അമുദവന്റെ കൂടെയുള്ള ആദ്യ കാര്‍ യാത്രയില്‍ രാത്രിയിലെ ആകാശം നോക്കി നിറയുന്ന മീരയുടെ കണ്ണുകള്‍ ശ്രദ്ധിച്ചുവോ നിങ്ങള്‍?, പിന്നീടൊരിക്കല്‍ സെറ്റ് സാരിയുടുത്ത് മുല്ലപ്പൂവും ചൂടി അമുദവന്റെ കൂടെ യാത്ര ചെയ്യുമ്പോള്‍ മീരയുടെ കണ്ണുകളിലും ശരീരത്തിലെയാകെയുമുള്ള സന്തോഷം കണ്ടുവോ?, പിന്നെ അമുദവന്റെ വീട്ടില്‍ ചെന്ന് ചോറും കറിയുമുണ്ടാക്കി പാപ്പായെ ഊട്ടി ഉറക്കി, അമുദവന്‍ വഴക്ക് പറഞ്ഞ് ഇറങ്ങിപ്പോകാന്‍ പറയുമ്പോള്‍ ചെരിപ്പിടാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ചെരിപ്പ് കൈയിലെടുത്ത് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന മീരയെ, തിരക്കൈകളില്‍ നിന്ന് പാപ്പായെയും അമുദവനെയും തിരികെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റുന്ന, ഒടുവില്‍ അമുദവന്റെ മനൈവിയായി വീട്ടുമ്മറത്തിരിക്കുന്ന, വീട്ടുവഴിയിലൂടെ പാപ്പാവുടെ അമ്മയായി അവള്‍ക്കൊപ്പം നടന്നു പോകുന്ന മീരയെ..
പേരന്‍പ് കണ്ട നിങ്ങളെയെല്ലാം പോലെ അമുദവനെയും പാപ്പായെയും എനിക്കും ഇഷ്ടമാണ്. സിനിമയും ഇഷ്ടപ്പെട്ടു. പക്ഷേ സിനിമയേക്കാളും അമുദവനെക്കാളും പാപ്പായെക്കാളും എനിക്ക് ഇഷ്ടം അഞ്ജലി അമീറിന്റെ മീരയോടാണ്. വിട്ടുപോകാത്തത് അവളാണ്; ഇനി വിട്ടുപോകാനിടയില്ലാത്തതും. ബാക്കിയെല്ലാം സിനിമ മാത്രമാണ്. കുറേക്കൂടി നല്ലൊരു സിനിമ വന്നാല്‍ പേരന്‍പ് പിറകിലേക്കു പോകും. സാധനയുടേയും മമ്മൂട്ടിയുടെയും മികച്ച പ്രകടനങ്ങള്‍ ഇനിയുമുണ്ടാകും. പക്ഷേ അഞ്ജലി, അവള്‍ (അവളെപ്പോലെ കുറേപ്പേര്‍) അനുഭവിക്കുന്ന ജീവിതം തന്നെയാണ് സിനിമയില്‍ കണ്ടത്. സിനിമയ്ക്കു ശേഷവും അവള്‍ അതു തന്നെയാണ്. അതുകൊണ്ടാണ് അവളുടെ കണ്ണുകളും നെഞ്ചും അത്രമേല്‍ നിറഞ്ഞു കിനിയുന്നത്. അതുകൊണ്ടു മാത്രമാണ് അത്രയും സ്വാഭാവികമായി അവള്‍ക്ക് അഭിനയിക്കാന്‍ സാധിക്കുന്നത്. ഒരുപക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ സമൂഹം സാധ്യമാക്കിക്കൊടുക്കാന്‍ ഇടയില്ലാത്ത കുടുംബ ജീവിതമാണ് സിനിമയില്‍ സാധ്യമായത്. ട്രാന്‍സ് യുവതിയെ സിനിമയിലെ പ്രധാന കഥാപാത്രമാക്കുകയും കഥാതുടര്‍ച്ചയില്‍ നായക നടന്റെ ഭാര്യയാക്കുകയും ചെയ്തതാണ് റാം എന്ന പേരന്‍പിന്റെ സ്രഷ്ടാവ് തന്റെ സിനിമയില്‍ എടുത്ത ഏറ്റവും സര്‍ഗാത്മകവും പൊളിറ്റിക്കലുമായ തീരുമാനം. തമിഴ് സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കാകെയും അഭിമാനിക്കാവുന്ന ഉയരത്തിലേക്കാണ് ഈ പാത്രസൃഷ്ടിയിലൂടെ റാം നടന്നുകയറുന്നത്. പേരന്‍പ് റിലീസ് സമയത്ത് നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍ ‘ഭാര്യയാകാന്‍, അമ്മയാകാന്‍’? എന്ന ചോദ്യത്തിന് അഞ്ജലി പറയുന്ന ഉത്തരം കൂടി കേള്‍ക്കൂ.
‘ട്രാന്‍സ് സമൂഹം ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് പേരന്‍പ്. വളരെ പോസിറ്റീവായ തരത്തില്‍ കൃത്യമായി ഞങ്ങളെ അടയാളപ്പെടുത്തുന്നുണ്ട് ചിത്രത്തില്‍. ഭാര്യയാകുക, അമ്മയാകുക എന്നതൊക്കെ എല്ലാ ട്രാന്‍സ് സ്ത്രീകളുടെയും സ്വപ്നമാണ്. ജന്മം നല്‍കണമെന്നില്ലല്ലോ ഒരു നല്ല അമ്മയാകാന്‍. ഞങ്ങളിലൊരാള്‍ക്ക് ഒരു നല്ല ജീവിതം തരാന്‍ കഴിഞ്ഞാല്‍ അതൊരു നല്ല കാര്യമല്ലേ? ഭാര്യയില്ലാതെ കുഞ്ഞിനെ ഒറ്റക്ക് നോക്കുന്ന ഭര്‍ത്താക്കാന്മാര്‍ നമുക്കിടയിലല്ലേ? അവര്‍ക്കെല്ലാം വലിയൊരു സന്ദേശമാണ് പേരന്‍പ് നല്‍കുന്നത്. ട്രാന്‍സ് സമൂഹത്തിനിടയില്‍ വലിയൊരു മാറ്റത്തിന്റെ സൂചന കൂടിയാണ് പേരന്‍പ്.’