July 15, 2025 |
Share on

ഐയുസി പൂര്‍ണമായും ഒഴിവാക്കാന്‍ ട്രായ്; കോള്‍ നിരക്ക് കുറയും

ഒരു നെറ്റ്വര്‍ക്കില്‍ നിന്നും മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന തുകയാണ് ഐയുസി

ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് (ഐയുസി) ഘട്ടംഘട്ടമായി പൂര്‍ണമായും ഒഴിവാക്കാന്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). ഒരു നെറ്റ്വര്‍ക്കില്‍ നിന്നും മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന തുകയാണ് ഐയുസി. ഇത് ഒഴിവാക്കാനുള്ള നിര്‍ദേശം ട്രായ്‌യുടെ പരിഗണനയിലുണ്ട്. മിനിറ്റിന് 14 പൈസയാണ് നിലവില്‍ ഐയുസി. ഐയുസി ഒഴിവാക്കിയാല്‍ രാജ്യത്ത് കോള്‍ നിരക്ക് വീണ്ടും കുറയും. ഇതു സംബന്ധിച്ച അവസാന തീരുമാനം ഓഗസ്റ്റ് അവസാനത്തോടെ ട്രായ് കൈകൊള്ളും.

ആദ്യ ഘട്ടത്തില്‍ ഐയുസി 50 ശതമാനം വെട്ടിക്കുറച്ച് ഏഴ് പൈസയാക്കാനാണ് ആലോചിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മൂന്ന് പൈസയായി ചാര്‍ജ് കുറയ്ക്കാനും അടുത്ത ഘട്ടത്തില്‍ പൂര്‍ണമായി ഒഴിവാക്കുനുമാണ് പദ്ധതി. എന്നാല്‍ ട്രായ്-യുടെ ഈ നടപടിക്കെതിരെ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ എതിര്‍ക്കാനാണ് സാധ്യത.

നിലവില്‍ ഈടാക്കുന്ന തുക കുറവാണെന്നും മിനിറ്റിന് 35 പൈസയായി ഐയുസി ഉയര്‍ത്തണമെന്നും ഈ ടെലികോം കമ്പനി ആവിശ്യപ്പെട്ടിരുന്നു. ആഭ്യന്തര വയര്‍ലെസ് വരുമാനത്തിന്റെ 14 ശതമാനത്തോളമാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എയര്‍ടെല്‍ നേടിയ ഐയുസി വരുമാനം. ഐഡിയ 18 ശതമാനത്തോളം വരുമാനവും നേടി.

അതേസമയം ട്രായ്-യുടെ നടപടിക്ക് പൂര്‍ണ പിന്തുണയാണ് റിലയന്‍സ് ജിയോ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×