February 13, 2025 |

കാണുക, തീഹാര്‍ എന്ന നരകവും അതിന്റെ കാവല്‍ക്കാരേയും

ഇന്ത്യന്‍ സീരീസുകളിലെ ബെഞ്ച് മാര്‍ക്കായി ബ്ലാക്ക് വാറണ്ട്

പാതാള്‍ ലോക്, ഡല്‍ഹി ക്രൈം, സേക്രട്ട് ഗെയിംസ് എന്നിങ്ങനെയാകും ഒ.റ്റി.റ്റി കാലത്തെ ഇന്ത്യന്‍ സീരീസുകള്‍ ശ്രദ്ധിക്കുന്ന മിക്കവാറും ആസ്വാദകരുടെ പ്രിയങ്ങള്‍. ഐ.എം.ഡി.ബിയില്‍ വലിയ കൈയ്യടി നേടിയ, ഹന്‍സ്ലാല്‍ മേത്തയുടെ സ്‌കാം 92, ഹന്‍സല്‍ മേത്തയുടെ തന്നെ സ്‌കൂപ്പ് എന്നിങ്ങനെയുള്ള സീരീസുകളാണ് പുസ്തകങ്ങളെ ആധാരമാക്കി സൃഷ്ടിച്ച റിയല്‍ ലൈഫ് സ്റ്റോറികള്‍ എന്ന നിലയില്‍ ഇന്ത്യയില്‍ നിന്ന് ശ്രദ്ധേയമായത്. ഒരുപക്ഷേ ഈ രണ്ട് ഴോണറുകളും ഒരുമിച്ച് ചേരുന്ന ഇടമാകും ‘ബ്ലാക്ക് വാറണ്ട്’. വിക്രമാദിത്യ മോട്വാനിയും സത്യാംശു സിങ്ങും ചേര്‍ന്ന് സൃഷ്ടിച്ച ഈ സീരീസ് കുപ്രസിദ്ധമായ ‘തിഹാര്‍ ജയിലി’ലെ ഓഫീസറായിരുന്ന സുനില്‍ ഗുപ്തയുടെ ജീവിതാനുഭവങ്ങളുടെ ചിത്രീകരണമാണ്. സുനില്‍ ഗുപ്തയും മാധ്യമപ്രവര്‍ത്തകയായ സുനീത ചൗധരിയും ചേര്‍ന്ന് എഴുതിയ ‘ബ്ലാക്ക് വാറണ്ട്: കണ്‍ഫെഷന്‍സ് ഓഫ് എ തിഹാര്‍ ജയ്ലര്‍’ എന്ന കൃതി നെറ്റ്ഫ്ളിക്സ് സീരീസ് ആയി മാറിയപ്പോള്‍ ഇന്ത്യന്‍ ത്രീല്ലര്‍, ഡ്രാമ സീരീസുകളുടെ ഒരു ബഞ്ച് മാര്‍ക്ക്, അളവ് കോല്‍, കൂടി സൃഷ്ടിക്കപ്പെടുകയാണ്.Black warrant as bench mark in Indian series 

എണ്‍പതുകളാണ് കാലം. അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള തോല്‍വി മറന്നുകൊണ്ട് ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലെത്തിയ കാലം. പഞ്ചാബില്‍ സിഖ് വിഘടനവാദത്തിന്റെ അലയൊലികള്‍ കേള്‍ക്കുന്നുണ്ട്. മഖ്ബൂല്‍ ഭട്ടിനെ പോലുള്ള പല രാജ്യങ്ങളില്‍ തീവ്രവാദി മുദ്ര കുത്തപ്പെട്ടിട്ടുള്ളവര്‍ കശ്മീര്‍ വിഘടനവാദികള്‍ തിഹാറിലുണ്ട്. ഇന്ത്യന്‍ ചരിത്രത്തിലെ പല കുപ്രസിദ്ധ കൊലയാളികളേയും തൂക്കിലേറ്റിയ കാലമാണ്. ഒരു പക്ഷേ ഇന്ത്യയില്‍ ഏറ്റവുമധികം വധശിക്ഷകള്‍ നടപ്പാക്കിയിട്ടുള്ള കാലം. നരകമെന്താണ് എന്നതിന്റെ വ്യാഖ്യാനമായിരുന്നു തീഹാര്‍. മയക്ക് മരുന്ന്, മദ്യ കച്ചവടം, ഗ്യാങ് യുദ്ധങ്ങള്‍ ഒരു വശത്ത്, വൃത്തിഹീനമായ പരിസരങ്ങള്‍, മതിയായ ഭക്ഷണത്തിന്റെ അഭാവം, ഡല്‍ഹിയിലെ കൊടും ചൂടും കൊടും തണുപ്പും നേരിടാന്‍ ഒരു സംവിധാനവും ഇല്ലാതിരിക്കല്‍ തുടങ്ങിയവ മറുവശത്ത്. കെട്ടിടത്തില്‍ കൊള്ളാവുന്നതില്‍ മൂന്നിരിട്ടി തടവുകാരുണ്ടായിരിക്കുക, പാവപ്പെട്ടവര്‍ക്ക് നിയമസഹായം പോലുമില്ലാതിരിക്കുക, ശിക്ഷാകാലാവധി കഴിഞ്ഞവര്‍ അത് മനസ്സിലാക്കാതെ ജയിലില്‍ തന്നെ തുടരുക, പണമുള്ളവര്‍ക്ക് സുഖസൗകര്യങ്ങളേറെ ലഭിക്കുക എന്നിങ്ങനെ എല്ലാവര്‍ക്കും അറിയാവുന്ന വിവേചനങ്ങളും കഠിനതകളും ഏറെയുണ്ട്.

black warrant

എന്നാല്‍ നാം അറിഞ്ഞതിനേക്കാള്‍ ഏറെയുണ്ട് തീഹാര്‍. അവിടേയ്ക്കാണ് വിക്രമാദിത്യ മോട്വാനിയും സത്യാംശുസിങ്ങും കോണ്‍ഫ്ളൂവന്‍സ് മീഡിയയും ആന്ദോളന്‍ പ്രൊഡക്ഷന്‍സും അപ്ലോസ് മീഡിയായും ചേര്‍ന്ന് നമ്മളെ ക്ഷണിക്കുന്നത്.

നിയമത്തിലും സയന്‍സിനും ബിരുദമുള്ള, സാധാരണക്കാരനായ ഒരു യുവാവ് തിഹാറിലെ ജയിലര്‍ എന്ന പോസ്റ്റിലേയ്ക്കുള്ള അഭിമുഖത്തിന് പങ്കെടുക്കുന്നതിലും ആദ്യ ദിവസം ജോലിക്ക് പോകുന്നതിന് തയ്യാറെടുക്കുന്നതിലുമുള്ള ഇന്റര്‍ കട്ട് സീക്വന്‍സിലാണ് സീരീസ് ആരംഭിക്കുന്നത്. ഏഴ് മിനുട്ട് നീണ്ടുനില്‍ക്കുന്ന, സുനില്‍ ഗുപ്ത എന്ന പ്രൊട്ടഗോണിസ്റ്റിനെ സുവ്യക്തമായി അവതരിപ്പിക്കുന്ന സീക്വന്‍സ്. പൊതുയുക്തിയിലെ പോലീസ് ആകാരമോ ഉയരമോ എന്നുമില്ലാത്ത നേരെ വാ നേരേ പോ മട്ടുകാരനായ, ഈ ചെറിയ മനുഷ്യന്‍ തീഹാര്‍ പോലൊരു കൊടുംകാടിന്റെ സഹനടത്തിപ്പുകാരനായി അപേക്ഷിക്കുക എന്നത് തന്നെ കൗതുകകരമാണ്. ഇന്റര്‍ കട്ട് സീനുകളിലെ ഒരു വ്യത്യാസം തന്റെ പാവത്താന്‍ ഭാവത്തെ മറികടക്കാന്‍ ജോലിക്ക് കയറുന്നതിന് മുമ്പ് ഒരു കട്ടി മീശവളര്‍ത്തി സ്ഥാപിച്ചിട്ടുണ്ട് സുനില്‍ എന്നത് മാത്രമാണ്. വീട്ടിലും ഇളയവനായ, അച്ഛന്റേയും അമ്മയുടേയും സഹോദരന്റേയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന ചകിതനായ ഒരു ചെറുപ്പക്കാരനാണ് അയാള്‍. വിഖ്യാത നടന്‍ ശശികപൂറിന്റെ കൊച്ച് മകന്‍ കൂടിയായ സഹാന്‍ കപൂറാണ് സുനില്‍ ഗുപ്ത എന്ന നായക കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിക്കുന്നത്. ഹിന്ദികലര്‍ന്ന മുറി ഇംഗ്ലീഷും ഒരു പച്ചക്കറി അപ്പര്‍ കാസ്റ്റ് മിഡില്‍ ക്ലാസുകാരന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളിലുള്ള അങ്കലാപും എപ്പോഴുമുള്ള പേടിയും കഠിനതകളെ അഭിമുഖീകരിക്കാനുള്ള ഭയവും പെട്ടെന്ന് മുറിവേല്‍ക്കുന്ന മനസ്സും എല്ലാം സഹാന്‍ കപൂറില്‍ ഭദ്രം. വെല്‍ റിട്ടണ്‍ ക്ലാരക്ടര്‍ കൂടിയാണ് സുനില്‍ ഗുപ്ത എന്നുള്ളതും സഹാന്‍ കപൂറിനെ സഹായിച്ചിട്ടുണ്ട്.

ജോലിക്ക് ചേരാന്‍ തിഹാറിലെത്തുന്ന സുനില്‍ ഗുപ്തയെ ജയില്‍ സൂപ്രണ്ട് മുഖോപാധ്യായ ജോയിന്‍ ചെയ്യാന്‍ സമ്മതിക്കുന്നില്ല. തിഹാറിന്റെ കഠിനതകള്‍ താങ്ങാന്‍ സുനിലിന് പറ്റില്ല എന്നതാണ് സൂപ്രണ്ടിന്റെ നിശ്ചയം. തിരിച്ച് പോയ്ക്കോള്ളൂ എന്ന് സുനിലിനോട് ഉപദേശിച്ച ശേഷം സുനിലിനൊപ്പം ജോലി ചെയ്യാന്‍ വന്ന മറ്റ് രണ്ട് പേരേയും, മാങ്കട്ട് എന്നും ദാഹിയ എന്നും നമ്മള്‍ തുടര്‍ന്ന് വിളിക്കാന്‍ പോകുന്ന, ശിവരാജ് സിങ് മാങ്കട്ട് എന്ന സര്‍ദാര്‍ജിയേയും വിപിന്‍ ദാഹിയ എന്ന ഇരുകാതുകളിലും കടുക്കനും ഗുസ്തിക്കാരുടെ മട്ടുമുള്ള ഹരിയാണ്‍വിയേയും, ജോയിന്‍ ചെയ്യാന്‍ അനുവദിക്കുന്നു. നിയമന ഉത്തരവുമായി തീഹാര്‍ സൂപ്രണ്ടിന്റെ മുറിക്ക് പുറത്ത് ഇനിയെന്ത് എന്ന് നിശ്ചയമില്ലാതെ നില്‍ക്കുന്ന സുനില്‍ ഗുപ്തയോട് ഉയരം കൂടിയ, കൂളിങ് ഗ്ലാസ് ധരിച്ച, എണ്‍പതുകളിലെ ഏറ്റവും ആധുനിക വസ്ത്രം ധരിച്ച ഒരാള്‍ വന്ന് കടുത്ത ബ്രിട്ടീഷ് ആക്സെന്റില്‍ കാര്യം അന്വേഷിക്കുന്നു. തന്റെ മുറിഞ്ഞ, നാടന്‍ സ്ലാങ്ങുള്ള ഇംഗ്ലീഷില്‍, വിഷമത്തോടെ സുനില്‍ പ്രശ്നം അവതരിപ്പിക്കുന്നു. ഇത് കേട്ട് അയാള്‍ നിയമന ഉത്തരവുമായി സൂപ്രണ്ടിന്റെ മുറിയിലേയ്ക്ക് പോവുകയും നിയമനം അനുവദിച്ചുകൊണ്ടുള്ള സീലോടെ പുറത്ത് വരികയും ചെയ്യുന്നു. ആരാധനയോടെ അയാളെ നോക്കി മാങ്കട്ടിനും ദഹിയാക്കും ഒപ്പം ചേര്‍ന്ന് ഡി.എസ്.പി രാജേഷ് തോമറിനൊപ്പം ജയിലിനുള്ളിലേയ്ക്ക് നടക്കുമ്പോള്‍, തന്നെ സഹായിച്ച ആ ഇന്ത്യന്‍ ഇംഗ്ലീഷുകാരന്‍ ആര് എന്ന് സുനില്‍ തിരക്കുന്നുണ്ട്. ചാള്‍സ് ശോഭരാജ് എന്ന മറുപടിയില്‍ സര്‍വ്വതും വ്യക്തം. അഥവാ ആദ്യത്തെ ഏതാണ്ട് പത്ത് മിനുട്ടിനുള്ളില്‍ ഏഴ് എപിസോഡുകളുള്ള ‘ബ്ലാക്ക് വാറണ്ട്’ സീരീസ് തീഹാര്‍ എന്ത് എങ്ങനെ എന്നും പ്രധാന കഥാപാത്രങ്ങള്‍ ആര് എന്നും നമ്മളോട് പറഞ്ഞ് കഴിഞ്ഞു.

black warrant

ഡി.എസ്.പി രാജേഷ് തോമറായി അഭിനയിക്കുന്ന രാഹുല്‍ ഭട്ട്, ചാള്‍സ് ശോഭരാജായി എത്തുന്ന സിദ്ധാന്ത് ഗുപ്ത, മാങ്കട്ട് ആയ പരംവീര്‍ സിങ് ചീമ, ദാഹിയ ആയ അനുരാഗ് ഠാക്കൂര്‍ എന്നിവരുടെ അസാമാന്യമായ പ്രകടനമാണ് ബ്ലാക്ക് വാറണ്ടിന്റെ നട്ടെല്ല്. പ്രത്യേകിച്ചും ദാഹിയുടെ മാനറിസങ്ങളും പ്രതിസന്ധികളും ഹരിയാണ്‍വി വീര്യവും ബുദ്ധിമോശങ്ങളുമെല്ലാം ഉജ്ജ്വലമാക്കിയ അനുരാഗ് ഠാക്കൂറിന്റെ പ്രകടനം. മുഖോപാധ്യായയ്ക്ക് പകരം വരുന്ന എസ്.പി ജെ.പി സിങ്ങായി ജോയ് സെന്‍ഗുപ്ത, തീഹാര്‍ അക്കൗണ്ടന്റ് സൈനിയായി രാജേന്ദ്ര ഗുപ്ത, ജേണലിസ്റ്റ് പ്രതിഭ സെന്നായി രാജശ്രീ ദേശ് പാണ്ഡേ തുടങ്ങി സ്വന്തം കഥാപാത്രങ്ങളെ ഭംഗിയാക്കിയ മറ്റാര്‍ട്ടിസ്റ്റുകളും ഈ സീരീസിന്റെ വിജയത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്.

അഭിസംബോധനകള്‍ക്ക് പകരം കൊടും തെറികളും അഭിവാദ്യങ്ങള്‍ക്ക് പകരം ആക്രമണവും ഉള്ള തിഹാറില്‍ യാതൊരുവിധ പോലീസ് പരിശീലനവും ലഭിച്ചിട്ടില്ലാത്ത, ഒരു തെറി പറയാന്‍ പോലും നാവ് വഴങ്ങാത്ത, ആരേയും തല്ലാന്‍ ഇതുവരെ കൈപൊങ്ങാത്ത സുനില്‍ എന്തു ചെയ്യും എന്നുള്ളതാണ് ഈ സീരീസിന്റെ ആകാംക്ഷ. പൊതുവായ ആഖ്യാനം കൂടാതെ, ഓരോ എപിസോഡിലും പ്രത്യേകമായ സംഭവങ്ങള്‍ കൂടി തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജയില്‍ പരിഷ്‌കാരങ്ങള്‍ക്ക്, പ്രത്യേകിച്ചും തീഹാറില്‍ ലീഗല്‍ എയ്ഡ് സെല്‍ സ്ഥാപിക്കുന്നതില്‍ സുനില്‍ ഗുപ്ത നടത്തിയ ശ്രമങ്ങളാണ് ഈ കഥയുടെ കാതലെങ്കിലും ഓരോ എപിസോഡും ജയിലിലേയ്ക്ക് തുറക്കുന്ന പുതിയ വാതിലുകളാണ്. ‘സാംപ്’ അഥവാ പാമ്പ് എന്ന ആദ്യ എപിസോഡില്‍ തിഹാറില്‍ അക്കാലത്തുണ്ടായിരുന്ന മൂന്ന് പ്രധാന ഗ്യാങുകളെ പരിചയപ്പെടുത്തുകയും അവരുടെ പ്രവര്‍ത്തന രീതികള്‍ കാണിക്കുകയും ചെയ്യുന്നത് മുതല്‍ അതാരംഭിക്കുന്നു. ആ കഥയില്‍ നിന്ന് നമ്മള്‍ അന്തേവാസികളിലേയ്ക്ക് പോകുന്നു.

കുറ്റവാളികളുടേയും കുറ്റകൃത്യങ്ങളുടേയും തടവറയുടേയും ലോകം വിചിത്രമാണ്. അവിടെ നല്ലത് ചീത്ത എന്ന ദ്വന്ദമില്ല. നിറങ്ങളും വൈവിധ്യങ്ങളുമില്ല. എല്ലാം കൂടി ചേര്‍ന്ന ഒരു ലോകമാണത്. കുറ്റവാളികളുടെ കാവല്‍ക്കാരും കുറ്റവാളികളും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. എല്ലാവര്‍ക്കും പക്ഷേ കഥകളുണ്ട്. തങ്ങളുടേതായ ജീവിതത്തില്‍ ശരികളും നിശ്ചയങ്ങളുമുണ്ട്. തിഹാറിനെ അഴിമതിയും അനീതിയും നിറഞ്ഞ ഒരു ഇരുള്‍ കാടായി നിലനിര്‍ത്തുന്ന ഡി.എസ്.പി രാജേഷ് തോമര്‍ തന്റെ കുടുംബം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന, മകളെ അഗാധമായി സ്നേഹിക്കുന്ന ഒരു കുടുംബസ്ഥനാണ്. തന്റെ ക്വാര്‍ട്ടേഴ്സിലെ തോട്ടം പോലെ കുടുംബത്തെ പരിപാലിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് വിചാരിക്കുന്ന മനുഷ്യന്‍. മാങ്കട്ടിന്റെ ഗ്രാമത്തില്‍ സിഖ് വിഘടന വാദം പടരുകയാണ്. കൂടെയുള്ളവും നാട്ടുകാരും പോലീസിന്റെ വേട്ടയ്ക്ക് വിധേയമാകുമ്പോള്‍ ഭരണകൂടത്തോടും ഭരണാധികാരികളോടും കലഹിക്കാനാരംഭിക്കുന്ന അനുജനെ തീവ്രവാദത്തിന്റെ നീരാളികൈയ്യില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അയാള്‍ക്ക് പറ്റുമോ?

എണ്‍പതുകളുടെ രാഷ്ട്രീയം നമുക്ക് തീഹാറില്‍ പ്രതിഫലിക്കുന്നത് കാണാം. ഡല്‍ഹിയെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ നടുക്കിയ ഡല്‍ഹി ഇരട്ട കൊലപാതകത്തിലെ പ്രതികളായ ബില്ലയേയും രംഗയേയും തൂക്കി കൊല്ലാനുള്ള തീരുമാനം വരുന്നത് ഇക്കാലത്താണ്. 1978-ലാണ് ഗീത, സജ്ഞയ് എന്നീ സഹോദരങ്ങളെ ബില്ലു, രംഗ എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ ശ്രമിക്കുന്നത്. ആ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരേയും കൊന്നുവെന്നും ഗീതയെ ഇരുവരും ബലാത്സംഗം ചെയ്തുവെന്നുമുള്ളതാണ് കേസ്. അതിക്രൂരരായ കൊലപാതകികളായി നമ്മുടെ മനസ്സിലുള്ള ബില്ലയും രംഗയും തീഹാര്‍ ജയിലില്‍ ആരായിരുന്നു? 82-ലെ ജനവരി 31-ലെ കൊടും തണുപ്പുള്ള പ്രഭാതത്തില്‍ അവര്‍ തൂക്കുമരത്തിലേയ്ക്ക് എങ്ങനെയാണ് എത്തിയത്?

കേവലം 500 രൂപയ്ക്ക് ഒരു സ്ത്രീയെ കൊന്ന മറ്റ് സഹോദരങ്ങള്‍ തൂക്കി കൊല്ലപ്പെട്ട കഥ അറിയുമോ? നമുക്ക് ബ്ലാക്ക് വാറണ്ടില്‍ കാണാം. അക്കാലത്ത് രാഷ്ട്രപതി വി.വി.ഗിരിയുടെ നേതൃചികിത്സകന്‍ ആയിരുന്ന ഡോ.നരേന്ദ്ര സിങ് ജയിന്‍ തന്റെ ഭാര്യ വിദ്യയെ കൊല്ലാനാണ് കര്‍താര്‍ സിങ്, ഉജാഗര്‍ സിങ് സഹോദരന്മാര്‍ക്ക് 500 രൂപ നല്‍കിയത്. ഗൂഢാലോചനയില്‍ പ്രധാന പ്രതിയായ, എല്ലാ സൗകര്യങ്ങളും നല്‍കി ഈ സഹോദരങ്ങളെ കൊണ്ട് തന്റെ ഭാര്യയെ കൊല്ലിച്ച ഡോ.ജയിന്‍ അതേ ജയിലില്‍ സെക്കന്‍ഡ് ക്ലാസ് തടവുകാരുടെ സുഖ സൗകര്യങ്ങളില്‍ കഴിയുകയും തന്റെ സെക്രട്ടറി കൂടിയായ സഹഗൂഢാലോചക ചന്ദ്രേഷ് ശര്‍മ്മയുടെ സന്ദര്‍ശനങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്ന അതേ കാലത്ത് തന്നെയാണ്, 1985-ല്‍ ഈ സഹോദരങ്ങള്‍ തൂക്കിലേറുന്നത്. ഒരു വക്കീലിനെ പോലും കൃത്യമായി ഏര്‍പ്പെടുത്താന്‍ കഴിവില്ലാതെ നരകയാതനകളില്‍ കഴിഞ്ഞതിന് ശേഷം കൊലമരത്തിലേയ്ക്ക് അവര്‍ നടന്ന് പോയതെങ്ങനെയാണ്? അവരുടെ ജയിലിലെ ജീവിതം എങ്ങനെയായിരുന്നു?

josy joseph

ജോസി ജോസഫ്

മഖ്ബൂല്‍ ബട്ട് എന്ന കശ്മീര്‍ വിഘടനവാദി നേതാവിനെ കുറിച്ച് മുതിര്‍ന്ന ജേണലിസ്റ്റും ‘ബ്ലാക്ക് വാറണ്ടിന്റെ’ നിര്‍മ്മാതാക്കളായ കോണ്‍ഫ്ളൂവന്‍സ് മീഡിയയുടെ ഡയറക്ടവുമായ ജോസി ജോസഫ് തന്റെ ‘സൈലന്റ് കൂ’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. (സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് ജോസി ജോസഫ്) പാകിസ്ഥാന്റേയും ഇന്ത്യയുടേയും ജയിലില്‍ കഴിഞ്ഞിട്ടുള്ള, തീഹാര്‍ കാലത്ത് തടവുപുള്ളികളും ഓഫീസര്‍മാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന, മൂന്ന് രാജ്യങ്ങളിലെങ്കിലും പിടികിട്ടാ പുള്ളിയായിരുന്നു മഖ്ബൂല്‍ ബട്ട്. 1984-ലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്കുള്ള ബ്ലാക്ക് വാറണ്ട് മഖ്ബൂല്‍ ബട്ടിനേയും തേടി വരുന്നത്.

സിഖ് തീവ്രവാദം, ജെ.എന്‍.യുവിലേയും മറ്റ് കാമ്പസുകളിലേയും സര്‍ക്കാര്‍ വിരുദ്ധ സമരവും സമരക്കാരെ ജയിലില്‍ അടച്ച പോലീസിന്റെ നടപടികളും ഇന്ദിരാഗാന്ധിയുടെ കൊലപാതകം, ചാള്‍സ് ശോഭരാജിന് വേണ്ടി നിരന്തരം വളഞ്ഞുകൊണ്ടിരുന്ന ജയിലും ജയില്‍ നിയമങ്ങളും എന്ന് വേണ്ട, ഒരു കാലംഘട്ടം മുഴുവന്‍ തീഹാറില്‍ പ്രതിഫലിക്കുന്നത് നമുക്ക് കാണാം. തീഹാറെന്ന നരകത്തില്‍ പ്രതിഫലിച്ച് കാണുന്ന ഇന്ത്യ എന്ന വാസ്തവം. ഇതുപോലെ തീവ്രവും തീഷ്ണവുമായി ഒരു ജയില്‍ കഥപറച്ചില്‍ ഇന്ത്യയില്‍ ഇന്നേ വരെ ഉണ്ടായിട്ടില്ല. മനുഷ്യരെ തെറ്റുകളില്‍ നിന്ന് മോചിപ്പിക്കുന്ന പരിവര്‍ത്തനോന്മുഖമായ ഒരിടമല്ല ഇന്ത്യന്‍ ജയിലുകള്‍ എന്നും അത് മനുഷ്യരെ ജീവിക്കുക എന്ന ശീലത്തില്‍ പെട്ട് എന്തിനും തയ്യാറാകുന്നവരും വലിയ കുറ്റവാളികളും ആക്കി തീര്‍ക്കുന്ന ഒരിടമാണെന്നും നമുക്ക് മനസ്സിലാകും. അതാണീ നരക ദര്‍ശനത്തിന്റെ പ്രത്യേകത.

ആരേയും വിശ്വസിക്കരുത് എന്നതാണ് തീഹാറിന്റെ പ്രാഥമിക പാഠം. സര്‍വ്വരേയും വിശ്വസിക്കുന്നയാളായാണ് സുനില്‍ ഗുപ്ത തീഹാറിന്റെ പടി കയറുന്നത്. മനുഷ്യരും അന്ധവിശ്വാസങ്ങളും ജാതീയതയും അഴുക്കും വൃത്തികേടും പട്ടിണിയും ഇരുട്ടും രാഷ്ട്രീയവും മയക്കുമരുന്നും ഭ്രാന്തും ഏകാന്തതയും ആത്മഹത്യയും അശരണതയും എല്ലാം ഇതിലുണ്ട്. അത്ഭുതമെന്ന് പറയട്ടേ, കരുണയും നന്മയും സ്നേഹവും ഉണ്ട്. ജയില്‍ മഹത്തായ കാവ്യം പോലെയാണ്. ഇതിലില്ലാത്തത് മറ്റൊരിടത്തുമില്ല.

വരൂ.. കാണൂ..തീഹാര്‍ എന്ന നരകം; കാവല്‍ക്കാരും അന്തേവാസികളായി മാറുന്ന നരകം: വിക്രം മോട്വാനിയും കൂട്ടരും ക്ഷണിക്കുന്നു.Black warrant as bench mark in Indian series 

Content Summary: Black warrant as bench mark in Indian series

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

×