UPDATES

ബ്ലോഗ്

മാടന്നടയിലെ ആ വീട് എന്നും ഒരഭയമായിരുന്നു; ബേബിച്ചായന്റെ ഓര്‍മ്മകളെ ബാക്കിയാക്കി അമ്മിണി അമ്മാമ്മ പോകുമ്പോള്‍

ബേബിച്ചായന്റെ ഓര്‍മ്മകളുടെ തുടര്‍ച്ച അമ്മാമ്മയിലൂടെ മാടന്നടയിലെ ആ വീട്ടിലുണ്ടായിരുന്നു

                       

കൊല്ലത്ത് കേരള കൗമുദിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് മാടന്നടയിലെ ആ വീട് എന്നും ഒരഭയമായിരുന്നു. ഒരിക്കല്‍ സുഹൃത്തും സഹോദരതുല്യനുമായ ഗൗതം ചേട്ടനാണ് അവിടേക്ക് വിളിച്ചത്. മാടന്നടയിലെത്തി ഏത് ഓട്ടോക്കാരനോടും കാക്കനാടന്റെ വീടെന്ന് പറഞ്ഞാല്‍ മതിയെന്നാണ് ഗൗതം ചേട്ടന്‍ പറഞ്ഞത്. അതുപോലെ തന്നെയാണ് സംഭവിച്ചതും. ഓട്ടോക്കാരന്‍ കൃത്യമായി ആ വീടിന്റെ മുന്നില്‍ തന്നെ കൊണ്ടുവിട്ടു. ആരെയും എപ്പോഴും സ്വാഗതം ചെയ്യുന്ന വീടാണ് അതെന്ന് പല സുഹൃത്തുക്കളും പറഞ്ഞ് കേട്ടിട്ടുണ്ട്. കാക്കനാടനെക്കുറിച്ചും അദ്ദേഹത്തിന്റെ സൗഹൃദവലയങ്ങളെക്കുറിച്ചും വായിച്ചും പറഞ്ഞുകേട്ടുമാണ് അറിഞ്ഞിരിക്കുന്നത്. പല സുഹൃത്തുക്കളും അദ്ദേഹത്തോട് ചേര്‍ന്ന് നിന്നിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും നേരിട്ട് കാണാന്‍ സാധിച്ചില്ല. അവരെല്ലാം അനുഭവിച്ച ബേബിച്ചായന്റെയും അമ്മിണി അമ്മാമ്മയുടെയും സ്‌നേഹവാല്‍സല്യങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതും കേട്ടിട്ടുണ്ട്. പല കള്ളുകുടി സദസുകളിലും ആരെങ്കിലുമൊക്കെ ബേബിച്ചായനിലേക്കും അദ്ദേഹത്തിന്റെ വീട്ടിലേക്കും എത്തും. തീര്‍ച്ചയായും അതിലെ നായിക അമ്മിണി അമ്മാമ്മയുമായിരിക്കും.

സ്വതവേയുള്ള സങ്കോചത്തോടെയാണ് ചെന്നുകയറിയതെങ്കിലും വീടിന്റെ മുന്നില്‍ തന്നെ ഗൗതം ചേട്ടന്റെ അമ്മയുണ്ടായിരുന്നു. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ഭാര്യ സുശീലദേവി. എന്നെ മുമ്പ് തന്നെ പരിചയമുള്ളതിനാല്‍ അമ്മ പിടിച്ച് അടുത്തു തന്നെ ഇരുത്തി. അമ്മയുടെ രണ്ടാമത്തെ മകനായ ഗിരിച്ചേട്ടനാണ് കാക്കനാടന്റെ മകള്‍ രാധ ചേച്ചിയെ വിവാഹം കഴിച്ചിരിക്കുന്നത്. ഗിരി ചേട്ടനും രാധ ചേച്ചിയും മക്കളുമാണ് അക്കാലത്ത് അമ്മിണി അമ്മാമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത്. അമ്മിണി അമ്മാമ്മയ്ക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. ജനയുഗത്തില്‍ ജോലി ചെയ്തിട്ടുണ്ടെന്നതും ബേബിച്ചായന്റെ പല സുഹൃത്തുക്കളുമായുള്ള ബന്ധങ്ങളുമെല്ലാം കേട്ട് അമ്മിണി അമ്മാമ്മ ഇരുന്നു. വൈക്കവും കാമ്പിശേരിയും കാക്കനാടനുമെല്ലാം ചേര്‍ന്ന ആ പഴയ ജനയുഗകാലത്തെ ഓര്‍മ്മിച്ചുകൊണ്ടിരുന്നു. വളകെ കുറച്ച് നേരം കൊണ്ട് തന്നെ എന്റെയുള്ളിലെ എല്ലാ സങ്കോചങ്ങളെയും എടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞാണ് അമ്മാമ്മ എന്നെ മുകളിലത്തെ നിലയിലേക്ക് പോകാന്‍ അനുവദിച്ചത്.

പിന്നീടുള്ള എത്രയോ ദിവസങ്ങള്‍ ഞാന്‍ ആ കോണിപ്പടി കയറി പോയിരിക്കുന്നു. കാക്കനാടനുണ്ടായിരുന്ന കാലത്തും മുകളിലത്തെ നില സുഹൃത്തുക്കള്‍ക്കും മദ്യപാന സദസുകള്‍ക്കുമുള്ളതായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഗിരിച്ചേട്ടനും അതു തുടര്‍ന്നിരുന്നു. രാവെളുക്കുവോളം ഗിരിച്ചേട്ടനൊപ്പം അവിടെയിരുന്ന് മദ്യപിക്കുകയും പലപ്പോഴും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ നഷ്ടപ്പെട്ട് അവിടെ തന്നെ കിടന്നുറങ്ങുകയും ചെയ്തിരിക്കുന്നു. കയറിപ്പോകുമ്പോള്‍ ഹാളില്‍ അമ്മാമ്മയുണ്ടെങ്കില്‍ ‘ആ മേശപ്പുറത്തിരിക്കുന്നതൊന്നും കാണാന്‍ വച്ചിരിക്കുന്നതല്ല’ എന്ന കമന്റ് ഉറപ്പാണ്. അടച്ചുവച്ചിരിക്കുന്ന ഭക്ഷണമോ പഴങ്ങളെന്തെങ്കിലുമൊക്കെയോ ആ മേശപ്പുറത്ത് എപ്പോഴും കണ്ടിരുന്നു. ഭക്ഷണം കഴിക്കാതെ നടക്കുന്നതിന് ഗൗതം ചേട്ടന്റെ അമ്മയുടെ വക ചീത്തയും പതിവാണ്. ഇടയ്‌ക്കൊക്കെ പിടിച്ച് ഇരുത്തിക്കളയും അമ്മാമ്മ. പുതിയ എഴുത്തുകാരെക്കുറിച്ചൊക്കെ ചോദിച്ചറിയും. കവിതയാണ് കൂടുതല്‍ ഇഷ്ടമെന്ന് പറയുമ്പോള്‍ താല്‍പര്യത്തോടെ പുതിയ കവികളെക്കുറിച്ചും അവരുടെ കവിതകളെക്കുറിച്ചും ചോദിക്കും. അവരില്‍ പലരും അമ്മാമ്മയ്ക്ക് അപചരിചിതരായിരിക്കില്ല. ബേബിച്ചായന്റെ എഴുത്തിന് എല്ലാക്കാലത്തും ഊര്‍ജ്ജമായി നിന്നിരുന്ന അമ്മിണി അമ്മാമ്മ ആരോഗ്യപരമായ അവശതകളെയൊന്നും വകവയ്ക്കാതെ തന്നെ തനിക്ക് പലതും സംസാരിച്ചുകൊണ്ടിരിക്കും.

അക്കാലത്തെ രാഷ്ട്രീയവും എഴുത്തും അതിലുണ്ടാകും. ബേബിച്ചായനെയും വൈക്കത്തെയും കാമ്പിശേരിയെയും കൗമുദി ബാലകൃഷ്ണനെയും കുറിച്ചെല്ലാം പറയുന്നതിനൊപ്പം മുളവനപ്പണിക്കര്‍ എന്ന പലരും ഓര്‍ക്കാത്ത ആ കമ്മ്യൂണിസ്റ്റിനെക്കുറിച്ചും സംസാരിക്കും. എന്നോട് അദ്ദേഹത്തെക്കുറിച്ച് പ്രത്യേകിച്ച് പറയാന്‍ ഒരു കാരണമുണ്ടായിരുന്നു. ഒരിക്കല്‍ മഹാന്മാരായ ആ രണ്ട് എഴുത്തുകാരുടെയും ജീവിതം ഏറ്റവുമടുത്ത് നിന്ന് കണ്ടവര്‍ എന്റെ രണ്ട് വശത്തുമിരുന്ന് മദ്യപാന ശീലത്തെക്കുറിച്ച് പറഞ്ഞു. അക്കാലത്ത് അവിടെ ചെന്നിരുന്നതില്‍ ഏറ്റവും കുട്ടി ഞാനായതുകൊണ്ടാകും നിയന്ത്രണത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. ഗൗതം ചേട്ടന്റെ അമ്മയുടെ വാക്കുകളില്‍ ഒരു ശാസനയുടെ സ്വരമുണ്ടായിരുന്നെങ്കിലും അമ്മിണി അമ്മാമ്മ തങ്ങള്‍ കണ്ട മനുഷ്യരെക്കുറിച്ചാണ് പറഞ്ഞത്. നിങ്ങള്‍ കുട്ടികള്‍ക്ക് മദ്യപിക്കാന്‍ അറിയില്ലെന്നായിരുന്നായിരുന്നു അമ്മാമ്മയുടെ പ്രധാന പരാതി.

ബേബിച്ചായന്റെ മരണത്തിന് ശേഷവും അമ്മാമ്മയെ കാണാന്‍ പലരും മാടന്നടയിലെ വീട്ടില്‍ എത്തിയിരുന്നു. ബേബിച്ചായന്റെ ഓര്‍മ്മകളുടെ തുടര്‍ച്ച അമ്മാമ്മയിലൂടെ ആ വീട്ടിലുണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഗിരി ചേട്ടന്‍ മരിച്ചതിന് ശേഷം എനിക്ക് ആ വീട്ടിലേക്ക് പോകാനുള്ള സാഹചര്യങ്ങളൊന്നും ഒത്തുവന്നിട്ടില്ല. ഇന്ന് അമ്മിണി അമ്മാമ്മ പോളയത്തോട്ടെ ശ്മശാനത്തിലേക്ക് പോകുന്നു. ബേബിച്ചായന്റെയും തന്റെയും ഓര്‍മ്മകളെ ആ വീട്ടില്‍ ബാക്കിയാക്കി.

also read:ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ എന്ന നാട്ടുകാരുടെ ‘അങ്കലാപ്പി’നിടയിലെ ഓട്ടപ്പാച്ചിലുകള്‍; ഭദ്ര ടീച്ചര്‍ എന്ന ജീവിതം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് അരുണ്‍ ടി വിജയന്‍.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍