സൗഹൃദവും പ്രണയവും അലിഞ്ഞുചേര്‍ന്ന പ്ലസ് ടു ക്ലാസില്‍ ഒരു കൊച്ചുകലാകാരന്‍ ജന്മമെടുക്കുന്നു. അതും അവന്‍ പോലുമറിയാതെ. ഇക്‌ണോമിക്‌സിലെ പാഠഭാഗം റോള്‍ പ്ലേ ആയി ചെയ്യാന്‍ അശ്വതി ടീച്ചര്‍ മറ്റൊരു ക്ലാസില്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ വേറിട്ട രീതിയില്‍ ഷോര്‍ട്ട് ഫിലിമാക്കി പ്രദര്‍ശിപ്പിച്ചു. ടീച്ചര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും കയ്യടിയും പ്രശംസ അവര്‍ ഞൊടിയിടയില്‍ നേടിയെടുത്തു. അശ്വതി ടീച്ചര്‍ മറ്റൊരു ക്ലാസിലെത്തി. കൂട്ടത്തില്‍ ഒരു ഡയലോഗും ‘അവരെ കണ്ടുപഠിക്ക്’ ! ഷോര്‍ട്ട് ഫിലിം ചെയ്തത് കണ്ടില്ലേയെന്ന്..vinesh
കഥ ഇവിടെ തുടങ്ങുകയാണ്. ക്ലാസിലെ ചില കുട്ടികള്‍ക്ക് ടീച്ചറുടെ ഡയലോഗ് നെഞ്ചിലാണ് തറച്ചത്. പിന്നെ വാശിയായി. ഒരു ഷോര്‍ട്ട് ഫിലിം നമുക്കും ചെയ്ത് കാണിക്കണം എന്നായി. 2 മെഗാപിക്‌സല്‍ കാമറയും ഡിജിറ്റല്‍ കാമറയുമൊക്ക കണ്ടെത്തി ഒരാഴ്ചത്തെ ഷൂട്ടിങ് അതായിരുന്നു പ്ലാന്‍. സ്‌ക്രിപ്പ്റ്റ് എഴുതിയതും സംവിധാനവും ക്ലാസിലെ ഒരു കൊച്ചുകലാകാരന്‍ തന്നെ. പേര് വിനേഷ് വിശ്വനാഥ്..
വിനേഷിന്റെ കൊച്ചുസിനിമ വിന്‍ഡോസ് മൂവി മേക്കറില്‍ എഡിറ്റ് ചെയ്യുന്നു. മറുപടി കൊടുക്കാന്‍ വേണ്ടി മാത്രം സിനിമ ചെയ്ത് തീര്‍ക്കുന്നു. പിന്നീട് പ്രൊജക്ടറില്‍ ഫിലിം സ്‌ക്രീന്‍ ചെയ്തപ്പോഴാണ് വിനേഷ് എന്ന നവാഗത സംവിധായകന്‍ തിരിച്ചറിയുന്നത് ടു മെഗാ പിക്‌സല്‍ കാമറയിലെ വിഷ്വല്‍, സൗണ്ട് ക്വാളിറ്റി വളരെ മോശമാണ് എന്ന്. ആര്‍ക്കും സിനിമ കാണാനോ, കേള്‍ക്കാനോ കഴിയാത്ത അവസ്ഥ. പിന്നീട് കൂവലായി ബഹളമായി. ആദ്യ സിനിമയെ കുറിച്ച് അശ്വതി ടീച്ചര്‍ മാത്രം നിനക്കൊരു ഭാവിയുണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. അത് വെറുമൊരു ആശ്വാസവാക്കായല്ല വിനേഷ് കണ്ടത്. മലയാളസിനിമയിലേക്കുള്ള ജീവിതവഴിയാണ് ടീച്ചര്‍ അന്ന് തുറന്നിട്ട് തന്നത്. ആ സ്വപ്‌നവുമായി വിനേഷ് നടന്നു. അദ്ദേഹം വെള്ളിത്തിരയിലേക്ക് ഒരു വലിയ സ്വപ്‌നവുമായി കടന്നുവന്നപ്പോള്‍ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും പഠിപ്പിച്ച പാഠങ്ങള്‍ സിനിമാജീവിതത്തില്‍ ഒരുപാട് ഗുണം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 2024 ല്‍ സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ ബിഗ് സ്‌ക്രീനിലെത്തുമ്പോള്‍ സിനിമാ ജീവിതം പഠിപ്പിച്ച പാഠങ്ങളെ കുറിച്ച് വിനേഷ് വിശ്വനാഥ് അഴിമുഖത്തോട് സംസാരിക്കുകയാണ്.
അഭിപ്രായങ്ങള്‍ക്ക് നല്‍കേണ്ട പ്രാധാന്യം മനസിലാക്കിയത് അശ്വതി ടീച്ചറുടെ ആശ്വാസവാക്കുകള്‍ക്ക് ശേഷമാണ്. സ്വന്തം ആശയങ്ങളും ആവിഷ്‌കാരമികവും മെച്ചപ്പെട്ടതാക്കാനായി കൂടുതല്‍ പഠിക്കാനും വര്‍ക്ക് ചെയ്യാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അതില്‍ നിന്ന് ഏറ്റവും മികച്ചത് പ്രേക്ഷകര്‍ക്ക് നല്‍കാനാണ് ഞാന്‍ പരിശ്രമിച്ചത്.
കരിയറിന്റെ തുടക്കകാലഘട്ടത്തില്‍ ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ചെയ്യുന്നതിനിടയില്‍ ബഡ്ജറ്റില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വന്നിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ ബഡ്ജറ്റ് കുറച്ചുള്ള എന്നാല്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാതെ ചെറിയ സിനിമകള്‍ ചെയ്തു. സ്താനാര്‍ത്തി ശ്രീക്കുട്ടനിലേക്ക് വന്നാല്‍, പല ഷോട്ടുകളും ചെലവേറിയതാണ്. ലിമിറ്റഡ് ആയ ബഡ്ജറ്റില്‍ നല്ല ഔട്ട്പുട്ട് നല്‍കാനാണ് ഞങ്ങളുടെ ടീം ശ്രമിച്ചത്. സിനിമയിലെ ആര്‍ട്ട് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത് അനീഷ് ഗോപാലാണ്.
ഒരു ടീമായി നിന്നതുകൊണ്ടുള്ള എല്ലാ ഗുണങ്ങളും സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന സിനിമയുടെ മേക്കിംഗിലുണ്ട്.
സിനിമയിലേക്ക് കടന്നുവരുന്ന പുതിയ കലാകാരന്മാരോട്, പറയാനുളളതെല്ലാം ഒരു സുഹൃത്ത് എന്ന നിലയിലാണ്. ആദ്യം സ്വന്തം കഴിവ് പ്രൂവ് ചെയ്യുക എന്നതാണ്. എന്നാല്‍ മാത്രമേ നമുക്കെന്തെല്ലാം ചെയ്യാനാകും, നമ്മളിലെ പരിധിയെന്തൊക്കയൊണ് എന്ന് തിരിച്ചറിയാനാകൂ. പിന്നീട് കൃത്യമായ പഠനവും തയ്യാറെടുപ്പുകളും ആവശ്യമാണ്. ആദ്യ സിനിമയ്ക്ക് ആവശ്യമായ സമയം നല്‍കി എല്ലാമേഖലയെയും മനസിലാക്കണം. സ്വന്തം സ്‌പേസ് സിനിമയിലെവിടെയെല്ലാം പ്ലേസ് ചെയ്യാനാകുമെന്ന് മനസിലാക്കാനും ഈ സമയം ഗുണം ചെയ്യും. കഥ പറയാന്‍ പ്രൊഡ്യൂസറിനെ സമീപിക്കുമ്പോള്‍ ശ്രദ്ധ വേണം. ഒരു കഥയുമായി കടന്നുവരുന്ന ഒരാളിന് ഇതല്ലാതെ മറ്റ് കഥകളില്ലേ എന്ന ചോദ്യം പ്രൊഡ്യൂസറില്‍ നിന്ന് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വ്യത്യസ്ത ജോണറുകളിലെ കഥകള്‍ പറയാനും പുതിയ ഒരാള്‍ക്ക് കഴിയണം.
പ്രൊഡ്യൂസറിന് മുന്‍പില്‍ ഒരു വണ്‍ ലൈന്‍ കഥ പറയുന്നതിനേക്കാള്‍ മൂന്ന് കഥകള്‍ പറയാനായാല്‍ ഏതെങ്കിലും ക്ലിക്ക് ആകാനും സാധ്യതയുണ്ട്. പ്രൊഡ്യസറുടെ സ്ലോട്ടുകളും വളരെ പെട്ടെന്ന് ലഭിക്കില്ലാ എന്നതുകൊണ്ട് തന്നെ കഥകള്‍ പറയുന്നയാള്‍ക്ക് ഇത്തരം തയ്യാറെടുപ്പുകള്‍ നല്ലതാണ്. ഇപ്പോള്‍ പുതിയ സിനിമകളില്‍ ഒരു തിരക്കഥ എഴുതിക്കഴിഞ്ഞു. മറ്റൊരു കഥയുടെ പണിപ്പുരയിലാണ്. സ്താനാര്‍ത്തി ശ്രീക്കുട്ടനേക്കാള്‍ കുറച്ചുകൂടിയ വലിയ സിനിമയായിരിക്കും അത്. അതിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറായിട്ടില്ല. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കൂട്ടായ്മയാണ് സിനിമ. തിരുവനന്തപുരത്തെ വാടകവീട്ടില്‍ ആനന്ദ് മന്‍മഥന്‍, മുരളീ കൃഷ്ണന്‍, കൈലാഷ് എസ് ഭവന്‍ എന്നിവര്‍ ഒത്തുകൂടി കഥ പറയുമ്പോള്‍ മുതല്‍ ഈ നിമിഷം വരെ ടീമാണ് സിനിമയെ നയിച്ചത്. ഞാന്‍ മാത്രമാണ് ഈ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നതെങ്കില്‍, ഈ സിനിമ പ്രേക്ഷകരിലേക്കെത്താന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരുമായിരുന്നു. എന്നേ പോലെയോ അതിനേക്കാള്‍ കൂടുതലോ ടീം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിനാലാണ് സിനിമ തീയേറ്ററുകളില്‍ ഇന്നും പ്രദര്‍ശനം തുടരുന്നത്.
സിനിമ ജനിക്കുന്നത് ഓരോരുത്തരുടെയും മനസില്‍ നിന്നായിരിക്കണം. സ്വന്തം സിനിമയാണെന്നും അതിന് നല്‍കേണ്ട പ്രാധാന്യവും ഓരോരുത്തരും മനസിലാക്കണം. കൂട്ടായ പ്രയ്തനത്തിലൂടെ മാത്രമേ സിനിമയിലുണ്ടായേക്കാവുന്ന സാധാരണപ്രശ്‌നങ്ങളെ മറികടക്കാനാവൂ. മനുഷ്യരാണ്..നിരവധി ജീവിതാന്തരീക്ഷത്തിലൂടെ കടന്ന് വന്നവരാണ്. അവരില്‍ നിന്നൊരു സിനിമ ജനിക്കുമ്പോള്‍, അത് എത്രയും നല്ലതാക്കണമെങ്കില്‍ വിട്ടുവീഴ്ചകള്‍ പലതും ആവശ്യമാണ്. സ്വന്തം ഈഗോയും കോപ്ലക്‌സുകളും ഒരു ക്രിയേറ്റീവ് സ്‌പേസില്‍ വലിയ പ്രശ്‌നമാകരുത്. ലക്ഷ്യം സിനിമ തന്നെയായിരിക്കണം. തിരക്കഥാകൃത്തുക്കളായ മുരളീകൃഷ്ണന്‍, ആനന്ദ് പി മന്‍മഥന്‍, കൈലാഷ് എസ് ഭവന്‍, നടന്‍ കണ്ണന്‍ നായര്‍, ഛായാഗ്രാഹകന്‍ അനൂപ് വി ഷൈലജ, അഹല്യ ഉണ്ണികൃഷ്ണന്‍, ശരണ്‍, ഫോട്ടോഗ്രാഫര്‍ ആഷിക് അബു..പലരുടെയും പേരുകള്‍ വിട്ടുപോയിട്ടുണ്ട്. അവരെയെല്ലാം ഉള്‍പ്പെടുത്തി തന്നെ പറയുകയാണ്. ഇവരുടെ ഓരോരുത്തരുടെയും സിനിമയാണ് എന്നുള്ള ചിന്തയാണ് സിനിമയുടെ വിജയം.
ടീം ആവര്‍ത്തിക്കുന്നതല്ല,അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകുന്നതിലാണ് കാര്യം. പല രീതിയിലും ഈ സിനിമയില്‍ പങ്കാളികളായ എല്ലാവര്‍ക്കും അവസരങ്ങള്‍ കടന്നുവരാം. അവയെ നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകാനാണ് കൂടുതല്‍ ശ്രമിക്കുക. ഓരോ കലാകാരന്മാര്‍ക്കും ടെക്‌നീഷ്യന്‍സിന് നല്‍കേണ്ട സ്‌പേസ് നല്‍കും.
സിനിമയെ ഇരുകയ്യുംനീട്ടി സ്വീകരിച്ചവരാണ് കൂടുതലും. സിനിമ റിവ്യു ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കണ്ടന്റാണ്. യൂട്യൂബേഴ്‌സ് മുതല്‍ ഫിലിം ക്രിട്ടിക്കും എഴുത്തുകാരനുമായ ഭരദ്വാജ് രംഗന്‍ വരെ സിനിമയെ വളരെയേറെ പോസിറ്റീവോടെയാണ് കണ്ടത്. ഒടിടി റിലീസുകള്‍ക്ക് ശേഷം മറ്റ് അഭിപ്രായങ്ങള്‍ കടന്നുവന്നേക്കാം. സിനിമയില്‍ പറയുന്ന രാഷ്ട്രീയം പറയാന്‍ വേണ്ടി പറയുന്നതിനേക്കാള്‍ കാണുന്നവര്‍ മനസിലാക്കട്ടെ എന്ന ചിന്തയിലൂടെ ആശയം രൂപപ്പെടുത്താന്‍ തീരുമാനിച്ചത്. അത് ആഗ്രഹിച്ച രീതിയില്‍ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു എന്നതില്‍ സന്തോഷമുണ്ട്.
ബാലതാരങ്ങളിലേക്കുള്ള യാത്ര ചെറുതായിരുന്നില്ല. ബാക്കിയെല്ലാ കഥാപാത്രങ്ങളെയും ഫിക്‌സ് ചെയ്യുകയും എന്നാല്‍ കുട്ടികളെ കണ്ടെത്താനാകാതെ നില്‍ക്കുന്ന സമയം സിനിമയുടെ ആദ്യഘട്ടത്തിലുണ്ടായിരുന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി ഓഡിഷന്‍ നടത്തുകയും തീയറ്റര്‍ ആര്‍ടിസ്റ്റ് കൂടിയായ സാം ജോര്‍ജ് ആണ് കുട്ടികളെ സിനിമയ്ക്ക് വേണ്ടി പാകപ്പെടുത്തിയെടുത്തത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രമല്ല,എല്ലായിടങ്ങളിലെയും കഴിവുറ്റ കുട്ടികളെയാണ് കണ്ടെത്താന്‍ ശ്രമിച്ചത്.
സാം ജോര്‍ജ്, സുജയ് സുദര്‍ശന്‍,പ്രണവ് മോഹന്‍,അഹല്യ ഉണ്ണികൃഷ്ണന്‍,അഭിഷേക് വി എച്ച് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ട്രെയിനിങ് നല്‍കിയത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തു. ഓരോ കഥാപാത്രങ്ങളുടെയും ശൈലികള്‍ ആര്‍ക്കെല്ലാമുണ്ടെന്നറിയാന്‍ ടാസ്‌കുകള്‍ നല്‍കിയും സംസാരിച്ചും അവരെ കണ്ടെത്താന്‍ ശ്രമം നടത്തി. ഷൂട്ടിന് ഒരാഴ്ച മുന്‍പാണ് കഥാപാത്രത്തിന് ഇണങ്ങുന്ന അഭിനേതാക്കളെ കണ്ടെത്തിയത്. സാം ജോര്‍ജ് തെരഞ്ഞെടുത്ത കഥാപാത്രങ്ങളെല്ലാം എനിക്ക് കൃത്യമായി തന്നെ തോന്നി. പക്ഷേ, ശ്രീക്കുട്ടനെ കണ്ടെത്താന്‍ വീണ്ടും വൈകി. ശ്രീരംഗിന്റെ ചിത്രം ശ്രീക്കുട്ടന്റേതായ രീതിയില്‍ സാം സ്‌കെച്ച് ചെയ്തുതന്നതിന് ശേഷമാണ് ഇതാണെന്റെ ശ്രീക്കുട്ടനെന്ന് എനിക്ക് തിരിച്ചറിയാനായത്. സ്‌ക്രിപ്റ്റ് കാണാതെ പഠിപ്പിച്ച് കാമറയ്ക്ക് മുന്‍പില്‍ ഏറ്റവും നന്നായി അവതരിപ്പിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കിയതും തീയേറ്റര്‍ ആര്‍ട്ടിസ്റ്റായ സാം ജോര്‍ജാണ്. എല്ലാ കുട്ടികളും ഞെട്ടിപ്പിക്കുന്ന പെര്‍ഫോര്‍മന്‍സാണ് കാഴ്ച വെച്ചത്. ട്രെയിനിങ് ലഭിക്കാതിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് വരെ നല്ല പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 45 ദിവസം ഷെഡ്യൂള്‍ ചെയ്ത ഷൂട്ടിങ് 42 ദിവസത്തിനകം ഇത്രയും ബാലതാരങ്ങളെ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്റെ കാരണം കൂട്ടായ്മയുടെ ഐക്യം തന്നെയാണ്.