February 19, 2025 |

മോദിയെ വീണ്ടും വെട്ടിലാക്കി വിവാദ സുഹൃത്ത്

പ്രതിപക്ഷത്തിന് ഇത്തവണയെങ്കിലും കാര്യം കാണാന്‍ പറ്റുമോ?

ഗൗതം അദാനി വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിവാദപുരുഷനായി ശ്രദ്ധനേടുകയാണ്. മോദി-അദാനി കൂട്ടുബന്ധമെന്ന ആരോപണം ശക്തമാക്കാന്‍ പ്രതിപക്ഷത്തിന് ഒരിക്കല്‍ കൂടി കൈവന്നിരിക്കുന്ന അവസരമാണ് യു എസ് കോടതിയുടെ കുറ്റപത്രം. 2.029 കോടിയുടെ(265 മില്യണ്‍ ഡോളര്‍) കൈക്കൂലി കേസില്‍ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ഗൗതം അദാനിക്കും കൂട്ടാളികള്‍ക്കുമെതിരേ കുറ്റം ചുമത്തിയതിന് പിന്നാലെ അദാനി ഗ്രൂപ്പിനെതിരേ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്. അദാനിക്കും മരുമകനുമുള്ള അറസ്റ്റ് വാറണ്ടുകള്‍ ഉള്‍പ്പെടെയുള്ള യുഎസ് കുറ്റപത്രം, രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് സഹസ്ര കോടീശ്വരനെയും സംഘത്തെ കടുത്ത പ്രതിസന്ധിയിലാക്കിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് അദാനി ഗ്രൂപ്പ് വാദിക്കുന്നത്. തങ്ങള്‍ എല്ലാ നിയമങ്ങളും പൂര്‍ണമായി പാലിക്കുന്നുണ്ടെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു. മോദി സര്‍ക്കാരില്‍ നിന്ന് അദാനിക്കും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിനും പ്രത്യേക പരിഗണന ലഭിച്ചിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കളുടെ നിരന്തരമായ ആരോപണം. അദാനിയും സര്‍ക്കാരും സ്ഥിരമായി ഈ ആരോപണം നിഷേധിക്കുകയാണ്.

ഒടുക്കത്തിന്റെ തുടക്കം!

അദാനിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ തുടങ്ങിയ, ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള ബന്ധമാണ് അദാനിയുമായുള്ളതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. ഊര്‍ജം, തുറമുഖം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ലാഭകരമായ ബിസിനസ്സ് ഇടപാടുകള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ സഹായിക്കുന്നുണ്ടെന്നത് വിമര്‍ശകരുടെ ആരോപണമാണ്. ഈ ആരോപണങ്ങളെ സര്‍ക്കാരാകട്ടെ യാതൊരു അടിസ്ഥാനവുമില്ലാത്തത് എന്നു പറഞ്ഞു തള്ളിക്കളയുകയാണ്.

adani-modi

മോദി-അദാനി ബന്ധമാണ് കോണ്‍ഗ്രസും പ്രതിപക്ഷവും മുന്‍നിര്‍ത്തുന്നത്. ‘ഞങ്ങള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടുന്നു, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഇത് എന്റെ ഉത്തരവാദിത്തമാണ്,” എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. വിഷയം അടുത്ത ആഴ്ച പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ സൂചന നല്‍കിയിട്ടുണ്ട്. മോദി അദാനിയെ സംരക്ഷിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളും യുഎസ് കുറ്റപത്രവുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം ആരോപണത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം നിഷേധിച്ചാണ് അദാനി ഗ്രൂപ്പ് പ്രതിരോധത്തിന് ശ്രമിക്കുന്നത്.

എന്തുകൊണ്ട് അദാനിക്കെതിരേ യുഎസ്സില്‍ കുറ്റപത്രം ചുമത്തി?

അദാനി ഗ്രൂപ്പിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും കുറിച്ച് സമഗ്രമായ പാര്‍ലമെന്ററി അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടത്. ആം ആദ്മി പാര്‍ട്ടി (എഎപി) നിയമസഭാംഗം സഞ്ജയ് സിംഗ്, കുറ്റപത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കേണ്ട ഗുരുതരമായ വിഷയമാണെന്നാണ് വാദിച്ചത്.

യുഎസിന്റെ ആരോപണങ്ങളെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഉടനടിയുള്ള പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍, ബി.ജെ.പി നേതാവ് അമിത് മാളവ്യ, യു.എസ് കുറ്റപത്രത്തിലുള്ളത് വെറും ആരോപണങ്ങള്‍ മാത്രമാണെന്നും കുറ്റം തെളിയിക്കപ്പെടുന്നതുവരെ അദാനി നിരപരാധിയാണെന്നും ഉള്ള പ്രതിരോധം ഉയര്‍ത്തി സംയുക്ത പാര്‍ലമെന്ററി അന്വേഷണത്തെ തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്. യു എസ് കുറ്റപത്രം പുറത്ത് വരുന്ന സമയം സംശയാസ്പദമാണെന്നും, ഇതിനു പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും മാളവ്യ കുറ്റപ്പെടുത്തുന്നുണ്ട്.

ആഗോള പ്രത്യാഘാതങ്ങളുള്ള അഴിമതി
അദാനിയെ ചുറ്റിപ്പറ്റിയുള്ള ഈ ഏറ്റവും പുതിയ അഴിമതിയാരോപണം കഴിഞ്ഞ ദശാബ്ദത്തിനിടെ കേന്ദ്ര സര്‍ക്കാരിന് ഉണ്ടാക്കിയിരിക്കുന്ന സ്‌ഫോടനാത്മകമായ പ്രതിസന്ധിയാണ്. അമേരിക്കന്‍ നിയമസംവിധാനം അദാനിയുടെയും അദ്ദേഹത്തിന്റെ കമ്പനിയുടെയും ഭാവി നിര്‍ണ്ണയിക്കാന്‍ സാധ്യതയുണ്ടെങ്കിലും, മോദിയുടെ കീഴിലുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ ശതകോടീശ്വരനെതിരെയുള്ള നിരവധി ആരോപണങ്ങള്‍ക്ക് നേരെ കണ്ണടച്ചിരിക്കുകയാണെന്നാണ് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെക്കുറിച്ചുള്ള സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെതു പോലെ അദാനിക്കെതിരേ മുമ്പ് നടന്നിട്ടുള്ള അന്വേഷണങ്ങള്‍ പോലെ യുഎസിലെ കേസുകളില്‍ നിന്ന് എളുപ്പത്തില്‍ തലയൂരാമെന്നു കരുതേണ്ടതില്ല.

അദാനിയെ മുറുക്കുന്ന അമേരിക്കന്‍ നിയമകുരുക്ക്‌

അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തെയാണ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു സ്ഥാപിക്കുന്നത്. പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നാണ് പ്രതിപക്ഷ നേതാവ് അവകാശപ്പെടുന്നത്. ‘ഒന്നും സംഭവിച്ചിട്ടില്ല എന്നല്ല. പ്രധാനമന്ത്രിയുടെ വിശ്വാസ്യത നശിച്ചു,” മോദിയും അദാനിയും ഒന്നാണെന്ന ആക്ഷേപം ഉയര്‍ത്തി രാഹുല്‍ പരിഹസിക്കുന്നു. ലോക കോടീശ്വരനെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന്റെ പ്രതീകമായി അദാനിയെ പ്രതിനിധീകരിക്കുന്ന ഒരു നിഴല്‍ രൂപം നിയന്ത്രിക്കുന്ന ഒരു പാവയായി മോദിയെ ചിത്രീകരിക്കുന്ന ഒരു മെമ്മും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

Protest against adani

ഏകീകൃത പ്രതിപക്ഷം
അദാനിക്കൈതിരേ അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. അദാനിയുടെ കടുത്ത വിമര്‍ശകയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര യു എസ് കുറ്റപത്രം മോദിക്കും ബിജെപിക്കും എതിരായുള്ള ആയുധമാക്കിയിരിക്കുകയാണ്. രാഷ്ട്രീയ വഞ്ചനയാണ് മോദിയുടെയും ബിജെപിയുടെയും പാരമ്പര്യമെന്നാണ് മൊയ്ത്ര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരു ചങ്ങാത്ത മുതലാളിക്ക് സര്‍ക്കാര്‍ വില്‍ക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്നാല്‍ ധാരാവി പുനര്‍വികസന പദ്ധതിക്കായി അദാനി ഗ്രൂപ്പിന് നല്‍കിയ കരാര്‍ റദ്ദാക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന ശിവസേനയിലെ (യുബിടി) പ്രിയങ്ക ചതുര്‍വേദി, നിലവിലെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സെബിക്കെതിരേയും വിമര്‍ശനം ഉയര്‍ത്തുകയാണ്. ‘ഒരു ഗ്രൂപ്പിന്റെ ബിസിനസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രം സെബി എങ്ങനെയാണ് അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത്?’ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.

അദാനി-മോദി: പ്രീണനത്തിന്റെ പൈതൃകം?
മോദിയും അദാനിയും തമ്മിലുള്ള ദീര്‍ഘകാല ബന്ധം വര്‍ഷങ്ങളായി ഒരു വിവാദ വിഷയമാണ്. പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് മുമ്പ് മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍ നിന്നുള്ളവരാണ് ഇരുവരും. മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ഗുജറാത്ത് ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരിച്ചിരുന്നു. അന്നത്തെ മോദി സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണവും ബിസിനസ് സൗഹൃദ അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ക്കായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്. അത് അദാനിയെപ്പോലുള്ള ബിസിനസുകാര്‍ക്ക് വലിയ ഗുണം ചെയ്തു. 2014 മുതല്‍ 2023 വരെയുള്ള കണക്ക് പ്രകാരം അദാനിയുടെ സമ്പത്തില്‍ ഏകദേശം 230% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ കാലയളവില്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റോഡുകള്‍, റെയില്‍, ഗ്രീന്‍ എനര്‍ജി ഉള്‍പ്പെടെയുള്ള ഊര്‍ജം തുടങ്ങിയ മേഖലകളില്‍ നിരവധി സര്‍ക്കാര്‍ ടെന്‍ഡറുകളാണ് അദാനി സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദാനിയുടെ സ്വകാര്യ വിമാനങ്ങളില്‍ പറക്കുന്നത് മുതല്‍ പ്രധാനമന്ത്രിയായി അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നത് വരെ അദാനിയുമായുള്ള മോദിയുടെ അടുത്ത ബന്ധത്തിന്റെ സ്ഥിരീകരണമായിരുന്നു. അദാനിയുടെ സമ്പത്ത് അദ്ദേഹത്തിന് അനുകൂലമായ സര്‍ക്കാര്‍ നയങ്ങളുടെ നേരിട്ടുള്ള ഫലമാണെന്നാണ് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്.

യുഎസ് അന്വേഷണങ്ങള്‍ മുന്നേറുകയാണ്. അദാനിയുണ്ടാക്കിയിരിക്കുന്ന കൊടുങ്കാറ്റ് ഇപ്പോഴൊന്നും ശമിക്കുന്നതിന്റെ സൂചനകളും കാണിക്കുന്നില്ല. മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും എതിരേ എല്ലാ ഭാഗത്തുനിന്നുമുള്ള സമ്മര്‍ദം ഏറുകയാണ്. പ്രതിപക്ഷം എത്രത്തോളം വിജയിക്കുമെന്നത് കണ്ടറിയേണ്ടതാണ്. പക്ഷേ, ഒരു കാര്യം വ്യക്തമാണ്, അദാനിയുടെ ബിസിനസ്സ് രീതികളെക്കുറിച്ചും ഇന്ത്യന്‍ സര്‍ക്കാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചും ഉള്ള അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന വിലയിരുത്തലുകള്‍ ദീര്‍ഘകാല രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയേറെയുണ്ട്.  Another Adani Storm for Modi: Is the Opposition Heat Enough?

Content Summary; Another Adani Storm for Modi: Is the Opposition Heat Enough?

×