February 19, 2025 |

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം

വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കും

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.

ഹണി റോസിനെതിരായി ജാമ്യഹര്‍ജിയില്‍ പറഞ്ഞകാര്യങ്ങള്‍ ബോബി ചെമ്മണ്ണൂര്‍ പിന്‍വലിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് ആറാം നാളാണ് ബോബി ചെമ്മണ്ണൂര്‍ പുറത്തേക്ക് വരുന്നത്. ഹര്‍ജി വായിക്കുമ്പോള്‍ തന്നെ ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശങ്ങളില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നീടാണ് പരാമര്‍ശങ്ങളെല്ലാം പിന്‍വലിക്കുകയാണെന്ന് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള കോടതിയെ അറിയിച്ചു.ഇതേ തുടര്‍ന്നാണ് ജാമ്യം നല്‍കാമെന്ന് കോടതി നിലപാടെടുത്തത്. ഈ കേസില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്ന് കോടതി വിലയിരുത്തി.

മൂന്ന് വര്‍ഷം മാത്രം ജയില്‍ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ബോബിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. അതിനാല്‍ ആറുദിവസമായി ജയിലില്‍ തുടരുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കുന്നതിന് മറ്റ് തടസങ്ങളില്ല എന്നും കോടതി വ്യക്തമാക്കി.

ബോബി ചെമ്മണ്ണൂര്‍ നടത്തിയത് ദ്വയാര്‍ത്ഥ പ്രയോഗമാണെന്ന് കോടതി പറഞ്ഞു. പൊതുസമൂഹത്തില്‍ പറയേണ്ട കാര്യങ്ങളല്ല ഇതൊന്നും. ഇത്തരം പ്രവര്‍ത്തികളോട് ഒരു തരത്തിലുമുള്ള യോജിപ്പില്ല. ബോബിയെ ചടങ്ങില്‍ എതിര്‍ക്കാതിരുന്നത് അവരുടെ മാന്യത കൊണ്ടാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

content summary; Bobby Chemmannur, a businessman, has been granted bail in the Honey Rose case

×