ഒടിടി ലോകത്തെ മികച്ച പ്രതിഭകളെ ആദരിക്കുന്ന ആറാമത് ഫിലിംഫെയർ ഒടിടി അവാർഡ്‌സ് 2025-ൽ, തരംഗമായി നെറ്റ്ഫ്ലിക്സ് ക്രൈം ഡ്രാമ സീരീസായ ‘ബ്ലാക്ക് വാറന്റ്’. ഡിസംബർ 15-ന് മുംബൈയിൽ നടന്ന ചടങ്ങിൽ ആലിയ ഭട്ട്, വിക്കി കൗശൽ, അനന്യ പാണ്ഡെ തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുത്തു. നെറ്റ്ഫ്ലിക്സിൽ റെക്കോർഡ് കാഴ്ചക്കാരെ സ്വന്തമാക്കിയ ‘ബ്ലാക്ക് വാറന്റ്’ മികച്ച ഒടിടി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതിന് പുറമെ സാങ്കേതിക, അഭിനയ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളും സ്വന്തമാക്കി.
വിക്രമാദിത്യ മോട്‌വാനെ, സത്യൻഷു സിംഗ്, അർകേഷ് അജയ്, ആംബിയേക്ക പണ്ഡിറ്റ്, രോഹിൻ രവീന്ദ്രൻ നായർ എന്നിവർ ചേർന്ന് ഒരുക്കിയ ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ ക്രൈം-ഡ്രാമ ത്രില്ലർ വെബ് സീരീസാണ് ‘ബ്ലാക്ക് വാറന്റ്’.അപ്ലോസ് എന്റർടെയിൻമെന്റ്, ആന്ദോളൻ പ്രൊഡക്ഷൻസ്, മലയാളി മാധ്യമപ്രവർത്തകൻ ജോസി ജോസഫിന്റെ കോണ്‍ഫ്‌ളുവന്‍സ് മീഡിയ എന്നിവർ ചേർന്നാണ് നിർമ്മാണം. മുൻ തിഹാർ ജയിലറുടെ ഓർമ്മക്കുറിപ്പുകളെ ആസ്പദമാക്കി 2025 ജനുവരി 10-ന് റിലീസ് ചെയ്ത ഈ സീരീസ്, ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ സമുച്ചയമായ തിഹാർ ജയിലിന്റെ അണിയറ രഹസ്യങ്ങളിലേക്കും അവിടത്തെ ജയിലർമാരുടെയും തടവുകാരുടെയും ജീവിതങ്ങളിലേക്കും വെളിച്ചം വീശുന്നു.
സീരീസിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വിക്രമാദിത്യ മോട്‌വാനെയും സംഘവും മികച്ച സംവിധായകനുള്ള പുരസ്‌കാരം പങ്കിട്ടു. കൂടാതെ, സീരീസിലെ മികച്ച പ്രകടനത്തിന് രാഹുൽ ഭട്ട് മികച്ച സഹനടൻ (ഡ്രാമ) പുരസ്‌കാരം നേടിയപ്പോൾ, പുതുമുഖ താരം സാൻ കപൂർ മികച്ച നടൻ (ക്രിട്ടിക്സ്, ഡ്രാമ) പുരസ്‌കാരവും കരസ്ഥമാക്കി. മുൻ തിഹാർ ജയിലർ സുനിൽ ഗുപ്തയും പത്രപ്രവർത്തകയായ സുനേത്ര ചൗധരിയും ചേർന്നെഴുതിയ ‘Black Warrant: Confessions of a Tihar Jailer’ എന്ന നോൺ-ഫിക്ഷൻ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്.
ശശി കപൂറിന്റെ കൊച്ചുമകനായ സഹാൻ കപൂർ (നായകൻ – സുനിൽ ഗുപ്ത), രാഹുൽ ഭട്ട് (ഡിഎസ്പി രാജേഷ് തോമർ), പരമവീർ സിംഗ് ചീമ, അനുരാഗ് താക്കൂർ, സിദ്ധാന്ത് ഗുപ്ത തുടങ്ങിയവർ സീരീസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മികച്ച നടൻ (ക്രിട്ടിക്സ്, ഡ്രാമ) സാൻ കപൂർ, സഹനടൻ (ഡ്രാമ) വിഭാഗത്തിൽ രാഹുൽ ഭട്ട് , എന്നിവർ പുരസ്‌കാരം നേടിയപ്പോൾ അനുരാഗ് താക്കൂർ മികച്ച പുതുമുഖ പ്രകടനം കാഴ്ചവെച്ചു. മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം സത്യൻഷു സിംഗ്, അർകേഷ് അജയ് എന്നിവർക്കാണ്.
റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ 23 ലക്ഷം കാഴ്ചകൾ നേടിയ ‘ബ്ലാക്ക് വാറന്റ്’, ജനുവരി 19- ആയപ്പോഴേക്കും നെറ്റ്ഫ്ലിക്‌സിന്റെ ഏറ്റവുമധികം ആളുകൾ കണ്ട ഇംഗ്ലീഷ് ഇതര ഷോകളുടെ പട്ടികയിൽ പത്താം സ്ഥാനത്തെത്തിയിരുന്നു. മൊത്തം 12.6 മില്യൺ വാച്ച്-അവർ രേഖപ്പെടുത്തിയ ഈ സീരീസ് ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിൽ ഏറ്റവുമധികം ആളുകൾ കണ്ട ഷോ എന്ന നേട്ടവും സ്വന്തമാക്കി.
മറ്റ് പ്രധാന പുരസ്‌കാരങ്ങൾ
മികച്ച നടൻ (ഡ്രാമ): ജയ്ദീപ് അഹ്ലാവത്ത് (‘പാതാൾ ലോക് സീസൺ 2’)
മികച്ച നടി (കോമഡി): അനന്യ പാണ്ഡെ (‘കോൾ മീ ബേ’)
മികച്ച നടി (ഡ്രാമ): മോണിക്ക പൻവാർ (‘ഖൗഫ്’)
മികച്ച നടൻ (കോമഡി): ബരൂൺ സോബ്തി (‘രാത് ജവാൻ ഹേ’), സ്പർശ് ശ്രീവാസ്തവ (‘ദുപഹിയ’) (പങ്കിട്ടെടുത്തു)
മികച്ച സഹനടൻ (കോമഡി): വിനയ് പഥക് (‘ഗ്രാം ചികിത്‌സാലയ്’)
മികച്ച സഹനടി (ഡ്രാമ): തിലോത്തമ ഷോം (‘പാതാൾ ലോക് സീസൺ 2’)
മികച്ച വെബ് ഒറിജിനൽ ഫിലിം: ‘ഗേൾസ് വിൽ ബി ഗേൾസ്’, ‘മെഹ്ത ബോയ്സ്’ (പങ്കിട്ടെടുത്തു)
മികച്ച നടി (വെബ് ഒറിജിനൽ ഫിലിം): സാനിയ മൽഹോത്ര (‘മിസ്’)
മികച്ച നടൻ (വെബ് ഒറിജിനൽ ഫിലിം): അഭിഷേക് ബാനർജി (‘സ്റ്റോളൻ’)
content summary: ‘Black Warrant’ Triumphs at 6th Filmfare OTT Awards
This post was last modified on December 18, 2025 10:19 am
Leave a Comment