ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റീസ് യശ്വന്ത് വര്‍മ രാജിവച്ചേക്കും. പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന രൂപീകരിച്ച മൂന്നുംഗ ഇന്‍-ഹൗസ് സമിതിയുടെ അന്വേഷണത്തില്‍ ജ. വര്‍മയ്‌ക്കെതിരായ പരാതിയില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഷീല്‍ നീഗം, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി എസ് സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവറാം എന്നിവരടങ്ങുന്ന പാനലാണ്, ജ. വര്‍മയ്‌ക്കെതിരായ പരാതിയില്‍ വസ്തുതയുണ്ടെന്ന കണ്ടെത്തലോടെ തങ്ങളുടെ റിപ്പോര്‍ട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റീസിന് സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുമായി ഈ റിപ്പോര്‍ട്ടിന്‍മേല്‍ ചീഫ് ജസ്റ്റീസ് ചര്‍ച്ച നടത്തും. അതിനുശേഷം ജ. വര്‍മയോട് രാജി ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദി വയ്ര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജ. യശ്വന്ത് വര്‍മയ്‌ക്കെതിരായ ആരോപണങ്ങളില്‍ അന്വേണഷണം നടത്താന്‍ മാര്‍ച്ച് 22 നാണ് മൂന്നംഗ പാനലിനെ നിയോഗിച്ചത്. 1999ലെ സുപ്രീം കോടതി ആഭ്യന്തര നടപടിക്രമം പിന്തുടര്‍ന്നായിരുന്നു ഒരു ജുഡീഷ്യല്‍ വിഷയം അന്വേഷിക്കുന്നതിനായി മൂന്ന് ജഡ്ജിമാരുടെ സമിതി രൂപീകരിക്കുന്നത്. ജുഡീഷ്യറിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു ആന്തരിക സംവിധാനത്തിന്റെ ഭാഗമായ നടപടിക്രമമായിരുന്നു സമിതി.
ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന മേയ് 13 ന് വിരമിക്കും. അതിനു മുമ്പ് വളരെ അസാധാരണമായൊരു നടപടിയും അദ്ദേഹം കൈക്കൊള്ളാനുള്ള സാഹചര്യമുണ്ട്. ജ. വര്‍മയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി കെ ഉപാധ്യായയുടെ റിപ്പോര്‍ട്ട് പൊതുജനസമക്ഷം അവതരിപ്പിക്കുമെന്നാണ് വിവരം. ജസ്റ്റീസ് വര്‍മയ്ക്ക് അനുവദിക്കപ്പെട്ട ഔദ്യോഗിക ബംഗ്ലാവിന് സമീപമുള്ള ഒരു സ്റ്റോര്‍ ഹൗസില്‍ ഉണ്ടായ തീപിടുത്തമാണ് എല്ലാത്തിനും തുടക്കം. ഇവിടെ തീയണയ്ക്കാന്‍ വന്ന അഗ്നിശമന സേനയാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഈ കാര്യത്തില്‍ ജ. വര്‍മ നല്‍കിയ വിശദീകരണവും ഡല്‍ഹി ചീഫ് ജസ്റ്റീസിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ജഡ്ജിമാരുടെ പാനല്‍ രൂപീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍, ജസ്റ്റീസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരികെ സ്ഥലം മാറ്റിയിരുന്നു. വര്‍മയുടെ മാതൃ ഹൈക്കോടതിയാണ് അലഹമാബാദ്. എന്നാല്‍ അദ്ദേഹത്തിന് അതിനുശേഷം ജുഡീഷ്യല്‍ ഉത്തരവാദിത്തങ്ങള്‍ ഒന്നും തന്നെ അനുവദിച്ചിരുന്നില്ല. എന്നാല്‍ സമിതിയുടെ കണ്ടെത്തല്‍ അംഗീകരിച്ച് രാജിവയ്ക്കാന്‍ ജ. വര്‍മ തയ്യാറാകുമോ, അതോ തന്റെ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
വയ്‌റിനോട് സംസാരിച്ച ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്, നിലവിലെ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ ജ. വര്‍മ തുടരുന്നത് ‘ അസ്വാഭാവിക’മായി മാറിയിരിക്കുന്നവെന്നാണ്. സ്വന്തം നിലയ്ക്ക് വര്‍മ തീരുമാനം എടുക്കാത്തപക്ഷം, ഉചിതമായൊരു തീരുമാനം എടുക്കാന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റീസ് നിര്‍ബന്ധിതനാകുമെന്നും അവര്‍ പറയുന്നു. അതായത്, ജസ്റ്റീസ് വര്‍മ രാജിവയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍, ചീഫ് ജസ്റ്റീസ് രാഷ്ട്രപതിയോടും പ്രധാനമന്ത്രിയോടും അടുത്ത നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യും. ജഡ്ജിയെ ഇംപീച്ച്‌മെന്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ക്കായാട്ടായിരിക്കും ശുപാര്‍ശ. Cash Controversy: Justice Yashwant Varma Faces Resignation Pressure
Content Summary; Cash Controversy: Justice Yashwant Varma Faces Resignation Pressure
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.