June 05, 2026 |
Share on

ബോണ്ടി ബീച്ച് കൂട്ടക്കൊല; പിന്നില്‍ അച്ഛനും മകനും, കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി

29 വര്‍ഷത്തിനിടെ ഓസ്ട്രേലിയയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്

ഓസ്‌ട്രേലിയയിലെ സിഡ്നിയിലുള്ള ബോണ്ടി ബീച്ചില്‍ നടന്ന തീവ്രവാദ ആക്രമണത്തിന് പിന്നില്‍ അച്ഛനും മകനുമാണെന്ന് തിരിച്ചറിഞ്ഞു. ബീച്ചില്‍ നടന്ന കൂട്ടക്കൊലയില്‍ മരിച്ചവരുടെ എണ്ണം ഒരു കുട്ടിയുള്‍പ്പെടെ 16 ആയി ഉയര്‍ന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 29 വര്‍ഷത്തിനിടെ ഓസ്ട്രേലിയയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.

50 കാരനായ സജിദ് അക്രം, ഇയാളുടെ 24 കാരനായ മകന്‍ നവീദ് അക്രം എന്നിവരാണ് ബീച്ചില്‍ വെടിവയ്പ്പ് നടത്തി ആളുകളെ കൂട്ടക്കൊല ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സജിദ് ഞായറാഴ്ചത്തെ ആക്രമണത്തിനിടെ പോലീസിന്റെ വെടിയേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. 24 കാരനായ നവീദിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ പൊലീസ് കാവലില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സംഭവസ്ഥലത്ത് തന്നെ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന രണ്ട് പേര്‍ രാത്രിയോടെ ആശുപത്രിയില്‍ വച്ചാണ് ജീവന്‍ വെടിഞ്ഞത്. അതിലൊന്ന് 10 വയസുള്ള ഒരു പെണ്‍കുട്ടിയാണ്. സിഡ്‌നിയിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാലു കുട്ടികളിലൊരാളായിരുന്നു ഞായറാഴ്ച്ച രാത്രിയില്‍ മരണമടഞ്ഞത്. ആശുപത്രിയില്‍ വച്ച് മരിച്ച രണ്ടാമത്തെയാള്‍ 40 വയസുള്ള ഒരു വ്യക്തിയാണ്. 10 വയസുള്ള കുട്ടി മുതല്‍ 87 വയസുള്ള വ്യക്തിവരെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനമെന്നാ്‌യിരുന്നു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി, ആന്റണി ആല്‍ബനീസ് വെടിവെപ്പിനെ അപലപിച്ചു പറഞ്ഞത്. ബോണ്ടി ബീച്ച് സന്തോഷവുമായും ആഘോഷങ്ങളുമായും ബന്ധപ്പെട്ട ഒരിടമായിരുന്നെങ്കിലും, കഴിഞ്ഞ രാത്രി സംഭവിച്ച കാര്യങ്ങളാല്‍ എന്നെന്നേക്കുമായി കളങ്കപ്പെട്ടു എന്നും ആല്‍ബനീസ് പറഞ്ഞു.

ആ ആക്രമണം ജൂതവിരുദ്ധ പ്രവര്‍ത്തിയാണെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ‘ഇത് ജൂത സമൂഹത്തെ മനഃപൂര്‍വം ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു. ഏറെ ആഘോഷമാക്കേണ്ടിയിരുന്ന ഹനുക്കയുടെ ആദ്യ ദിനത്തിലാണ് ആക്രമണം നടന്നതെന്നും ജൂത സമൂഹം ദുരിതത്തിലാണെന്നും ആല്‍ബനീസ് പറഞ്ഞു.

‘ഇന്ന്, എല്ലാ ഓസ്ട്രേലിയക്കാരും അവരെ ചേര്‍ത്ത് നിര്‍ത്തുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്നു. ജൂതവിരുദ്ധത ഇല്ലാതാക്കാന്‍ ആവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും. അതൊരു വിപത്താണ്, ഞങ്ങള്‍ അത് ഒരുമിച്ച് തുടച്ചുനീക്കും.’ പ്രധാനമന്ത്രിയുടെ വാക്കുകള്‍.

അക്രമികള്‍ രണ്ടു പേര്‍ മാത്രമാണെന്നാണ് ന്യൂ സൗത്ത് വെയില്‍സ് പോലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചത്. സജിദ് അക്രം ലൈസന്‍സുള്ള ആറ് തോക്കുകള്‍ കൈവശം വച്ചിരുന്നുവെന്നാണ് ലാന്‍യോണ്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പറഞ്ഞത്.ഏകദേശം പത്തു വര്‍ഷത്തേളമായി അയാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നു. ഈ തോക്കുകളാണോ അയാള്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്നകാര്യം സ്ഥിരീകരിക്കാന്‍ ബാലിസ്റ്റിക്, ഫോറന്‍സിക് പരിശോധനകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.ു.

സജിദും മകന്‍ നവീദ് അക്രമും താമസിച്ചിരുന്ന കാംപ്സിയിലും ബോണിറിഗ്ഗിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

ബോണ്ടി ബീച്ച് വെടിവെയ്പ്പിനെ തീവ്രവാദ ആക്രമണമായാണ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് സ്‌ഫോടക ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവ നിര്‍വീര്യമാക്കാന്‍ പൊലീസിന് സാധിച്ചതായി ലാന്‍യോണ്‍ പറഞ്ഞു.

ഓപ്പറേഷന്‍ ഷെല്‍ട്ടറിന്റെ ഭാഗമായി തിങ്കളാഴ്ച ജൂത ജനസംഖ്യ കൂടുതലുള്ള പ്രാന്തപ്രദേശങ്ങളില്‍ 328 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും ലാന്‍യോണ്‍ പറഞ്ഞു.

സിഡ്നിയിലെ ഒമ്പത് ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ 26 പേരുടെ ആരോഗ്യസ്ഥിതി ആശാവഹമാണ്. ഏഴ് പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. നാല് പേരുടെ നിലവിലെ അവസ്ഥ മോശമാണെങ്കിലും അവരുടെ കാര്യത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്നാണ് ആശുപത്രിയധികൃതര്‍ അറിയിച്ചത്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലണ്ടനില്‍ ജനിച്ച റബ്ബി എലി ഷ്‌ലാങ്ങര്‍ എന്ന 41 കാരനാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇദ്ദേഹം ചബാദ് ഓഫ് ബോണ്ടി ജൂത സാംസ്‌കാരിക കേന്ദ്രത്തിലെ അസിസ്റ്റന്റ് റബ്ബിയായിരുന്നു. ഹോളോകോസ്റ്റ് അതിജീവിച്ച യുക്രേനിയന്‍ വംശജനായ അലക്‌സ് ക്ലൈറ്റ്മാനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ട മറ്റൊരാള്‍ തങ്ങളുടെ പൗരനാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ആക്രമണ വാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്ന് മെല്‍ബണിലെ ഹനുക്ക ആഘോഷങ്ങള്‍ ഞായറാഴ്ച നേരത്തെ അവസാനിപ്പിച്ചു.

Content Summary; Bondi beach terror attack; 17 people including a child death. A father and son have been identified as the alleged shooters

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×