൗ​ഡ പട്ടീൽ പറഞ്ഞു.

റന്യ റാവുവിന്റെ ബന്ധങ്ങൾ, ക്ലിയറൻസ് ലഭിക്കാൻ റന്യയെ സഹായിച്ചവർ, സ്വർണം കടത്താൻ സഹായിച്ചവർ തുടങ്ങിയവരുടെ വിവരങ്ങൾ ഞാൻ ശേഴരിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിൽ എല്ലാം വെളിപ്പെടുത്തും, ബസൻ​ഗൗ​ഡ പട്ടീൽ കൂട്ടിച്ചേർത്തു.

സ്വ‍ർണക്കടത്ത് കേസിൽ മന്ത്രിമാർക്ക് പങ്കുണ്ടെന്ന് പറഞ്ഞ് പുറത്തുവന്ന വാർത്തകളെ കർണാടക ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ തള്ളിയിരുന്നു. പൊളിറ്റിക്കൽ ​ഗോസിപ്പാണെന്നാണ് ഇതിനെ ശിവകുമാർ പറഞ്ഞത്. വിവാദ പരാമർങ്ങൾ ഇതിന് മുൻപും ബസൻ​ഗൗ​ഡ പട്ടീൽ നടത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയുടെ മകൻ ബി. വൈ വിജയേന്ദ്രക്കെതിരെയുള്ള തുടർച്ചയായ വിമർശനങ്ങൾ കാരണം ബസൻ​ഗൗ​ഡ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മുഖ്യമന്ത്രിയായിരിക്കെ യെദ്യൂരപ്പയെ പുറത്താക്കണമെന്നും ബസൻ​ഗൗ​ഡ ആവശ്യപ്പെട്ടിരുന്നു.

2023 ൽ കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധിയെ വിഷകന്യ എന്ന് വിളിച്ചതിന് ഇലക്ഷൻ കമ്മീഷൻ ബസൻ​ഗൗ​ഡക്ക് നോട്ടീസ് അയച്ചിരുന്നു. 2020 ൽ ന്യൂനപക്ഷ വിഭാ​ഗങ്ങളിലെ പെൺകുട്ടികളുടെ വിവാഹം നടത്തിപ്പുമായി ബന്ധപ്പെട്ട പദ്ധതി നിർത്തലാക്കാനുള്ള തീരുമാനത്തെ പ്രശംസിച്ച ബസൻ​ഗൗ​ഡ, പദ്ധതി വേണമെന്നുള്ളവർ പാകിസ്ഥാനിലേക്ക് പോകണമെന്ന വിവാദ പരാമർശം നടത്തിയിരുന്നു.

Content Summary: BJP MLA makes obscene remarks against Ranya Rao in gold smuggling case

Leave a Reply

Your email address will not be published. Required fields are marked *

×