കേവല ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടതോടെ, മൂന്നാം മോദി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക്് സഖ്യ കക്ഷികളുടെ സഹായം വേണം. ഇക്കൂട്ടത്തില്‍ ബിജെപി കൂടുതല്‍ ആശ്രയിക്കുക, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് ചാണക്യന്മാരെയാകും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആന്ധ്ര മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുക്കുന്ന ചന്ദ്രബാബു നായിഡുവിനെയും. ചുരുക്കി പറഞ്ഞാല്‍ ഈ രണ്ടു നേതാക്കള്‍ക്കും ഇനി ഇന്ത്യന്‍ ഭരണത്തില്‍ നിര്‍ണായക റോള്‍ ഉണ്ടായിരിക്കും. നിതീഷിന്റെ ജനതദള്‍(യു), നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി എന്നിവര്‍ എന്‍ഡിഎ സഖ്യത്തിലുള്ളവരാണ്. എങ്കിലും അവസരവാദ രാഷ്ട്രീയത്തില്‍ അഗ്രഗണ്യന്മാരായ രണ്ടുപേര്‍, തങ്ങള്‍ക്ക് അനുകൂലമായി വീശുന്ന കാറ്റില്‍ പരമാവധി നേട്ടങ്ങള്‍ക്കായി മുതിരും. chandrababu naidu and nitish kumar two veteran politicians will be king makers after bjp failing to cross majority by itself
ഇക്കുറി ഒറ്റയ്ക്ക് 400 മുകളില്‍ പ്രതീക്ഷിച്ച ബിജെപിക്ക് ആകെ കിട്ടിയത് 240 സീറ്റുകളാണ്. 272 എന്ന കേവല ഭൂരിപക്ഷത്തിന് 32 സീറ്റുകള്‍ അകലെ അവര്‍ക്ക് നില്‍ക്കേണ്ടി വന്നിരിക്കുകയാണ്. ആന്ധ്രയില്‍ ടിഡിപി 16 സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ബിഹാറില്‍ ജെഡിയു 12 സീറ്റുകളിലും വിജയിച്ചു. ഈ രണ്ടു പാര്‍ട്ടികളും നല്‍കുന്ന 28 സീറ്റുകളുടെ പിന്തുണയോടെ മോദിയെ മൂന്നാം വട്ടവും അധികാര കസേരയില്‍ കയറ്റാന്‍ നായിഡു-നിതീഷുമാര്‍ക്ക് കഴിയും. അങ്ങനെ കഴിയുന്നതിലൂടെ അവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍മാരാകും.
ആന്ധ്രയിലും അതുപോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഒരുപോലെ പ്രതാപിയായിരുന്ന ഒരു കാലം ചന്ദ്രബാബു നായിഡുവിന് ഉണ്ടായിരുന്നു. അവിടെ നിന്ന് അയാള്‍ താഴേക്ക് പതിച്ചെങ്കിലും വീണ്ടും ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത് അതിശക്തനായിട്ടാണ്. ദേശീയ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയില്‍ നിയമസഭ തെരഞ്ഞെടുപ്പും നടന്നിരുന്നു. ബിജെപിയെയും സിനിമ താരം പവന്‍ കല്യാണിന്റെ ജന സേനയെയും കൂട്ടു പിടിച്ച് ആന്ധ്ര വീണ്ടും പിടിച്ചിരിക്കുകയാണ് നായിഡു. തന്റെ എതിരാളിയും മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഡിയെ നിലംപരിശാക്കിയിരിക്കുകയാണ്. 175 അംഗ നിയമസഭയില്‍ 135 സീറ്റുകള്‍ നേടി തെലുങ്കുദേശം പാര്‍ട്ടി വീണ്ടും സംസ്ഥാന ഭരണം സ്വന്തമാക്കിയിരിക്കുകയാണ്. പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി 21 സീറ്റുകള്‍ നേടിയപ്പോള്‍, ബിജെപി എട്ടു സീറ്റുകളും സ്വന്തമാക്കി. അതേസമയം, ശക്തമായ ഭരണവിരുദ്ധ വികാരം നേരിടേണ്ടി വന്ന ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വെറും 11 സീറ്റിലേക്ക് ഒതുങ്ങിയിരിക്കുകയാണ്.
1999 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപിയുമായി കൈകോര്‍ത്തായിരുന്നു നായിഡുവിന്റെ പോരാട്ടം. അന്ന് ഐക്യ ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു നായിഡു. 29 സീറ്റുകളായിരുന്നു ആ തെരഞ്ഞെടുപ്പില്‍ ടിഡിപി നേടിയത്. ആദ്യത്തെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടിഡിപിയുടെയും പിന്തുണയുണ്ടായിരുന്നു. 29 സീറ്റുകളുള്ള ടിഡിപി തന്നെയായിരുന്നു ബിജെപിയുടെ പ്രധാന സഖ്യകക്ഷി. എങ്കിലും സര്‍ക്കാരില്‍ ചേരാതെ പുറത്തു നിന്നുള്ള പിന്തുണയായിരുന്നു പാര്‍ട്ടി കൊടുത്തത്. എന്നാല്‍ ഒന്നാം വാജ്‌പേയി സര്‍ക്കാരിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 2014 ല്‍ ഒന്നാം മോദി സര്‍ക്കാരിനും ടിഡിപിയുടെ പിന്തുണയുണ്ടായിരുന്നു, സര്‍ക്കാരിലും അവര്‍ പങ്കാളിയായി. 2018 ല്‍, ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവര്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്തു പോരുകയായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും കൂട്ടുചേരുകയായിരുന്നു.
പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ ബ്ലോക്കിലെ പ്രധാനിയായിരുന്ന നിതീഷ് കുമാര്‍ അവസാന നിമിഷമാണ് ബിജെപിയിലേക്ക് ചാടിയത്. ഇത്തവണ നിതീഷിന്റെ ജെഡിയു പാര്‍ട്ടി 12 ലോക്‌സഭ സീറ്റുകള്‍ ബിഹാറില്‍ നിന്നും നേടിയിട്ടുണ്ട്. എന്‍ഡിഎ സഖ്യത്തില്‍ നിര്‍ണായക സംഭവനയാണ് ഈ 12 സീറ്റുകള്‍. അതുകൊണ്ട് തന്നെ വിലപേശാന്‍ തക്ക കരുത്ത് നിതീഷിന് ഇത്തവണയും കിട്ടിയിട്ടുണ്ട്.
ബിജെപി ബന്ധം നിതീഷിന് പുതുമയുള്ളതല്ല. ഹ്രസ്വമായ ഒന്നാം വാജ്‌പേയ് സര്‍ക്കാരില്‍ റെയില്‍വേ ഉള്‍പ്പെടെയുള്ള കാബിനറ്റ് വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു നിതീഷ്. 2000-2004 ലെ രണ്ടാം വാജ്‌പേയ് സര്‍ക്കാരിലും നിതീഷിന് കാബിനറ്റ് വകുപ്പുകള്‍ കിട്ടി. 2009 ലും എന്‍ഡിഎയുടെ ഭാഗമായിരുന്ന നിതീഷ് ബിഹാറില്‍ 20 സീറ്റുകള്‍ എന്ന വലിയ വിജയം നേടിയെങ്കിലും, അത്തവണ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയില്ല.
2014 മോദിയെ എതിര്‍ത്തുകൊണ്ട് നിതീഷ് എന്‍ഡിഎ വിട്ടു. അക്കുറി ബിഹാറില്‍ ജെഡിയു ഒറ്റയ്ക്ക് മത്സരിച്ചു. ഫലം കനത്ത തോല്‍വിയായിരുന്നു. രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു അവര്‍ക്ക് കിട്ടിയത്. 2015 ലെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിതീഷ് ലാലുവിനെ ഒപ്പം കൂട്ടി, സംസ്ഥാന ഭരണം അവര്‍ പിടിക്കുകയും ചെയ്തു. എന്നാല്‍ രണ്ടു വര്‍ഷത്തിനപ്പുറം നിതീഷ് ലാലുവിനെ തള്ളിക്കളഞ്ഞ് വീണ്ടും ബിജെപിക്കൊപ്പം പോയി. ആ തവണ ബിഹാറില്‍ എന്‍ഡിഎ ആകെയുള്ള 40 സീറ്റില്‍ 39 എണ്ണവും കൈക്കലാക്കി.
2020 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ നിതീഷ് വീണ്ടും ബിജെപി ബന്ധം ഉപേക്ഷിച്ചു. 2022 ല്‍ വീണ്ടും ലാലുവിന്റെ ആര്‍ജെഡിയെ കൂട്ടുപിടിച്ച് നിതീഷ് ബിഹാറില്‍ ഒരിക്കല്‍ കൂടി ഭരണം പിടിച്ചു. 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി പ്രതിപക്ഷം രൂപീകരിച്ച ഇന്ത്യ സഖ്യത്തില്‍ പ്രധാനിയുമായി. എന്നാല്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ അയാള്‍ വീണ്ടും ബിജെപിക്കൊപ്പം പോവുകയാണുണ്ടായത്.
Content Summary; chandrababu naidu and nitish kumar two veteran politicians will be king makers after bjp failing to cross majority by itself