മൊറോക്കോയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഡി.ജി.എസ്.ടി 2017 മുതല്‍ നാല് വര്‍ഷത്തോളം രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖരെ നിരീക്ഷിക്കാന്‍ പെഗാസസ് സോഫ്റ്റ്വെയര് ഉപയോഗിച്ചെന്ന നിര്‍ണായക വെളിപ്പെടുത്തല്‍. ഡി.ജി.എസ്.ടിയില്‍ പത്തുവര്‍ഷത്തോളം സേവനമനുഷ്ഠിച്ച, ‘മുന്‍ ഉദ്യോഗസ്ഥനാണ് ഭരണകൂടത്തിന്റെ രഹസ്യ ചാരപ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടിയത്.
മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ഫ്രഞ്ച് രാഷ്ട്രീയ നേതാക്കള്‍, സ്പാനിഷ് കാബിനറ്റ് മന്ത്രിമാര്‍, സ്പെയിനിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് മൊറോക്കോ ഈ ഹാക്കിങ് സോഫ്റ്റ്വെയർ ഉപയോഗിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
സാധാരണയായി കുറ്റവാളികളെയും ഭീകരവാദികളെയും കണ്ടെത്താന്‍ മാത്രമേ പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിക്കാറുള്ളൂ എന്ന് നിര്‍മാതാക്കളായ ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘എന്‍.എസ്.ഒ ഗ്രൂപ്പ് അവകാശപ്പെടുമ്പോഴാണ്, രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും നിശബ്ദരാക്കാനുള്ള ആയുധമാക്കി മൊറോക്കോ മൊറോക്കന്‍ ഭരണകൂടം പെഗാസസ് ഉപയോഗിച്ചു എന്ന ഗുരുതരമായ ആരോപണം ഉയരുന്നത്. അന്താരാഷ്ട്ര തലത്തില്‍ വലിയ നയതന്ത്ര ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതുറക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പെഗാസസ് സോഫ്റ്റ്വെയർ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതോടെ ലക്ഷ്യമിടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ഇമെയിലുകള്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍, ഫോട്ടോകള്‍ എന്നിവയടക്കം എല്ലാ വിധത്തിലുള്ള വിവരങ്ങളും ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. ഫോണിന്റെ മൈക്രോഫോണും ക്യാമറയും ഉപയോക്താക്കള്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍, എളുപ്പത്തില്‍ വിവരങ്ങള്‍ ചോര്‍ത്താം.

ഭീകരവാദികളെയും കുറ്റവാളികളെയും കണ്ടെത്താന്‍ സഹായിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ ഗവണ്മെന്റുകള്ക്ക് മാത്രമേ പെഗാസസ് നിയമവിധേയമായി ഉപയോഗിക്കാന്‍ കഴിയു എന്നാണ് എന്‍.എസ്.ഒ ഗ്രൂപ്പിന്റെ അവകാശവാദം. എന്നാല്‍, നിരവധി രാജ്യങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും മാധ്യമപ്രവര്‍ത്തകരെയും അടിച്ചമര്‍ത്താന്‍ സോഫ്റ്റ്വെയര് ദുരുപയോഗം ചെയ്തതായി മുന്‍പും വലിയ വാര്‍ത്തകള്‍ക്ക് വഴിവച്ചിട്ടുണ്ട്.
സ്വന്തം രാജ്യത്തോ വിദേശത്തോ ഉള്ള ആരെയും ലക്ഷ്യമിട്ട് പെഗാസസ് ഉപയോഗിച്ചിട്ടില്ലെന്നാണ് മൊറോക്കോയുടെ ഔദ്യോഗിക വിശദീകരണം. തങ്ങള്‍ക്കെതിരെ അന്വേഷണം നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കൊന്നും തന്നെ എന്‍.എസ്.ഒ ഗ്രൂപ്പുമായി മൊറോക്കോയ്ക്കുള്ള ബന്ധം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഭരണകൂടം അവകാശപ്പെടുന്നു. എന്നിരുന്നാലും, മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് തന്നെ നേരിട്ട് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത് മൊറോക്കന്‍ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
‘പെഗാസസ് പ്രൊജക്റ്റ്: ഇന്‍സൈഡ് ദി മൊറോക്കന്‍ സ്പൈയിംഗ് മെഷീന്’ എന്ന് പേരിട്ടിരിക്കുന്ന ‘ഫോര്‍ബിഡന്‍ സ്റ്റോറീസ്’ ഏകോപിപ്പിച്ച 14 അന്താരാഷ്ട്ര മാധ്യമങ്ങളുടെ കൂട്ടായ്മയാണ് (Le Monde, The Guardian, Haaretz, El Confidencial അടക്കമുള്ളവ) ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബിന്റെ സാങ്കേതിക സഹായത്തോടെയാണ് അന്വേഷണങ്ങള്‍ നടത്തിയത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ചാര സോഫ്റ്റ്വെയറുകളിലൊന്നായ പെഗാസസ് മൊറോക്കോയ്ക്ക് ലഭിച്ചത് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സമ്മാനമായാണെന്നാണ് റിപ്പോര്‍ട്ട്.
യുഎഇ പെഗാസസ് വിലയ്ക്ക് വാങ്ങി അവരുടെ സൗഹൃദ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. ജനപ്രിയ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന് പോലെയാണിത്; ഒരു സുഹൃത്ത് പണം നല്കി അക്കൗണ്ട് എടുക്കുന്നു, ബാക്കിയുള്ളവര്‍ ആ അക്കൗണ്ട് ഉപയോഗിക്കുന്നു,’ എന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കി.
2017-ല്‍ റബാത്തിലെ ആഡംബര വില്ലയില്‍ വെച്ച് എന്‍.എസ്.ഒ പ്രതിനിധികള്‍ മൊറോക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കായി പെഗാസസിന്റെ വിശദമായ ഡെമോണ്സ്ട്രേഷന് നടത്തിയിരുന്നു. ലക്ഷ്യമിടുന്ന വ്യക്തിയുടെ ഫോണ്‍ കൈയിലെടുക്കാതെ തന്നെ ഹാക്ക് ചെയ്യാനുള്ള (remote-infection) പരീക്ഷണ അടിസ്ഥാനത്തില്‍ ഫോണുകളിലേക്ക് പെഗാസസ് വിജയകരമായി ഇന്‍സ്റ്റാള്‍ ചെയ്ത് ക്യാമറയും മൈക്രോഫോണും പ്രവര്‍ത്തിപ്പിച്ചു കാണിച്ചതിന് ശേഷമാണ് മൊറോക്കോ ഈ സംവിധാനം സ്വന്തമാക്കിയത്.
മുന്‍പ് ഇന്റര്‍നെറ്റ് കഫേകള്‍ നിരീക്ഷിച്ചും, മുന്‍കൂട്ടി ചാര സോഫ്റ്റ്വെയറുകള് ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകള്‍ കടയുടമകള്‍ വഴി ലക്ഷ്യം വച്ചവര്‍ക്ക് വിറ്റുമായിരുന്നു മൊറോക്കോ ചാരപ്രവര്‍ത്തനം നടത്തിയിരുന്നത്. എന്നാല്‍ പെഗാസസ് വന്നതോടെ കളിമാറി.
2017 സെപ്റ്റംബറിലാണ് മൊറോക്കോ ആദ്യമായി പെഗാസസ് പരീക്ഷിക്കുന്നത്. ഇതിനായി തെരഞ്ഞെടുത്ത നാല് ഫോണ്‍ നമ്പറുകളില്‍ രണ്ടെണ്ണം ഡി.ജി.എസ്.ടിയിലെ സ്വന്തം ഉദ്യോഗസ്ഥരുടേതായിരുന്നു. അതേ മാസം തന്നെ മൊറോക്കയിലെ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നമ്പറുകള്‍ ചാരവലയത്തിലേക്ക് ചേര്‍ക്കപ്പെട്ടു.
വൈകാതെ ഭരണകൂടത്തിന്റെ ചാരപ്രവര്‍ത്തനം മൊറോക്കോയുടെ അതിര്‍ത്തികള്‍ കടന്ന് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. പശ്ചിമ സഹാറയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക അമിനാറ്റോ ഹൈദറിന്റെ സ്പാനിഷ് മൊബൈല്‍ നമ്പര്‍ 2018 മുതല്‍ പെഗാസസിന്റെ നിരീക്ഷണത്തിലായിരുന്നു എന്ന് ചോര്‍ന്ന രേഖകള്‍ വ്യക്തമാക്കുന്നു. 2021 നവംബറിലും ഇവരുടെ ഫോണില്‍ സോഫ്റ്റ്വെയറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മഗ്രിബ് (Maghreb) മേഖലയെക്കുറിച്ച് നിരന്തരം എഴുതുന്ന സ്പാനിഷ് മാധ്യമപ്രവര്ത്തകന് ഇഗ്നാസിയോ സെംബ്രെറോയുടെ ഫോണ്‍ നമ്പറും ഇത്തരത്തില്‍ ചോര്‍ത്തപ്പെട്ടവയുടെ പട്ടികയിലുണ്ട്. അതോടൊപ്പം ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ ഫോറന്‍സിക് പരിശോധനകളിലും ചോര്‍ന്ന വിവരങ്ങള്‍ കൃത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഉള്‍പ്പെടെയുള്ള ഉന്നത ഭരണാധികാരികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ പെഗാസസ് ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് ചോര്‍ത്തിയതിന് തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. 2021 മെയ്, ജൂണ്‍ മാസങ്ങളിലായി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് എന്നിവരുടെ ഫോണുകള്‍ പെഗാസസ് ആക്രമണത്തിന് ഇരയായതായി 2022 മെയ് മാസത്തില്‍ സ്പാനിഷ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. പിന്നീട് ആഭ്യന്തര മന്ത്രി ഫെര്‍ണാണ്ടോ ഗ്രാന്‍ഡെ-മാര്‍ലാസ്ക, കൃഷി മന്ത്രി ലൂയിസ് പ്ലാനാസ് എന്നിവരുടെ ഫോണുകളും ലക്ഷ്യമിട്ടതായി വ്യക്തമായി.
സ്പാനിഷ് കാബിനറ്റിനെ ലക്ഷ്യമിട്ടുള്ള പെഗാസസ് ആക്രമണത്തെ കുറിച്ചുള്ള പല ജുഡീഷ്യല്‍ അന്വേഷണങ്ങളും എങ്ങുമെത്താതെപോയി. 2023 ജൂലൈയില്‍ അവസാനിപ്പിച്ച അന്വേഷണം, ഫ്രഞ്ച് മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഫ്രാന്‍സ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍, എന്‍.എസ്.ഒ ചീഫ് എക്സിക്യൂട്ടീവിന്റെ മൊഴിയെടുക്കാനുള്ള അപേക്ഷയോട് ഇസ്രയേല്‍ അധികൃതര്‍ സഹകരിക്കാതിരുന്നതിനെ തുടര്‍ന്ന് മുടങ്ങിപ്പോയി.
ഫ്രാന്‍സിലെ രാഷ്ട്രീയ പ്രമുഖരെയും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിട്ട മൊറോക്കോയുടെ പെഗാസസ് സിസ്റ്റത്തില്‍ ഉപയോഗിച്ച അതേ അറ്റാക്കര്‍ അക്കൗണ്ട് തന്നെയാണ് സ്പാനിഷ് മന്ത്രിമാരായ റോബിള്‍സ്, ഗ്രാന്‍ഡെ-മാര്‍ലാസ്ക എന്നിവരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാനും ഉപയോഗിച്ചതെന്ന് കോടതി രേഖകള്‍ അടക്കമുള്ള പുതിയ റിപ്പോര്‍ട്ട് തെളിയിക്കുന്നു. മൊറോക്കോയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഡി.ജി.എസ്.ടിയുടെ പങ്ക് വ്യക്തമാക്കുന്നതാണ്. സഖ്യകക്ഷിയെന്ന വിശ്വാസത്തില്‍ സഹകരിച്ച തങ്ങളെ മൊറോക്കോ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന വികാരമാണ് സ്പാനിഷ് സുരക്ഷാ വൃത്തങ്ങളിലുള്ളത്.
മൊറോക്കോ പെഗാസസ് ഉപയോഗിച്ചിരുന്നു എന്നതിന് ആഗോളതലത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മെസേജിങ് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്ത് ആളുകളെ ലക്ഷ്യമിട്ടതിന് എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെ വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ യുഎസില്‍ നിയമനടപടി സ്വീകരിച്ചിരുന്നു. ഈ കേസിന്റെ ഭാഗമായി പുറത്തുവന്ന 2018-ലെ ചില ആഭ്യന്തര രേഖകളിലാണ് നിര്‍ണായക തെളിവുകളുള്ളത്. ഇസ്രയേല്‍ പത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, പെഗാസസ് ഉപയോഗിക്കുന്ന ഓരോ രാജ്യത്തിനും അതിന്റെ ആദ്യ അക്ഷരവും ഒരു കാര്‍ നിര്‍മ്മാതാവിന്റെ പേരും ചേര്‍ത്താണ് രഹസ്യ കോഡ് നല്‍കിയിരുന്നത്. ഉദാഹരണത്തിന് സൗദി അറേബ്യക്ക് ‘സുബാരു’ എന്നായിരുന്നു കോഡ് നാമം. ഇത്തരത്തില്‍ ‘മോര്ഗന്’ (Morgan) എന്ന കോഡ് മൊറോക്കോയുടേതാണെന്ന് എന്‍.എസ്.ഒയിലെ മുന്‍ ജീവനക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയുടെ വിദേശനയത്തിനും ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2021 നവംബറില്‍ ബൈഡന് ഭരണകൂടം എന്‍.എസ്.ഒ ഗ്രൂപ്പിനെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ, മൊറോക്കോ, യു.എ.ഇ ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങളിലേക്ക് ഇസ്രയേലി സൈബര്‍ സാങ്കേതികവിദ്യകള്‍ കയറ്റുമതി ചെയ്യുന്നത് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം വിലക്കിയതായി ഇസ്രയേലി സാമ്പത്തിക പത്രമായ കാല്കലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021-ന്റെ അവസാനത്തിന് ശേഷം മൊറോക്കോയില്‍ പെഗാസസ് വഴിയുള്ള നിരീക്ഷണങ്ങള്‍ നടന്നതിന് നിലവില്‍ അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് എന്‍.എസ്.ഒ ഗ്രൂപ്പ്, യു.എ.ഇ അധികൃതര്‍, സ്പാനിഷ് ഗവണ്മെന്റ് എന്നിവരുടെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ വന്നിട്ടില്ല.
Moroccan intelligence insider reveals widespread use of Pegasus hacking software