ഓപ്പൺ എഐ തങ്ങളുടെ പ്രധാന ചാറ്റ്‌ബോട്ടുമായി സംയോജിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ‘ചാറ്റ്ജിപിടി അറ്റ്ലാസ്’ എന്ന പുതിയ എഐ അധിഷ്ഠിത വെബ് ബ്രൗസർ ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു. ആഴ്ചകൾക്കുള്ളിൽ പുതിയ വെബ് ബ്രൗസർ ഓപ്പൺ എഐ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വന്നത്.
എന്തൊക്കെയാണ് ഓപ്പൺഎഐയുടെ ബ്രൗസറിൻ്റെ പ്രത്യേകതകൾ?
കൂടുതൽ വ്യക്തിഗതമാക്കിയ വെബ് അനുഭവം നൽകുന്ന രീതിയിലാണ് ബ്രൗസർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും സൈറ്റിലെ വിവിധ കാര്യങ്ങളിൽ ഇടപെടാനും കഴിയുന്ന ഒരു ചാറ്റ്ജിപിടി സൈഡ്‌ബാർ ഇതിലുണ്ട്.
ചാറ്റ് അടിസ്ഥാനമാക്കി ബ്രൗസ് ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത. സ്ഥിരം ബ്രൗസറുകളിൽ (Chrome, Safari മുതലായവ) സേർച്ച് ബാറിലാണ് കാര്യങ്ങൾ നടക്കുന്നത്. ഓപ്പൺ എഐ ബ്രൗസറിൽ ചാറ്റ്ജിപിടി പോലെ ചാറ്റ് ചെയ്താൽ തന്നെ ബ്രൗസിങ്ങ് നടക്കും. വിമാന ടിക്കറ്റ് ബുക്കിങ്, പേജുകൾ ഓപ്പൺ ചെയ്യൽ, ഫോമുകൾ ഫിൽ ചെയ്യൽ തുടങ്ങി എല്ലാം ബ്രൗസർ തന്നെ ചെയ്തു തരും.
ഇത് ഓപ്പൺ എഐ ഓപ്പറേറ്റർ എന്ന എഐ ഏജന്റ് ഉപയോഗിച്ച് പ്രവർത്തിക്കും. ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി, പേജ് സ്‌ക്രോൾ ചെയ്യുക, ബട്ടൺ ക്ലിക്ക് ചെയ്യുക, ഫോമിൽ ഡാറ്റാ ടൈപ്പ് ചെയ്യുക തുടങ്ങിയവ ഈ ഏജന്റ് തയ്യാറാക്കും. ഗൂഗിൾ ക്രോം പോലെ ഈ ബ്രൗസറും ക്രോമിയം സംവിധാനത്തിൽ നിർമ്മിക്കുന്നതാണ്. അതിനാൽ വെബ് പേജുകൾ ലോഡ് ചെയ്യുന്നതിൽ വേഗതക്കുറവ് പ്രശ്‌നമുണ്ടാകില്ല.
ഓരോ വെബ്‌സൈറ്റിലായിരിക്കുമ്പോഴും ചാറ്റ്ജിപിടി സൈഡ്‌ബാർ തുറന്ന് ഉപയോക്താക്കൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യത ക്രമീകരണങ്ങളിൽ പൂർണ്ണ നിയന്ത്രണമുണ്ടെന്ന് ഓപ്പൺ എഐ ഉറപ്പുനൽകുന്നു. നിലവിൽ, Atlas ഉപയോക്താക്കളുടെ ബ്രൗസിംഗ് ഡാറ്റ ചാറ്റ്ജിപിടി മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നതിൽ നിന്ന് ഓട്ടോമാറ്റിക്കായി ഒഴിവാക്കപ്പെട്ടിരിക്കുന്നു. മറ്റ് ബ്രൗസറുകളിലെന്നപോലെ, ഉപയോക്താവിന് അവരുടെ ബ്രൗസിംഗ് ചരിത്രം ഡിലീറ്റ് ചെയ്യാൻ സാധിക്കും.
Content Summary: ChatGPT Atlas: Key Things to Know About OpenAI’s First AI-Powered Web Browser