ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വ്യാപരരംഗത്തെ ഭീമനായ ആലിബാബ സ്ഥാപകരിലൊരാളായ ജാക്ക് മാ കമ്പനി വിടുന്നു. ന്യൂയോര്‍ക്ക് ടൈംസാണ് മായുടെ പടിയിറക്കം സംബന്ധിച്ച് റിപോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഇതോടെ ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ഒരു കാലഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്.
ഏകദേശം 420.8 ബില്ല്യണ്‍ ഡോളറിന്‍ വ്യക്തിഗത ആസ്ഥിയാണ് വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം ആലിബാബയില്‍ ജാക്ക് മായ്ക്കുള്ളത്. കമ്പനിയിലെ തന്റെ അവസാന ദിനമെന്ന് അറിയിച്ചിരിക്കുന്ന തിങ്കളാഴ്ച് ജാക്ക് മായ്ക്ക് 54 വയസ് തികയുമെന്നതും പ്രത്യേകതയാണ്. ഇനിയുള്ള സമയം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദീകരിക്കുമെന്നും അദ്ദേഹം പറയുന്നു.
ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ യുഎസ് കുത്തക കമ്പനികള്‍ക്കിടയില്‍ 1999 ലായിരുന്നു ആലിബാബ എന്ന സംരഭവുമായി ചൈനീസ് സംരഭകനായ ജാക്ക് മാ കടന്നുവരുന്നത്. തന്റെ ചില സുഹൃത്തുക്കളെ കൂടെച്ചേര്‍ത്ത് 60000 യുഎസ് ഡോളറായിരുന്നു ആദ്യ നിക്ഷേപം. എന്നാല്‍ 19 വര്‍ഷം പിന്നിടുമ്പോള്‍ ഫോബ്‌സ് റിപോര്‍ട്ടുകള്‍ പ്രകാരം 36.6 ബില്ല്യനാണ് കമ്പനിയുടെ ആസ്തി. 1999 വരെ യൂനിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ജാക്ക് മാ.
ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി ഇന്റര്‍ നെറ്റില്‍ അവസരം തിരഞ്ഞാണ്, ജാക്ക് മാ ആലിബാബ എന്ന ആശയത്തിലെത്തുന്നത്. ആദ്യമായി കീ ബോര്‍ഡില്‍ തൊട്ട ദിവസം തന്നെ താന്‍ തിരിച്ചറിഞ്ഞിരുന്നു. ഇത് ചൈനയെയും ലോകത്തെയും മാറ്റിമറിക്കാന്‍ പോന്ന സാങ്കേതിക വിദ്യയാണെന്ന് ഒരിക്കല്‍ അദ്ദേഹം പ്രതികരിച്ചിരുന്നു.
ജീവനക്കാരോടും ഉപഭോക്താക്കളോടും ശക്തമായ പ്രതിബദ്ധത പുലര്‍ത്തിയ വ്യക്തികൂടിയായിരുന്നു അദ്ദേഹം. ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് ജോബുമായി താരതമ്യം ചെയ്താല്‍ കൂടുതല്‍ തുറന്ന മാനേജ്‌മെന്റ് മനോഭാവം സ്വീകരിച്ച വ്യക്തികൂടിയായിരുന്നു ജാക്ക് മായെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.