ചലച്ചിത്രാവിഷ്കാരത്തിന് മേൽ കത്രികവെക്കുന്ന സെൻസർ ബോർഡിന്റെ നടപടിയുടെ പുതിയ ഉദാഹരണമാണ് ആനന്ദ് മഹാദേവൻ ചിത്രം ഫൂലെയിൽ ആവശ്യപ്പെട്ടിരിക്കുന്ന തിരുത്തലുകൾ. വെള്ളിയാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി നീട്ടിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടാഴ്ച വൈകിയാകും ചിത്രം തീയറ്ററുകളിലെത്തുക.
ചിത്രത്തിലെ നിരവധി സംഭാഷണങ്ങൾ നീക്കം ചെയ്യാനും പരിഷ്കരിക്കാനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമമായ മിഡ് ഡേ റിപ്പോർട്ട് ചെയ്തു. സാമൂഹ്യപരിഷ്കർത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി റാവു ഫൂലെ എന്നിവരുടെ ജീവിതകഥ പറയുന്ന ചിത്രം, മഹാരാഷ്ട്രയിലെ ബ്രാഹ്‌മണ്‍ സമുദായ സംഘടനകളുടെ എതിര്‍പ്പിന് പിന്നാലെയാണ് റിലീസ് നീട്ടിയത്. ചിത്രം ജാതീയത പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ബ്രാഹ്മിൺ ഫെഡറേഷൻ പ്രസിഡന്റ് ആനന്ദ് ദവെ ആരോപിച്ചു. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ തന്നെ ആനന്ദ് ദവെ ആരോപണങ്ങളുയർത്തി രംഗത്തെത്തിയിരുന്നു. എന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ ട്രെയിലറിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്.
ജാതിവ്യവസ്ഥ ചർച്ച ചെയ്യുന്ന വോയ്സ് ഓവർ നീക്കം ചെയ്യണമെന്നാണ് സിബിഎഫ്‌സി നിർദേശിച്ചിരിക്കുന്നത്. കൂടാതെ മഹർ, മാങ്, പേഷ്വായ്, മനു ജാതി വ്യവസ്ഥ തുടങ്ങിയ പരാമർശങ്ങൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മാറ്റങ്ങൾ ആവശ്യപ്പെട്ടുള്ള സിബിഎഫ്‌സിയുടെ നിർദേശത്തിന് പിന്നാലെ സംവിധായകൻ ആനന്ദ് മഹാദേവൻ, നിർമാതാക്കളുമായും മുൻ മന്ത്രി ഛഗൻ ഭുജ്ബലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുർന്ന് ചിത്രത്തിന് ഛഗൻ ഭുജ്ബൽ പിന്തുണയറിയിച്ച് സംസാരിക്കുകയും ചെയ്തു.
മഹാത്മ ഫൂലെയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഹിന്ദി ചിത്രമാണിതെന്നും എല്ലാവരും സിനിമ കാണണമെന്നും ഛഗൻ ഭുജ്ബൽ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.
ഭയമില്ലെന്നും ഭയം ഉള്ളിൽവെച്ച് കൊണ്ട് ചെയ്യേണ്ട സിനിമയല്ല ഫൂലെയെന്നുമാണ് സിനിമയുടെ റിലീസ് തീയതി നീട്ടിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് സംവിധായകൻ ആനന്ദ് മഹാദേവൻ നൽകിയ മറുപടി.
കലാസൃഷ്ടിക്ക് അവകാശമുള്ള സ്വാതന്ത്ര്യം എല്ലാ സിനിമയിലും എടുക്കുന്നുണ്ട്. ഇങ്ങനെയുള്ള സംശയങ്ങളും ഭയവും വെച്ചുകൊണ്ടല്ല സിനിമ ചെയ്യുന്നത്. നിർഭയരായ ദമ്പതികളെക്കുറിച്ച് സംസാരിക്കുന്ന സിനിമ ചെയ്യുമ്പോൾ ഭയം ഉള്ളിൽ കൊണ്ട് നടന്നാൽ, അവർ സിനിമ ചെയ്യാൻ യോഗ്യരല്ലാത്തവരാകും, ആനന്ദ് മഹാദേവൻ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.
സത്യസന്ധമായി, വസ്തുതകളോട് ചേർന്ന് നിൽക്കുന്ന തരത്തിൽ സിനിമ ചെയ്യുകയാണ് വേണ്ടതെന്നും ഒരിക്കലും യാഥാർത്ഥ്യബോധമില്ലാത്തതായി തോന്നരുതെന്നും ആനന്ദ് മഹാദേവൻ കൂട്ടിച്ചേർത്തു.
വിധവകളുടെയും ദളിതരുടെയും സാമൂഹ്യ അവസ്ഥകൾ മാറ്റുന്നതിന് വേണ്ടി ജ്യോതിറാവു ഫൂലെയും സാവിത്രി റാവു ഫൂലെയും നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രതീക് ഗാന്ധി, പത്രലേഖ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Summary: Brahmins’ opposition, CBFC Asks Makers to Remove Caste-Based Terms from ‘Phule’ movie