നാല് ചാനലുകളുടെ സംപ്രേക്ഷണമാണ് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ നിര്‍ത്തിവച്ചത്
മുന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കുടുംബത്തിന് ചുമതലയുള്ള ചാനലുകള്‍ ഉള്‍പ്പെടെ നാലോളം ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തിവച്ച് കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍. ജഗന്റെ കുടുംബം പ്രമോട്ടര്‍മാരായ ഇന്ദിര ടെലിവിഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള സാക്ഷി ടിവി, ടിവി9, എന്‍ടിവി, 10ടിവി എന്നിവയുടെ സംപ്രേക്ഷണമാണ് വെള്ളിയാഴ്ച്ച രാത്രി മുതല്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ നിര്‍ത്തിയത്. ചന്ദ്രബാബു നായിഡു അധികാരത്തില്‍ വന്നതിനുശേഷം ഇത് രണ്ടാം തവണയാണ് ചാനലുകളുടെ സംപ്രേക്ഷണം തടയപ്പെടുന്നത്. ജൂണ്‍ ആറിനും ഇതുപോലെ ചാനലുകളുടെ സംപ്രേക്ഷണം മുടങ്ങിയിരുന്നു. എന്നാല്‍ ചാനലുകളുടെ സംപ്രേക്ഷണം തടയാന്‍ ഒരുതരത്തിലുള്ള ഇടപെടലും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍ ചാനലുകളുടെ സംപ്രേക്ഷണം തടയുന്നത് രാഷ്ട്രീയ വിഷയമാക്കി എടുത്തിരിക്കുകയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി. ട്രായ്ക്കും കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിനും നല്‍കിയ കത്തില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരിനെതിരേയുള്ള ആക്ഷേപമാണ് വൈഎസ്ആര്‍സിപി നേതാവും രാജ്യസഭ അംഗവുമായ എസ് നിരഞ്ജന്‍ റെഡ്ഡി ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാനത്തെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ടിവി9, എന്‍ടിവി, 10ടിവി, സാക്ഷി ടിവി എന്നീ ചാനലുകളുടെ സംപ്രേക്ഷണം സ്ഥിരമായി നിര്‍ത്തിവയ്ക്കാനാണ് സര്‍ക്കാര്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ നിര്‍ബന്ധിക്കുന്നതെന്നുമാണ് വൈഎസ്ആര്‍ പാര്‍ട്ടിയുടെ ആരോപണം. ഭരണഘടനയെ അപമാനിക്കുന്ന പ്രവര്‍ത്തികളാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടിയുടെ കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. മാധ്യമസ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റം അനുവദിക്കരുതെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ട്.
വെള്ളിയാഴ്ച്ച രാത്രിയോടെയാണ് നാല് ചാനലുകളുടെയും സംപ്രേക്ഷണം നിലച്ചതെന്നും, തങ്ങള്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ ബന്ധപ്പെട്ടപ്പോള്‍ ഓഫ് എയര്‍ ചെയ്യാന്‍ തങ്ങള്‍ക്ക് നിര്‍ദേശം കിട്ടിയെന്നുമാണ് പറഞ്ഞത്. ആരാണ് നിര്‍ദേശം നല്‍കിയതെന്നു പറയാന്‍ അവര്‍ വിസമ്മതിച്ചെന്നുമാണ്, പേര് വെളിപ്പെടുത്താത്ത ഒരു ചാനല്‍ പ്രതിനിധി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്.
നിലവില്‍ ഈ നാല് ചാനലുകളും ഡിടിഎച്ച്(ഡയറക്ട്-ടു-ഹോം) പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ആന്ധ്രാപ്രദേശിലെ 50 ശതമാനം സബ്‌സ്‌ക്രൈബേഴ്‌സ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സിനും(മള്‍ട്ടി-സിസ്റ്റം ഓപ്പറേറ്റേഴ്‌സ്) ബാക്കി 50 ശതമാനം ഡിടുഎച്ച് സര്‍വീസിനുമാണ്. ടിവി9, എന്‍ടിവി, സാക്ഷി എന്നീ ചാനലുകള്‍ക്കാണ് സംസ്ഥാനത്തെ 60 ശതമാനം പ്രേക്ഷകരുമുള്ളത്.
ടിഡിപിയുടെയോ എന്‍ഡിഎയുടെയോ നേതാക്കളാരും തന്നെ ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്താന്‍ ആര്‍ക്കും ഒരു നിര്‍ദേശവും കൊടുത്തിട്ടില്ലെന്നും, ഇത്തരം ചപലമായ കാര്യങ്ങള്‍ക്കു തങ്ങള്‍ക്ക് സമയമില്ലെന്നും ചെയ്യാന്‍ പ്രധാനപ്പെട്ട നിരവധി ജോലികള്‍ വേറെയുണ്ടെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ബന്ധപ്പെട്ടപ്പോള്‍ ആന്ധ്രപ്രദേശ് ഐടി വകുപ്പ് മന്ത്രി എന്‍ ലോകേഷ് നായിഡു പ്രതികരിച്ചത്.
ചാനലുകള്‍ തടയപ്പെടുന്നതില്‍ വലിയ അത്ഭുതം തോന്നേണ്ട കാര്യമില്ലെന്നാണ് ഒരു പ്രമുഖ ചാനലിന്റെ പ്രതിനിധി പറയുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തും ഇതേ കാര്യങ്ങള്‍ നടന്നിരുന്നു. അന്ന് ചെയ്തതിന് ഇപ്പോള്‍ വില കൊടുക്കുന്നുവെന്നു മാത്രം. 2021 മേയില്‍, ടിഡിപി അനുകൂല ചാനലുകളെന്ന് അറിയപ്പെട്ടിരുന്ന ടിവി5, എബിഎന്‍ ആന്ധ്ര ജ്യോതി എന്നിവയുടെ സംപ്രേക്ഷണം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ നിര്‍ത്തിയിരുന്നു. അന്ന് ഭരണത്തിലിരുന്ന വൈഎസ്ആര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമായിരുന്നുവതെന്നായിരുന്നു ആക്ഷേപം. cable tv operators take four channels off the air in andhra, allegation against tdp government
Content Summary; cable tv operators take four channels off the air in andhra, allegation against tdp government