നാളെ രാവിലെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ ഫലങ്ങള്‍ക്കൊപ്പം കേരളത്തിലെ മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ വരുമ്പോള്‍ ഇടതുപക്ഷം ഉറ്റുനോക്കുന്നത് ചേലക്കരയിലേക്കാകണം. ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് ചേലക്കര. 2001-നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളുടെ മഹാവിജയം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോഴും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന 40 സീറ്റുകളില്‍ ഒന്നായിരുന്നു ചേലക്കര. കെ.രാധാകൃഷ്ണന്‍ എന്ന തൊഴിലാളി വര്‍ഗ്ഗ പ്രതിനിധിയുടെ പേരിനൊപ്പമായിരുന്നു ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടും ചേലക്കര അറിയപ്പെട്ടത്. അതുകൊണ്ട് തന്നെ ചേലക്കരയില്‍ പാര്‍ട്ടിക്ക് അടിത്തറയിളകിയാല്‍ ആഴത്തിലുള്ള സ്വയം പരിശോധനയും ആകുലതയും സി.പി.ഐ.എമ്മിനുണ്ടാകും. മറിച്ചാണെങ്കില്‍ ലോകസഭ തിരഞ്ഞെടുപ്പിന്റെ ആഘാതം നിലനില്‍ക്കുമ്പോള്‍ തന്നെ നേരിയ സമാധാനത്തേടെ ഭാവിയെ നോക്കാം. പാലക്കാട് രണ്ടാം സ്ഥാനത്തേയ്ക്ക് എത്തുകയെങ്കിലും ചെയ്യുകയും വയനാട്ടില്‍ ഭൂരിപക്ഷത്തില്‍ കുറവുണ്ടാക്കാന്‍ സാധിക്കുകയും ചെയ്താല്‍ ലോകസഭയുടെ പരുക്ക് താത്കാലികമായിരുന്നുവെന്ന് സമാധാനിക്കാം. പാലക്കാട് അത്ഭുതങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ആത്മപരിശോധന നടത്തേണ്ടി വരിക കോണ്‍ഗ്രസാകും.Chelakkara byelection results 2024
ഫലം കാത്തിരിക്കുമ്പോള്‍ മൂന്ന് സീറ്റുകളും നേടുമെന്ന കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം യഥാര്‍ത്ഥത്തില്‍ ചേലക്കരയുടെ വാസ്തവവുമായി എങ്ങനെ ചേര്‍ന്നുപോകുന്നുവെന്നതാകും പ്രധാനം. 1996, 2001 തിരഞ്ഞെടുപ്പുള്‍ക്ക് ശേഷം ചേലക്കരയില്‍ എന്നും സി.പി.ഐ.എമ്മിന്റെ ഭൂരിപക്ഷം പതിനായിരത്തിന് മുകളിലാണ്. 2021-ല്‍ കെ.രാധാകൃഷ്ണന്‍ വീണ്ടും മത്സരിക്കാനെത്തിയപ്പോള്‍ ഭൂരിപക്ഷം മുപ്പതിനായിരത്തിന് അടുത്തായി ഉയര്‍ന്നു. മണ്ഡലത്തിലെ തന്നെ നിവാസി, മണ്ഡലത്തിന്റെ മുക്കും മൂലയും അറിയാവുന്ന, ആര്‍ക്കും സമീപിക്കാവുന്ന ജനകീയനായ മനുഷ്യന്‍ എന്നിങ്ങനെ കെ.രാധാകൃഷ്ണന് അനൂകൂലമായി മണ്ഡലത്തില്‍ ഒട്ടേറെ ഘടകങ്ങളുണ്ട്. എന്നിട്ടും ഈ ഏപ്രിലില്‍ നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്ന് രാധാകൃഷ്ണന് ലഭിച്ച ഭൂരിപക്ഷം 5,173 വോട്ടുകളാണ്. ഏതാണ്ട് കാല്‍ലക്ഷം വോട്ടുകളാണ് കെ.രാധാകൃഷ്ണന്‍ മത്സരിച്ചിട്ട് പോലും ചോര്‍ന്ന് പോയത്. 2019-ല്‍ പി.കെ.ബിജു ആലത്തൂര്‍ ഒന്നരലക്ഷം വോട്ടുകള്‍ക്ക് തോറ്റപ്പോഴാകട്ടെ കാല്‍ലക്ഷം വോട്ടുകള്‍ക്ക് രമ്യാഹരിദാസ് ചേലക്കര ലീഡ് ചെയ്തിട്ടുണ്ട്.
അതുകൊണ്ട് തന്നെ മൂന്ന് പതിറ്റാണ്ടോളം നീണ്ട ഇടതുപക്ഷ ബന്ധം ചേലക്കര നിയോജകമണ്ഡലത്തിലുണ്ടെങ്കിലും കാലാകാലങ്ങളില്‍ ഇടതുപക്ഷത്തിനെതിരായി നിലപാടുകളെടുത്ത ചരിത്രവും മണ്ഡലത്തിനുണ്ട്. ഒന്‍പത് ഗ്രാമപഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിലുള്ളത്. ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുല്ലൂര്‍ക്കര, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവല്വാമല, വള്ളത്തോള്‍ നഗര്‍, വരവൂര്‍ എന്നിങ്ങനെയുള്ള പഞ്ചായത്തുകളില്‍ ഭൂരിപക്ഷം ഇടതുപക്ഷത്തിന് തന്നെയാണ്. പക്ഷേ മുസ്ലീം വോട്ടുകളും പിന്നാക്ക വോട്ടുകളും നിര്‍ണായകമാകും. സംസ്ഥാന ഭരണത്തിനെതിരെ മാധ്യമങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന വൈകാരികതയും യു.ഡി.എഫ് ബി.ജെ.പി മുന്നണികളുടെ പ്രചാരണത്തിന് പിന്തുണ നല്‍കുന്ന മുഖ്യധാര മാധ്യമങ്ങളുമെല്ലാം ഇടതുപക്ഷത്തിന് തലവേദനയാണ്. അതിനപ്പുറത്താണ് മണ്ഡലത്തിലും പുറത്തും നിലനില്‍ക്കുന്ന പരാതികളും വികസനത്തെ കുറിച്ചുള്ള ആശങ്കകളും.
ഇടതുപക്ഷത്തിന് അനുകൂലമായ ഘടകങ്ങളിലൊന്ന് സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപിന്റെ സൗമ്യസാന്നിധ്യമാണ്. കെ.രാധാകൃഷ്ണനെ പോലെ തന്നെ മണ്ഡലത്തില്‍ സുപരിചിതനും ജനപ്രിയ എം.എല്‍.എമായിരുന്നു പ്രദീപ്. പക്ഷേ കെ.രാധാകൃഷ്ണനല്ല സ്ഥാനാര്‍ത്ഥിയെന്നത് പ്രശ്നം തന്നെയാണ്. യു.ഡി.എഫില്‍ രമ്യ ഹരിദാസിനെതിരെ അസംതൃപ്തരായ നേതാക്കളുടെ പടയൊരുക്കമുണ്ടായിരുന്നുവെങ്കിലും അവസാനം കോണ്‍ഗ്രസിന്റെ ജീവന്മരണ പോരാട്ടമെന്ന നിലയില്‍ അത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങി. എന്നാല്‍ പി.വി.അന്‍വര്‍പക്ഷ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയിരിക്കുന്ന എന്‍.കെ സുധീര്‍ ശരിക്കും കോണ്‍ഗ്രസിന് തലവേദനയാണ്. വാഹനങ്ങളും അനൗണ്‍സ്മെന്റും ആഘോഷങ്ങളുമായി സുധീറും അന്‍വറും നടത്തുന്ന പ്രചരണം ഇടതുപക്ഷ സര്‍ക്കാരിനും പ്രത്യേകിച്ചും പിണറായി വിജയനും എതിരാണെങ്കിലും സുധീര്‍ പിടിക്കുന്ന വോട്ടുകള്‍ കോണ്‍ഗ്രസിന്റേതാകുമെന്ന ആശങ്ക യു.ഡി.എഫിനുണ്ട്. 2009-ല്‍ പി.കെ.ബിജുവിനെതിരെ ആലത്തൂര്‍ ലോകസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സുധീര്‍ 20,000 വോട്ടുകള്‍ക്ക് മാത്രമാണ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ മണ്ഡലത്തില്‍ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ മോശമല്ലാത്ത സ്വാധീനം സുധീറിനുണ്ട്.
ബി.ജെ.പി കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി ഏതാണ്ട് 15 ശതമാനത്തോളം വോട്ടുകള്‍ പിടിക്കുന്നുണ്ടെങ്കിലും ഇരുമുന്നണികളുടേയും ജയപരാജയങ്ങളെ സ്വാധീനിക്കാന്‍ പോന്ന കരുത്ത് അവര്‍ക്ക് മണ്ഡലത്തില്‍ ഇല്ല. എന്നാല്‍ ഇടതുപക്ഷത്തിന്റേയോ യു.ഡി.എഫിന്റേയോ വോട്ടിങ് അടിത്തറയ്ക്ക് വലിയ വിള്ളലുണ്ടാവുകയാണെങ്കില്‍ ബി.ജെ.പി പിടിക്കുന്ന വോട്ടുകളുടെ ശതമാനം ശ്രദ്ധാകേന്ദ്രമായി മാറും. Chelakkara byelection results 2024
Content Summary: Chelakkara byelection results 2024
This post was last modified on November 23, 2024 10:38 am
Leave a Comment