June 04, 2026 |

‘ജിഹാദികള്‍ക്ക് വേണ്ടി മാത്രം കരഞ്ഞ മാര്‍പാപ്പ’; വിഷം തുപ്പി കാസ

കാസ അനുകൂലികളായ ചിലര്‍ മാര്‍പാപ്പയുടെ മരണത്തില്‍ പോലും സന്തോഷം പങ്കുവച്ച് രംഗത്തെത്തി

മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തനായ സഭാ അധ്യക്ഷനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. മുതലാളിത്തത്തെ വിമര്‍ശിക്കുകയും, ലിംഗ സ്വത്വ വൈവിധ്യങ്ങളോട് സഹാനുഭൂതി കാണിക്കുകയും, പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ കൊടുക്കുകയും, വധശിക്ഷയെ പൂര്‍ണമായും എതിര്‍ക്കുകയുമെല്ലാം ചെയ്തിട്ടുള്ള ആളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അതുകൊണ്ടു തന്നെയാണ് അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാകുന്നതും ആളുകള്‍ക്ക് പ്രിയങ്കരനാകുന്നതും. ‘മാറ്റങ്ങളുടെ മാര്‍പാപ്പ’ എന്ന പേരില്‍ അറിയപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണം ലോകത്തെ ദുഖത്തിലാഴ്ത്തുമ്പോഴും, അദ്ദേഹത്തോടുള്ള വെറുപ്പ് പുറന്തള്ളുന്നവരും ഇവിടെയുണ്ട്. പോപ്പിന്റെ മരണവാര്‍ത്തയില്‍ പോലും അദ്ദേഹത്തോടുള്ള വിദ്വേഷവും അവഹേളനവും നിറയ്ക്കുന്നുണ്ട് ഒരു കൂട്ടര്‍. കേരളത്തില്‍ നിന്നുമുണ്ട്. ക്രിസ്തീയ സംഘടനയെന്ന് വാദിച്ചുകൊണ്ട് ഇത്തരം വെറുപ്പിന്റെ പ്രചാരകരാകുന്നത് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ അഥവ കാസ. സംഘപരിവാറിന്റെ പിന്തുണക്കാരായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനക്കാര്‍, മാര്‍പാപ്പയുടെ മരണം ഒരുതരത്തില്‍ ആഘോഷിക്കുകയാണ്. അതിനവര്‍ക്ക് കാരണമാകുന്നത്, ഫ്രാന്‍സിസ് മാര്‍പാപ്പ ഗാസയിലെ ജനങ്ങളോടടക്കം, സാമ്രാജ്യത്വ-മത ഭീകരതയുടെ ഇരകളായ മനുഷ്യര്‍ക്കു വേണ്ടി സംസാരിച്ചു എന്നതാണ്.

casa supporters against pope francis

പോപ്പ് മുസ്ലീം അനുഭാവിയാണെന്നും, യൂറോപ്പിനെ മുസ്ലീം രാജ്യമാക്കാനായിരുന്നു പോപ്പിന്റെ ശ്രമം എന്നിങ്ങനെയുള്ള കമന്റുകളാണ് കാസയുടെ പേജില്‍ നിറയുന്നത്. എന്നും യുദ്ധത്തിനെതിരെ നിലപാടെടുത്തിരുന്ന അദ്ദേഹം ഗാസയിലെ മനുഷ്യര്‍ക്കു വേണ്ടി നിലകൊണ്ടിരുന്നു. ഈസ്റ്റര്‍ ദിനത്തിലെ തന്റെ അവസാന സന്ദേശത്തിലും ഗാസയിലെ വെടി നിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കാന്‍ അദ്ദേഹം ഹമാസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെയാണ് കാസക്കാരെ ചൊടിപ്പിച്ചത്.

casa supporters against pope francis

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണവിവരം ഏറെ ദുഃഖത്തോടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ അതിനിടെയാണ് കാസ അനുകൂലികളായ ചിലര്‍ മാര്‍പാപ്പയുടെ മരണത്തില്‍ പോലും സന്തോഷം പങ്കുവച്ച് രംഗത്തെത്തിയത്.

ജിഹാദികള്‍ക്ക് വേണ്ടി മാത്രം വാദിക്കുന്ന മാര്‍പാപ്പ, പക്ഷെ നൈജീരിയയില്‍ ഇസ്ലാം തീവ്രവാദികളെ കൊന്നൊടുക്കിയത് അറിഞ്ഞില്ലെന്നും, അടുത്ത മാര്‍പാപ്പയെങ്കിലും സഭയോട് പ്രതിബദ്ധതയുള്ള ആളായിരിക്കണമെന്നുമെല്ലാം കാസ അനുകൂലികള്‍ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ കാസയുടെ പേജുകളില്‍ പങ്കുവച്ചിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രങ്ങള്‍ക്ക് കീഴിലാണ് കാസ അനുകൂലികള്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്.

casa supporters against pope francis

ഹോര്‍ഹേ മാരിയോ ബെര്‍ഗോളിയോ എന്ന പുരോഹിതനില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയിലേക്കുള്ള മാറ്റം നിലപാടുകളിലേത് കൂടിയായിരുന്നു. ലൈംഗിക സ്വത്വത്തിന്റെ പേരില്‍ ആരും മാറ്റി നിര്‍ത്തപ്പെടരുതെന്നും, അവരെ കുറ്റക്കാരായി കാണരുതെന്നും അദ്ദേഹം നിലപാടെടുത്തു. സ്വവര്‍ഗ വിവാഹികളെ ആശിര്‍വദിക്കാനുള്ള അനുവാദം നല്‍കി.

മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമില്ലാതെ സമാധാനം സാധ്യമാകില്ലെന്നായിരുന്നു മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്. ഗാസയിലെ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത പാപ്പ, ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനോട് ആവശ്യപ്പെട്ടിരുന്നു.ഗാസയിലും ഇസ്രയേലിലും ദുരിതമനുഭവിക്കുന്ന ആളുകള്‍ക്കൊപ്പമാണ് തന്റെ മനസെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

casa supporters against pope francis

ഗാസയില്‍ പട്ടിണി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണം. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടക്കുകയാണ്. നിരവധി പേര്‍ക്ക് ജീവഹാനിയുണ്ടാക്കുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം സന്ദേശത്തിലൂടെ പറഞ്ഞിരുന്നു. യുക്രൈന്‍ യുദ്ധവും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.

ഗാസയിലെ ജനങ്ങളുടെ അവസ്ഥ അതീവ ഗുരുതരവും ലജ്ജാകരവുമാണെന്നായിരുന്നു കഴിഞ്ഞ ജനുവരിയില്‍ മാര്‍പാപ്പ വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ ക്രിസ്തീയ രാജ്യമായ ഇസ്രയേലിനെ പിന്തുണയ്ക്കാതെ ഗാസയിലെ ജനങ്ങളെക്കുറിച്ച് ഓര്‍ത്ത് അപലപിക്കുന്നതിനെതിരെ കാസയിലെ ആളുകളുടെ അതൃപ്തിയാണ് അദ്ദേഹത്തിന്റെ മരണശേഷം പോലുമുള്ള ഈ വെറുപ്പിനിടയാക്കിയത്.

മുന്‍ഗാമികളില്‍ നിന്ന് എന്നും വ്യത്യസ്തനായ സഭ അദ്ധ്യക്ഷനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ, അദ്ദേഹം നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളായിരുന്നു. മാത്രമല്ല എല്ലാ കാലത്തും ലോകം ഓര്‍ക്കുന്ന പരിഷ്‌കാരങ്ങള്‍ കൂടിയായിരുന്നു അതൊക്കെ ബിഷപ്പുമാരുടെ സിനഡ് യോഗത്തില്‍ സ്ത്രീകള്‍ക്കും മറ്റ് പ്രതിനിധികള്‍ക്കും വോട്ടവകാശം അടക്കമുള്‌ല പരിഷ്‌കാരങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടപ്പാക്കിയത് അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു.

ഇതോടൊപ്പം ചരിത്രത്തില്‍ ആദ്യമായി ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. ഇറ്റലിയിലെ അപ്പൂലിയയില്‍ നടന്ന ഉച്ചകോടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഊര്‍ജ്ജം, ആഫ്രിക്ക മെഡിറ്ററേനിയന്‍ സെഷനില്‍ അദ്ദേഹം പങ്കെടുത്തു. സെഷനെ അഭിസംബോധന ചെയ്ത അദ്ദേഹം മാരക ഓട്ടണോമസ് ആയുധങ്ങള്‍ നിരോധിക്കണമെന്ന് ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

സായുധപോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം ഉപകരണങ്ങളുടെ വികസനവും ഉപയോഗവും അപകടകരമാണെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. യുദ്ധ ഭൂമിയിലെ പ്രയോഗം അടക്കം നിര്‍മ്മിത ബുദ്ധിയുടെ അപകട സാദ്ധ്യതകളിലേക്കും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പെസഹാ ദിനത്തിലെ കാല്‍കഴുകല്‍ ചടങ്ങില്‍ പുരുഷന്‍മാര്‍ മാത്രമാകുന്ന പതിവ് പോപ്പ് ആയ ശേഷമുള്ള ആദ്യ പെസഹയില്‍ തന്നെ ഫ്രാന്‍സിസ് തിരുത്തിക്കുറിച്ചു. 2013 ല്‍ ഫ്രാന്‍സിസ് കാല്‍കഴുകി ചുംബിച്ചവരില്‍ 10 പുരുഷന്‍മാരും രണ്ട് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. റോമിലെ കാസാ ദെല്‍ മര്‍മോ ജയിലെ തടവുകാരായിരുന്നു അവര്‍. പോപ്പ് ഫ്രാന്‍സിസ് കാല്‍കഴുകി ചുംബിച്ച തടവുകാരില്‍ ഒരു സ്ത്രീയും ഒരു പുരുഷനും മുസ്ലീങ്ങളായിരുന്നു. സഭയുടെ സുപ്രധാന സംവിധാനങ്ങളില്‍ സ്ത്രീകളെ നിയമിച്ചും പോപ്പ് ഫ്രാന്‍സിസ് സഭയെ പുതിയ വഴികളിലേക്ക് നയിച്ചു.

കുടുംബം എന്ന ദൈവത്തിന്റെ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമം എന്ന് സ്വവര്‍?ഗവിവാഹങ്ങളെ 2010ല്‍ വിശേഷിപ്പിച്ച ബെര്‍?ഗോളിയോയുടെ നിലപാട് 2020 ല്‍ വിപ്ലവകരമായി പരിണമിച്ചു. സ്വവര്‍?ഗാനുരാ?ഗികള്‍ക്ക് കുടുംബം ആകാനുള്ള അവകാശമുണ്ടെന്നും അവര്‍ ദൈവമക്കളാണെന്നും പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചു. 2023 ല്‍ പോപ്പ് ഫ്രാന്‍സിസ്, വിവാഹത്തില്‍ കത്തോലിക്ക സഭയുടെ അനുശാസനങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്വവര്‍?ഗവിവാഹങ്ങളെ ആശിര്‍വദിക്കാനുള്ള അനുവാദം വൈദികര്‍ക്ക് നല്‍കി.

സഭ മുന്‍കാലങ്ങളില്‍ ചെയ്ത മാനവിക വിരുദ്ധമായ പ്രവൃത്തികള്‍ക്ക് പോപ്പ് ഫ്രാന്‍സിസ് മാപ്പു പറഞ്ഞു. കാനഡയിലെ തദ്ദേശീയ ജനവിഭാ?ഗത്തോട് കനേഡിയന്‍ കത്തോലിക്ക സഭ ചെയ്ത അതിക്രമങ്ങളില്‍ 2022ല്‍ പോപ്പ് ലജ്ജയും ദുഃഖവും പ്രകടിപ്പിച്ചു. സഭയുടെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ തദ്ദേശീയരായ കുഞ്ഞുങ്ങളോട് കാട്ടിയ അതിക്രമങ്ങളെ തള്ളിപ്പറഞ്ഞ പോപ് സഭയുടെ നടപടിയെ സാംസ്‌കാരിക വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്. അടയാളങ്ങളില്ലാത്ത അജ്ഞാത ശവക്കുഴികള്‍ നിലനിന്നയിടം സന്ദര്‍ശിച്ച പോപ്പ് ഫ്രാന്‍സിസ്, ക്രിസ്ത്യാനികള്‍ തദ്ദേശീയരായ റെഡ് ഇന്‍ഡ്യന്‍ ജനതയോട് ചെയ്ത അതിക്രമങ്ങള്‍ക്ക് ക്ഷമചോദിക്കുന്നു എന്ന് പരസ്യമായി പറഞ്ഞു casa supporters against pope francis

Content summary; casa supporters against pope francis

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×