വില്ലനിൽ നിന്ന് ഹീറോയായ പൗളോ റോസ്സി!

ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ക്ലാസ്സിക്‌ മത്സരമായി കണക്കാക്കപ്പെടുന്ന 1982- ലെ ബ്രസീൽ-ഇറ്റലി ഏറ്റുമുട്ടലിന്റെ ആവേശം കൊള്ളിക്കുന്ന കഥ

ബ്രസീലിൽ “സാരിയ ദുരന്തം” എന്ന് എന്നെന്നേക്കുമായി അറിയപ്പെടുന്ന മത്സരമാണ് 1982- ലെ സ്പെയിൻ ലോകകപ്പിലെ സാരിയയിൽ നടന്ന ബ്രസീൽ-ഇറ്റലി മത്സരം. ലോകകപ്പിലെ എക്കാലത്തെയും ക്ലാസിക്ക് എന്നറിയപ്പെടുന്ന ഈ മത്സരത്തിന് ഒരു കളിക്കപ്പുറത്തെ ചില സവിശേഷതകൾ ഉണ്ട്. ക്രൂശിക്കപ്പെട്ട ഒരു കളിക്കാരൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെയും, അജയ്യരെന്ന് കരുതിയ, 1982- ലെ ബ്രസീൽ ടീമിൻ്റെ അവിശ്വസനീയമായ പരാജയവും, ശൂന്യതയിൽ നിന്ന് 82- ലെ ലോകകപ്പ് ചാമ്പ്യൻമാരായ ഇറ്റലിയുടെ കഥയും ഇതിലുണ്ട്. ഇതുകൊണ്ട് കൂടിയാണ് ഈ മത്സരത്തെ ക്ലാസ്സിക് എന്ന് വിളിക്കുന്നത്. ലോകകപ്പ് ഫുട്ബോളിൻ്റെ ഏറ്റവും അവിസ്മരണീയമായ ചരിത്ര സംഭവമായി ഈ മത്സരം നിലനിൽക്കുന്നു.

നാൽപ്പത്തിനാലു വർഷം മുൻപ്, 1982- ലെ ജൂലൈ 5. കാനറികൾ എന്ന ബ്രസീലുകാർക്ക് അന്ന് ഫുട്ബോൾ മരിച്ച ദിവസമായി. ഇറ്റലിയോട് തോറ്റ് ബ്രസീൽ 1982- ലെ സ്പെയിൻ ലോകകപ്പിൽ നിന്നും പുറത്തായി. ഒരിക്കലും മറക്കാത്ത ആ തോൽവിയെ ബ്രസീലുകാർ ഇങ്ങനെ വിളിച്ചു “ഫുട്ബോൾ മരിച്ച നാൾ!”. 1982- ൽ സ്പെയിനിൽ നടന്ന മത്സരത്തിൽ ഫുട്ബോൾ ലോകകപ്പ് നേടുമെന്ന് ഉറപ്പിച്ചിരുന്ന ബ്രസീലിനെ സി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ 3-2 ന് തകർത്ത് ഇറ്റലി സെമി ഫൈനലിൽ പ്രവേശിച്ചു എന്നതായിരുന്നു ആ വിശേഷണത്തിന് കാരണം. ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും മികച്ചതായി ചരിത്രത്തിലിടം പിടിച്ച ആ മത്സരത്തിൻ്റെ ആവേശവും ചാരുതയും തുടർന്നുള്ള ഇറ്റലിയുടെ ലോകകപ്പ് വിജയവും ഇപ്പോഴും ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ മായാതെയുണ്ട്.

1982- ലെ ബ്രസീൽ-ഇറ്റലി ടീമുകൾ

ഫുട്ബോൾ ചരിത്രത്തിൽ ഇത്രയും നാടകീയവും, ഇത്രയും കാവ്യാത്മകവുമായ മത്സരത്തിൻ്റെ കഥകൾ വിരളമാണ്. ഇത് ഒരു കളിക്കാരന്റെ വിജയഗാഥ മാത്രമല്ല. അപമാനത്തിനുമേലുള്ള മനുഷ്യന്റെ വിജയത്തിന്റെ കഥയാണിത്. ഇത് പൗളോ റോസ്സി എന്ന ഇതിഹാസമായ ഫുട്ബോളറുടെ വിജയകഥയാണ്. ഇറ്റലിയുടെ ലോകകപ്പ് വിജയത്തിൻ്റെ ചരിത്രമാണ്. ഒരിക്കലും ലോകകപ്പ് നേടാൻ കഴിയാതെ പോയ, ബ്രസീലിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമിൻ്റെ തോൽവിയുടെ കഥയാണ്. സീക്കോയും സോക്രട്ടീസും ഫാൽക്കാവോയും എഡറുമടങ്ങുന്ന സ്വപ്നതുല്യമായ 1982-ലെ ബ്രസീലിയൻ ടീമിൻ്റെ ദുരന്ത കഥ.

44 വർഷങ്ങൾക്ക് മുമ്പ്, 1982 ജൂലൈ 5- ന് സ്പെയിനിലെ ബാഴ്‌സലോണയിലെ സാരിയ സ്റ്റേഡിയത്തിൽ ചൂടുള്ള ഉച്ച നേരത്ത് നടന്ന ബ്രസീൽ-ഇറ്റലി മത്സരം ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലാസിക് മത്സരമായി മാറി. ടൂർണ്ണമെൻ്റിലുടനീളം താളഭംഗിയോടെ കളിച്ച ഒരു മികച്ച ടീമായി, ചിറകുകൾ വിടർത്തി കാനറികൾ മുന്നേറി. മറ്റ് ടീമുകളെയെല്ലാം നിഷ്പ്രഭമാക്കിയാണ് ബ്രസീൽ അവരുടെ പ്രകടനം കാഴ്ച വെച്ചത്. 1982-ലെ സ്‌പെയിനിലെ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻ്റ് ആരംഭിച്ചപ്പോൾ അത്തവണ ബ്രസീൽ ജേതാക്കളാകുമെന്ന് വാതുവെയ്പ്പുകാർക്ക് മാത്രമല്ല ഫുട്ബോൾ കളി കാണുന്ന എല്ലാവർക്കും ഉറപ്പായിരുന്നു. എന്നാൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ആദ്യറൗണ്ടിൽ ഒരു കളി പോലും ജയിക്കാതെ സമനില നേടി ഗോൾ ശരാശരിയിൽ ഭാഗ്യം കൊണ്ട് മാത്രം രണ്ടാം റൗണ്ടിലെത്തിയ ഇറ്റലിക്ക് ലോകകപ്പ് വിജയം ഒരിക്കലും സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു. എന്നാൽ അസാധ്യമായത് സാധ്യമായി. ലോകകപ്പ് നേടുകയെന്ന ബ്രസീലിൻ്റെ വിജയ ലക്ഷ്യങ്ങളെ ഇല്ലാതാക്കി ഇറ്റലി അവരെ തോൽപ്പിച്ച് ഫുട്ബോൾ പ്രേമികളെ ഞെട്ടിച്ചു. ലോകകപ്പ് സെമി ഫൈനലിൽ എത്താനുള്ള അവസാനത്തെ ഗ്രൂപ്പ് മാച്ചിൽ ഇറ്റലിയുമായുള്ള മത്സരത്തിൽ ബ്രസീലിന് ഒരു സമനില മാത്രം മതിയായിരുന്നു. എന്നിട്ടും എക്കാലത്തെയും ചരിത്ര ദുരന്തമായി ബ്രസീൽ മത്സരത്തിൽ തോറ്റു. 48 വർഷങ്ങൾക്ക് ശേഷം, ഇറ്റലിയുടെ മൂന്നാം ലോകകപ്പ് വിജയത്തിന് ബ്രസീലിൻ്റെ തോൽവി പിന്നെ വഴിയൊരുക്കി.

ബ്രസീൽ-ഇറ്റലി ക്ലാസിക്ക് മത്സരത്തിൽ നിന്ന്

ചരിത്രം കുറിച്ച ആ മത്സരത്തിൽ മറ്റൊരു കളിക്കാരൻ്റെ ഉയർത്തെഴുപ്പും ലോകഫുട്ബോൾ കണ്ടു. ലോക ഫുട്ബോളിൽ സമാനതകളില്ലാത്ത ഒരു ഫുട്ബോൾ കളിക്കാരൻ്റെ പുനർജന്മമായിരുന്നു അത്. ഇറ്റലിയുടെ പൗളോ റോസ്സിയെന്ന ഹ്രസ്വകായനായ ഫോർവേർഡിൻ്റെ ദിവസമായിരുന്നു അന്ന്. വാതുകെട്ട് അപവാദത്തോടനുബന്ധിച്ച് രണ്ട് വർഷത്തെ സസ്പെൻഷനു ശേഷം 1982 ഏപ്രിലിൽ വീണ്ടും ഫുട്ബോൾ രംഗത്ത് തിരികെയെത്തി കളിക്കാൻ തുടങ്ങിയ പൗളോ റോസ്സി ഇറ്റലിക്ക് നിസ്തുലമായ ഒരു വിജയം അന്ന് കുറിച്ചുകൊടുത്തു.

80- കളുടെ തുടക്കത്തിൽ പുതിയ ബ്രസീൽ ഫുട്ബോൾ മാനേജരായി ടെലി സന്റാനയെ നിയമിച്ചു. റിയോ ഡി ജനീറോ ടീമായ ഫ്ലൂമിനൻസിൽ ഒമ്പത് വർഷത്തിനിടെ 164 ഗോളുകൾ നേടിയ ഒരു വിംഗറായിരുന്നു സൻ്റാന. ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരിൽ ഒരാളാണ് അദ്ദേഹം. ശൈലിയും ഭംഗിയും ഒന്നിച്ച കളിക്കാരൻ എന്ന നിലയിൽ ടെലി സൻ്റാന പ്രശസ്തനായിരുന്നു. തൻ്റെ കളിക്കാരിൽ നിന്നും അദ്ദേഹം ഇതേ കാര്യങ്ങൾ തന്നെ(ശൈലിയും ഭംഗിയും മികച്ച കളിയും) ആവശ്യപ്പെട്ടു.സ്പെയിൻ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽ വെനിസ്വേലയെയും ബൊളീവിയയെയും 1-0, 2-1 എന്ന സ്കോറിനു പരാജയപ്പെടുത്തിക്കൊണ്ടാണ് ടെലി സൻ്റാനയുടെ നേതൃത്വത്തിൽ ബ്രസീൽ തങ്ങളുടെ പ്രകടനം ആരംഭിച്ചത്. കൂടാതെ, 1981 മെയ് മാസത്തിൽ നടത്തിയ യൂറോപ്യൻ പര്യടനത്തിൽ, പ്രബല ശക്തികളായ ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി എന്നിവരെ ബ്രസീൽ അവരുടെ നാട്ടിൽ തന്നെ തോൽപ്പിച്ചു. 1970-ൽ പെലെയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ ആരാധകരെ ആകർഷിച്ച തന്ത്രപരമായി അച്ചടക്കമുള്ള, സ്ഥിരം ശൈലിയിൽ നിന്ന് വ്യത്യസ്തമായ ഒഴുക്കോടെയുള്ള കളിയാണ് പുതിയ ബ്രസീൽ ടീം കളിച്ചത്. 1970 ലോകകപ്പിൽ പെലെയും ബ്രസീലും നേടിയ നേട്ടങ്ങൾ, തുടർന്നുള്ള രണ്ട് ടൂർണമെന്റുകളിലെയും (74 ലോകകപ്പിലും 78 ലോകകപ്പിലും) മറന്നുപോയ ഒരു സ്വപ്നമായി ബ്രസീലുകാർക്ക് തോന്നി തുടങ്ങിയിരുന്നു. 1982- ൽ അത് തിരുത്താൻ ടെലി സൻ്റാന ഒരുങ്ങി. ഇത്തവണ സ്പെയ്നിൽ ലോകകപ്പ് കിരീടം ഉയർത്തുക!ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുടെ ഒരു ടീമായി ടെലി സൻ്റാനയുടെ കീഴിൽ ബ്രസീൽ അപ്പോഴേക്കും രൂപാന്തരപ്പെട്ടിരുന്നു.

ബ്രസീൽ ഫുട്ബോൾ മാനേജരായിരുന്ന ടെലി സന്റാന

ഫ്ലെമെംഗോ ക്ലബ്ബിൻ്റെ ഏറ്റവും മികച്ച കളിക്കാരനായ ‘വെളുത്ത പെലെ’ എന്ന് വിളിക്കപ്പെട്ട സീക്കോവായിരുന്നു ബ്രസീലിൻ്റെ ഉജ്ജ്വലതാരം. 10ാം ജഴ്‌സി നമ്പറുകാരൻ. “എന്നോട് ഏറ്റവും അടുത്തുനിന്ന ഒരേയൊരു കളിക്കാരൻ സീക്കോ ആയിരുന്നു”- ഫുട്ബോൾ ദൈവം പെലെ ഒരിക്കൽ സീക്കോയെ ഇങ്ങനെ വിശേഷിപ്പിച്ചു. സീക്കോ വളരെ സർഗ്ഗാത്മതയുള്ള ഒരു കളിക്കാരനായിരുന്നു. സീക്കോയുടെ മികച്ച സാങ്കേതിക വൈദഗ്ധ്യവും കാഴ്ചപ്പാടും കാരണം അദ്ദേഹത്തെ 70-കളിലും 80-കളിലും ഏറ്റവും നൈപുണ്യമുള്ള ഫിനിഷറായും മികച്ച പാസറായും ഫുട്ബോൾ ലോകം അംഗീകരിച്ചിരുന്നു. അക്കാലത്തെ ഏറ്റവും മികച്ച പ്ലേമേക്കറായിരുന്നു സീക്കോ, ഏത് ദിശയിലേക്കും പന്ത് പായിക്കാനുള്ള സീക്കോയുടെ കഴിവുകൾ അദ്ദേഹത്തെ എക്കാലത്തെയും മികച്ച ഫ്രീ കിക്ക് വിദഗ്ധനാക്കി.

1982-ലെ ബ്രസീൽ ടീമിൻ്റെ നായകൻ, സെന്റർ ഫോർവേഡായ സോക്രട്ടീസ് ഡി ഒലിവേര പ്രൊഫഷനിൽ ഒരു മെഡിക്കൽ ഡോക്‌ടറും, നല്ല രാഷ്ട്രീയ അവബോധവും ചേർന്ന കളിക്കാരനായിരുന്നു. കളിയുടെ ശൈലിയും ഗുണനിലവാരവും കൂടിച്ചേർന്ന് അദ്ദേഹത്തിന് “ബ്രസീലുകാർ ഡോക്‌ടർ സോക്രട്ടീസ് ” എന്നൊരു വിളിപ്പേരും നൽകി. ആക്രമണാത്മകമായോ മധ്യ മിഡ്ഫീൽഡ് റോളിലോ കളിച്ചുകൊണ്ട് മിഡ്ഫീൽഡർ എന്ന നിലയിൽ സോക്രട്ടീസ് പ്രശസ്തനായി. മികച്ച ത്രൂ പാസുകൾ, കൃത്യമായ ലോംഗ് ബോളുകൾ, ലിങ്ക്-അപ്പ് പ്ലേ, മൈതാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, ശാരീരിക ശക്തി എന്നിവയ്ക്ക് സോക്രട്ടീസ് പ്രശസ്തനായിരുന്നു. ആക്രമണാത്മക മുന്നേറ്റങ്ങൾ സംഘടിപ്പിക്കാനുള്ള സോക്രട്ടീസിൻ്റെ കഴിവ് പരിഗണിച്ചാൽ ടീമിൻ്റെ നായകനാവാൻ ടെലി സൻ്റാനക്ക് മറ്റാരും ആവശ്യമില്ലായിരുന്നു. അതിനാൽ ടീമിനെ നയിക്കാൻ സോക്രട്ടീസിനെ തെരഞ്ഞെടുത്തു.

ബ്രസീലിൻ്റെ ക്യാപ്റ്റൻ സോക്രട്ടീസ്, കോച്ച് ടെലി സൻ്റാന, സീക്കോ

വലതു കാൽ കൊണ്ടുള്ള ശക്തവും കൃത്യവുമായ ഷോട്ടും പിന്നിൽ നിന്ന് ആക്രമണാത്മക ഗോൾ നേടാനുള്ള കഴിവും കാരണം സോക്രട്ടീസ് മികച്ച ഗോൾ സ്കോററായിരുന്നു. 1986 വരെ ബ്രസീലിന് വേണ്ടി കളിക്കളത്തിൽ പെനാൽറ്റികൾ ഒന്നു പോലും പാഴാക്കാതെ, അടിച്ചതെല്ലാം ഗോളാക്കിയ കളിക്കാരനായിരുന്നു സോക്രട്ടീസ്. ഉയരം, ഹെഡ്ഡിംഗ് കഴിവ്, എന്നിവ പന്തുമായി വായുവിൽ മികവ് പുലർത്താൻ സോക്രട്ടീസിനെ സഹായിച്ചു. ഇറ്റലിയിലെ റോമാ ക്ലബ്ബിന് വേണ്ടി കളിക്കുന്ന റോബർട്ട് ഫാൽക്കോവായിരുന്നു ബ്രസീലിയൻ ടീമിലെ മറ്റൊരു പ്രഗൽഭൻ. പ്രതിരോധത്തെ നിയന്ത്രിക്കാനും, പന്ത് കൈവശം വയ്ക്കുമ്പോൾ കളിയുടെ വേഗത വർദ്ധിപ്പിച്ച് ഗോളിലേക്ക് മുന്നേറാനും കഴിവുള്ള ഒരു മികച്ച ആധുനിക മിഡ്ഫീൽഡറായി ഫാൽക്കാവോയെ ഫുട്ബോൾ നിരീക്ഷകർ കണക്കാക്കിയിരുന്നു.

റോക്കറ്റ് ഷോട്ടർ എന്നുവിളിച്ച എഡറായിരുന്നു ബ്രസീലിൻ്റെ മറ്റൊരു മുതൽക്കൂട്ട്. ആധുനിക ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്ട്രൈക്കർമാരിൽ ഒരാളായി എഡറെ കണക്കാക്കുന്നു. കൂടാതെ ജൂനിയർ, ലിയാൻ ഡ്രൊ, സെർജീനിയോ, സെറസോ, ഓസ്‌കർ തുടങ്ങിയ ബ്രസീലിയൻ ക്ലബുകളിലെ ഏറ്റവും മികച്ച യുവപ്രതിഭകൾ ചേർന്നതോടെ 1982-ലെ ബ്രസീലിൻ്റെ ലോകകപ്പ് ടീം ആരെയും നേരിടാൻ സന്തുലിതമായിരുന്നു. സീക്കോ, സോക്രട്ടീസ് ഫാൽക്കാവോ, സോക്രട്ടീസ്, ടോറിഞ്ഞോ സെറെസോ എന്നീ കളിക്കാരുടെ ചരിത്ര പ്രസിദ്ധമായ മധ്യനിര കൂട്ട്കെട്ട് രൂപം കൊണ്ടു. ബ്രസീലിലെ ഏറ്റവും പ്രസിദ്ധനായ ഫുട്ബോൾ നിരീക്ഷകനും കമന്റേറ്റർറുമായ ജൂക്ക ക്ഫൗരി ആ ടീമിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു- “അവർ അസാധാരണ കളിക്കാരായിരുന്നതിനാൽ, ഓരോരുത്തർക്കും അവരുടേതായ സ്വഭാവ സവിശേഷതകളുണ്ടായിരുന്നു. എങ്കിലും, അവരുടെ വ്യക്തിത്വങ്ങൾ വളരെ ശക്തവും കാണികളെ വശീകരിക്കുന്നതുമായിരുന്നു.”

നാലാമത്തെ ലോകകപ്പ് ഫുട്ബോൾ കിരീടത്തിനായി ടെലി സൻ്റാനയും കൂട്ടരും സ്പെയിനിലെക്ക് വിമാനം കയറി. ആദ്യ മത്സരത്തിൽ ജൂൺ 14 ന് അവർ സെവില്ലയിൽ തങ്ങളുടെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സോവ്യറ്റ് യൂണിയനെ നേരിടും. അതേ സമയം ഇതിന് മുൻപ് രണ്ട് തവണ ഫുട്ബോൾ ലോകകപ്പ് ജേതാക്കളായ യൂറോപ്പിലെ പ്രബലരായ ഇറ്റാലിയൻ ടീം പ്രശ്നങ്ങളുടെ നടുവിലായിരുന്നു. 1970- ൽ മെക്സിക്കോ ലോകകപ്പ് ഫൈനലിൽ എത്തിയ ബ്രസീൽ ടീമിലെ, പെലെയും കൂട്ടരും ഇറ്റലിയെ തൂത്തു വാരി യുൾറിമേ ലോകകപ്പ് എന്നെന്നേക്കുമായി സ്വന്തമാക്കി. ഇറ്റലി അന്ന് ശക്തമായ ടീമായിരുന്നിട്ടും ഫൈനലിൽ തോറ്റത് 4-1 ന്. അതിൻ്റെ ആഘാതത്തിൽ നിന്ന് കരകയറാൻ അസൂറികൾ എറെ സമയമെടുത്തു. 1974- ലെ ജർമ്മനിയിൽ നടന്ന ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ രണ്ടു മത്സരം ഇറ്റലി ജയിച്ചെങ്കിലും പോളണ്ടിനോട് 2-1 ന് തോറ്റ് അപമാനിതനായി ടൂർണമെൻ്റിൽ നിന്നും ഇറ്റലി പുറത്തായി. 1978- ൽ അർജൻ്റീന ലോകകപ്പിൽ ബ്രസീലിന് പിന്നിൽ 4ാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വന്നു.

1982 സ്പെയിൻ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം

1982- ൽ ഇറ്റലിയുടെ ലോകകപ്പ് ടീം വാർത്തെടുക്കുമ്പോൾ കോച്ച് എൻസോ ബെയർസോട്ട് നിലയില്ലാകയത്തിലായിരുന്നു. ഇറ്റലിയുടെ ഏറ്റവും മികച്ച കളിക്കാരൻ റോബർട്ടോ ബെറ്റിങ്ങ തലയോട്ടിക്കേറ്റ പരിക്ക് കാരണം ലോകകപ്പിൽ കളിക്കില്ലയെന്നത് വൻ തിരച്ചടിയായി. ഒടുവിൽ ഇറ്റാലിയൻ ടീം പ്രഖ്യാപിച്ചു. ഇറ്റലിയിലെ ലോകോത്തര ക്ലബ്ബായ ജൂവൻസിലെ 6 കളിക്കാർ ഉൾപ്പെട്ട ഒരു ടീം. 1982- ലെ സ്പെയിൻ ലോകകപ്പ് തുടങ്ങുമ്പോൾ താരങ്ങളാകുമെന്ന് പ്രവചിച്ച ബ്രസീലിൻ്റെ സീക്കോ, അർജൻ്റീനയുടെ മറഡോണ, ഫ്രാൻസിൻ്റെ മിഷെൽ പ്ലാറ്റിനി, ജർമ്മനിയുടെ റുമ്മനിഗ, ഇംഗ്ലണ്ടിൻ്റെ കെവിൻ കീഗൻ, പോളണ്ടിന്റെ ബോണീക്ക് തുടങ്ങിയ പേരുകളുടെ കൂട്ടത്തിൽ പറയാൻ ഇറ്റലിക്ക് ഒരു കളിക്കാരൻ ഇല്ലായിരുന്നു.

കഴിഞ്ഞ രണ്ട് ലോകകപ്പിൽ ഗോൾ മുഖം കാത്ത നാൽപ്പത്കാരൻ ദിനോ സോഫ് തൻ്റെ മൂന്നാമത്തെ ലോകകപ്പിൽ ഇറ്റാലിയൻ ടീം ക്യാപ്റ്റനായി. കോച്ച്, എൻസോ ബെയർ സോട്ടിൻ്റെ പ്രശ്നങ്ങൾ കളിക്ക് മുൻപേ തുടങ്ങിയിരുന്നു. അതിനു കാരണം ഇറ്റാലിയൻ മാധ്യമങ്ങളും ഫുട്ബോൾ പ്രേമികളും ‘രാജ്യദ്രോഹി’ എന്ന് മുദ്ര കുത്തിയ കളിക്കാരൻ പൗളോ റോസ്സിയെ ടീമിൽ ഉൾപ്പെടുത്തിയതായിരുന്നു. 1970- കളുടെ അവസാനത്തിൽ, ഇറ്റലിയുടെ ഫുട്ബോൾ ലോകത്ത് ഉദിച്ചുയർന്ന താരമായിരുന്നു പൗളോ റോസ്സി. ചെറിയ ശരീരഘടന, മൂർച്ചയുള്ള നോട്ടം, ഗോളുകൾക്കായുള്ള ഒരു അസാമാന്യ വേട്ടക്കാരന്റെ സഹജാവബോധം എന്നിവയാൽ പൗളോ റോസി പെട്ടെന്ന് തന്നെ ഇറ്റലിയുടെ പ്രതീക്ഷയുടെ പ്രതീകമായി മാറി. 1978-ൽ അർജന്റീനയിൽ നടന്ന ലോകകപ്പിൽ, ഇറ്റലിയുടെ ആക്രമണത്തിന്റെ പ്രേരകശക്തികളിൽ ഒരാളായിരുന്നു റോസ്സി. യുവാവായ പൗളോ റോസിയുടെ സമർത്ഥമായ പൊസിഷനിംഗ്, മിന്നൽ പോലുള്ള സ്ട്രൈക്കുകൾ എന്നിവ ആ ലോകകപ്പിൽ ശ്രദ്ധിക്കപ്പെട്ടു.

ഇറ്റലിയുടെ ക്യാപ്റ്റനും ഗോൾകീപ്പറുമായ 40- കാരൻ ദിനോ സോഫ് ബ്രസീൽ- ഇറ്റലി മത്സരത്തിൽ

ഇറ്റാലിയൻ ഫുട്ബോളിന്റെ ഭാവിയെ ഉലച്ച 1980- ലെ “ടോട്ടോണെറോ” എന്നറിയപ്പെട്ട കുപ്രസിദ്ധ വാതുവയ്പ്പ് അപവാദത്തിൽ (ഇറ്റാലിയൻ ഫുട്ബോൾ വാതുവയ്പ്പ് സംവിധാനമായ ടോട്ടോകാൽസിയോയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്) ഒട്ടെറെ കളിക്കാർ, ക്ലബ് ഉദ്യോഗസ്ഥർ, അധോലോക വാതുവയ്പ്പ് സിൻഡിക്കേറ്റുകൾ എന്നിവ കേസിൽ കുടുങ്ങി. അക്കാലത്ത് റോസിയുടെ ക്ലബ്ബായ പെറുഗിയ ഉൾപ്പെടെ നിരവധി ടീമുകൾ ഈ ഒത്തുകളിയിൽ ഉൾപ്പെട്ടിരുന്നു. പൊടുന്നനെ ഇറ്റാലിയൻ ഫുട്‌ബോൾ അവിശ്വാസത്തിന്റെയും നാണക്കേടിൻ്റെയും ഇരുണ്ട അഗാധതയിലേക്ക് കൂപ്പുകുത്തി. ആ അഴിമതിയുടെ ആഘാതം റോസിയുടെ ഫുട്ബോൾ ജീവിതത്തിലേക്കും നേരിട്ട് പതിച്ചു. പൗളോ റോസ്സി ഈ ശൃംഖലയുടെ ഭാഗമായിരുന്നു എന്ന ആരോപണങ്ങൾ ശക്തമായി പ്രചരിച്ചു. ഇറ്റാലിയൻ ഫുട്ബോൾ ട്രൈബ്യൂണൽ വിചാരണ നടത്തി വിധി പ്രസ്താവിച്ചു: ‘പൗളോ റോസ്സി എസ സ്ട്രൈക്കർക്ക് മൂന്ന് വർഷത്തെ അന്താരാഷ്ട്ര വിലക്ക്’. പിന്നീട് രണ്ട് വർഷമായി ശിക്ഷ കുറച്ചെങ്കിലും, ഒരു ഫുട്ബോൾ കളിക്കാരനെ സംബന്ധിച്ചിടത്തോളം അത്തരമൊരു ശിക്ഷ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്; അയാളുടെ സ്വപ്നങ്ങൾ, സ്വത്വം, അസ്തിത്വം എന്നിവയെല്ലാം നാടുകടത്തപ്പെട്ടതുപോലെയായിരുന്നു അത്.

ആ രണ്ട് വർഷങ്ങൾ കടന്നു പോയപ്പോൾ റോസ്സി അക്ഷരാർത്ഥത്തിൽ മാനസികമായി ഒരു തടവറയിലായി. മൈതാനത്ത് നിന്ന്, ആരവങ്ങളിൽ നിന്ന്, ഫുട്ബോളിന്റെ താളത്തിൽ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹത്തിന്, ആഴത്തിലുള്ള അനിശ്ചിതത്വത്തിനും അപമാനത്തിനും ഇടയിൽ കടന്നുപോകുന്ന ഓരോ നിമിഷവും ചിലവഴിക്കേണ്ടി വന്നു. ഒരുകാലത്ത് അദ്ദേഹത്തെ ആരാധനയോടെ നോക്കിക്കണ്ട ഇറ്റാലിയൻ മാധ്യമങ്ങൾ, റോസ്സിയെ “രാജ്യദ്രോഹി” എന്ന് മുദ്രകുത്തി. പൗളോ റോസ്സി എന്ന കളിക്കാരന് യാതൊരു ദയാദാക്ഷ്യണ്യവും അവർ നൽകിയില്ല. ഒരുകാലത്ത് രാജ്യത്തിന്റെ ഫുട്ബോൾ സ്വപ്നങ്ങൾ വഹിച്ചിരുന്ന പൗലോ റോസി ഇറ്റലിയിൽ പിന്നീട് ഒരു നിന്ദ്യനായ വില്ലനായി മാറി.

പൗളോ റോസ്സി

1982- ൽ സ്പെയിൻ ലോകകപ്പിന് രണ്ട് മാസം മുൻപ് റോസ്സിയുടെ സസ്‌പെൻഷൻ പിൻവലിച്ചു. ഇരുട്ട് പടർന്ന രണ്ട് നീണ്ട വർഷങ്ങളിൽ ലോകം മുഴുവൻ അയാളിൽ നിന്ന് അകന്നുപോയപ്പോഴും ഒരാൾ മാത്രം പൗളോ റോസ്സിയുടെ കഴിവുകളിൽ ഉറച്ച വിശ്വാസം അർപ്പിച്ചിരുന്നു. ഇപ്പോഴത്തെ ഇറ്റലിയുടെ പരിശീലകനായിരുന്ന, എൻസോ ബെയർസോട്ട്. മികച്ച കളി കാഴ്ച്ചവെയ്ക്കാൻ ശേഷിയുള്ള കൗശലക്കാരനായ ഒരു സ്‌ട്രൈക്കർ ഇപ്പോഴും പൗളോ റോസ്സിയുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുകയാണെന്ന് എൻസോ ബെയർസോട്ട് ഉറച്ചു വിശ്വസിച്ചു. ആ മറഞ്ഞിരിക്കുന്ന നിധിയായിരുന്നു ബെയർ സോട്ടിന് വേണ്ടത്. ശരിക്കും ഇറ്റലിക്ക് ലോകകപ്പ് നേടാൻ ഏറ്റവും വേണ്ടത്.

ശാരീരികമായി ആരോഗ്യമില്ലാത്തവനും മാനസികമായി തകർന്നവനുമായി രണ്ട് വർഷം മത്സര ഫുട്‌ബോളിൽ നിന്ന് വിട്ടുനിന്ന ഒരു കളിക്കാരനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുക എന്നത് ബെയർസോട്ടിന് മുന്നിലെ ഒരു വലിയ ചൂതാട്ടമായിരുന്നു. ടീം പ്രഖ്യാപനം വന്നപ്പോൾ റോസിയെ “കളിക്കളത്തിലെ ഒരു പ്രേതം” എന്ന് പരിഹസിച്ച് ഇറ്റലിയുടെ മാധ്യമങ്ങൾ രോഷം കൊണ്ട് പൊട്ടിത്തെറിച്ചു. എന്നാൽ ഈ കൊടിയ വിമർശന കൊടുങ്കാറ്റിലും ബെയർസോട്ട് തൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. അയാൾ റോസിയെ സംരക്ഷിക്കുകയും പൗളോ റോസ്സിക്ക് നേരെയുള്ള എല്ലാ വിമർശനങ്ങളേയും പ്രതിരോധിക്കുകയും ചെയ്തു.

ഇറ്റാലിയൻ കോച്ച് എൻസോ ബെയർ സോട്ട് പൗളോ റോസ്സി

നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളുമായാണ് 1982- ലെ സ്പെയിൻ ലോകകപ്പ് ടൂർണമെന്റ് ആരംഭിച്ചത്. ആറ് ഗ്രൂപ്പ് വിജയികളും രണ്ടാം സ്ഥാനക്കാരും രണ്ടാം ഗ്രൂപ്പ് ഘട്ടത്തിലേക്ക് പ്രവേശിച്ചു. മൂന്ന് ഗ്രൂപ്പുകളിലെ നാല് വിജയികൾ സെമി ഫൈനലിൽ മത്സരിക്കും. 1982 ജൂൺ 14- ന് ഗ്രൂപ്പ് 1 ൽ വിഗോയിൽ വെച്ച് ഇറ്റലി ആദ്യ മത്സരത്തിൽ പോളണ്ടിനെ നേരിട്ടു. കാമറൂൺ, പെറു എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകൾ. പോളണ്ടുമായുള്ള ആദ്യമത്സരം വിരസമായ ഗോൾരഹിത സമനിലയിൽ അവസാനിച്ചു. അടുത്ത മത്സരം പെറുവുമായി വീണ്ടും സമനില 1-1, പിന്നെ ആദ്യമായി ലോകകപ്പിനെത്തിയ ആഫ്രിക്കൻ നേഷൻസ് ചമ്പ്യന്മാരായ കാമറൂണുമായി ഇറ്റലി ഏറ്റ് മുട്ടി. വീണ്ടും സമനിലയായ 1-1. ലോകകപ്പിലെ നവാഗതരായ കാമറൂൺ മുൻ ചാമ്പ്യൻമാരായ ഇറ്റലിയെ വിറപ്പിച്ചു വിട്ടു എന്ന് പത്രങ്ങൾ എഴുതി ആഘോഷിച്ചു.

ഇറ്റലിയുടെ ആദ്യ റൗണ്ടിലെ മൂന്ന് മത്സരങ്ങളും സമനിലയിൽ പിരിഞ്ഞു. അടുത്ത ഘട്ടത്തിലേക്ക് വളരെ പ്രയാസപ്പെട്ടാണ് അവർ എത്തിയത്. റോസിയുടെ പ്രകടനങ്ങൾ ദയനീയമായിരുന്നു. മൈതാനത്ത് അദ്ദേഹം മന്ദഗതിയിലും ക്ഷീണിതനായും പൂർണ്ണമായും താളം തെറ്റിയവനുമായി കാണപ്പെട്ടു. സ്വന്തം നാട്ടിൽ പത്രങ്ങൾ ടീമിനെ കൊന്നു കൊലവിളിയും. കോച്ച് എൻസോ ബെയർസോട്ടിന്റെ ചൂതാട്ടം അതിദനനീയമായി പരാജയപ്പെട്ടുവെന്നും ‘മൈതാനത്തെ പ്രേതം’ പൗളോ റോസിയുടെ യുഗം അവസാനിച്ചുവെന്നും ഇറ്റാലിയൻ ഫുട്ബോൾ ലോകം മുറവിളി കൂട്ടി.

ഇറ്റലിക്കെതിരെ സമനില ഗോൾ നേടിയ ആഹ്ലാദം പങ്കിട്ട് സോക്രട്ടീസും സീക്കോയും

അതേ സമയം, ബ്രസീൽ ഗ്രൂപ്പ് ആറിൽ തങ്ങളുടെ ജൈത്രയാത്ര ആരംഭിച്ചു. സോവിയറ്റ് യൂണിയൻ, സ്കോട്ട്ലണ്ട്, ന്യൂസിലണ്ട് എന്നിവരായിരുന്നു എതിരാളികൾ. ബ്രസീൽ സോവിയറ്റ് യൂണിയനെ 2-1 ന് തകർത്ത് ലോകകപ്പ് വിജയം ആരംഭിച്ചു. അവർ സ്കോട്ട്ലൻഡിനെ 4-1 നും ന്യൂസിലൻഡിനെ 4-0 നും പരാജയപ്പെടുത്തി. സീക്കോ – സോക്രട്ടീസ് – ഫാൽക്കാവോ എഡർ, ജൂനിയർ എന്നിവർ മൈതാനത്ത് ഫുട്ബോളിൻ്റെ സൗന്ദര്യം എന്തെന്ന് ലോകത്തിന് കാട്ടി കൊടുത്തു.

സോവിയറ്റ് യൂണിയനുമായുള്ള ആദ്യ മത്സരത്തിൽ ബ്രസീൽ ഒരു ഗോളിന് പിന്നിട്ട് നിന്നു. എങ്കിലും, 75ാം മിനിറ്റിൽ ക്യാപ്റ്റൻ സോക്രടീസിൻ്റെ മനോഹരമായ ലോങ്ങ് റേഞ്ച് ഷോട്ട് സോവിയറ്റ് ഗോളി റിനാറ്റ് ദാസ്യേവിനെ കീഴടക്കി വലയിലാക്കി ഗോൾ നേടി ബ്രസീൽ സമനില നേടി. 88ാം മിനിറ്റിൽ എഡറിൻ്റെ മിന്നൽ ഷോട്ട് വീണ്ടും. സോവ്യറ്റ് വലയിൽ 2-1 ന് ബ്രസീൽ മത്സരം ജയിച്ചു. അടുത്ത മത്സരത്തിൽ ബ്രസീൽ സ്കോട്ടലൻ്റിനെ 4 -1 ന് തകർത്തു. സീക്കോ , എഡർ, ഒസ്കർ, ഫാൽകാവോ എന്നിവർ നേടിയ ഗോളുകൾ ഗാലറിയിലെ ബ്രസീലിയൻ ആരാധകരെ ആവേശത്തിലാക്കി. അതിൽ സീക്കോ എന്ന മാന്ത്രികൻ്റെ ഫ്രീകിക്ക് വലയിലേക്ക് പാഞ്ഞ് വന്നപ്പോൾ ഒരു മുൻനിശ്ചയം പോലെ സ്കോട്ട്ലണ്ട് ഗോൾകീപ്പർ അല്ലൻ റോ ആ ഗോൾ തടയാതെ നോക്കി നിന്നത് അപൂർവ്വമായ ഒരു ലോകകപ്പ് കാഴ്ചയായിരുന്നു. അതോടെ മഞ്ഞ നിറത്തിലുള്ള വേഷവുമായി ബ്രസീലിയൻ ആരാധകർ ആരവങ്ങളോടെ സ്റ്റേഡിയത്തെ കീഴടക്കി.

ഓരോ മത്സരം കഴിയും തോറും ബ്രസീൽ കളിക്കാർ അസാമാന്യ ഫോമിലായി. അത് സാക്ഷാത്ക്കരിച്ച മത്സരമായിരുന്നു ന്യൂസിലാൻ്റിനെ എതിരില്ലാത്ത 4 ഗോളിന് തകർത്തത്. അതിൽ സീക്കോ നേടിയ ആദ്യ ഗോൾ ഇന്നും ലോകഫുട്ബോളിൽ ചാരുതയാർന്ന, അഴയേറിയ ഫുട്ബോളിൻ്റെ പ്രതീകമായി വിലയിരുത്തപ്പെടുന്നു. 28ാം മിനിറ്റിൽ വലതു വശത്ത് നിന്ന് ബ്രസീലിയൻ ഫുൾബാക്ക്, ലിയാൻഡ്രോ ന്യൂസിലണ്ട് ഗോൾ മുഖത്തേക്ക് തൊടുത്ത പന്ത് സീക്കോ വായുവിൽ പറന്നുയർന്ന് ഒരു ബൈസിക്കിൾ കിക്കിലൂടെ ഗോളാക്കി. ലോക ഫുട്ബോൾ ചരിത്രത്തിലെ മനോഹരമായ ഫിനിഷിംഗിൽ ഒന്നായിരുന്നു സീക്കോ എന്ന ഫുട്ബോൾ മാന്ത്രികന്റേത്.

ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലാണ്ടിനെതിരെ ബൈസിക്കിൾ കിക്കിലുടെ സീക്കോ ഗോൾ നേടുന്നു

ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ ബ്രസീൽ അടിച്ചത് 10 ഗോൾ. വഴങ്ങിയത് 2 എണ്ണം. അജയ്യരായി രണ്ടാം റൗണ്ടിൽ മരണഗ്രൂപ്പ് എന്നറിയപ്പെട്ട സി ഗ്രൂപ്പിൽ എത്തി. പരമ്പരാഗത ശക്തികളായ ഇറ്റലി, അർജൻ്റീന എന്നിവരായിരുന്നു ബ്രസീലിൻ്റെ എതിരാളികൾ. അതാണ് മരണഗ്രൂപ്പ് എന്ന് വിളിച്ചത്. ഇറ്റലി ആദ്യ മത്സരത്തിൽ 2-1 ന് അർജൻ്റീനയെ തറപറ്റിച്ചു. ലോകകപ്പിലെ ആദ്യ ജയം. 21-കാരനായിരുന്ന മറഡോണയെന്ന ലോകത്തിലെ ഏറ്റവും വിലപിടിച്ച കളിക്കാരന് ഇറ്റലിക്കെതിരെ തൻ്റെ മാന്ത്രിക ചെപ്പ് പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഇറ്റലിയുടെ പരുക്കനായ പ്രതിരോധക്കാരനെന്ന് കുപ്രസിദ്ധനായ ക്ലോഡിയോ ജെന്റൈൽ മറഡോണയെ തുടർച്ചയായി ടാക്കിൾ ചെയ്ത് അനങ്ങാൻ സമ്മതിക്കാതെ തളച്ചു. അടുത്ത മത്സരത്തിൽ ബ്രസീൽ അർജ്ജൻ്റീനയെ 3-1 ന് തകർത്തു. ടെലി സൻ്റാനയുടെ കാനറിക്കൂട്ടങ്ങൾക്ക് ലോകകപ്പ് നേടാൻ 2 ചുവട് മാത്രം. അവസാന മത്സരത്തിൽ ഇറ്റലിയെ നേരിടുമ്പോൾ ജയം വേണ്ട. വെറും ഒരു സമനില മതി. ബ്രസീലിന് ഗോൾ ശരാശരിയിൽ സെമിയിൽ എത്താം.

ബ്രസീലും ഇറ്റലിയും എല്ലാ ലോകകപ്പിലും ഫേവറൈറ്റുകളായിട്ടായിരുന്നു മത്സരിച്ചത്. എന്നാൽ, 1982- ലെ സ്പെയിൻ ലോകകപ്പിൽ അങ്ങനെയല്ലായിരുന്നു. 82- ലെ ലോകകപ്പിൽ പ്രകടനത്തിൻ്റെ നിലവാരത്തിൽ ടെലി സൻ്റാനയുടെ ബ്രസീലിനെ ജയിക്കാൻ എൻസൊ ബെയർ സോട്ടിൻ്റെ രണ്ടാം നിരക്ക് പ്രാപ്തിയില്ലായിരുന്നു. ഒരു ടീമിനും ബ്രസീലിനെ തോൽപ്പിക്കാൻ സാധ്യമല്ല എന്ന് സ്പെയിൻ ലോകകപ്പിലെ ആദ്യ റൗണ്ടിൽ വ്യക്തമായിരുന്നു. 1982 ജൂലൈ 5- ന് ബാർസലോണയിലെ സരിയയിൽ ബ്രസീലുമായുള മത്സരം ആരംഭിക്കുന്നതിന് മുമ്പുതന്നെ, മധ്യനിരയിൽ ബ്രസീൽ ആധിപത്യം സ്ഥാപിക്കുമെന്ന് ഇറ്റലിക്ക് അറിയാമായിരുന്നു. സീക്കോ , ഫാൽക്കാവോ, സോക്രട്ടീസ്, ജൂനിയർ, എഡർ, എന്നിവരുടെ പ്രകടനം പിടിച്ച് കെട്ടാൻ തങ്ങൾ ശരിക്കും വിയർക്കുമെന്ന് അസൂറികൾക്ക് നന്നായി അറിയാമായിരുന്നു. എങ്കിലും തൻ്റെ നിർണ്ണായകമായ അവസാന മത്സരത്തിൽ ക്യാപ്റ്റനും ഗോൾ കീപ്പറുമായ ദിനോ സോഫ് ഉറച്ച് നിന്നു. തന്റെ സൈന്യത്തെ സജ്ജമാക്കിയ ഒരു ജനറലിനോട് സാമ്യമുള്ളവൻ. 40 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്നിട്ടും, ’പ്രായം കൂടും തോറും വീഞ്ഞിന് വീര്യം കൂടും’ എന്ന വിശ്വാസത്തിൽ ദിനോ സോഫ് ഗോൾപോസ്റ്റിൽ നിലയുറപ്പിച്ചു. അദ്ദേഹത്തിന്റെ കമാൻഡർമാരായ ജെന്റൈലും സിറിയയും മധ്യഭാഗത്ത്, കബ്രിനിയും കൊളോവട്ടിയും ഇറ്റാലിയൻ പ്രതിരോധനിരയെ കാക്കും. സീക്കോയെ മാർക്ക് ചെയ്യാൻ ക്ലോഡിയോ ജെന്റൈൽ എന്ന ഇറ്റലിയുടെ പരുക്കനായ പ്രതിരോധക്കാരൻ രംഗത്തുണ്ടാകും.

പൗലോ റോസ്സി മുന്നേറുന്നു പിറകിൽ ബ്രസീലിയൻ ഡിഫണ്ടർ ജൂനിയർ

മത്സരത്തിന് മുമ്പ് ഡ്രസ്സിംഗ് റൂമിൽ, ടെലി സാന്റാന തൻ്റെ കുട്ടികളോട് പറഞ്ഞു- “പ്രതിരോധമല്ല, വിജയത്തിനായി കളിക്കുക. നമുക്ക് സമനിലയല്ല വിജയമാണ് വേണ്ടത്”. അതായിരുന്നു യഥാർത്ഥ ബ്രസീലിയൻ രീതി എന്ന് ടെലി സാന്റാന അവരെ ഓർമ്മിപ്പിക്കുകയായിരുന്നു. ഇറ്റലിക്ക് മേൽ ബ്രസീലിന്റെ വിജയത്തെ കുറിച്ച് ആർക്കും ആശങ്കയില്ലായിരുന്നു. ഒരാൾക്കൊഴിച്ച്… അത് റോബർട്ടോ ഫാൽക്കോവോവിനായിരുന്നു. ഇറ്റലിയിലെ റോമാ ക്ലബിന് വേണ്ടി കളിക്കുന്ന ഫാൽക്കാവോ യാഥാർത്ഥ്യത്തോടെ ചിന്തിക്കുന്നവനായിരുന്നു. ആക്രമണത്തിൽ വളരെ സമർത്ഥനായ കളിക്കാരനായ ഇറ്റാലിയൻ ലെഫ്റ്റ് ബാക്ക് അന്റോണിയോ കബ്രിനിയുടെ ഫോം കഴിഞ്ഞ മത്സരത്തിൽ ഉണർന്നത് അയാൾ ഓർമ്മിച്ചു. അർജൻ്റനക്കെതിരെ ആദ്യ ഗോൾ നേടി കബ്രിനി ഫോമിലായി. ഫാൽക്കാവോ ആശങ്ക പ്രകടിപ്പിച്ചു. മുൻ മത്സരത്തിൽ ഡീഗോ മറഡോണയെ തളച്ച ഡിഫൻഡർ ക്ലോഡിയോ ജെന്റൈൽ മത്സരത്തിൻ സീക്കോയെ നിരന്തരം പിന്തുടരുമെന്ന് ഫാൽക്കോ ആശങ്ക പ്രകടിപ്പിച്ചു. എതിരാളികളെ എങ്ങനെ നേരിടണമെന്ന് ഇറ്റലിക്ക് അറിയാമായിരുന്നു; അർജന്റീനയ്‌ക്കെതിരായ ഇറ്റലിയുടെ വിജയം അത് തെളിയിച്ചു. ഇറ്റലിയെ ആ ലോകകപ്പിൽ പുനരുജ്ജീവിപ്പിച്ച ഒരു വിജയം. ഫാൽക്കാവോ ഒരു കാര്യത്തിൽ ആശ്വാസം കണ്ടെത്തി. അവരുടെ പ്രധാന സ്‌ട്രൈക്കർ പൗളോ റോസിക്ക് ഇതുവരെ ഒരു മത്സരത്തിലും ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല.

മത്സരം വീണ്ടും സമനിലയിലാക്കി (2-2 ) ഗോൾ നേടിയ റോബർട്ട് ഫാൽക്കാവോ ആഘോഷത്തിൽ

1982 ജൂലൈ 5- ന് ഉച്ചയ്ക്ക് സ്പെയിനിലെ ബാഴ്‌സലോണയിലെ സാരിയ സ്റ്റേഡിയം. ഇറ്റലി – ബ്രസീൽ മത്സരം ആരംഭിച്ചു. 44,000 കാണികൾ, മഞ്ഞക്കുപ്പായക്കാർ, കാനറികളുടെ ഉറപ്പായ സെമിഫൈനൽ യാത്ര അവിസ്മരണീയമാക്കാൻ ബ്രസീലിയൻ ആരാധകർ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ ഭൂരിഭാഗവും കീഴടക്കിയിരുന്നു. പതിവിന് വിപരീതമായി കളി തുടങ്ങി 5ാം മിനിറ്റിൽ വീണ ഗോൾ ബ്രസീലിനെ ഞെട്ടിച്ചു. വലതു ടച്ച് ലൈനിൽ നിന്ന് അൻ്റോണിയോ കബ്രിനി നൽകിയ ഒരു ക്രോസ്, ഒറ്റപ്പെട്ട് നിന്ന പൗളോ റോസ്സി മിന്നൽ വേഗത്തിൽ ഹെഡ് ചെയ്ത് ബ്രസീലിയൻ വലയ്ക്കകത്താക്കി ഇറ്റലിക്ക് 1- 0 എന്ന ലീഡ് നേടി കൊടുത്തു. അത് തുടക്കം മാത്രമായിരുന്നു. ആ ദിവസം ഒളിമ്പസിലെ ദൈവങ്ങൾ തന്നെ പൗളോ റോസിയുടെ കാലിലൂടെ ഇറങ്ങിവന്നതുപോലെ തോന്നി. വിമർശനത്തിന്റെ എല്ലാ വിഷമുള്ളുകളും പറിച്ചെറിഞ്ഞുകൊണ്ട് പൗളോ റോസി അന്ന് അവിടെ കളിക്കളത്തിൽ പുനർജനിച്ചു. 1979- ന് ശേഷം പൗളോ റോസ്സി നേടുന്ന ആദ്യത്തെ അന്താരാഷ്ട്ര ഗോളായിരുന്നു അത്.

5ാം മിനിറ്റിൽ പൗളോ റോസ്സി ഇറ്റലിയുടെ ആദ്യ ഗോൾ നേടുന്നു

ഗാലറിയിൽ ഇറ്റാലിയൻ ആരാധകരുടെ വിജയാഘോഷ ആരവം തുടരവെ സീക്കോയും സോക്രട്ടീസും മാറി മാറി കൈമാറിയ പന്ത് ഇറ്റാലിയൻ ഗോൾ മുഖത്തെത്തി. സീക്കോവിൻ്റെ അളന്നു മുറിച്ചുള്ള മനോഹരമായ പാസ്സ് സ്വീകരിച്ച്, ഇറ്റാലിയൻ ഗോൾപോസ്റ്റിൻ്റെ മൂലയിൽ നിന്ന് സോക്രട്ടിസ് തൊടുത്ത മനോഹരമായ ഒരു കാർപെറ്റ് ഷോട്ട് ഗോൾകീപ്പർ ദിനോ സോഫിനെ നിശ്ശേഷം പരാജയപ്പെടുത്തി വലക്കകത്തായി. സ്‌കോർ 1-1. സോക്രട്ടീസ് തൊടുത്ത പന്ത് ഇറ്റാലിയൻ ഗോൾ പോസ്റ്റിൽ പ്രവേശിക്കുമ്പോൾ ദിനോ സോഫിനും ഗോൾ പോസ്‌റ്റിനും ഇടയിൽ ഗാപ്പ് ഒരു കൈ നീളം മാത്രമായിരുന്നു. അത്രയ്ക്ക് മനോഹരമായിരുന്നു 12ാം മിനിറ്റിൽ വിഷമകരമായ പൊസിഷനിൽ നിന്ന് നേടിയ സോക്രടീസിൻ്റെ ഗോൾ.

12ാം മിനിറ്റിൽ സോക്രട്ടീസ് ഇറ്റലിക്കെതിരെ സമനില ഗോൾ നേടുന്നു

പിന്നീട് അര മണിക്കൂർ ബ്രസീലിൻ്റെ വാഴ്ചയായിരുന്നു. പല തവണ ഇറ്റാലിയൻ ഗോൾ മുഖത്തേക്ക് സീക്കോ, സെർജീനിയോ എഡർ കൂട്ടുകെട്ട് എത്തിയെങ്കിലും പന്ത് ലക്ഷ്യം കണ്ടില്ല. 25ാം മിനിറ്റിൽ ബ്രസീൽ വീണ്ടും നടുങ്ങി. അലക്ഷ്യമായി പന്ത് സ്വീകരിച്ച ബ്രസീലിൻ്റെ പ്രതിരോധക്കാരൻ ടൊറീനോ സെറസോ തെറ്റായി അടിക്കാൻ പാകത്തിൽ പൗളോ റോസിക്ക് മുന്നിൽ പന്ത് ഇട്ടു കൊടുത്തു. രണ്ട് വർഷത്തെ സസ്പെൻഷൻ തൻ്റെ കഴിവുകളെ തുരുമ്പ് പിടിപ്പിച്ചിട്ടില്ലെന്ന് തെളിയിച്ചു കൊണ്ട് റോസ്സി ഇറ്റലിയെ വീണ്ടും മൂന്നിലെത്തിച്ചു. ഗോൾ വേട്ടയിൽ എന്നും കഴുകൻ കണ്ണുകളുള്ള പൗളോ റോസ്സി മിന്നൽ വേഗത്തിൽ പന്ത് തട്ടിയെടുത്ത് ബ്രസീലിയൻ ഗോൾകീപ്പർ വാൾഡി പെറസിൻ്റെ തലക്ക് മുകളിലൂടെ പായിച്ചു. ഗോൾ, സ്‌കോർ 2-1.

ഗാലറികളിൽ കാനറികളുടെ നിശബ്ദതയും അസൂറികളുടെ ആരവവുമുയർന്നപ്പോൾ ഫുട്ബോൾ ലോകം ഒരു കാര്യം മനസിലാക്കി നമ്പർ 20 ജേഴ്‌സിയുള്ള പൗളോ റോസ്സി ഇറ്റാലിയൻ ഫോർവേഡ് കളിക്കളത്തിൽ അപകടകാരിയായി മാറി കഴിഞ്ഞു. ഇടവേളക്ക് പിരിയുമ്പോൾ ബ്രസീൽ 2-1 ന് പിന്നിട്ടുനിൽക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ചപ്പോൾ അപകടം മനസ്സിലാക്കിയ ബ്രസീൽ മിന്നൽ വേഗത്തിൽ ആക്രമണമഴിച്ചു വിട്ടു. 40- കാരൻ ഇറ്റാലിയൻ ഗോൾകീപ്പർ ദിനോസോഫ് ബാറിന് കീഴിൽ അസാമാന്യ പ്രകടനം കാഴ്ചവെച്ചു. ഓരോ ഷോട്ടുകളും ഇറ്റാലിയൻ ഗോൾപോസ്റ്റിൽ എത്തുമ്പോൾ ദിനോസോഫ് പരാജയമടഞ്ഞാൽ തന്നെ ഒരു ഇറ്റാലിയൻ കളിക്കാരൻ്റെ തലയോ ഒരു കാലോ ഗോളാകാതെ രക്ഷക്കെത്തി. അങ്ങനെ ഭാഗ്യം ഇറ്റലിയെ തുണച്ചു. കൂടാതെ ഇറ്റാലിയൻ ഡിഫൻഡർ ക്ലോഡിയോ ജെന്റൈൽ, സീക്കോയെ വിടാതെ പിടികൂടി. ഒരിക്കൽ ജെന്റൈൻ്റെ ടാക്ലിങ്ങിൽ കീറിപ്പോയ തൻ്റെ 10ാം നമ്പർ ജഴ്സി റഫറിയെ കാണിച്ച് സീക്കോ പരാതി പറഞ്ഞെങ്കിലും റഫറി ഗൗനിച്ചില്ല. ഒടുവിൽ 68ാം മിനിറ്റിൽ ഇറ്റാലിയൻ ഗോൾ മുഖത്തെത്തിയ റോബർട്ട് ഫാൽക്കാവോ നീട്ടിയടിച്ച ഷോട്ടിലൂടെ ബ്രസീൽ സമനില നേടി. വീണ്ടും ബ്രസീലിയൻ ആരാധകർ ഉണർന്നു. പക്ഷേ, സൗന്ദര്യത്തോടെ ഫുട്ബോൾ കളിച്ച ബ്രസീലിൻ്റെ പ്രതിരോധനിര പൗളോ റോസ്സിയുടെ ചടുലമായ നീക്കത്തിന് മുന്നിൽ ആ ദിവസം തികച്ചും പതറിയിരുന്നു. അവർക്ക് പറ്റിയ ഓരോ പിഴയും ഗുരുതരമായിരുന്നു.

സീക്കോയെ പ്രതിരോധിക്കുന്ന ഇറ്റാലിയൻ ഡി ഫണ്ടർ ക്ലോഡിയോ ജെന്റൈൽ

74ാം മിനിറ്റിൽ ഇറ്റലിക്ക് ഒരു കോർണർ കിക്ക് കിട്ടി. ഇറ്റാലിയൻ മിഡ് ഫീൽഡർ ബ്രൂണോ കോൺടി ഉയർത്തി അടിച്ച പന്ത് ബ്രസീൽ ഗോൾ മുഖത്ത് വായുവിൽ കെട്ടി മറയുമ്പോൾ ഒരിക്കൽ കൂടി പൗളോ റോസ്സിക്ക് പന്ത് കിട്ടി. ഇറ്റലിക്ക് വിജയം സമ്മാനിച്ച ഗോൾ റോസ്സി മിന്നൽ വേഗതയിൽ വലക്കകത്താക്കി തൻ്റെ ഹാട്രിക്കും പൂർത്തിയാക്കി. സ്കോർ 3-2. അവസാന നിമിഷം വരെ ബ്രസീൽ പൊരുതിയെങ്കിലും എല്ലാം വിഫലമായി. മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ സീക്കോയുടെ ഒരു ഫ്രീകിക്ക് ദിനോ സോഫിനെപോലും പരാജയപ്പെടുത്തി ബാറിനുരസി പുറത്ത് പോയതോടെ എല്ലാം അവസാനിച്ചു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഇറ്റലി വിജയം നേടി. സ്‌കോർ 3 -2. ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്ത്!

ആദ്യ റൗണ്ടിൽ ഒരു കളി പോലും ജയിക്കാത്ത ഇറ്റലി സെമിയിൽ പ്രവേശിച്ചു. എല്ലാ മത്സരങ്ങളും ജയിച്ച, ലോകകപ്പ് നേടുമെന്ന് ഉറപ്പിച്ച ബ്രസീൽ സെമി കാണാതെ പുറത്ത്. ഇറ്റലി സെമിയിൽ ആദ്യ റൗണ്ടിൽ തങ്ങൾ നേരിട്ട പോളണ്ടിനെ വീണ്ടും നേരിട്ടു. ഇത്തവണ 2-0 ന് അവരെ ഇറ്റലി തകർത്തു. പൗളോ റോസ്സി തൻ്റെ ജൈത്രയാത്ര തുടർന്നു. സെമിയിൽ പോളണ്ടിനെതിരെ അയാൾ നേടിയത് രണ്ട് ഗോൾ. ഫൈനലിൽ പശ്ചിമ ജർമ്മനിക്കെതിരെ ആദ്യ ഗോൾ അടിച്ച് റോസ്സി ഇറ്റലിക്ക് 3-1 ൻ്റെ നിസ്‌തുല വിജയം നേടിക്കൊടുത്തു. മാർക്കോ ടാർസലിയും ആൾട്ടോ ബെല്ലിയും ഓരോ ഗോളടിച്ച് വിജയം ഉറപ്പിച്ചു.

1982 ൽ ഇറ്റലിയുടെ ടീം ലോക ഫുട്ബോൾ ചാമ്പ്യൻമാരായ ശേഷം ലോകകപ്പുമായി പൗളോ റോസ്സി

ബ്രസീലിനെതിരെ 3 ഗോൾ നേടി ഹാട്രിക്ക്… സെമി ഫൈനലിൽ പോളണ്ടിനെതിരെ രണ്ട് ഗോൾ… ഫൈനലിൽ പശ്ചിമ ജർമ്മനിക്കെതിരെ ഒരു ഗോൾ… 6 ഗോളുകളോടെ ലോകകപ്പിൽ ടോപ്പ്സ്കോറർ! ടോപ് സ്കോറർ എന്ന നിലയിൽ ടൂർണമെന്റിലെ മാക്സിമോ ഗോലിയാഡോർ അവാർഡായ ഗോൾഡൻ ബൂട്ടും, ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ അവാർഡും പൗളോ റോസ്സി നേടി. വെറും മൂന്ന് കളികളിലൂടെ ലോകം കീഴടക്കിയ പൗളോ റോസ്സി 1982 ലോകകപ്പിലെ താരമായി. ഇറ്റലി തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് വിജയം നേടി ചാമ്പ്യൻമാരായി. ലോകകപ്പിലെ ഏറ്റവും നാടകീയമായ മത്സരത്തിൽ ഇറ്റലിക്ക് വിജയം സമ്മാനിച്ച പൗളോ റോസ്സി അങ്ങനെ അപവാദത്തിൽ നിന്ന് അമരത്വവും നേടി.

Content summary: The 1982 FIFA World Cup match between Brazil and Italy is widely regarded as one of the greatest games in football history. Italy defeated the tournament favorites Brazil 3–2, with Paolo Rossi scoring a memorable hat-trick. The victory propelled Italy to the World Cup title, while Brazil’s elimination became known as the “Day Football Died” among Brazilian fans.

This post was last modified on June 14, 2026 8:13 pm

അമർനാഥ്‌:
Related Post
Leave a Comment