ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്ന ആളുകളുടെ വീടുകള്‍ പൊളിച്ചു മാറ്റുക എന്ന ബുള്‍ഡോസര്‍ നിയമത്തെ സുപ്രീം കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു, എന്നാല്‍ അത്തരത്തില്‍ ഒരു പരാമര്‍ശം വന്നപ്പോഴും ഇതിനു മുന്‍പ് ബുള്‍ഡോസര്‍ നിയമത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക് അതൊരു ആശ്വാസമാകുന്നില്ല. ഉത്തര്‍പ്രദേശ് മുതല്‍ രാജസ്ഥാന്‍ വരെ ഈ രീതിയില്‍ വസ്തുവകകള്‍ നഷ്ടപ്പെട്ട ആളുകള്‍ ഇപ്പോഴും ന്യായമായ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണ്. Bulldozer Justice: Supreme Court Ruling Brings Hope
2022 ജൂണ്‍ 10ന്, അന്നത്തെ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മ പ്രവാചകനെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി, നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തിന്റെ ‘സൂത്രധാരന്‍’ എന്നാരോപിച്ച് മുഹമ്മദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തിന് ശേഷം, പ്രയാഗ്രാജിലെ കരേലിയിലേക്ക് ബുള്‍ഡോസറുകള്‍ ഉരുണ്ടിരുന്നു. അതില്‍ അദ്ദേഹത്തിന് തന്റെ വീട് നഷ്ടമായി.
‘ഒരു ജയില്‍ ബാരക്കില്‍ ഇരുന്നുകൊണ്ട് പതിറ്റാണ്ടുകള്‍ കഷ്ടപ്പെട്ട് ഞാന്‍ നിര്‍മ്മിച്ച വീട് പൊളിക്കുന്നത് ടിവിയില്‍ കണ്ടു. അപ്പോള്‍ ഞാന്‍ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നത് എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. വീട് പണിയാന്‍ എനിക്ക് പതിറ്റാണ്ടുകള്‍ വേണ്ടി വന്നു, പക്ഷേ അത് പൊളിക്കാന്‍ കുറച്ച് മിനിറ്റുകള്‍ മാത്രമാണ് അവര്‍ക്ക് ആവശ്യമായിരുന്നുള്ളു,’ മുഹമ്മദ് പറയുന്നു.
പ്രയാഗ്രാജില്‍, ആക്ടിവിസ്റ്റായ ജാവേദ് മുഹമ്മദും കുടുംബവും ഇപ്പോഴും ജീവിതം കൊണ്ട് മുന്നോട്ട് പോകാന്‍ പാടുപെടുകയാണ്. അക്രമവുമായി ബന്ധപ്പെട്ട എട്ട് കേസുകളില്‍ പ്രതിയായ ശേഷം, വ്യവസായി കൂടിയായ ജാവേദ് ഈ വര്‍ഷം മാര്‍ച്ച് 16 ന് ജാമ്യത്തില്‍ പുറത്തിറങ്ങി. അദ്ദേഹം ജയിലില്‍ കഴിയുമ്പോള്‍, മറ്റൊരു വീട് കണ്ടെത്താന്‍ അദ്ദേഹത്തിന്റെ കുടുംബം പാടുപെട്ടു, അവര്‍ക്ക് അഭയം നല്‍കാന്‍ ബന്ധുക്കള്‍ പോലും വിമുഖത കാണിച്ചിരുന്നു.
‘ഞങ്ങളുടെ വീട് തകര്‍ത്ത ദിവസം എന്റെ മകള്‍ അടുത്ത ബന്ധുവിന്റെ വീട്ടില്‍ പോയപ്പോള്‍, അവള്‍ അവിടെ താമസിച്ചാല്‍ അവരുടെ വീടും പൊളിക്കുമോ എന്ന് അവര്‍ ആശങ്കപ്പെട്ടിരുന്നു’ ജാവേദ് പറഞ്ഞു.
വീട് പൊളിച്ചതിന് തൊട്ടുപിന്നാലെ, നഷ്ടപരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ജാവേദ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു, എന്നാല്‍ കേസ് ഇപ്പോഴും തീര്‍പ്പായിട്ടില്ല, എന്നാല്‍ പൊളിക്കലിന് ഉത്തരവാദികളായവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സുപ്രീം കോടതി വിധി സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
‘ഒരു ദിവസം എന്റെ കുടുംബത്തിന് കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. നമ്മുടെ രാജ്യത്തെ കോടതികളില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദയ്പൂരില്‍, 61 കാരനായ റാഷിദ് ഖാന്‍, ബുള്‍ഡോസര്‍ നിയമത്തില്‍ സുപ്രീം കോടതിയെ നിര്‍ദ്ദേശങ്ങളിലേക്ക് നയിച്ചവരില്‍ ഒരാളാണ്. അദ്ദേഹവും നഷ്ടപരിഹാരത്തിനായി പ്രതീക്ഷിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 16 ന്, ഒരു സ്‌കൂള്‍ കുട്ടി തന്റെ സഹപാഠിയെ കുത്തി കൊലപ്പെടുത്തിയിരുന്നു, ഇത് നഗരത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിന് വഴിയൊരുക്കി.
അന്ന് അവര്‍ പൊളിച്ചുമാറ്റിയ വീട് ഖാന്റേതായിരുന്നു. ആ വീട് ഈ ആണ്‍കുട്ടിയുടെ കുടുംബത്തിന് വാടകയ്ക്ക് നല്‍കിയിരുന്നതാണ്. ഉടന്‍ തന്നെ ഉദയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പില്ലാതെ ഖാന്‍ വാടകയ്ക്ക് നല്‍കിയ വസ്തു പൊളിച്ച് മാറ്റുകയായിരുന്നു. നോട്ടീസ് നല്‍കിയതിന് ഒരു ദിവസത്തിന് ശേഷം ഓഗസ്റ്റ് 17 ന് മാത്രമാണ് വാടകക്കാര്‍ അത് കണ്ടത് പോലും.
തുടര്‍ന്ന്, ഒന്നര മണിക്കൂറിന് ശേഷം, ബുള്‍ഡോസറുകള്‍ കയറ്റി ഇറക്കി വീട് നശിപ്പിച്ചിരുന്നു. പ്രാദേശിക ഭരണകൂടം ചെയ്തത് അനീതിയാണെന്ന് ആരോപിച്ച് ഖാന്‍ 25 ലക്ഷം രൂപയും ഭൂമിയും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുമ്പോഴും, നഷ്ടപരിഹാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ലെന്ന് ഖാന്‍ പറയുന്നു.
‘സുപ്രീം കോടതി ഇപ്പോള്‍ ചെയ്തത് നല്ല കാര്യമാണ്, പക്ഷേ ഞങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമോ എന്നതിനെക്കുറിച്ച് യാതൊരു കാര്യവും ആരും പറയുന്നില്ല. വീടുകള്‍ തകര്‍ന്ന ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സുപ്രീം കോടതി ഉറപ്പാക്കണം,’ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
2022ല്‍, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ബുള്‍ഡോസര്‍ ഉപയോഗിച്ച് തന്റെ കട പൊളിക്കുന്നത് ജ്യൂസ് കടയുടമയായ ഗണേഷ് കുമാര്‍ ഗുപ്തയ്ക്ക് (56) നിസ്സഹായനായി നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ. തല്‍സ്ഥിതി തുടരണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിനെ അവഗണിച്ച്് ഏഴ് ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് നിരവധി കെട്ടിടങ്ങളാണ് അന്ന് പൊളിച്ച് മാറ്റിയത്.
ഏകദേശം 15 ലക്ഷം രൂപയുടെ നവീകരണം വേണ്ടിവന്നു അദ്ദേഹത്തിന് ജീവിതം തിരിച്ചുപിടിക്കാന്‍. എന്നാല്‍ അദ്ദേഹത്തിന് വന്ന രണ്ട് ഹൃദയാഘാതങ്ങളും അതിന്റെ പാര്‍ശ്വഫലങ്ങളായിരുന്നു. ‘എന്റെ പക്കല്‍ എല്ലാ പേപ്പറുകളും ഉണ്ടെന്ന് ഞാന്‍ കരഞ്ഞ് പറഞ്ഞുകൊണ്ടിരുന്നു, പക്ഷേ ആരും ശ്രദ്ധിച്ചില്ല,’ ഗുപ്ത പറഞ്ഞു.
സുപ്രിം കോടതിയുടെ നിര്‍ദേശങ്ങളെ ഗുപ്ത സ്വാഗതം ചെയ്തെങ്കിലും, കട നഷ്ടപ്പെട്ട ദുഃഖത്തിന്റെ നിഴലുകള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. ‘ഈ ഉത്തരവ് നേരത്തെ വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ ഒരുപക്ഷേ എന്റെ കട രക്ഷിക്കാനാവുമായിരുന്നു’ അദ്ദേഹം പറഞ്ഞു.
ബുള്‍ഡോസര്‍ നീതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരില്‍ മധ്യപ്രദേശിലെ രത്ലം ജില്ലയില്‍ നിന്നുള്ള തൊഴിലാളിയായ മുഹമ്മദ് ഹുസൈനും ഉള്‍പ്പെടുന്നു. പശുവിനെ അറുത്ത് ശവം ക്ഷേത്രത്തില്‍ തള്ളിയതിന് മകന്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ഈ ജൂണില്‍ ഹുസൈന്റെ വീട് ഭാഗികമായി തകര്‍ത്തിരുന്നു. മകന്റെ അറസ്റ്റിന് ശേഷം ഏഴ് പേരടങ്ങുന്ന തങ്ങളുടെ കുടുംബത്തെ സഹായിക്കാന്‍ ബന്ധുക്കള്‍ ഭയപ്പെടുകയാണെന്ന് ഹുസൈന്‍ പറയുന്നു.
‘എന്റെ മകന്‍ ഇപ്പോഴും ജയിലിലാണ്. ഞങ്ങള്‍ താമസിക്കുന്നത് ഞങ്ങളുടെ ബന്ധുവീടുകളില്‍ അഭയാര്‍ഥികളെ പോലെയും. വീട് പൊളിക്കുമെന്ന് എല്ലാവരും ഭയക്കുന്നതിനാല്‍ ആരും ഞങ്ങളെ വീടുകളില്‍ താമസിപ്പിക്കാന്‍ പോലും താല്‍പര്യപ്പെടുന്നില്ല. ഈ വിധി ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. കേസില്‍ ഇതുവരെ എനിക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. എനിക്കും എന്റെ കുടുംബത്തിനും വേണ്ടത് ഒരു വീട് മാത്രമാണ്’. ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. Bulldozer Justice: Supreme Court Ruling Brings Hope
ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ വാര്‍ത്തയില്‍ നിന്ന്
content summary; Bulldozer Justice: Supreme Court Ruling Brings Hope, but No Real Change