July 16, 2025 |
Share on

നയതന്ത്ര പുനഃസ്ഥാപനത്തിലും കല്ലുകടി; നിജ്ജാർ വധത്തിൽ ഇന്ത്യയെ വിടാതെ കനേഡിയൻ ഇന്റലിജൻസ്

ഇന്ത്യ, ചൈന, റഷ്യ, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് വിദേശ ഇടപെടലിന് പിന്നിലെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ്

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തെത്തുടർന്ന് വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം ഒരിടവേളയ്ക്ക് ശേഷം പുനഃസ്ഥാപനത്തിന്റെ പാതയിലേക്ക് കടക്കാനൊരുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി ലോകം കണ്ടത്. ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിൽ നടന്ന ചര്‍ച്ചയിലാണ് ഇതുസസംബന്ധിച്ച തീരുമാനം ഉണ്ടാവുന്നത്. പരസ്പര ബഹുമാനം, പരമാധികാരത്തോടുള്ള പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമായിരിക്കും കാനഡ – ഇന്ത്യ ബന്ധമെന്ന് ആയിരുന്നു ചർച്ചകൾക്ക് പിന്നാലെ കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞുവെച്ചത്.

എന്നാലിപ്പോൾ വീണ്ടും ആശങ്കയാവുകയാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രതിജ്ഞയെടുത്തതിന് തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യയെ വിമർശിച്ച് കൊണ്ട് കാനഡയുടെ ചാര സംഘടനയായ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഏജൻസി നൽകിയ മുന്നറിയിപ്പ്. ദി ഗാർഡിയനാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ ഒരു പ്രമുഖ സിഖ് ആക്ടിവിസ്റ്റിന്റെ കൊലപാതകം, ഇന്ത്യയുടെ അടിച്ചമർത്തൽ ശ്രമങ്ങളിലെ ഗണ്യമായ വർദ്ധനയെയും, വിമതരെ നിശബ്ദരാക്കുന്നതിനായി ആഗോളതലത്തിൽ ഇന്ത്യ നടത്തുന്ന വിശാലമായ പ്രചാരണത്തെയും സൂചിപ്പിക്കുന്നുവെന്നാണ് ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേ സമയം, മോദി-കാർണി കൂടിക്കാഴ്ച സിഖ് സമൂഹത്തിനിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. നയതന്ത്ര ബന്ധങ്ങൾ പുനരാരംഭിക്കുന്നത് നീതിയുടെയും സുതാര്യതയുടെയും ചെലവിൽ വരരുത് എന്നായിരുന്നു സിഖ് സമൂഹം മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ, ചൈന, റഷ്യ, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് വിദേശ ഇടപെടലിന് പിന്നിലെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ബുധനാഴ്ച പാർലമെന്റിൽ സമർപ്പിച്ച വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.

‘കാനഡ ആസ്ഥാനമായുള്ള പ്രോക്സി ഏജന്റുമാർ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ കനേഡിയൻ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാൻ ശ്രമിക്കുന്ന നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഈ പ്രവർത്തനങ്ങൾ വഞ്ചനാപരമോ, രഹസ്യമോ, ഭീഷണിപ്പെടുത്തുന്നതോ ആകുമ്പോൾ, അവ വിദേശ ഇടപെടലായി കണക്കാക്കപ്പെടുന്നു. പ്രധാന വിഷയങ്ങളിൽ, പ്രത്യേകിച്ച് ഖലിസ്ഥാൻ പിന്തുണക്കാരെ ഇന്ത്യൻ സർക്കാർ എങ്ങനെ കാണുന്നു എന്നതുമായി ബന്ധപ്പെട്ട്, കാനഡയുടെ നിലപാടുകളെ ഇന്ത്യയുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുത്താൻ ഈ പ്രവർത്തനങ്ങൾ ശ്രമിക്കുന്നു’, നിജ്ജാറിന്റെ കൊലപാതകവും റിപ്പോർട്ട് പ്രത്യേകം പരാമർശിച്ചു. കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹങ്ങളിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ ഏജന്റുമാരും ക്രിമിനൽ ശൃംഖലകളും തമ്മിലുള്ള ബന്ധം അന്വേഷകർ കണ്ടെത്തിയതായാണ് റിപ്പോർട്ട് പറയുന്നത്.

PM Modi meet Mark Carney

പ്രധാനമന്ത്രിയായതിനുശേഷം, കാർണി ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചിരുന്നു, ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ കാലത്താണ് ഇന്ത്യയുമായുള്ള കാനഡയുടെ നയതന്ത്ര ബന്ധം വലിയ രീതിയിൽ വഷളാകുന്നത്. നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന് കാനഡയിൽ താമസിക്കുന്ന നാല് ഇന്ത്യൻ പൗരന്മാർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. കാനഡയിൽ വിസ നൽകുന്നത് ഇന്ത്യയും താൽക്കാലികമായി നിർത്തിവച്ചു, തൊട്ടുപിന്നാലെ, ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മ ഉൾപ്പെടെ ആറ് മുതിർന്ന നയതന്ത്രജ്ഞരെ കാനഡ പുറത്താക്കി. ആക്ടിംഗ് ഹൈക്കമ്മീഷണർ ഉൾപ്പെടെ ആറ് ഉന്നത കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കാൻ ഉത്തരവിട്ടുകൊണ്ട് ഇന്ത്യ തിരിച്ചടിച്ചു. സിഖ് സംഘടനകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സ്വന്തം പാർട്ടിയിലെ നിയമനിർമ്മാതാക്കളുടെയും എതിർപ്പുകൾ മറികടന്നാണ് കാർണി മോദിയെ ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രായോഗിക നടപടിയായിട്ടാണ് കാർണി ഈ തീരുമാനത്തെ ചിത്രീകരിച്ചത്.

ആൽബെർട്ടയിൽ നടന്ന ജി7 ഉച്ചകോടിയുടെ സമാപനത്തിൽ നടത്തിയ സംയുക്ത പ്രസ്താവനയിൽ, കാനഡ, യുഎസ്, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളുടെ നേതാക്കൾ, രാജ്യാന്തര അടിച്ചമർത്തലിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന റിപ്പോർട്ടുകളിൽ തങ്ങൾ ആശങ്കാകുലരാണെന്ന് അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കും ബിസിനസ്സുകൾക്കും നയതന്ത്ര സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയും കാനഡയും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കുമെന്നും യോഗത്തിന് ശേഷം അറിയിച്ചിരുന്നു. കാനഡയും ഇന്ത്യയും ജനാധിപത്യ മൂല്യങ്ങൾക്ക് സമർപ്പിതരാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പല തരത്തിൽ വളരെ പ്രധാനമാണെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. അതെ സമയം കൂടിക്കാഴ്ചയിൽ നിജ്ജാറിന്റെ കൊലപാതകം ഉന്നയിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാർണി പ്രതികരിച്ചില്ല. ഇന്ത്യയിൽ ഒരു സിഖ് മാതൃരാജ്യം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന അഭിഭാഷക സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് കാർണിയോട് കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 

content summary: Canadian intelligence accuses India over Sikh’s killing

Leave a Reply

Your email address will not be published. Required fields are marked *

×