June 04, 2026 |

യു.എസ് കേസ്: വസ്തുതകളിലേയ്ക്ക് കടക്കണ്ട, ട്രംപിന്റെ നയമാറ്റത്തെ ആശ്രയിച്ചാല്‍ മതിയെന്ന് അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം

വൈദ്യുതി വിതരണ കരാറിനായി, 2000 കോടിയുടെ കൈക്കൂലി, ഓഹരി തട്ടിപ്പ്, വിദേശവിനിമയ തട്ടിപ്പ്, അനുബന്ധ ഗൂഢാലോചനകള്‍ എന്നീ കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്

ഗൗതം അദാനിക്കും മരുമകന്‍ സാഗര്‍ അദാനിക്കും എതിരെ യു.എസ് ജസ്റ്റിസ് ഡിപാര്‍ട്ട്മെന്റ് എടുത്തിട്ടുള്ള കേസ് തള്ളുന്നതിന് വേണ്ടി ട്രംപിന്റെ നിയമഭേദഗതിയെ തന്നെ ആശ്രയിക്കാന്‍ അദാനി ഗ്രൂപ്പ് അമേരിക്കയിലെ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ഈ ഫെബ്രുവരിയില്‍ വിദേശ അഴിമതികള്‍ സംബന്ധിച്ച നിയമം (എഫ്.സി.പി.എ) മരവിപ്പിച്ചിരുന്നു.

വൈദ്യുതി വിതരണ കരാറിനായി, 2000 കോടിയുടെ കൈക്കൂലി, ഓഹരി തട്ടിപ്പ്, വിദേശവിനിമയ തട്ടിപ്പ്, അനുബന്ധ ഗൂഢാലോചനകള്‍ എന്നീ കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്
എന്നാരോപിച്ചാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്കും മരുമകന്‍ സാഗര്‍ അദാനിക്കും പല ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസെടുത്തത്. ഇത് സംബന്ധിച്ച വസ്തുതകള്‍ യു.എസ് അന്വേഷകരോട് ഗ്രൂപ്പ് വെളിപ്പെടുത്തിയില്ല എന്നാണ് ആരോപണം.

അമേരിക്കയില്‍ നിയമസഹായം നല്‍കുന്നവര്‍ക്ക് ഈ കേസ് സംബന്ധിച്ച് ‘ആഴത്തിലുള്ള അറിവ്’ ഉണ്ട് എന്നാണ് അദാനി ഗ്രൂപ്പ് വിചാരിക്കുന്നത് എന്നാണ് ‘അഴിമുഖ’ത്തിന് ലഭിച്ച രേഖകളും വാര്‍ത്ത സോഴ്സുകളും വ്യക്തമാക്കുന്നത്. അതുകൊണ്ട് ഈ കേസിന്റെ ‘വസ്തുതാപരമായ കാര്യങ്ങളിലേയ്ക്ക്’ പോകുന്നത് ‘അഭിലഷണീയ’മാകില്ല എന്നാണ് അമേരിക്കന്‍ അഭിഭാഷകരോടുള്ള ഗ്രൂപിന്റെ നിര്‍ദ്ദേശം. അദാനി ഗ്രൂപ്പിന്റെ വാദം ഫെബ്രുവരി പത്തിന് ട്രംപ് പുറത്തിറക്കിയ എഫ്.സി.പി.എ മരവിപ്പിക്കാനുള്ള എക്‌സിക്യൂട്ടീവ്‌ ഓര്‍ഡറില്‍ കേന്ദ്രീകരിച്ചുള്ളതാകണം. വര്‍ദ്ധിച്ച് വരുന്ന ചൈനീസ് സ്വാധീനത്തെ മധ്യപൂര്‍വ്വേഷ്യയില്‍ മറികടക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദാനി ഗ്രൂപ്പ് നിര്‍വ്വഹിക്കുന്നതെന്നും വാദത്തില്‍ ഉള്‍പ്പെടണമെന്ന് അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Donald Trump

ട്രംപിന്റെ എഫ്.സി.പി.എ മരവിപ്പിക്കലിന് ശേഷം ഇന്ത്യയില്‍ പൊതുവേ മാധ്യമങ്ങള്‍ കണക്കാക്കുന്നത് അദാനി ഗ്രൂപ്പിനെതിരായുള്ള കേസ് തള്ളിപ്പോകുമെന്നാണ്. എന്തായാലും അദാനി ഗ്രൂപ്പിന് നോട്ടീസ് നല്‍കി കേസുമായി മുന്നോട്ട് പോകാനാണ് തങ്ങളുടെ പദ്ധതി എന്നാണ് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ (എസ്.ഇ.സി) കഴിഞ്ഞ ഫെബ്രുവരി 18ന് കോടതിയെ അറിയിച്ചത്. ഇന്ത്യയുടെ നിയമ മന്ത്രാലയത്തോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നും അവര്‍ കോടതിയെ അറിയിച്ചു.

അസ്യൂര്‍ പവറിന്റെ മുന്‍ സി.ഇ.ഒ ആയിട്ടുള്ള സിറില്‍ കബാനസിനെതിരെ എസ്.ഇ.സി തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി വേണം അദാനിക്കെതിരെ എസ്.ഇ.സി നടത്തുന്ന അന്വേഷണമെന്ന് 2024 ഡിസംബര്‍ അഞ്ചിന് അവര്‍ ന്യൂയോര്‍ക്ക് കോടതിയെ അറിയിച്ചിരുന്നു. സിറില്‍ കബാനസ് സിംഗപൂരില്‍ താമസിക്കുന്ന ഒരു ഫ്രഞ്ച് പൗരനാണ്. നേരത്തേ അസ്യൂര്‍ പവറിന്റെ ഡയറക്ടര്‍ ബോര്‍ഡിലും അംഗമായിരുന്നു. ഡിപാര്‍ട്ട്മെന്റ ഓഫ് ജസ്റ്റിസ് കേസും ഇതുമായി ബന്ധപ്പെട്ടതാണ് എസ്.ഇ.സി കണ്ടെത്തി. ഒരേതരത്തിലുള്ള ‘സാമ്പത്തിക കൈമാറ്റ’ങ്ങളാണ് ഇതിലെല്ലാം കാണുന്നത് എന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

എസ്.ഇ.സിയുടെ രേഖകള്‍ പ്രകാരം ‘ഇന്ത്യയില്‍ ബിസിനസ് ഉറപ്പാക്കാന്‍ സിറില്‍ കബാനസ് കൈക്കൂലി നല്‍കി’. ഇത് എഫ്.സി.പി.എ-യുടെ ലംഘനമാണ്. അദാനി ഗ്രീനും അസുറും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ച 2019 മുതല്‍ ചര്‍ച്ചകള്‍ ഉറപ്പിച്ച 2022 വരെയുള്ള കാലയളവില്‍ സിറിള്‍ ആയിരുന്നു അസ്യൂറിന്റെ സി.ഇ.ഒ. 2022 ഏപ്രിലിലാണ് അദ്ദേഹം രാജിവയ്ക്കുന്നത്‌. 2019 ഡിസംബറിനും 2020 ജൂലായ്ക്കുമിടയില്‍ 12 ജിഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്നതിന് അദാനി ഗ്രൂപ്പുമായും അസ്യൂര്‍ പവറുമായും കേന്ദ്ര നവരത്ന പൊതുമേഖല സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എസ്.ഇ.സി.റ്റി) കരാറിലേര്‍പ്പെട്ടു. വളരെ കൂടിയ വിലയ്ക്ക് വൈദ്യുതി മേടിക്കാന്‍ തയ്യാറാകുന്ന കമ്പനികളെ കണ്ടെത്തേണ്ട ഉത്തരവാദിത്തം സൗരോര്‍ജ്ജ കോര്‍പറേഷനായി. സൗരോര്‍ജ്ജ കോര്‍പറേഷന് അത്തരം കമ്പനികളെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. അതോടെ അസ്യൂര്‍, അദാനി ഗ്രൂപ്പുകള്‍ ഒരുമിച്ചു ചേര്‍ന്ന് ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി’ നല്‍കി അവരെ കൊണ്ട് സൗരോര്‍ജ്ജ കോര്‍പറേഷനുമായി കരാര്‍ ഉണ്ടാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകളെ നിര്‍ബന്ധിക്കുകയായിരുന്നു’-വെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

Gautam adani with jagan mohan reddy

2029 കോടി രൂപയായിരുന്നു വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ഇതില്‍ 1700 കോടി രൂപ ആന്ധ്രപ്രദേശില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കും അക്കാലത്തെ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന ജഗന്‍ മോഹന്‍ റെഡ്ഢിക്കുമാണ് നല്‍കിയത്. ഗൗതം അദാനി തന്നെ 2021 ഓഗസ്റ്റില്‍ ജഗന്‍ മോഹന്‍ റെഡ്ഢിയെ നേരിട്ട് കണ്ട് എസ്.ഇ.സി.ഐയുമായുള്ള കരാര്‍ ആന്ധ്ര ഒപ്പിട്ടാല്‍ സംസ്ഥാനത്തിന് ലഭിക്കാന്‍ പോകുന്ന ‘ഗുണഫലങ്ങളെ’ കുറച്ച് സംസാരിച്ചു. ഒരു മാസത്തിനുള്ളില്‍ സാഗര്‍ അദാനിയും ആന്ധ്ര മുഖ്യമന്ത്രിയുമായി മറ്റൊരു ചര്‍ച്ച നടന്നു. ‘അഹമ്മദാബാദില്‍ അസ്യൂര്‍ എക്സിക്യൂട്ടീവുകളുമായി നേരിട്ട് നടത്തിയ ആശയവിനിമയത്തില്‍ വാങ്ങുന്ന ഒരോ മെഗാവാട്ടിനും 25 ലക്ഷം രൂപ എന്ന നിലയില്‍ കണക്കുകൂട്ടുകയും ആന്ധപ്രദേശ് ഉദ്യോഗസ്ഥര്‍ക്ക് 1750 കോടി രൂപയ്ക്ക് തുല്യമായ തുക നല്‍കുകയും ചെയ്തു. രേഖകള്‍ പ്രകാരം ഇത് അക്കാലത്തെ മുഖ്യമന്ത്രികൂടി ഉള്‍പ്പെടുന്നു’ കോടതി ഫയലുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ആന്ധ്ര ഭരിക്കുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി കേന്ദ്രത്തില്‍ ബി.ജെ.പിയുമായി സഖ്യത്തിലാണ്. തന്റെ രാഷ്ട്രീയ എതിരാളിയായും മുന്‍മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഢി നേരിട്ട് കൈക്കൂലി വാങ്ങിയതായി തെളിവുകള്‍ പുറത്ത് വന്നിട്ടും ഒരനക്കവും ചന്ദ്രബാബു നായിഡുവിന്റെ ഭാഗത്ത് നിന്നില്ല. കേസോ അന്വേഷണമോ ഒന്നും തന്നെയില്ല. അദാനി കോര്‍പറേഷന്റെ അതിഭീമമായ സ്വാധീനത്തിന് മറ്റ് തെളിവുകള്‍ വേണ്ട.

കേരളം, മഹാരാഷ്ട്ര, ബിഹാര്‍, ഛത്തീസ്ഗഢ്, തമിഴ്നാട്, ഒഡിഷ, ജമ്മുകാശ്മീര്‍ തുടങ്ങി പല സംസ്ഥാനങ്ങളുമായും എസ്.ഇ.സി.ഐ വഴി വൈദ്യുതി വാങ്ങാന്‍ അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി രേഖകള്‍ വെളിപ്പെടുത്തുന്നു.

2023 മാര്‍ച്ച 17ന് സാഗര്‍ അദാനിക്ക് ഗ്രാന്‍ഡ് ജൂറിയുടെ നോട്ടീസ് ലഭിച്ചു. എഫ്.ബി.ഐ ‘കോടതി നിര്‍ദ്ദേശപ്രകാരമുള്ള സേര്‍ച്ചവാറണ്ട് നടപ്പിലാക്കുന്നതിന്’ അദ്ദേഹത്തിന്റെ ഇലക്ട്രോണിക്സ് ഡിവൈസുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ ഗൗതം അദാനിക്ക് ഇമെയ്ല്‍ വഴി കോടതി നോട്ടീസും സെര്‍ച്ച്വാറണ്ടിന്റെ പകര്‍പ്പും ഫോട്ടോകള്‍ സഹിതം അയച്ചു. ഇതെല്ലാം പൊതുജനങ്ങള്‍ അറിയാതെ മറച്ച് പിടിക്കാന്‍ അദാനി ഗ്രൂപ്പിന് കഴിഞ്ഞു. ഗൗതം അദാനിക്കും മറ്റുള്ളവര്‍ക്കും അറസ്റ്റ് വാറണ്ട് വന്നതിന് ശേഷമാണ് എസ്.ഇ.സി കുറ്റാരോപണം ഉണ്ടായത്. ആ കുറ്റാരോപണം പരസ്യമാക്കിയതോടെയാണ് കേസിനെതിരെ നിയമപരമായി പോരാടാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചത്.  Case against Gautam Adani and Sagar Adani in US, Lawyers have been advised to rely on Trump’s policy change

ഇന്ത്യന്‍ ഭരണകൂടവുമായുള്ള അവിശുദ്ധ ബന്ധം, സംശയാസ്പദമായ വിദേശ ഇടപാടുകള്‍ തുടങ്ങി അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും അന്വേഷണങ്ങളും സമഗ്രമായി വായിക്കാന്‍ അഴിമുഖം സന്ദര്‍ശിക്കുക. ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ആധികാരികതയുടെ ഉറപ്പുള്ള പ്രത്യേക റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക;  https://azhimukham.com/category/adani/

Content Summary; Case against Gautam Adani and Sagar Adani in US, Lawyers have been advised to rely on Trump’s policy change

Leave a Reply

Your email address will not be published. Required fields are marked *

×