എത്ര വ്യത്യസ്തരായിരുന്നാലും ആരും കുറഞ്ഞവരല്ല മകനേ എന്ന് പറഞ്ഞ് പഠിപ്പിക്കുന്ന അച്ഛനമ്മമാർ ഇവിടെയും ജനിക്കട്ടെ.
ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ പ്രണയം; ഹോളോകോസ്റ്റ് എന്താണ് എന്ന് അറിയാത്തവർക്ക്
———————————————————–
ബുദ്സീൻ ലേബർ ക്യാമ്പിലെ ആറാം നബർ ബാരക്കിൽ പിന്നിലെ ഇരുട്ടിൽ മനായ കാത്തിരിയ്ക്കുകയാണ്. കാത്തുകിടക്കുകയാണ് എന്ന് പറയുന്നതാകും ശരി.
16 മണിക്കൂർ നീണ്ട കഠിനാധ്വാനത്തിനു ശേഷം ബാരക്കിൽ എത്തിയ സഹതടവുകാരെല്ലാം ഉറക്കമായി. ബാരക്കുകളുടെ ഇടയിലെ മുള്ളുവേലിക്കപ്പുറത്ത് ഉക്രയിൽ പട്ടാളക്കാരുടെ ബൂട്ടിന്റെ ശബ്ദം ഇടക്കിടയ്ക്ക് കേൾക്കാം.
മനായ ലേബർ ക്യാമ്പിൽ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു. നീല കണ്ണുകളും ചെമ്പൻ തലമുടിയും ഉണ്ടായിരുന്ന പതിനേഴു വയസൂള്ള ഒരു കൊച്ചു സുന്ദരിയായിരുന്നു മനായ. ഇപ്പോൾ കണ്ടാൽ ഏതോ ഒരു മുത്തശിയാണെന്ന് തോന്നും. കറുപ്പും ചാര നിറവും ഇടകലർന്ന വരകളുള്ള ഒരു നീളൻ കോട്ട്. അതേ തുണികൊണ്ട് ഉണ്ടാക്കിയ തൊപ്പി. മുടിയെല്ലാം വെട്ടിക്കളഞ്ഞു. വൃണം വന്ന് വീങ്ങിയ പാദങ്ങൾ. കൈവിരലുകളെല്ലാം ചുക്കിച്ചുളിഞ്ഞു.
കരയാനും പരാതി പറയാനുമറിയില്ലാതെയായിരുന്നു. ഇതിൽ നിന്നും മോചനമുണ്ടാകുമെന്ന് പ്രതീക്ഷയില്ല. ജോലി സ്ഥലത്തേയ്ക്ക് അരകിലോമീറ്റർ നടന്നു പോകണം- ഒരാളെങ്കിലും പിടഞ്ഞു വീണു മരിയ്ക്കുന്നത് ദിവസവും കാണാം. എല്ലാവരും യന്ത്രം കണക്കേ നടക്കുന്നു. തടവുകാർ തമ്മിൽ നോക്കുന്നുണ്ടെങ്കിലും മുന്നിലിരിക്കുന്നവരെ പോലും കാണുന്നില്ല. ചിലർ അടികൊള്ളുന്നു, ചിലർ വെടിയുണ്ടകൾക്കിരയാകുന്നു. തളർന്നു വീഴും വരെ ആരോടോ വാശി പോലെ എല്ലാവരും നിർത്താതെ ജോലിയെടുക്കുന്നു.
എത്ര ദിവസമായി ഇവിടെ എത്തിയിട്ടെന്നോ ഇന്ന് എന്തു ദിവസമാണെന്നോ അറിയില്ല. ജൂലൈ പത്തിനാണ് ഹ്രൂബിസോവ് ഗെട്ടോ അടച്ചു പൂട്ടി അവിടെ താമസിച്ചിരുന്ന മൂവായിരത്തോളം പുരുഷന്മാരെയും മുന്നോറോളം സ്ത്രീകളേയും കുട്ടികളേയും ഇവിടേയ്ക്ക് കൊണ്ടു വന്നത് എന്ന് മാത്രം ഓർമ്മയുണ്ട്.
ബാരക്കുകള്‍ക്കിടയിലെ മുള്ളുവേലിയ്ക്കരിയ്ക്കരുകിൽ ഒരു ചെറിയ ചലനം. മനായ ശ്വാസമടക്കി മണ്ണിനോട് പറ്റിച്ചേർന്നു കിടന്നു. നിമിഷങ്ങൾക്കുള്ളിൽ മിയാർ മുള്ളുവേലിക്കിടയിലൂടേ ഇഴഞ്ഞ് മനായയുടേ അടുത്ത് എത്തി.
പതിനേഴും പത്തൊൻപതും വയസ്സ് പ്രായമുള്ള കമിതാക്കളുടെ പ്രണയ ചേഷ്ടകളൊന്നും അവർക്കിടയിൽ ഉണ്ടായില്ല. തമ്മിൽ തമ്മിൽ മുഖം കാണാൻ കഴിയില്ല.
മനായ മിക്ക ദിവസങ്ങളിലും രാത്രി ബാരക്കിനു വെളിയിലെ ഇരുട്ടിൽ കാത്തു കിടക്കും. ചില ദിവസങ്ങളിൽ മൂന്നാം നമ്പർ ബാരക്കിൽ നിന്നും മിയാർ ഇഴഞ്ഞ് രണ്ടു മുള്ളുവേലികൾ താണ്ടി എത്തും. എത്തിയില്ലെങ്കിലും മനായ കാത്തിരുന്നു മടുക്കാറില്ല. അടുത്തദിവസം പിന്നേയും പ്രതീക്ഷയോടെ കാത്തിരിക്കും.
എലിമെന്റ്രി സ്കൂളിൽ വച്ചാണ് മനായയും മിയാറും കണ്ടു മുട്ടിയതും പ്രണയബദ്ധരായതും. ഏതാണ്ട് എണ്ണായിരത്തോളം യഹൂദന്മാർ പോളണ്ടിലെ ഹ്രൂബിസോവ് ഗ്രാമത്തിൽ താമസിച്ചിരുന്നു. കാർഷിക വൃത്തിയിലേർപ്പെട്ടിരുന്ന ഇടത്തരക്കാർ വസിച്ചിരുന്ന ഗ്രാമത്തിൽ പോളണ്ടുകാരും ജൂതന്മാരും സമാധാനത്തോടെ കഴിഞ്ഞു വരികയായിരുന്നു.
ഹൂബ്രിസോവ് ഗ്രാമവാസികളുടെ ജീവിതം തകിടം മറിഞ്ഞത് 1939 സെപ്റ്റംബർ ഒന്നിനാണ്. ജർമ്മനി പോളണ്ടിനെ ആക്രമിച്ചു കീഴ്പ്പെടുത്തി അധിനിവേശം തുടങ്ങിയത് അന്നായിരുന്നു. ജൂതന്മാരെയും പോളീഷ് വംശജരേയും ഒറ്റ നോട്ടത്തിൽ തിരിച്ചറിയാമായിരുന്നു എന്നത് ജൂതന്മാർക്ക് തിരിച്ചടിയായിത്തീർന്നു. ചില മാസങ്ങൾക്കുള്ളിൽ ഹൂബ്രിസോവ് ഗ്രാമത്തിന് വെളിയിലെ അടിമച്ചേരിയിലേയ്ക്ക് (ഗെട്ടോ) എണ്ണായിരത്തോളം വരുന്ന ജൂതന്മാരെ നാസികൾ മാറ്റിപ്പാർപ്പിച്ചു.
അക്കൂട്ടത്തിൽ മനായയും മിയാറും ഉണ്ടായിരുന്നു. ദിവസവും ജോലിയ്ക്കാണെന്ന് പറഞ്ഞു ചെറിയ കൂട്ടം ജൂതരെ നാസികൾ കൊണ്ടു പോകുന്ന പതിവുണ്ടായിരുന്നു. പതിവുപോലെ ഒരു ദിവസം ഇരുപത്തിയഞ്ചു ജൂതരുമായി നാസികൾ ഗെട്ടോയിൽ നിന്നും തിരിച്ചപ്പോൾ കാമുകീ കാമുകന്മാരായിരുന്ന മനായയും മിയാറും പട്ടാളക്കാരെ രഹസ്യമായി പിന്തുടർന്ന് ചെന്നു. നടുക്കുന്ന കാഴയാണ് അവരെ കാത്തിരുന്നത്. വലിയ ഒരു കുഴിയ്ക്കരികൽ ജൂതന്മാരെ നിരനിരയായി നിർത്തി വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി, അവർക്കു നേരെ നിറയൊഴിച്ചു.
നിരായുധരും നിസ്സഹായരുമായ ജൂതന്മാർ കുഴിയിലേക്ക് വെടികൊണ്ട് വീണു. നാസികൾ കുഴി മണ്ണിട്ടു മൂടുമ്പോൾ മരിയ്ക്കാതെ കിടന്നവർ പുതുമണ്ണിനു മുകളിൽ ചലനങ്ങൾ ഉണ്ടാക്കുന്നത് ഇരുവരും മറഞ്ഞിരുന്നു കണ്ടു.
എല്ലാവരും താമസം വിനാ കൊല്ലപ്പെടുമെന്ന് ഇരുവരും അവരവരുടെ വീടുകളെ അറിയിച്ചു.
ധാന്യം പൊടിക്കുന്ന മില്ല് ഉടമയായിരുന്ന മിയാറിന്റെ അച്ചൻ പോളിഷ് കത്തോലിക്കാ മതവിശ്വാസിയായിരുന്നു. ഗ്രാമത്തിൽ നിന്നും ഗെട്ടോയിലേയ്ക്ക് താമസം മാറ്റിയ അദ്ദേഹത്തിന് വരുമാനത്തിന് വഴിയില്ലാതെയായിരുന്നു.
നാസികൾക്കു വേണ്ടിയുള്ള നിർമ്മാണപ്രവർത്തനം നടത്തിയിരുന്ന മനായയുടേ അച്ഛൻ എല്ലാ ദിവസവും ഓരോ ഇഷ്ടിക നാസികളറിയാതെ കടത്തികൊണ്ട് വരുമായിരുന്നു. മാസങ്ങൾകൊണ്ട് ആർക്കും കണ്ടു പിടിയ്ക്കാനാകാത്ത ഒരു ചെറിയ രഹസ്യഅറ വീട്ടിൽ അദ്ദേഹം ഉണ്ടാക്കി. തടവിന് സമാനമായ ജീവിതമായിരുന്നെങ്കിലും മിയാറും മനായയും ഒരുമിച്ച് ജീവിച്ച നല്ല നാളുകളായിരുന്നു അത്…
പഴയ ദിവസങ്ങൾ ഓർത്തുകൊണ്ട് രണ്ടു പേരും ഒന്നും മിണ്ടാതെ പുലരും വരെ ഇരുന്നു. ദീർഘമണിക്കൂർ നീണ്ടുനിന്ന കഠിനമായ ജോലിയ്ക്കു ശേഷം കിട്ടിയ അല്പസമയം അവർക്ക് ഉറങ്ങാനായില്ല- ഇനി കാണുമെന്ന് ഉറപ്പില്ല, ഒരുമിച്ചുള്ള ഓരോ നിമിഷവും അമൂല്യമാണ്.
പുലരാറായപ്പോൾ മിയാർ മനായയുടെ കൈകൾ ചേർത്തു പിടിച്ചു. തളർന്ന ശബ്ദത്തിൽ പറഞ്ഞു. “ഈ വിധിയ്ക്കു മുന്നിൽ തമ്മൾ തളരരുത്. ഇക്കാണുന്ന തടവറകൾ തകരുകയും നമ്മൾ സ്വതന്ത്രരാകുകയും ചെയ്യുന്ന ഒരു ദിവസം ഉണ്ടെങ്കിൽ അന്നു നമുക്ക് വീണ്ടും ഒരുമിക്കണം.” തളർന്ന് കിടന്ന മനായയുടെ കണ്ണുകൾ തിളങ്ങുന്നത് മിയാറിന് ഇരുട്ടിലും കാണാമായിരുന്നു.
“ഞാനാണ് ആദ്യം മോചിതനാകുന്നതെങ്കിൽ നേരെ ഹൂബ്രിസോവ് ഗ്രാമത്തിൽ ചെല്ലും. നീ മോചിതയാകുന്നത് വരെ നിന്നെ ഞാനവിടെ കാത്തിരിയ്ക്കും- നീ വരുന്നതു വരെ!”
മനായുടെ ക്ഷീണം മാറി ചാടി എഴുന്നേറ്റു, “ഈ മുള്ളുവേലികൾക്ക് നമ്മുടെ പ്രണയത്തോളം ഉയരമില്ല- ഞാനാണ് ആദ്യം സ്വതന്ത്രയാകുന്നതെങ്കിൽ നമ്മുടെ ഗ്രാമത്തിൽ ചെന്ന് കാത്തിരിക്കും- നീ വരുന്ന അന്നു വരെ!”
കുറെ നാളുകൾക്ക് ശേഷം അവർ രണ്ടാളും കരഞ്ഞു. പിന്നീട് ഒന്നും പറയാതെ അവർ പിരിഞ്ഞു.
അതു ബുദ്സീൻ ലേബർ ക്യാമ്പിലെ അവരുടെ അവസാന കൂടിക്കാഴ്ചയായിരുന്നു.
പിറ്റേന്ന് പുലർച്ചെ ഡക്കാവു എക്സ്ടെർമിനേഷൻ ക്യാമ്പിലേയ്ക്ക് മിയാറിനെ കൊണ്ടുപോയി.
പിന്നീടും പല രാത്രികളിൽ മനായ ഇഴഞ്ഞും പതുങ്ങിയും ആറാം നമ്പർ ബാരക്കിനു പിന്നിൽ കാത്തിരിക്കുമായിരുന്നു…
ഭാഗം -2
ഹൂബ്രിസോവ് ഗ്രാമത്തിലെ ഒഴിഞ്ഞ വീടിന്റെ പടിയിൽ മനായ കാത്തിരിക്കുകയാണ്.
മുന്നിൽ വിജനമായ തെരുവും ചുറ്റും ശൂന്യമായ വീടുകളും.
ബുദ്സീ ക്യാമ്പിൽ മിയാറുമായി പിരിഞ്ഞ രാത്രി നൽകിയ പ്രതീക്ഷയിലാണ് ദുർബലമായ ആ ശരീരത്തിൽ ജീവൻ ശേഷിച്ചിരുക്കുന്നത്.
എന്നെങ്കിലും രക്ഷപെട്ടാൽ ഗ്രാമത്തിൽ വന്ന് കാത്തിരിക്കുമെന്ന് പറഞ്ഞ രാത്രി.
അതുനുശേഷം മനായ കരഞ്ഞിട്ടില്ല.
മരണത്തിനു കീഴടങ്ങാതെ കഠിനാധ്വാനത്തിലും കൊടിയപട്ടിണിയിലും അവൾ പിടിച്ചു നിന്നു.
മൂന്നര വർഷം മുൻപ് ഇവിടെ നിന്നും പോകുമ്പോൾ ഉണ്ടായിരുന്ന ഗ്രാമമല്ല ഇന്ന്. ഗെട്ടോവിലേയ്ക്കും അവിടെ നിന്നും ബുദ്സീൽ ക്യാമ്പിലേയ്ക്കും മിയാറിന്റേയും മനായയുടെയും കുടുംബം പറിച്ചു നടപ്പെടുമ്പോൾ അനിവാര്യമായ ഒരു ദുരന്തത്തെ നേരിടുന്ന നിസ്സഹായതായയിരുന്നു ഇരുവർക്കും. മറ്റു പോംവഴികളൊന്നും ഉണ്ടായിരുന്നില്ല.
മധ്യപോളണ്ടിൽ ലുബ്ലിൻ ജില്ലയിൽ ക്രാസ്നിക് പട്ടണത്തിൽ നിന്നും ഉർസദേവിലേയ്ക്ക് പോകുന്ന വഴിക്ക് ഏകദേശം മൂന്നു കിലോമീറ്റർ ദൂരെയാണ് ബുദ്സീൻ.
1938-ൽ സ്ഥാപിതമായ ഹെയിങ്കൽ വിമാന നിർമ്മാണ കമ്പനിയിൽ ജൂത തൊഴിലാളികളെ നിർബന്ധിത തൊഴിലിനായി കൊണ്ടുവന്നു തുടങ്ങിയത് 1941 ആദ്യമാസങ്ങളിലാണ്.
നാസി ഭരണകാലത്തിന്റെ ഏറ്റവും ഭീകരമായ ചരിത്രമുറങ്ങുന്ന ഭൂവിഭാഗമാണ് ലൂബ്ലിൽ ജില്ല. ഒരു പക്ഷേ, ഈ ഭൂമിയിൽ മറ്റൊരിടത്തും ഇത്രയും നിസ്സഹായർ ഒരുമിച്ച് കശാപ്പു ചെയ്യപ്പെട്ടിട്ടുണ്ടാകില്ല. ഗ്യാസ്ചേമ്പറുകളിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച 65 ലക്ഷം മുനുഷ്യരുടെ ദീനരോദനം മാറ്റൊലികൊണ്ടത് ഈ അന്തരീക്ഷത്തിലാണ്. അവരെ കത്തിച്ച ചാരം മലപോലെ കൂടിക്കിടന്നത് ഇതേ മണ്ണിലാണ്.
ഓഷ്വിറ്റ്സ്, ട്രംബ്ലിക്ക, സോബിബോർ, ബെൽസെക് എന്നീ കുപ്രസിദ്ധ കോൺസെൻട്രേഷൻ ക്യാമ്പുകളും ബുദ്സീൻ ഉൾപ്പടെ ഇരുപത്തി രണ്ടോളം നിർബന്ധിത തൊഴിൽ ക്യാമ്പുകളും ഈ ജില്ലയിൽ ആയിരുന്നു.
ഉദ്ദേശം മൂന്നു ഹെക്ടർ സ്ഥലത്ത് ഹൈവോൾട്ടേജ് വഹിക്കുന്ന കനത്ത മുള്ളുവേലികൾക്കുള്ളിലായി ഒരു ഫുട്ബാൾ ഗ്രൗണ്ടിന്റെ വലിപ്പത്തിലുള്ള മൈതാനവും ചുറ്റും അടിമപ്പണിക്കാർക്ക് വേണ്ടി പണികഴിപ്പിച്ച എട്ട് തടി ബാരക്കുകളും കാവൽക്കാരായ എസ് എസ്- കാർക്ക് വേണ്ടി നിർമ്മിച്ച കെട്ടിടങ്ങളും ഹെയിങ്കല്‍ പ്ലാന്റിലേയ്ക്ക് നടന്നു പോകുന്ന നീണ്ട ഇടനാഴിയും നാലു മൂലയിലും ഉയരത്തിൽ പണിത വീക്ഷണഗോപുരവും ചേർന്നതാണ് ബുദ്സീൻ ഫോഴ്സ്ഡ് ലേബർ ക്യാമ്പ്.
രാവിലെ നാലു മണിക്ക് റോൾ-കോൾ വിളിക്കുമ്പോൾ തടവുകാരെല്ലാം ബാരക്കുകളുടെ നടുവിലുള്ള മൈതാനത്ത് എത്തിച്ചേരും. എണ്ണം എടുത്തുകഴിഞ്ഞാൽ പിന്നെ എസ് എസ് ഗാർഡുകൾ പ്രഭാത ഭക്ഷണത്തിനു പോകും. അവർ മടങ്ങിവരുന്നതുവരെ ഏതാണ്ട് ഒരു മണിക്കൂർ സമയം ജോലിക്കാർ ഗ്രൗണ്ടിൽ വരിവരിയായി നിൽക്കണം. തുടർന്ന് വിമാന നിർമ്മാണശാലയിലേക്ക്. ഉച്ചയ്ക്ക് കാബേജ് സൂപ്പ് എന്ന പേരിൽ ലഭിക്കുന്ന ദ്രാവകവും കാൽ കിലോ ഉണക്ക റൊട്ടിയും. അത്താഴവും അതു തന്നെ.
ഏതാണ് മൂവായിരം പുരുഷ ജോലിക്കാരും മുന്നൂറു സ്ത്രീകളും പത്ത് നാസി പട്ടാളക്കാരും അൻപതോളം ഉക്രെയിനി ഗാർഡുകളുമാണ് ബുദ്സീനിലെ താമസക്കാർ. ആറു ബാരക്കുകൾ പുരുഷന്മാർക്കും രണ്ടു ബാരക്കുകൾ സ്ത്രീകൾക്കുമായി കൊടുത്തിരുന്നു.
ഒരോ ബാരക്കുകൾക്കിടയിലും മുള്ളുവേലികൾ കെട്ടിയുയർത്തിയിരുന്നു. വനിതാ തൊഴിലാളികളും പുരുഷ തൊഴിലാളികളും പാർക്കുന്ന ബാരക്കുകൾ തമ്മിൽ വേറേ മുള്ളുവേലികൾ ഉണ്ടായിരുന്നു.
അതിനിടയിലൂടെ ഇഴഞ്ഞിഴഞ്ഞാണ് മിയാർ രാത്രികളിൽ മനായയുടെ അടുത്ത് വന്നിരുന്നത്.
അന്ന് പിരിഞ്ഞതിന്റെ പിറ്റേദിവസം ഡക്കാവു കോൺസെന്‍ട്രേഷൻ ക്യാമ്പിലേക്ക് ഒരു കൂട്ടം ജൂതന്മാരെ കൊണ്ടു പോയി, അക്കൂട്ടത്തിൽ മിയാറും ഉണ്ടായിരുന്നു.
ഇതൊന്നും അറിയാതെ മനായ പല രാത്രികളിലും ബാരക്കിലെ ഇരുട്ടിൽ കാത്തിരിക്കുമായിരുന്നു. ഏതാണ്ട് മൂന്നര വർഷം ഇതു തുടർന്നു.
ഇതിനിടയിൽ മനായ പിന്നേയും ശോഷിച്ച് ഉണങ്ങി. മുഖം കണ്ടാലൊരു തലയോട്ടി പോലെ തോന്നിച്ചു.
പലവട്ടം രോഗങ്ങൾ പിടികൂടി.
എങ്കിലും ആ ദുർബല ശരീരത്തിൽനിന്നും പ്രാണൻ വിട്ടു പോകാൻ മടിച്ചു.
രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു. അമേരിക്കയുടേയും സഖ്യകക്ഷികകളുടേയും സൈന്യം ഒരു വശത്തു നിന്നും സോവിയറ്റ് ചെമ്പട മറ്റൊരു വശത്തു നിന്നും നാസികളെ കീഴ്പ്പെടുത്തി മുന്നേറി.
മുസ്സോളിനിയെ കൊന്ന് തെരുവിൽ തല കീഴാക്കി കെട്ടിത്തൂക്കിയിട്ടിരിക്കുന്നു എന്ന വാർത്ത റേഡിയോയിലൂടെ ഹിറ്റ്ലർ അറിഞ്ഞു. ആസന്നമായ അന്ത്യം മുന്‍കൂട്ടി മനസിലാക്കിയ അയാൾ മറ്റു പോംവഴികളൊന്നും ഇല്ലാതിരുന്നകൊണ്ട് ആത്മഹത്യ ചെയ്തു.
നാസിവിരുദ്ധചേരിയിലുള്ളവർ കോൺസെട്രേഷൻ ക്യാമ്പുകളിൽ നിന്നും നിർബന്ധിതതൊഴിൽ ക്യാമ്പുകളിൽ നിന്നും ശേഷിച്ചിരുന്നവരെ മോചിപ്പിച്ചു. രക്ഷപ്പെടുമെന്ന് ഉറപ്പുള്ളവരെ പെട്ടെന്ന് ചികിത്സാ ക്യാമ്പുകളിൽ എത്തിച്ചു. മറ്റുള്ളവരെ വിധിക്ക് വിട്ടുകൊടുത്തു.
റഷ്യൻ പട്ടാളക്കാർ ബുദ്സീ ക്യാമ്പ് കീഴടക്കി അന്തേവാസികളെ രക്ഷപ്പെടുത്തുമ്പോൾ മനായയുടെ തൂക്കം വെറും 31 കിലോ ആയിരുന്നു. ജീവിക്കാൻ സാധ്യതയുള്ളവരെ പെട്ടെന്ന് ചികിത്സാ ക്യാമ്പിൽ എത്തിക്കുന്ന തിരക്കിലായിരുന്നു പട്ടാളക്കാർ. മൃതപ്രായയായ മനായെ ആദ്യം വന്ന പട്ടാളക്കാർ ഒഴിവാക്കി കടന്നു പോയി. പുറകെവന്ന ഏതോ പട്ടാളക്കാരൻ ദയ തോന്നി സഹായിക്കുകയായിരുന്നു.
ചില ദിവസങ്ങൾ ചികിത്സയിൽ കഴിഞ്ഞ മനായ ഒരു കർഷകന്റെ വണ്ടിയിൽ കയറി ഹൂബ്രിസോവിലെത്തി.
ആ ഗ്രാമവാസികളായിരുന്ന എണ്ണായിരം ജൂതന്മാരിൽ വെറും ഇരുന്നൂറു പേർ ഒഴികെ ബാക്കി എല്ലാവരും കോൺസെൻട്രേഷൻ ക്യാമ്പുകളിൽ വച്ച് കൊല്ലപ്പെട്ടു.
കാത്തിരിപ്പ് ഏതാണ്ട് ആറ് ആഴ്ചകൾ പിന്നിട്ടു.
പതിവു പോലെ അന്നും വീടിന്റെ മുന്നിലെ തെരുവിന്റെ മൂലയിൽ അവൾ സ്ഥാനം പിടിച്ചു.
ഒരു ദിവസം രാവിലെ, ദൂരെ നിന്നും ആടിയാടി വരുന്ന മിയാറിനെ മിനായ തിരിച്ചറിഞ്ഞു.
ഓടിച്ചെല്ലാനോ എഴുന്നേറ്റു നിൽക്കാനോ അവൾക്ക് കഴിയുമായിരുന്നില്ല.
രണ്ട് അപരിതരപ്പോലെ അവർ പരസ്പരം നോക്കി നിന്നു.
മുള്ളുവേലികളേക്കാൾ ഉയരമുണ്ടായിരുന്ന പ്രണയത്തെ കോണ്‍സെന്‍ട്രേഷന്‍ കാമ്പുകളിലെ മരണത്തിനും തൊടാനായില്ല എന്ന് അവര്‍ പരസ്പരം മനസ്സിലാക്കുകയായിരുന്നു .
വളരെ ദയനീയമായിരുന്നു മിയാറിന്റെ അവസ്ഥ. മൂന്നര കൊല്ലം കൊണ്ട് പതിനൊന്നോളം ക്യാമ്പുകളിൽ മാറിമാറി കഴിഞ്ഞു. രക്ഷപ്പെടുമെന്ന് വിശ്വാസം നശിച്ച ഒരു രാത്രി, ഡക്കാവു ക്യാമ്പിൽ നിന്നും മുള്ളിവേലികൾക്കിടയിലൂടെ ഇഴഞ്ഞ് പുറത്തു കടന്നു.
കിലോമീറ്ററുകളോളം നിലത്ത് ഇഴഞ്ഞു.
മുന്നു ദിവസം ക്യാമ്പിനു വെളിയിലെ ഒരു വയലിൽ കിടന്നു. വിശപ്പു സഹിക്കവയ്യാതെ പുല്ലു തിന്നു. (88 വയസ്സുവരെ ജീവിച്ചിരുന്ന മിയാർ ജീവിതത്തിൽ ഒരിക്കലും ലത്തൂസും ഇലവർഗ്ഗങ്ങളൊന്നും കഴിച്ചിട്ടില്ല) . വയലിൽ തളർന്നു കിടന്ന മിയാറിനെ അമേരിക്കൻ സൈന്യം രക്ഷപെടുത്തി. ചികിത്സയ്ക്ക് ക്യാമ്പിലേക്ക് പോകുവാൻ മടിച്ച മിയാർ ഓടിയും നടന്നും ഹൂബ്രിസോവ് ഗ്രാമത്തിലെത്തുകയായിരുന്നു.
വീണ്ടും അവർ കണ്ടുമുട്ടി.
ഒരു പുരുഷനും സ്ത്രീക്കും തമ്മിൽ ആകർഷണം തോന്നാവുന്ന ഒന്നും അവരിൽ ശേഷിച്ചിരുന്നില്ല.
എങ്കിലും അവർ 64 വർഷം ഒരുമിച്ച് ജീവിച്ചു.
അമേരിക്കയിലേക്ക് കുടിയേറിയ ആ കുടുംബ ശിഷ്ടകാലം ഒക്ല്ഹോമയിലെ പിൻകാ പട്ടണത്തിലെ ജൂതകുടിയേറ്റ മേഖലയിൽ സ്ഥിരതാമസമാക്കി.
2008-ൽ മനായ മരിച്ചു. നാലു വർഷത്തിനു ശേഷം 2012 ജൂൺ പന്ത്രണ്ടാം തിയതി മിയാർ മാജിർ ഭാര്യയെ അനുഗമിച്ചു.
മിയാറിന്റെ ഒരു സഹോദരനൊഴികെ ഇരുകുടുംബങ്ങളിലേയും മുഴുവൻ അംഗങ്ങളും കോൺസെന്‍ട്രേഷൻ ക്യാമ്പുകളിൽ ഒടുങ്ങി.
പൊൻകാസിറ്റിയിലെ ടെമ്പിൾ ഇമ്മാനുവേൽ ചർച്ചിന്റെ സിമിത്തേരിയിൽ കോൺസെൻട്രേഷൻ ക്യാമ്പുകളുടെ പീഡനങ്ങളിൽ പട്ടുപോകാതിരുന്ന അവരുടെ ശരീരം അന്ത്യവിശ്രമം കൊള്ളുന്നു.
അവരുടെ കല്ലറയ്ക്കു മുകളിലെ ശിലാഫലകത്തിൽ ഇങ്ങനെ എഴിതിയിരിക്കുന്നു.
“I AM MY BELOVED’S AND MY BELOVEDS ARE MINE- UNTIL WE MEET AGAIN”
ഭാഗം 3
1958 ഓഗസ്റ്റ്
ഒക്ലോഹോമ.
എട്ടുവയസ്സുകാരൻ മൈക് കോറൻബ്ലിറ്റ് മാതാപിതാക്കളോരുമിച്ച് ടി.വി കാണുകയായിരുന്നു.
അമ്മയുടെ കൈത്തണ്ടയിൽ A-27327 എന്ന് പച്ച കുത്തിയിരിക്കുന്നത് മൈക് കണ്ടു. അച്ഛൻ മിയാർ കോറന്റ്ബ്ലിറ്റിന്റെ കൈയ്യിലും ഉണ്ടായിരുന്നു- K L എന്നീ രണ്ട് അക്ഷരങ്ങൾ.
കോൺസെന്‍ട്രേഷൻ ക്യാമ്പിലെ തടവുകാരുടെ കൈയ്യിൽ കുത്തുന്ന അടയാളവും നമ്പറും ആയിരുന്നു അത്. അത് എന്താണെന്ന് മൈക് ആദ്യമായി അവരോട് തിരക്കി.
അന്നു വൈകുന്നേരം മൈക്കിനെ അവർ പിൻകസിറ്റിയ്ക്കു വെളിയിലെ ഒരു ചെറിയ പാർക്കിൽ കൊണ്ടു പോയി. അവിടെ രണ്ടു ഫൗണ്ടൻ ഉണ്ടായിരുന്നു. ഒന്നു മുന്നിൽ “Whites Only” എന്നും അടുത്തതിനു മുന്നിൽ ‘Coloureds Only” എന്നും എഴുതിയിരുന്നു. ഒന്നും പറയാതെ അവിടെനിന്നും അവർ മൈക്കിനെ ഒരു സിറ്റിയിലെ ഒരു വെയിറ്റിംഗ് ഷെഡിൽ കൊണ്ടു പോയി. “Whites Only” എന്നും ‘Coloureds Only”‘ എന്ന് ബോർഡ് തൂക്കിയ രണ്ട് ഷെഡ്ഡുകൾ അവിടെയും ഉണ്ടായിരുന്നു.
മിയാർ പറഞ്ഞു, “മൈക് ഞാൻ ഇന്നു നിന്നെ കാണിച്ചു തന്ന ഇക്കാര്യം ഇനിയുള്ള കാലം ഒരിക്കലും മറക്കരുത്. എന്തുകൊണ്ടാണ് നിനക്ക് മുത്തശ്ശന്മാരും അമ്മാവന്മാരും കുടുംബക്കാരും ഇല്ലാതെ ആയത് എന്നറിയാമോ? ഞങ്ങളുടെ ചുറ്റും താമസിച്ചിരുന്നവരുടെ മുന്നിൽ ഞങ്ങൾ വ്യത്യസ്തരായി കാണപ്പെട്ടു, അധമന്മാരായി പരിഗണിക്കപ്പെട്ടു- നിറം കൊണ്ടും രൂപം കൊണ്ടും ഞങ്ങൾ അവരെപ്പോലെ ആയിരുന്നില്ല.
അധഃകൃതരായി പരിഗണിയ്ക്കപ്പെട്ട ഞങ്ങൾ ജീവിക്കുവാൻ പോലും അവകാശമില്ലാത്തവരായി കരുതപ്പെട്ടു. നമ്മുടെ കുടുംബക്കാരെ മുഴുവൻ അവർ കൊന്നു കളഞ്ഞു.”
മിയാർ തുടർന്നു പറഞ്ഞു
“മകനേ, ഇന്നു നീ ഞങ്ങളോട് ഒരു സത്യം ചെയ്യണം. മറ്റു മനുഷ്യർ രൂപത്തിലും നിറത്തിലും ജന്മം കൊണ്ട് നിന്നിൽ നിന്നും എത്ര വ്യത്യാസപ്പെട്ടിരുന്നാലും ഒരു വിവേചനവും കാണിക്കില്ലെന്നും ജീവിതത്തിൽ എന്തു ചെയ്താലും നീതിയായതേ പ്രവർത്തിക്കുകയുള്ളൂ എന്നും, മറ്റുള്ളവരെ ബഹുമാനത്തോടെ തന്നെ കാണുമെന്നും ഉറപ്പ് തരണം.”
ജൂതനായി ജനിച്ചതുകൊണ്ട്, നീലക്കണ്ണുള്ളവനായി പിറന്നതുകൊണ്ട് ഭൂമുഖത്ത് നിന്നും അന്യം നിന്നുപോകാമായിരുന്ന ഒരു കുലത്തിൽ പിറന്ന മാതാപിതാക്കൾ പറയുന്നത് മൈക്കിളിനു അന്ന് അതു മനസിലായില്ല.
മൈക് വളർന്നു.
പോളണ്ടിലും ഇസ്രയേലിലും ജർമ്മനിയിലും യാത്ര ചെയ്തു.
അച്ഛനും അമ്മയും കിടന്ന ക്യാമ്പുകൾ സന്ദർശിച്ചു.
മാതാപിതാക്കളുടെ ജീവചരിത്രം ഒരു പുസ്തമാക്കി-
“UNTIL WE MEET AGAIN”
മൈക്കും ഭാര്യ ജോവാനും ചെർന്ന് Respect Diversity Foundation എന്ന ഒരു പ്രസ്ഥാനം തുടങ്ങി. വൈവിധ്യമാണ് പ്രപഞ്ചത്തിന്റെ സൗന്ദര്യമെന്നും സഹജീവികൾ തുല്യരാണെന്നും പഠിപ്പിച്ചുകൊണ്ട് ഒക്ലഹോമ കേന്ദ്രമാക്കി അവർ പ്രവർത്തിക്കുന്നു.
ജാതിവാലുകളും കുലമഹിമയും ആഭിജാത്യഗർവ്വും വിട്ടകളഞ്ഞ് ജന്മം കൊണ്ട് കിട്ടിയതിൽ ഗർവ്വിയ്ക്കാതെ എത്ര വ്യത്യസ്തനായിരുന്നാലും ആരും കുറഞ്ഞവരല്ല മകനേ എന്ന് പറഞ്ഞ് പഠിപ്പിക്കുന്ന അച്ഛനമ്മമാർ ഇവിടെയും ജനിക്കട്ടെ.
(സജി മര്‍ക്കോസ് ഫേസ്ബുക്കില്‍ എഴുതിയത്)