March 26, 2025 |
Share on

വികാരിയുടെ ലൈംഗിക പീഡനം; നാണംകെട്ട ന്യായീകരണവുമായി സഭ

തങ്ങളുടെ തെറ്റുകളെ സമര്‍ത്ഥമായ നുണകള്‍കൊണ്ട് അവര്‍ കാലങ്ങളായി വെള്ള പൂശിക്കൊണ്ടിരിക്കുകയാണ് കത്തോലിക്കാസഭ ;കത്തോലിക്ക സഭയുടെ ഔദ്യോഗിക മാസികയായ സണ്‍ഡേ ഷാലോമിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇരയെ അപമാനിക്കുന്നത്

‘ഒരു സത്യാവസ്ഥ പൂര്‍ണമായി അറിഞ്ഞിരിക്കുന്നവന് ആ സംഗതിയെ പറ്റി ഏറ്റവും വലിയ കള്ളം സമര്‍ത്ഥമായി പറയാന്‍ കഴിയും’. കത്തോലിക്ക സഭയുടെ ഔദ്യോഗിക മാസികയായ സണ്‍ഡേ ഷാലോമിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനം(വൈദികന് നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തുമ്പോള്‍) വായിക്കുമ്പോള്‍ പ്രോട്ടഗോറസ് ഓര്‍മപ്പെടുത്തിയ മുകളിലത്തെ വാചകം എത്രമാത്രം പ്രസക്തമാണെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുന്നു. ആഗോള കത്തോലിക്ക സഭയുടെ തെറ്റുകള്‍ സഭയുടെ ഭരണക്കാരെക്കാള്‍ വ്യക്തമായി മാറ്റാര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ തെറ്റുകളെ സമര്‍ത്ഥമായ നുണകള്‍കൊണ്ട് അവര്‍ കാലങ്ങളായി വെള്ള പൂശിക്കൊണ്ടിരിക്കുന്നു.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കത്തോലിക്ക പുരോഹിതനായ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി പലതവണയായി ലൈംഗികമായി പീഡിപ്പിക്കുകയും ഒടുവില്‍ കുട്ടി പ്രസവിക്കുകയും ചെയ്തതിന്റെ വാര്‍ത്ത ഞെട്ടലോടെയാണു കേരളം കേട്ടത്. താന്‍ ചെയ്ത തെറ്റ് മറ്റൊരാളെ കൊണ്ട് ചുമപ്പിക്കാനായി പെണ്‍കുട്ടി പിതാവിനാലാണു പീഡിപ്പിക്കപ്പെട്ടതെന്നു വരുത്തി തീര്‍ക്കാനുള്ള ക്രിമിനല്‍ ബുദ്ധിയും ഫാ. റോബിന്‍ പയറ്റിയെന്നതും കേട്ടപ്പോള്‍ ളോഹയിട്ടവന്റെ ക്രൂരത എത്രത്തോളം ഉയരത്തില്‍ എത്തിയെന്നതും ബോധ്യപ്പെട്ടു. പക്ഷേ ഈക്കാര്യങ്ങളെല്ലാം മനസിലാക്കാന്‍ കഴിഞ്ഞിട്ടും വേട്ടക്കാരനെ പിന്തുണയ്ക്കാന്‍ മനസ്താപം തോന്നാതെ പോയ സഭ അവരുടെ ന്യായീകരണത്തിനുപയോഗിച്ച വഴി ഫാദര്‍ റോബിന്‍ ചെയ്തതിനെക്കാള്‍ വലിയ തെറ്റായി തന്നെ കാണണം.

സോഷ്യല്‍ മീഡിയയില്‍ ഫാദര്‍ റോബിനെതിരേയുള്ള കുറ്റവിചാരണയെന്ന പേരില്‍ സഭയേയും മൊത്തം പുരോഹിതരെയും ഒന്നടങ്കം അധിക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുകയാണെന്നും ആ പ്രവര്‍ത്തികളെ പ്രതിരോധിക്കാനും സഭയുടെ സത്യസന്ധതയും നിരപരാധിത്വവും വ്യക്തമാക്കാനുമെന്ന പേരില്‍ വിശ്വാസികളായ ചിലരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയാണു സണ്‍ഡേ ഷാലോം ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരം ന്യായീകരണ പോസ്റ്റില്‍ ഏറെ ശ്രദ്ധേയമായി അവര്‍ക്കു തോന്നിയത് റോസ്മരിയ(അച്ചു) എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റായിരുന്നു. ‘ ഞാനൊരു സ്ത്രീയാണ്, മനസ് കൊണ്ട് അമ്മയാണ്, സഹോദരിയും മകളും കൂട്ടുകാരിയുമൊക്കെയാണ്’ എന്ന പ്രസ്തവനയോടെ തുടങ്ങുന്ന ആ പോസ്റ്റില്‍ അവര്‍ ചോദിക്കുന്നത് (പിന്നീട് ഈ ഭാഗം നീക്കം ചെയ്തു)- ഇവിടെ തെറ്റില്‍ പങ്കുകാരിയായ കുട്ടിയുടെ പ്രായം 15 നു മുകളില്‍ ആണ്. എന്റെ മകളുടെ സ്ഥാനത്ത് തന്നെ ആ കുട്ടിയെ കണ്ടു പറയുകയാണ്, മോളേ നിനക്കും തെറ്റ് പറ്റി, നാളെ ദൈവത്തിന്റെ മുന്നില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റു പറയേണ്ടി വരിക. കുഞ്ഞേ, ഒരു വൈദികന്‍ ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു? ഒരു വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശിഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്ന് എന്തുകൊണ്ട് നീ അറിഞ്ഞില്ല?

കാലാകാലങ്ങളായി കത്തോലിക്ക സഭ നടത്തിവരുന്ന ന്യായീകരണങ്ങള്‍ ഓര്‍മയില്‍ വരുന്നവര്‍ക്ക് റോസ്മരിയ എന്ന സ്ത്രീയുടെ വാചകങ്ങള്‍ അത്ഭുതം ഉണ്ടാക്കില്ല. പക്ഷേ ഒരേ നയം തന്നെ സഭയ്ക്ക് ഇപ്പോഴും തുടരാനാകുന്നെങ്കില്‍, സഭാ വിശ്വാസം എന്നത് ഒരുവന്റെ മേല്‍ ചുമത്തുന്ന അടിമത്തം ആണെന്നതില്‍ തര്‍ക്കമില്ല.

വീട്ടിലെ ആരെങ്കിലും ഒരു തെറ്റ് ചെയ്താല്‍ അതിന്റെ പേരില്‍ വീട്ടിലെ എല്ലാവരേയും ആരെങ്കിലും അടച്ചാക്ഷേപിച്ചാല്‍ അതിന് നിങ്ങള്‍ സമ്മതിക്കുമോ എന്നാണു സണ്‍ഡേ ഷാലോമിന്റെ മറ്റൊരു ചോദ്യം. ക്രിസ്തീയ വിശ്വാസികളുടെ കുടുംബമായ കത്തോലിക്ക സഭയില്‍ തെറ്റുകാരനായ ആദ്യപേരുകാരനല്ല ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി. കേരളത്തില്‍ തന്നെ ഫാദര്‍ റോബിനു നിരവധി മുന്‍ഗാമികളുണ്ട്. ഒരേ തെറ്റുകള്‍ ഇപ്പോഴും ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ അതു വ്യക്തികളുടെ മാത്രമല്ല, കുടുംബത്തിന്റെ കൂടി കുഴപ്പം കൊണ്ടായിരിക്കാമെന്നൊരു വീണ്ടുവിചാരം എന്തുകൊണ്ട് ഉണ്ടായില്ല?കുട്ടികളടക്കമുള്ളവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന വൈദികരുടെ പ്രവൃത്തികളില്‍ ക്ഷമ ചോദിക്കുന്ന ആദ്യത്തെ പോപ്പല്ല ഫ്രാന്‍സിസ് മാര്‍പാപ്പ. ബെനഡിക്ട് 16ാമനും അതിന് മുമ്പ് ജോണ്‍ പോള്‍ രണ്ടാമനുമൊക്കെ അത് ചെയ്തിട്ടുണ്ട്. എന്നാല്‍ സഭയിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചിട്ടുള്ളതും ചര്‍ച്ചകള്‍ക്ക് വഴി തുറന്നതും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. വിവിധ വിഷയങ്ങളിലും മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളിലും സഭയുടെ യാഥാസ്ഥിതിക നിലപാടുകളില്‍ പലപ്പോഴും പുന:പരിശോധ ആവശ്യപ്പെട്ടാണ് ഫ്രാന്‍സിസ് പാപ്പ രംഗത്തെത്തിയിട്ടുള്ളത്. സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍ തന്നെ കുട്ടികളെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത് വേദനാജനകമാണെന്നും ഇക്കാര്യത്തില്‍ മാപ്പ് പറയുന്നതായും പോപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പ് പറയല്‍ തുടരുകയാണ്, ഒപ്പം ന്യായീകരണങ്ങളും.

പതിനാറു വയസുള്ള ആ പെണ്‍കുട്ടി താന്‍ തെറ്റിന്റെ ഇരയാക്കപ്പെടുന്നതിനെ തടയാന്‍ ശ്രമിച്ചില്ല എന്നതുകൊണ്ട് ദൈവത്തിന്റെ സന്നിധിയില്‍ അവളായിരിക്കും ആദ്യം കുറ്റം ഏറ്റു പറയേണ്ടി വരുന്നതെന്നതിനു വിശ്വാസിക്കും സഭയ്ക്കും സഭയുടെ വക്താക്കള്‍ക്കും യാതൊരു സംശയവുമില്ല. രാത്രിയില്‍ ഇറങ്ങി നടന്നാല്‍ പെണ്ണ് പീഡിപ്പിക്കപ്പെടുമെന്നും, വഴങ്ങി കൊടുക്കാതെ ഒരു പെണ്ണിനെയും ആര്‍ക്കും കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്നും, കൂട്ട ബലാത്സംഗത്തിനിരയായവള്‍ക്കു രക്ഷപ്പെടാന്‍ വഴിയുണ്ടായിട്ടും രക്ഷപ്പെടാന്‍ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നെന്നു ചോദിക്കുന്നതും പോലെ. ഈശോയുടെ തിരുഹൃദയത്തിന്റെ മൂല്യമുള്ള പുരോഹിതന്‍ അഥവ പുരുഷന്‍ പ്രലോഭനത്തില്‍ വീണുപോയാലും അതു തടയേണ്ട ബാധ്യതയുള്ളവള്‍ അതിനു തയ്യാറായില്ലെങ്കില്‍ ദൈവത്തിന്റെയെന്നല്ല, മനുഷ്യന്റെ കോടതിയിലും അവള്‍ തന്നെ ആദ്യാവസാനം വിചാരണ ചെയ്യപ്പെടും.

ഫാദര്‍ റോബിന്‍ എന്തായിരുന്നുവെന്നും എങ്ങനെയാണ് ആയാള്‍ തിരുവസ്ത്രത്തിനുള്ളില്‍ കഴിഞ്ഞിരുന്നതെന്നും സാമാന്യജനത്തിനോ മാധ്യമങ്ങള്‍ക്കോ മനസിലാക്കാന്‍ ഈയൊരു സംഭവം വേണ്ടി വന്നെങ്കില്‍, അതിനും മുന്നേ സഭയ്ക്കു കഴിഞ്ഞിട്ടുണ്ടാവണം. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ വഴി തിരുത്താന്‍ ശ്രമിക്കാതിരുന്നതോ അതിനു ശ്രമിച്ചു പരാജയപ്പെട്ടതോ എന്തു തന്നെയായാലും ഇപ്പോള്‍ നടക്കുന്ന വിചാരണ നേരിടാന്‍ സഭയ്ക്കുള്ള കാരണം തന്നെയാണ്. സ്വയം തിരുത്തലും ഏറ്റു പറച്ചിലും തന്നെയായിരുന്നു വേണ്ടത്. അതിനു പകരം ഒരു പെണ്‍കുട്ടിയുടെ മേല്‍ കുറ്റത്തിന്റെ പങ്കുവച്ചു കൊടുക്കുന്ന ന്യായീകരണം ഒരിക്കലും ശുദ്ധീകരിക്കലിനു വഴിയൊരുക്കില്ല. ഹൃദയത്തെക്കാള്‍ വലിയ ശിരസുള്ളവരുടെ കൂട്ടമാകരുത് തിരുസഭ.

×