ആൻ ഫ്രാങ്കിൻ്റെ അർദ്ധസഹോദരിയും ഹോളോകോസ്റ്റ് അതിജീവിതയുമായ ഇവ ഷ്ലോസ് അന്തരിച്ചു. 96 വയസായിരുന്നു. ഇവ ഷ്ലോസിൻ്റെ വിയോഗത്തിൽ ബ്രിട്ടനിലെ ചാൾസ് രാജാവ് അനുശോചനം രേഖപ്പെടുത്തി.
2022 ൽ വടക്കൻ ലണ്ടനിലുള്ള ഒരു ജൂത കമ്മ്യൂണിറ്റി സെൻ്റർ സന്ദർശിച്ചപ്പോൾ ഷ്ലോസിനോടൊപ്പം നൃത്തം ചെയ്തുവെന്നും താനും രാഞ്ജിയും അവരെ ആരാധിച്ചിരുന്നുവെന്നും ചാൾസ് രാജാവ് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ആരാണ് ഇവ ഷ്ലോസ്?
1929-ൽ ഓസ്ട്രിയയിലെ വിയന്നയിലാണ് ഇവ ജനിച്ചത്. നാസി ഭരണകാലത്ത് ജൂതന്മാർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചപ്പോൾ അവരുടെ കുടുംബം ബെൽജിയത്തിലേക്കും പിന്നീട് നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിലേക്കും താമസം മാറി. ആംസ്റ്റർഡാമിൽ വെച്ചാണ് അവർ ആനി ഫ്രാങ്കിന്റെ അയൽക്കാരിയും കൂട്ടുകാരിയുമാകുന്നത്.
1944-ൽ, ഇവയുടെ പതിനഞ്ചാം ജന്മദിനത്തിൽ, നാസികൾ അവരെയും കുടുംബത്തെയും പിടികൂടി. അവരെ അതിക്രൂരമായ ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് അയച്ചു. അവിടെ വെച്ച് ഇവയുടെ അച്ഛനും സഹോദരനും കൊല്ലപ്പെട്ടു. ഇവയും അമ്മയും റഷ്യൻ സൈന്യം ക്യാമ്പ് മോചിപ്പിക്കുന്നത് വരെ അവിടെ അതിജീവിച്ചു.
യുദ്ധത്തിന് ശേഷം 1953-ൽ ഇവയുടെ അമ്മ എൽഫ്രീഡ്, ആൻ ഫ്രാങ്കിന്റെ പിതാവായ ഓട്ടോ ഫ്രാങ്കിനെ വിവാഹം കഴിച്ചു. ഇതോടെയാണ് ഇവ, ആൻ ഫ്രാങ്കിന്റെ അർദ്ധസഹോദരിയായി മാറിയത്. ആനിൻ്റെ ഡയറിക്കുറിപ്പുകൾ ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ ഇവയും കുടുംബവും വലിയ പങ്ക് വഹിച്ചു.
പിന്നീട് ലണ്ടനിലേക്ക് താമസം മാറിയ ഇവ, അവിടെ ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോ നടത്തിയിരുന്നു. ആൻ ഫ്രാങ്ക് ട്രസ്റ്റ് എന്ന സംഘടനയുടെ സഹസ്ഥാപകയായിരുന്നു അവർ. തന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്നതിലൂടെ വംശീയതയ്ക്കും വെറുപ്പിനുമെതിരെ പോരാടാൻ അവർ പുതുതലമുറയെ പ്രചോദിപ്പിച്ചു. ‘Eva’s Story’, ‘The Promise’ തുടങ്ങി നിരവധി പുസ്തകങ്ങൾ അവർ രചിച്ചിട്ടുണ്ട്.
Content Summary: Eva Schloss, Anne Frank’s half-sister and Holocaust survivor, dies