ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പതിനായിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്ത് ഹൈബ്രിഡ് വൈദ്യുത നിലയം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് അനുമതി നല്‍കി. അതിര്‍ത്തിയോട് ചേര്‍ന്നുള്ള തന്ത്ര പ്രധാനവും അതീവ സുരക്ഷാമേഖലയുമായ ഇത്തരം പ്രദേശങ്ങളില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും പാടില്ല എന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ദീര്‍ഘകാലമായുള്ള നിയമങ്ങളും ദേശസുരക്ഷയെ കുറിച്ചുള്ള വിദഗ്ദ്ധരുടെ ആശങ്കകളും മറികടന്നാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന്റെ
താത്പര്യത്തിന് വഴങ്ങിയത്. ഇതിനായി ആദ്യം ഒരു കേന്ദ്ര പൊതുമേഖല സ്ഥാപനത്തെ കൊണ്ട് അതിര്‍ത്തി സംരക്ഷണ നിയമത്തില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടുകയും പൊതുമേഖല സ്ഥാപനത്തിന് വേണ്ടിയെന്നോണം നിയമം മാറ്റുകയും ചെയ്തു. പിന്നീട് പൊതുമേഖല സ്ഥാപനം തങ്ങള്‍ക്കത് ലാഭകരമാകില്ല എന്ന് ചൂണ്ടിക്കാണിച്ച് പിന്‍മാറുകയായിരുന്നു. പിന്മാറാനുള്ള നിര്‍ദ്ദേശം നല്‍കിയത് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രിയും. തുടര്‍ന്നാണ് അദാനി ഗ്രൂപ്പിന്റെ നാടകീയ രംഗപ്രവേശം. തുടര്‍ന്ന് എല്ലാ നിയമങ്ങളും അവരുടെ താത്പര്യത്തിന് വേണ്ടി മാറ്റിയെഴുതി.
തന്ത്രപ്രധാനമായ ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ മാത്രം അകലെ, കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചു വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ് അദാനി ഗ്രൂപ്പിന് സഹായമായി മാറിയത് എന്നാണ് സര്‍ക്കാര്‍ രേഖകളും, ഗുജറാത്തിലെ ഒരു പാരമ്പര്യേതര ഊര്‍ജ പാര്‍ക്കുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകളുടെ രേഖകളും വെളിപ്പെടുത്തുന്നത്.
ഗുജറാത്തില്‍ കച്ച് മേഖലയിലാണ് പാക് അതിര്‍ത്തിക്ക് സമീപം പുനരുപയോഗ ഊര്‍ജ്ജ പദ്ധതി പ്രകാരം കാറ്റില്‍ നിന്ന് വൈദ്യുതി നിര്‍മ്മിക്കാന്‍ പൊതുമേഖല സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് (എസ്.ഇ.സി.ഐ) ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പദ്ധതി സാമ്പത്തികമായി ലാഭകരമാക്കുന്നതിന് ഒരേസമയം വെയിലില്‍ നിന്നും കാറ്റില്‍ നിന്നും വൈദ്യുതി സൃഷ്ടിക്കാന്‍ സോളാര്‍ പാനലുകളും കാറ്റാടി യന്ത്രങ്ങളും ഉള്‍ക്കൊണ്ട ഹൈബ്രിഡ് ഊര്‍ജ്ജ പദ്ധതിക്ക് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ സര്‍ക്കാരിന്റെ സമ്മതം തേടി. 2023 മെയ് മാസത്തില്‍ ഇന്ത്യയുടെ അതിര്‍ത്തി പരിപാലന നിയമങ്ങളില്‍ സുപ്രധാന ഭേദഗതി വരുത്തിക്കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്റെ അപേക്ഷ അംഗീകരിച്ചു.
എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം പ്രതിരോധ മന്ത്രാലയം ഭേദഗതി ചെയ്ത നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഗുജറാത്ത് സര്‍ക്കാരിന് ഭൂമി വിട്ടു നല്‍കി. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്.
അതിന് ശേഷം ഗുജറാത്ത് സര്‍ക്കാര്‍ ഈ ഭൂമി അദാനി ഗ്രൂപ്പിന് പതിച്ചു നല്‍കി. ഇത് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ എന്ന സര്‍ക്കാരിന്റെ തന്നെ മുന്‍ തീരുമാനത്തെ മറികടന്നായിരുന്നു ഇത്. തത്ഫലമായി, കച്ച് ജില്ലയിലെ ഖവ്ദ സോളാര്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് 445 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഉള്ളത്. അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലത്തില്‍ കാറ്റാടി യന്ത്രങ്ങളും രണ്ട് കിലോമീറ്റര്‍ അകലെ സോളാര്‍ പാനലുകളും അദാനി ഗ്രൂപ്പിന് സ്ഥാപിക്കാന്‍ കഴിയും.
അദാനി ഗ്രൂപ്പിന് വന്‍ നേട്ടമുണ്ടാക്കികൊടുക്കുന്നതിന് വേണ്ടി അതിര്‍ത്തി നിയമങ്ങളില്‍ വലിയ മാറ്റമുണ്ടാക്കിയത് ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് ഇത്രയും വലിയ വ്യാവസായിക നിക്ഷേപങ്ങള്‍ നടത്തുന്ന ‘വിവേകശൂന്യത’ തന്നെ ഞെട്ടിച്ചുവെന്ന് ഒരു മുന്‍ സൈനിക മേധാവി പറഞ്ഞു.
അതിര്‍ത്തി ഭൂമി വാണിജ്യപരമായ ചൂഷണത്തിന് അനുവദിക്കുക വഴി അതിര്‍ത്തി പ്രതിരോധ ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ച് പ്രതിരോധ വിദഗ്ധനായ അജയ് ശുക്ല നിര്‍ണായക ആശങ്കകള്‍ പ്രകടിപ്പിച്ചു. അതിര്‍ത്തി പ്രതിരോധ നിയമങ്ങള്‍ മാറ്റുന്നതിലൂടെ ദേശീയ സുരക്ഷയെക്കാള്‍ കൂടുതല്‍ പ്രാധാന്യം സ്വകാര്യ വാണിജ്യ താല്പര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും, ഈ വാണിജ്യ താല്പര്യങ്ങളുടെ സുരക്ഷാ ചുമതല കൂടി സര്‍ക്കാരിന്റെ ബാധ്യതയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം കമ്പനികളെ അനുകുലിക്കുന്നതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടാനുള്ള വാതില്‍ സര്‍ക്കാര്‍ സ്വയം തുറന്നിടുകയാണ് എന്നും അദ്ദേഹം പരാമര്‍ശിച്ചു.
ഈ കണ്ടെത്തലുകളോടും വിമര്‍ശനങ്ങളോടുമുള്ള പ്രതികരണം തേടി ഞങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രതിരോധ മന്ത്രാലയം, കരസേനാ കാര്യാലയം, അദാനി ഗ്രൂപ്പ്, ഗുജറാത്ത് സര്‍ക്കാര്‍, പുനരുപയോഗ ഊര്‍ജ മന്ത്രാലയം, എസ് ഇ സി ഐ എന്നിവയുമായി ബന്ധപ്പെട്ടുവെങ്കിലും ഒരു പ്രതികരണവും ലഭിച്ചിട്ടില്ല.
ഭൂമിയുടെ വിഹിതം
2019 ജനുവരി 25-ന് റാന്‍ ഓഫ് കച്ച് മേഖലയില്‍ പാരമ്പര്യേതര ഊര്‍ജ പാര്‍ക്കിനായി ഗുജറാത്ത് സര്‍ക്കാര്‍ 72,400 ഹെക്ടര്‍ (1,78,904 ഏക്കര്‍) തരിശുഭൂമി അനുവദിച്ചു. കാറ്റില്‍ നിന്നും വെയിലില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കാവുന്ന ഹൈബ്രിഡ് പദ്ധതിക്ക് വേണ്ടിയായിരുന്നു അത്. ഖവ്ദ സോളാര്‍ പാര്‍ക്ക് എന്നറിയപ്പെടുന്ന ഈ പദ്ധതി 2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പാകിസ്ഥാനുമായി വടക്കേ അതിര്‍ത്തി പങ്കിടുന്ന ജില്ലയായ കച്ചിലാണ് ഈ റാന്‍ ഓഫ് കച്ച് മേഖല. നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ വലിയ പാരമ്പര്യേതര ഊര്‍ജ്ജ പാര്‍ക്കായി മാറുന്ന ഖവ്ദയ്ക്ക് ഏതാണ്ട് സിംഗപൂരിന്റെ അത്രയും വലിപ്പമുണ്ട്.
രണ്ട് കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും രണ്ട് ഗുജറാത്ത് സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കുമായാണ് ആദ്യം ഈ പാര്‍ക്കിലെ ഭൂമി വീതിച്ച് നല്‍കിയത്. ഏറ്റവും കൂടുതല്‍ ഭൂമി (56,834.2 ഏക്കര്‍) സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് നല്‍കി. ഈ ഭൂമി ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തായാണ് സ്ഥിതി ചെയ്യുന്നതെന്ന് അഴിമുഖം വിശകലനം ചെയ്ത ഗുജറാത്ത് സര്‍ക്കാര്‍ രേഖകളില്‍ നിന്നു വ്യക്തമാകുന്നു. മാത്രമല്ല, ‘സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്.ഇ.സി.ഐ) കാറ്റാടിപ്പാട പദ്ധതിക്ക് മാത്രമായി കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ ഈ ഭൂമി മാറ്റിവച്ചിരിക്കുകയാണ്’ എന്നും ഈ സര്‍ക്കാര്‍ രേഖകളിലുണ്ട്. ഖവ്ദ സോളാര്‍ പാര്‍ക്കിലുള്ള ബാക്കി ഭൂമിയില്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതിയും സൗരോര്‍ജ്ജവും ഉത്പാദിപ്പിക്കുന്ന പദ്ധതികള്‍ ഉണ്ടായിരിക്കുമെങ്കിലും 3,000 മെഗാവാട്ട് ശേഷിയുള്ള ഒരു കാറ്റാടിപ്പാടത്തിന് മാത്രമേ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്‍കിയിരുന്നുള്ളു.
വ്യവസ്ഥകള്‍ പ്രകാരം, ഓരോ കമ്പനികള്‍ക്കും അനുവദനീയമായ പരമാവധി ഭൂമി വിഹിതം 20,000 ഹെക്ടറും (49,421 ഏക്കര്‍), ഒരോ പ്ലാന്റിനുമുള്ള പരമാവധി വൈദ്യുതി ഉല്‍പാദന ശേഷി 10,000 മെഗാവാട്ടും ആണ്. ഏറ്റവും കൂടിയ ഭൂമി (23,000 ഹെക്ടര്‍ അഥവാ 56,834.2 ഏക്കര്‍) ലഭിച്ച സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് 3,000 മെഗാവാട്ട് വൈദ്യുതി മാത്രം ഉത്പാദിപ്പിക്കാനുള്ള അവകാശം ലഭിച്ചു. രണ്ടാമത്തെ ഏറ്റവും വലിയ ഭൂമി വിഹിതം ലഭിച്ചത് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിനാണ്- 19,000 ഹെക്ടര്‍ (46,950 ഏക്കര്‍) ഭൂമി. ഒപ്പം 9,500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനത്തിനുള്ള അനുവാദവും.
സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്റെ ആശങ്കകള്‍
അഴിമുഖം വിശകലനം ചെയ്ത സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഈ ഭൂമിയിലെ കാറ്റാടിപ്പാട പദ്ധതിക്ക് 1,100 മെഗാവാട്ട് വൈദ്യുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയൂ എന്നും അങ്ങനെ വന്നാല്‍ പദ്ധതി കോര്‍പ്പറേഷന് സാമ്പത്തികമായി വിജയകരമാകില്ല എന്നുമുള്ള ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടി 2021 ഏപ്രിലില്‍ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഗുജറാത്ത് സര്‍ക്കാരിന് കത്തെഴുതി. ആ കത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള വിമുഖത സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഗുജറാത്ത് സര്‍ക്കാരിനെ അറിയിച്ചു.
പദ്ധതിയുമായി മുന്നോട്ട് പോകുന്ന കമ്പനികള്‍, അവര്‍ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യം വയ്ക്കുക്കുന്ന വൈദ്യുതി കണക്കാക്കി, ഒരു മെഗാവാട്ടിന് രണ്ട് ലക്ഷം രൂപ കരുതല്‍ നിക്ഷേപവും ഒരു ഹെക്ടറിന് പ്രതിവര്‍ഷം 15,000 രൂപ പാട്ട വാടകയും ഗുജറാത്ത് സര്‍ക്കാരിന്റെ റവന്യു വകുപ്പില്‍ കെട്ടിവയ്ക്കണം. പദ്ധതിയുടെ കാലാവധി അവസാനിക്കുമ്പോള്‍ ഓരോ മെഗാവാട്ടിനും കെട്ടിവച്ച തുക സര്‍ക്കാര്‍ പലിശയില്ലാതെ തിരിച്ചു നല്‍കും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ പാട്ട വാടക 15 ശതമാനമാണ് വര്‍ദ്ധിക്കുക.
2021 മുതല്‍ എസ്.ഇ.സി.ഐ, ഈ പദ്ധതിയുടെ വിജയത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്. ആ വര്‍ഷം ഏപ്രിലില്‍ ഗുജറാത്ത് സര്‍ക്കാരിന് എഴുതിയ ഒരു കത്തില്‍, പദ്ധതി അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക വ്യവസ്ഥകള്‍ ‘ബിഡ്ഡുകള്‍ അപ്രായോഗികമാകാന്‍ ഇടയാക്കിയേക്കാം. എന്ന് കമ്പനി അഭിപ്രായപ്പെട്ടു. അടുത്ത രണ്ട് വര്‍ഷങ്ങളിലും സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്റെ ആശങ്കകള്‍ പരിഹരിക്കപ്പെട്ടില്ല. 2023 ഏപ്രിലില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് ‘അനുവദിക്കപ്പെട്ട ഭൂമിയില്‍ കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഉര്‍ജ്ജോത്പാദന പദ്ധതി മാത്രം നടത്തുന്നത് വാണിജ്യപരമായി അപ്രായോഗികമാണ്’ എന്ന് കാണിച്ച് എസ് ഇ സി ഐ കത്തയച്ചു. അനുവദിച്ച ഭൂമിയില്‍ ഹൈബ്രിഡ് വൈദ്യുത പദ്ധതി (സൗരോജര്‍ജ്ജം + കാറ്റ്) സ്ഥാപിക്കുന്നതിന് അനുമതി നല്‍കണമെന്നും ഈ കത്തില്‍ എസ് ഇ സി ഐ നോഡല്‍ ഏജന്‍സിയോട് ആവശ്യപ്പെടുന്നുണ്ട്. 2023 ഏപ്രില്‍ 6-ന് എസ് ഇ സി ഐ പ്രതിനിധികള്‍ പ്രാദേശിക കരസേന അധികാരികളുമായും ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഉന്നതോദ്യോഗസ്ഥരായും ഈ വിഷയം ചര്‍ച്ച ചെയ്തതായും രേഖകള്‍ സൂചിപ്പിക്കുന്നു. പ്രതിരോധ മന്ത്രാലയത്തോട് ഈ വിഷയം ചര്‍ച്ച ചെയ്യാനും പദ്ധതി പ്രദേശത്ത് സോളാര്‍ പാനലുകള്‍ കൂടി സ്ഥാപിക്കാനുള്ള അനുമതി അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്ക് കത്തെഴുതിയിട്ടുണ്ടെന്ന് ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അധികാരികള്‍ എസ് ഇ സി ഐ ഉദ്യോഗസ്ഥരെ അറിയിച്ചു.
പ്രതിരോധ മന്ത്രാലയം വിഷയത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. 2023 ഏപ്രില്‍ 21 ന് ഉച്ചയ്ക്ക് 12:30 ന് പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ പ്രതിരോധ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ദീപ്തി മോഹില്‍ ചൗള അധ്യക്ഷത വഹിച്ചു. ഒരു ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസ് ഓഫീസര്‍ ആയിരുന്ന ദീപ്തി ചൗളക്ക് ഈ യോഗത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് അഡീഷണല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. യോഗത്തില്‍ സൈനിക ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. പ്രത്യേകിച്ചും, മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് ജനറലില്‍ നിന്നുള്ള ഒരു മേജര്‍ ജനറലും, ഒരു ബ്രിഗേഡിയറും. ഇവരെ കൂടാതെ ഗുജറാത്ത് സര്‍ക്കാരിന്റെയും ഗുജറാത്ത് സംസ്ഥാന പവര്‍ കോര്‍പ്പറേഷനുകളുടെയും പ്രതിനിധികളും, പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും, രണ്ട് എസ്.ഇ.സി.ഐ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ തീരുമാനങ്ങളുടെ ഒരു പരമ്പര തന്നെ ‘പരസ്പര സമവായത്തോടെ” അംഗീകരിക്കപ്പെട്ടതായി മിനുട്‌സ് രേഖകള്‍ വ്യക്തമാക്കുന്നു. യോഗത്തിലെടുത്ത തീരുമാനങ്ങളില്‍ പലതും അതിര്‍ത്തി പ്രദേശ വികസനം സംബന്ധിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയുമായി ബന്ധപ്പെട്ടതാണ്. അതുവരെ അതിര്‍ത്തി പ്രദേശ ഗ്രാമങ്ങളിലെ കുളങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍ എന്നിവ നിര്‍മ്മിക്കുകയോ നന്നാക്കുകയോ പോലുള്ള പഞ്ചായത്തുകളോ മറ്റ് സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ ഭരണസ്ഥാപനങ്ങളോ നടത്തുന്ന ചെറിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നുള്ളൂ. എന്നാല്‍ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ പരിധിയില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാമെന്ന് പുതിയ യോഗത്തില്‍ തീരുമാനമായി. കൂടാതെ, അതിര്‍ത്തിയില്‍ നിന്നു രണ്ട് കിലോമീറ്റര്‍ മുതല്‍ കാറ്റാടി യന്ത്രങ്ങളും സൗരോര്‍ജ്ജ പാനലുകളും ഉള്‍പ്പെടുന്ന ഹൈബ്രിഡ് പാരമ്പര്യേതര ഊര്‍ജ പദ്ധതികള്‍ ആരംഭിക്കാന്‍ അനുവദിക്കാമെന്നും യോഗം തീരുമാനിച്ചു. അതേ സമയം കാറ്റാടി യന്ത്രങ്ങള്‍ക്കു മുകളില്‍ പദ്ധതി നടത്തിപ്പുകാര്‍ 15 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
2023 മെയ് 8-ന്, പ്രതിരോധ മന്ത്രാലയം പുതിയ നിയമഭേദഗതികള്‍ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കൂടാതെ നിരവധി കേന്ദ്ര മന്ത്രാലയങ്ങളെയും അറിയിച്ചു. അതിര്‍ത്തി ഗ്രാമ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി സുരക്ഷാ നയങ്ങളുടെ സമഗ്രമായ അവലോകനം നടത്തിയതായും, അതിന്റെ ഫലമായി സുരക്ഷാ നയത്തിന് ‘ചില അധിക ഇളവുകള്‍” നല്‍കിയതായും പ്രതിരോധ മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു.
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഊര്‍ജ്ജ പദ്ധതികള്‍ നിര്‍മിക്കുന്നതിനുള്ള നിയമങ്ങള്‍ അംഗീകരിച്ചതോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണ നിയമങ്ങളില്‍ ഇളവ് വരുത്തി. ഈ വിജ്ഞാപനത്തില്‍ ഏപ്രിലില്‍ നടന്ന ഈ യോഗത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. ‘ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ 20 കിലോമീറ്റര്‍ ദൂരം വരെയുള്ള കാറ്റ്, താപ, സൗരോര്‍ജ്ജ, ഹൈബ്രിഡ് പവര്‍ പ്ലാന്റുകള്‍ പദ്ധതിയിടുമ്പോള്‍ പ്രതിരോധമന്ത്രാലയവുമായി കൂടിയാലോചന നടത്തണം’ എന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
എസ് ഇ സി ഐ ഭൂമി തിരിച്ചു നല്‍കുന്നു
അതിര്‍ത്തി ചട്ടങ്ങളില്‍ ഇളവ് നല്‍കിയിട്ടും സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ പദ്ധതിയുമായി മുന്നോട്ട് പോയില്ല. പകരം അതിനടുത്ത മാസം അവര്‍ നാടകീയമായ ഒരു നിലപാട് കൈക്കൊണ്ടു.
2023 മെയ് 1-ന്, അന്നത്തെ പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രി മന്ത്രി ആര്‍.കെ. സിംഗിന്റെ അധ്യക്ഷതയില്‍ ഒരു സുപ്രധാന യോഗം നടന്നുതായി 2023 ജൂലായിലെ ഒരു കത്തില്‍ വിശദീകരിക്കുന്നു. പദ്ധതിയുടെ പ്രയോഗികതയെ കുറിച്ചുള്ള ആശങ്കകള്‍ കാരണം അനുവദിച്ച ഭൂമി ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചു നല്‍കാനുള്ള സാധ്യതകളെക്കുറിച്ചു അവലോകനം ചെയ്യാന്‍ ഈ യോഗത്തില്‍ എസ് ഇ സി ഐ യെ മന്ത്രി ചുമതലപ്പെടുത്തി.
ഈ യോഗം 23,000 ഹെക്ടര്‍ (56,834.2 ഏക്കര്‍) ഭൂമി വിട്ടുനല്‍കാനുള്ള സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്റെ അന്തിമ തീരുമാനത്തിന് കളമൊരുക്കി. നിര്‍ദ്ദിഷ്ടഭൂമിയില്‍ ഹൈബ്രിഡ് പദ്ധതി സ്ഥാപിക്കണമെന്ന് എസ് ഇ സി ഐ ആവശ്യപ്പെട്ടിട്ടും പുനരുത്പാദന ഊര്‍ജ്ജ മന്ത്രാലയമോ, കേന്ദ്ര/ഗുജറാത്ത് സര്‍ക്കാരുകളോ ഒരു തീരുമാനവുമായി പ്രതികരിക്കാത്തത് കോര്‍പ്പറേഷനെ അനിശ്ചിതത്വത്തിലാക്കി. അതിര്‍ത്തി നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ പുനരുത്പാദന ഊര്‍ജ്ജ മന്ത്രാലയം തങ്ങളുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തെ അറിയിച്ചില്ല. ആശയവിനിമയത്തിന്റെ ഈ അഭാവം ആത്യന്തികമായി ഭൂമി വിഹിതം ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചു നല്‍കാനുള്ള സോളാര്‍ എനര്‍ജി കോര്‍പറേഷന്റെ തീരുമാനത്തിന് കാരണമായി.
അതിര്‍ത്തി ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ പ്രതിരോധ മന്ത്രാലയം സമ്മതിച്ച ഏപ്രില്‍ 21 ന് നടന്ന യോഗത്തില്‍ പങ്കെടുത്തിട്ടും പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം ആശ്ചര്യപ്പെടുത്തുന്ന ഒരു നിലപാടായിരുന്നു. പ്രത്യേകിച്ചും മെയ് 8-ന് പുതിയ നിയമങ്ങളുടെ പകര്‍പ്പ് മന്ത്രാലയത്തിന് ലഭിച്ച സാഹചര്യത്തില്‍. എന്നാല്‍, ഭൂമി അനുവദിക്കാന്‍ കെട്ടിവച്ച തുക തിരിച്ചെടുക്കാനും ഈട് തുക തിരികെ നല്‍കാനും ഗുജറാത്ത് പവര്‍ കോര്‍പ്പറേഷനോട് എസ് ഇ സി ഐ 2023 ജൂലൈ 17-ന് എഴുതിയ ഒരു കത്തില്‍ അഭ്യര്‍ത്ഥിച്ചു.
ആര്‍ കെ സിംഗിന്റെ കീഴിലുള്ള മന്ത്രാലയം അതിര്‍ത്തി നിയമത്തിലെ മാറ്റങ്ങള്‍ എന്തുകൊണ്ട് കമ്പനിയെ അറിയിച്ചില്ല എന്നതും, മന്ത്രി എന്തുകൊണ്ട് സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള കമ്പനിയോട് ഭൂമി തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു എന്നുള്ളതും ഉത്തരമില്ലാത്ത സമസ്യകളാണ്.
അദാനിയുടെ നീക്കങ്ങള്‍
എസ് ഇ സി ഐ തങ്ങളുടെ വിഹിതം ഉപേക്ഷിക്കാനുള്ള നീക്കത്തിലായിരുന്നെങ്കിലും, അദാനി ഗ്രൂപ്പ്, എസ് ഇ സി ഐ ആവശ്യപ്പെട്ട നിയമങ്ങളിലെ മാറ്റങ്ങള്‍ മുതലെടുക്കാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. 2023 ജൂലൈ 3-ന്, എസ് ഇ സി ഐ ഭൂമി വിട്ടുനല്‍കുന്നതിന് രണ്ടാഴ്ച മുമ്പ്, അദാനി ഗ്രൂപ്പ് ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന് കത്തെഴുതി. ഖാവ്ദ പാര്‍ക്കില്‍ തങ്ങള്‍ക്ക് അനുവദിച്ച 46,950 ഏക്കറിനു (19,000 ഹെക്ടര്‍) പുറമെ 56,834.2 ഏക്കര്‍ (23,000 ഹെക്ടര്‍) ഭൂമി കൂടി വിന്‍ഡ്-സോളാര്‍ ഹൈബ്രിഡ് ഊര്‍ജ പദ്ധതികള്‍ക്കായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
അദാനി ഗ്രീന്‍ എനര്‍ജിക്കായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ ഭൂമി അനുവദിച്ചു നല്‍കിയത്. ഈ പദ്ധതിക്ക്, ഒരു കമ്പനിക്ക് 20000 ഹെക്ടറില്‍ (49,421 ഏക്കര്‍) കൂടുതല്‍ ഭൂമി അനുവദിക്കരുത് എന്ന ഗുജറാത്ത് സര്‍ക്കാരിന്റെ വ്യവസ്ഥ മറികടക്കാന്‍ ഗ്രൂപ്പിലെ മറ്റൊരു കമ്പനിയായ അദാനി പവര്‍ ലിമിറ്റഡും അദാനിയുടെ തന്നെ സ്ഥാപനമായ മുന്ദ്ര സോളാര്‍ ടെക്‌നോളജിയും ഒന്നിച്ചാaണ് അപേക്ഷ സമര്‍പ്പിച്ചത്. തങ്ങളുടെ നിലപാടിനെ പിന്തുണയ്ക്കുന്നതിനായി പ്രതിരോധ മന്ത്രാലയം, ഇന്ത്യാ ഗവണ്‍മെന്റ്, ഗുജറാത്ത് ഗവണ്‍മെന്റ് എന്നിവയില്‍ നിന്നുള്ള പുതുക്കിയ നയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവര്‍ ഉദ്ധരിച്ചു.
ഖവ്ദ പാര്‍ക്കിലെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ ഈ അഭ്യര്‍ത്ഥനയിലും അവസാനിച്ചില്ല. നാല് ദിവസത്തിന് ശേഷം ജൂലൈ ഏഴിന് അദാനി പവര്‍ അതിന്റെ നിര്‍ദ്ദേശം പരിഷ്‌കരിച്ചു. ഖാവ്ദ പാര്‍ക്കിലെ കാറ്റ്-സോളാര്‍ ഹൈബ്രിഡ് പ്രോജക്ടിന് തങ്ങള്‍ക്ക് 25,500 ഹെക്ടര്‍ ഭൂമി വേണമെന്നായിരുന്നു പുതിയ ആവശ്യം. പ്രതിരോധ മന്ത്രാലയത്തിന്റെ അതിര്‍ത്തി പരിപാലന നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ അത്രയും ഭൂമി പദ്ധതി പ്രദേശത്ത് ഉപലബ്ദമാക്കുന്നുണ്ട് എന്നതായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം.
2023 ഓഗസ്റ്റ് 24 ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. സംസ്ഥാന ഊര്‍ജ, ധനകാര്യ മന്ത്രിമാരും, ചീഫ് സെക്രട്ടറി, സംസ്ഥാന ഊര്‍ജ, പെട്രോകെമിക്കല്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും, ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറും യോഗത്തില്‍ സന്നിഹിതരായിരുന്നു. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് തുടക്കത്തില്‍ ഈ പ്രദേശത്ത് കാറ്റാടിപ്പാടം മാത്രമുള്ള പദ്ധതിയുടെ ലാഭ സാധ്യതയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന വസ്തുത ഈ യോഗത്തില്‍ ചര്‍ച്ചയായി. എന്നാല്‍, ഗുജറാത്ത് സര്‍ക്കാരിന്റെ സഹകരണത്തോടെയുള്ള ശ്രമങ്ങള്‍ക്കും പ്രതിരോധ മന്ത്രാലയവുമായും ആഭ്യന്തര മന്ത്രാലയവുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, അതിര്‍ത്തിയില്‍ നിന്ന് രണ്ടു കിലോമീറ്ററിനും ഏഴു കിലോമീറ്ററിനും ഇടയിലുള്ള പ്രദേശത്ത് ഹൈബ്രിഡ് പദ്ധതികള്‍ സ്ഥാപിക്കുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയെന്ന് യോഗം ചൂണ്ടിക്കാണിച്ചു. ഇതോടെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ തിരിച്ചു നല്‍കിയ 56834.2 ഏക്കര്‍ ഭൂമിയിലെ പാരമ്പര്യേത ഊര്‍ജ്ജ ഉത്പാദന ശേഷി 1100 മെഗാവാട്ടില്‍ നിന്നും 10,000 മെഗാവാട്ടായി ഉയര്‍ന്നു.
സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ തിരിച്ചു നല്‍കിയ 23,000 ഹെക്ടര്‍ ഭൂമി പിന്നീട് പൊതു-സ്വകാര്യ മേഖലാ കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന കാര്യവും പ്രസ്തുത ഭൂമി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രമേ നല്‍കൂ എന്നതായിരുന്നു നേരത്തെയുള്ള സര്‍ക്കാര്‍ നയമെന്നതും യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍, വിശദമായ ചര്‍ച്ചയ്ക്ക് ശേഷം, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പുനരുപയോഗഊര്‍ജ പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ഈ പ്രവര്‍ത്തനത്തില്‍ വിപുലമായ അനുഭവം, സാമ്പത്തിക ശേഷി, സാങ്കേതിക ശേഷി എന്നിവയുള്ള കമ്പനികളെ തിരഞ്ഞെടുക്കണം എന്ന നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നു. ഊര്‍ജ പദ്ധതികള്‍ സ്ഥാപിക്കുന്നതിലെ ഈ വൈദഗ്ധ്യം കണക്കിലെടുത്ത് ഗുജറാത്തിലെ ഖവ്ദയിലെ ഭൂമിയുടെ പാര്‍ക്ക് ഡെവലപ്പറായി ഗുജറാത്ത് സര്‍ക്കാര്‍ അദാനി പവറിനെ തിരഞ്ഞെടുത്തതായി മുഖ്യമന്ത്രി യോഗത്തില്‍ പ്രഖ്യാപിച്ചു.
പ്ലാറ്റ്ഫോമുകളും, സുരക്ഷാ നടപടികളും
നേരത്തേ പൊതുമേഖലയ്ക്ക് വേണ്ടി കരുതി വച്ചിരുന്ന ഭൂമി ഒരു സ്വകാര്യ കമ്പനിയ്ക്ക് അനുവദിച്ചതിന്റെ യുക്തി തന്നെ സംശയാസ്പദമാണ്. അതോടൊപ്പം 2023 വരെ നിലനിന്നിരുന്ന, ഇന്തോ-പാക് അതിര്‍ത്തിയില്‍ ചെറുകിട വികസന പദ്ധതികള്‍ക്ക് മാത്രമേ അനുമതി നല്‍കാവു എന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നിയമം തന്നെ ലംഘിക്കുന്നതാണ് ഈ മുഴുവന്‍ പദ്ധതിയും. അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം മാത്രം അകലെ ഇത്രയും ഭൂമി അനുവദിച്ചത് ദേശീയ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക പല പ്രതിരോധ വിദഗ്ധരും ഉയര്‍ത്തുന്നുണ്ട്. 2023 ഏപ്രിലിലെ പ്രതിരോധ മന്ത്രാലയ യോഗത്തില്‍, പദ്ധതികള്‍ സൈനിക സന്നാഹങ്ങള്‍ക്ക് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ പദ്ധതി ഡെവലപ്പര്‍മാര്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പരിശോധിക്കുകയുണ്ടായി.
കോണ്‍ക്രീറ്റ് സോളാര്‍ പ്ലാറ്റ്ഫോമുകളുടെ രൂപകല്‍പ്പന സംബന്ധിച്ച് സൈനിക ഉദ്യോഗസ്ഥരും പ്രോജക്റ്റ് ഡെവലപ്പര്‍മാരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. 1.5 മീറ്റര്‍ വശങ്ങളുള്ള ചതുരാകൃതിയിലുള്ള കോണ്‍ക്രീറ്റ് പ്ലാറ്റുഫോമുകളില്‍ സോളാര്‍ പാനലുകള്‍ വിന്ന്യസിക്കാനായിരുന്നു പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടത്. പക്ഷേ ,അത്തരം വിന്ന്യാസത്തിലെ സാമ്പത്തിക അസാധ്യതകള്‍ ചൂണ്ടിക്കാട്ടി ഡവലപ്പര്‍മാര്‍ ഇത് പാലിക്കാന്‍ വിസമ്മതിച്ചു. പകരം, ശത്രു ടാങ്ക് നീക്കങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ ലഘൂകരിക്കാന്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന സോളാര്‍ പാനലുകളുടെ സാധാരണ വിന്ന്യാസം മതിയാകുമെന്ന് ഡെവലപ്പര്‍മാര്‍ അവകാശപ്പെട്ടു.
കരസേനയുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഈ വിന്ന്യാസത്തിന്റെ രൂപകല്‍പ്പനകളും അളവുകളും സൈന്യവുമായി പങ്കിടാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. കൂടാതെ, പദ്ധതി പ്രദേശത്തിന്റെ നടുവില്‍ സൈനിക നീക്കത്തിനായി 200 മീറ്റര്‍ വീതിയില്‍ ഒരു വഴി പ്രാദേശിക സൈനിക അധികാരികളുമായി കൂടിയാലോചിച്ച് നിര്‍മിക്കുന്നതിനും, യന്ത്രവല്‍കൃത സൈനിക വ്യൂഹത്തിന്റെ സഞ്ചാരത്തിന് ഈ വഴി കാറ്റാടി യന്ത്രങ്ങളും സോളാര്‍ പാനലുകളും ഇല്ലാതെ സൂക്ഷിക്കാനും പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു.
ഒരു മുന്‍ സ്ട്രൈക്ക് കോര്‍പ്സ് കമാന്റര്‍ പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള റാന്‍ ഓഫ് കച്ചില്‍ ഇത്രയും വലിയൊരു പദ്ധതി വികസിപ്പിക്കാന്‍ അനുവദിക്കുന്ന പുതിയ നയങ്ങളെക്കുറിച്ച് ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. പുതിയ നയങ്ങള്‍ ഇന്ത്യയുടെ പ്രതിരോധ ശേഷികളില്‍ നിന്ന് വിട്ടുവീഴ്ച ചെയ്യുമെന്നും ”ദേശീയ സുരക്ഷയെക്കാള്‍ ലാഭത്തിനായുള്ള കോര്‍പ്പറേറ്റ് അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതിന് ‘ മുന്‍ഗണന നല്‍കുന്നവയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നും പറഞ്ഞു.
ചട്ടങ്ങളില്‍ ഭേദഗതി വരുത്തി പദ്ധതി സ്ഥാപിക്കുന്നത് പ്രദേശത്തെ ആക്രമണ, പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഒരുപോലെ ബാധിക്കുമെന്ന് ലെഫ്റ്റനന്റ് ജനറലായി വിരമിച്ച, പേരു പറയാന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ കരസേന ഉദ്യോഗസ്ഥന്‍ വിമര്‍ശിച്ചു. ഈ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിന് രാജ്യത്തിന്റെ സുരക്ഷയാണ് നാം വിലയായി നല്‍കേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി പ്രദേശത്തെ തന്ത്ര പ്രധാനമായ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഒരു സൈനിക ഉദ്യോഗസ്ഥന്‍ ”അസംബന്ധം’ എന്നും ‘ദേശീയ സുരക്ഷയുടെ വ്യക്തമായ വിട്ടുവീഴ്ച’ എന്നുമാണ് ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. ഈ തീരുമാനം നിര്‍ണായകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് എന്നദ്ദേഹം പറയുന്നു. ”ശത്രു സേനകള്‍ക്കും ടാങ്കുകള്‍ക്കും എതിരെ കുഴിബോംബുകള്‍ സ്ഥാപിക്കേണ്ട ആവശ്യം വരികയാണെങ്കില്‍ പദ്ധതി പ്രദേശത്ത് എന്ത് സംഭവിക്കും? ആക്രമണാത്മകവും പ്രതിരോധാത്മകവുമായ പ്രവര്‍ത്തനങ്ങളില്‍ സ്ഥലവും ആശ്ചര്യവും എന്ന സൈനിക ആശയത്തെക്കുറിച്ച് അധികാരികള്‍ ചിന്തിക്കാത്തതെന്ത്?”-അദ്ദേഹം ചോദിക്കുന്നു.
നേരത്തെ സൂചിപ്പിച്ച മുന്‍ സ്ട്രൈക്ക് കോര്‍പ്സ് കമാന്‍ഡര്‍ പറയുന്നത്, നിര്‍ദിഷ്ട 200 മീറ്റര്‍ വീതിയുള്ള റോഡിലൂടെയുള്ള ഇന്ത്യന്‍ ടാങ്കുകള്‍ സഞ്ചരിക്കുന്നത് മരണക്കെണിയിലേയ്ക്കാകും. റോഡുകളിലൂടെ വരിവരിയായി നീങ്ങിയ റഷ്യന്‍ ടാങ്ക് സേനയെ യുക്രെയ്ന്‍ സൈന്യം ആക്രമിച്ച സമീപകാല സംഭവം ചൂണ്ടിക്കാണിച്ച് കൊണ്ട് കമാന്‍ഡര്‍ പറഞ്ഞു. Central Govt approves Adani corporation to set up Hybrid power plant near India-Pakistan border
Content Summary; Central Govt approves Adani corporation to set up Hybrid power plant near India-Pakistan border