June 03, 2026 |
Share on

ബൈജു പറയുന്നത് ‘എല്ലാം ഏകപക്ഷീയമായ കഥകളെന്ന്’; ബൈജൂസിന് സംഭവിച്ചത്‌

ഒരു കാലത്ത് ലോകം വാഴ്ത്തിയ ബൈജൂസിന്റെ നാടകീയമായ തകര്‍ച്ചയാണ് സിംഗപ്പൂര്‍ കോടതി വിധിയിലൂടെ പ്രകടമായിരിക്കുന്നത്

പ്രമുഖ എഡ്യൂടെക് സ്ഥാപനമായിരുന്ന ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് സിംഗപ്പൂര്‍ കോടതി ആറുമാസം തടവുശിക്ഷ വിധിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കോടതി അലക്ഷ്യത്തിനാണ് ഈ നടപടിയെന്ന് ആയിരുന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ഈ വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചരിക്കുന്നതെന്ന് പറഞ്ഞ് ബൈജു രവീന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്. നിക്ഷേപകരുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സിംഗപ്പൂരിലെ നടപടികള്‍ കേവലം സാങ്കേതികവും നടപടിക്രമപരവുമായ തര്‍ക്കങ്ങള്‍ മാത്രമാണെന്നും, കമ്പനിയിലോ തന്നിലോ യാതൊരുവിധ സാമ്പത്തിക തട്ടിപ്പും കണ്ടെത്താത്ത സാഹചര്യത്തില്‍ ഇതൊരു കുറ്റകൃത്യമായി കാണാനാകില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. താന്‍ നല്ല വിശ്വാസത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നും തനിക്കെതിരെ ഏകപക്ഷീയമായ തെറ്റായ കഥകള്‍ ചമയ്ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

2024 ഏപ്രില്‍ മുതലുള്ള കോടതി ഉത്തരവുകള്‍ നിലനില്‍ക്കെ, തന്റെ ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ ബൈജു രവീന്ദ്രന്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാനും ഏകദേശം ഏകദേശം 90,000 സിംഗപ്പൂര്‍ ഡോളര്‍(67.5 ലക്ഷം രൂപ) കോടതിച്ചെലവായി നല്‍കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു കാലത്ത് ലോകം തന്നെ വാഴ്ത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് വിജയഗാഥയായിരുന്ന ബൈജൂസിന്റെ നാടകീയമായ തകര്‍ച്ചയാണ് ഈ സംഭവത്തിലൂടെ പ്രകടമാകുന്നത്. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ തരംഗത്തില്‍ വന്‍ കുതിപ്പുണ്ടാക്കിയ ബൈജൂസിന്, 2022-ല്‍ അതിന്റെ സുവര്‍ണ്ണകാലത്ത് 22 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.8 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്നു. ബ്ലാക്ക്റോക്ക്, സെക്വേയ കാപ്പിറ്റല്‍, ജനറല്‍ അറ്റ്ലാന്റിക്, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയ ആഗോള നിക്ഷേപകരായിരുന്നു കമ്പനിയുടെ പിന്നില്‍. എന്നാല്‍ ഇന്ന് ഈ കമ്പനിയുടെ മൂല്യം പൂജ്യമായി മാറിയിരിക്കുകയാണ്.

ബൈജൂസിന്റെ വിദേശ നിക്ഷേപ ഘടനകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും, കടക്കാരുടെയും നിക്ഷേപകരുടെയും ആസ്തി വെളിപ്പെടുത്തല്‍ ആവശ്യങ്ങളുമാണ് സിംഗപ്പൂരിലെ കേസിന് ആധാരം. കോര്‍പ്പറേറ്റ് ഘടനയുടെ ഭാഗമായ ‘ബീയാര്‍ ഇന്‍വെസ്റ്റ്‌കോ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റേത് ഉള്‍പ്പെടെയുള്ള ആസ്തികളുടെയും ഉടമസ്ഥാവകാശത്തിന്റെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ ആവര്‍ത്തിച്ച് ലംഘിക്കപ്പെട്ടതോടെയാണ് കോടതി അലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്. ബൈജൂസിലെ പ്രതിസന്ധികള്‍ക്കിടയില്‍ ആസ്തികളുടെ നീക്കവും ഉടമസ്ഥാവകാശവും കണ്ടെത്താന്‍ ശ്രമിക്കുന്ന ഖത്തര്‍ ആസ്ഥാനമായുള്ള നിക്ഷേപകരും കടക്കാരുമാണ് സിംഗപ്പൂര്‍ കോടതിയെ സമീപിച്ചത്.

ബൈജൂസിന്റെ തകര്‍ച്ച ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല. കോവിഡ് കാലത്തെ അമിത വളര്‍ച്ചയ്ക്ക് പിന്നില്‍ കമ്പനിയുടെ മോശം കോര്‍പ്പറേറ്റ് ഭരണവും സാമ്പത്തിക സുസ്ഥിരതയില്ലായ്മയും മറഞ്ഞിരിപ്പുണ്ടായിരുന്നു. ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ്, വൈറ്റ്ഹാറ്റ് ജൂനിയര്‍, ഗ്രേറ്റ് ലേണിംഗ്, എപിക് തുടങ്ങിയ വന്‍കിട കമ്പനികളെ വന്‍ തുകയ്ക്ക് ഏറ്റെടുത്താണ് ബൈജൂസ് ആഗോള സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചത്. ഇതിനായി വലിയ തോതില്‍ വിദേശ മൂലധനവും കടവും കമ്പനി ആശ്രയിച്ചു.

2021 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകള്‍ സമര്‍പ്പിക്കാന്‍ വൈകിയതോടെയാണ് ആദ്യ മുന്നറിയിപ്പ് സൂചനകള്‍ പുറത്തുവന്നത്. കമ്പനിയുടെ അക്കൗണ്ടിംഗ് രീതികളെക്കുറിച്ചും വരുമാന കണക്കുകളെക്കുറിച്ചും നിക്ഷേപകര്‍ക്കിടയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. 2021-ല്‍ യു.എസില്‍ നിന്ന് ബൈജൂസ് സമാഹരിച്ച 1.2 ബില്യണ്‍ ഡോളറിന്റെ വായ്പയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വായ്പ തുക വകമാറ്റി ചിലവഴിച്ചുവെന്ന് ആരോപിച്ച് യു.എസ് കടക്കാര്‍ കമ്പനിക്കെതിരെ നിയമനടപടി ആരംഭിച്ചു.

2023-2024 വര്‍ഷങ്ങളായപ്പോഴേക്കും കൂട്ടപ്പിരിച്ചുവിടലുകള്‍, ശമ്പള കുടിശ്ശിക, വെണ്ടര്‍മാര്‍ക്ക് പണം നല്‍കാതിരിക്കല്‍ എന്നിവ കമ്പനിയെ വിഴുങ്ങി. പ്രമുഖ ഓഡിറ്റിംഗ് സ്ഥാപനമായ ഡെലോയിറ്റും ഒപ്പം നിക്ഷേപകരുടെ പ്രതിനിധികളായ ഡയറക്ടര്‍മാരും ഭരണസമിതിയില്‍ നിന്ന് രാജിവെച്ചു. ഇന്ത്യയില്‍ ഇന്‍സോള്‍വന്‍സി നടപടികളും യു.എസില്‍ ഫണ്ട് മാറ്റിയതുമായി ബന്ധപ്പെട്ട ബാങ്ക്‌റപ്‌സി കേസുകളും കമ്പനി നേരിടുന്നു. ഇതിന് പിന്നാലെയാണ് ഖത്തര്‍ ഹോള്‍ഡിങ്‌സിന്റെ പരാതിയില്‍ സിംഗപ്പൂരും ഇപ്പോള്‍ മറ്റൊരു നിയമപോരാട്ട വേദിയായിരിക്കുന്നത്.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തെ ഏറ്റവും വലിയൊരു മുന്നറിയിപ്പാണ് ബൈജൂസിന്റെ പതനം. അമിത വളര്‍ച്ചയും ഉയര്‍ന്ന മൂല്യനിര്‍ണ്ണയങ്ങളും നിലനിര്‍ത്താനുള്ള സമ്മര്‍ദ്ദം ഒടുവില്‍ കമ്പനിയെ താങ്ങാനാവാത്ത കടക്കെണിയിലേക്ക് നയിക്കുകയായിരുന്നു. കോവിഡിന് ശേഷം ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപണി തണുത്തതും തിരിച്ചടിയായി.

കമ്പനിയുടെ കടുത്ത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും വിമര്‍ശിക്കപ്പെട്ടു. സാധാരണക്കാരായ മാതാപിതാക്കളെ സമ്മര്‍ദ്ദത്തിലാക്കി വലിയ തുകയുടെ കോഴ്‌സുകളും വിദ്യാഭ്യാസ വായ്പകളും എടുപ്പിച്ചത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. കോഴ്‌സുകള്‍ റദ്ദാക്കുമ്പോള്‍ പണം തിരികെ നല്‍കാത്തതും ബൈജൂസ് എന്ന ബ്രാന്‍ഡിന്റെ വിശ്വസ്തത പൂര്‍ണ്ണമായും തകര്‍ത്തു. ഒരു കാലത്ത് വിപ്ലവം സൃഷ്ടിച്ച ഒരു എഡ്ടെക് ഭീമന്‍, കോര്‍പ്പറേറ്റ് ഗവേണന്‍സിലെ വീഴ്ചകള്‍ കാരണം എങ്ങനെ തകരാം എന്നതിന്റെ വലിയൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് ബൈജൂസ്.

Content Summary: Byju Raveendran denies fraud allegations, calling the Singapore court’s six-month jail sentence a ‘procedural contempt’ as comprehensive settlement talks with lenders near completion.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×