ആഗോളതലത്തില്‍ ശക്തിപ്രാപിക്കാന്‍ വിദേശ മൂലധന നിക്ഷേപങ്ങള്‍ സമാഹരിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് തടയിടുന്ന നിയമവ്യവഹാരമാണ് ന്യൂയോര്‍ക്ക് കോടതിയില്‍ ആരംഭിച്ചിരിക്കുന്നത്. ഗ്രൂപ്പിന്റെ ചെയര്മാന് ഗൗതം അദാനിയും നിരവധി കൂട്ടാളികള്‍ക്കും മേല്‍ യു എസ് പ്രോസിക്യൂട്ടര്‍മാര്‍ ചുമത്തിയിരിക്കുന്ന കൈക്കൂലി ആരോപണം അന്താരാഷ്ട്ര വിപണികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം അദാനി ഗ്രൂപ്പിന് ഉണ്ടാകും. കാര്യമായ സാമ്പത്തിക നഷ്ടത്തിനും അവരുടെ പേര് കളങ്കപ്പെടുന്നിതനും ഇത് വഴിവയ്ക്കും. അന്താരാഷ്ട്ര മൂലധന വിപണികളിലേക്ക് പ്രവേശിക്കുന്നത് കമ്പനിക്ക് വളരെ പ്രയാസകരമാകും.
നിയമപരമായ തിരിച്ചടി
ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവന് സാഗര്‍ അദാനിക്കും കമ്പനിക്കുള്ളിലെ മറ്റുള്ളവര്‍ക്കുമെതിരെ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപത്രം നല്‍കിയതോടെയാണ് നാടകീയമായ പ്രതിസന്ധി ഉടലെടുക്കന്നത്. ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 2.029 കോടി (250 മില്യണ്‍ ഡോളര്‍) കൈക്കൂലി നല്‍കിയെന്നാണ് ആരോപണങ്ങള്‍. അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ അദാനി ഗ്രൂപ്പിന് എല്ലാവിധ നികുതിയടവുകള്ക്കു ശേഷവും കോടിക്കണക്കിന് രൂപലാഭം ഉണ്ടാക്കാന്‍ കഴിയുന്ന സോളാര്‍ എനര്‍ജി കരാറുകള്‍ ഉറപ്പാക്കാനാണ് ഇത്രയും തുക കൈക്കൂലി നല്കാന് തീരുമാനിച്ചതെന്നാണ് പരാതി. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും (എസ്ഇസി) വഞ്ചന, സാമ്പത്തി തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് അദാനിക്കും കൂട്ടാളികള്‍ക്കുമെതിരേ ഉന്നയിച്ചിരിക്കുന്നത്. വിദേശ നിക്ഷേപകരെ കബളിപ്പിച്ചാണ് ഇത്രയും വലിയൊരു അഴിമതി നടത്തിയിരിക്കുന്നതെന്നും കുറ്റപത്രത്തിലുണ്ട്.
എന്തുകൊണ്ട് അദാനിക്കെതിരേ യുഎസ്സില്‍ കുറ്റപത്രം ചുമത്തി?
അദാനിക്ക് ഉണ്ടായ വീഴ്ച്ച തികച്ചും അപ്രതീക്ഷിതമായിരുന്നു, അതിന്റെ ആഘാതവും വളരെ വലുതായിരുന്നു. ഗ്രൂപ്പിനെതിരേ കൂടുതല്‍ നിയമപരമായ വെളിപ്പെടുത്തലുകളും നിയന്ത്രണങ്ങളും ഉണ്ടായേക്കാമെന്ന് ഭയന്ന് നിക്ഷേപകര്‍ പിന്‍വാങ്ങാന്‍ തുടങ്ങിയതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം ഒരു ദിവസം കൊണ്ട് ഏകദേശം 30 ബില്യണ്‍ ഡോളറാണ് ഇടിഞ്ഞത്. സാമ്പത്തിക നഷ്ടം ഓഹരി വിപണിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഗ്രൂപ്പിന്റെ ബോണ്ടുകള്‍ക്കും കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. ചാര്‍ജുകള്‍ പരസ്യപ്പെടുത്തി ബോണ്ടുകള്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ 600 മില്യണ്‍ ഡോളറിന്റെ ബോണ്ട് ഇഷ്യു റദ്ദാക്കാന്‍ കമ്പനി നിര്‍ബന്ധിതരായി. നിക്ഷേപം സ്വീകരിക്കാനുള്ള വഴികള്‍, നിലവിലെ ആരോപണങ്ങള്‍ മൂലം അടയുന്നു എന്നാണ് ഈ തിരിച്ചടികള്‍ വ്യക്തമാക്കുന്നത്.
നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെടുന്നു
മൂലധനം നിക്ഷേപത്തില്‍ അദാനി ഗ്രൂപ്പിനുണ്ടാകുന്ന പ്രതിസന്ധി നിക്ഷേപകര്‍ക്കിടയില്‍ ഗൗരവമായ ആശങ്കള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള പ്രതികൂല പ്രതികരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. യു.എസ് കോടതിയിലെ കുറ്റപത്രത്തിന്റെ ആഘാതം വളരെ വലുതാണ്. യു.എസ് സെക്യൂരിറ്റീസ് നിയമങ്ങളുടെ ലംഘനങ്ങളാണ് കുറ്റപത്രത്തില്‍ അദാനി ഗ്രൂപ്പിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. ഇത് ഗ്രൂപ്പിന്റെ ആഗോള വിപുലീകരണ പദ്ധതികള്‍ക്ക് തടയിടും. യു എസ് കോടതിയില്‍ സ്വീകരിച്ചിരിക്കുന്ന അദാനിക്കും കൂട്ടാളികള്‍ക്കുമെതിരായ കുറ്റപത്രം ഉണ്ടാക്കുന്ന നിയമപരമായ അപകടങ്ങളെക്കുറിച്ച് അന്താരാഷ്ട്ര നിക്ഷേപ സമൂഹം ജാഗ്രത പുലര്‍ത്തും. അഴിമതി കുംഭകോണങ്ങളില്‍ ഉള്‍പ്പെട്ടതോ, കേസുകള്‍ നേരിടുന്നതോ ആയ കമ്പനികളെക്കുറിച്ച് ഇതിനകം ജാഗ്രത പുലര്‍ത്തുന്ന നിരവധി അന്താരാഷ്ട്ര നിക്ഷേപകരുണ്ട്, പ്രത്യേകിച്ച് യുഎസിലുള്ള നിക്ഷേപകര്‍- അവര്‍ അദാനിയുമായി സഹകരിക്കുന്നത് അത്ര ബുദ്ധിയുള്ള നീക്കമായി കാണില്ല.
അദാനിക്ക് കാര്യമായ നിക്ഷേപങ്ങളുള്ള ഓസ്ട്രേലിയയില്‍, അദാനി ഗ്രൂപ്പില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപമുള്ള ജിക്യുജി പാര്‍ട്ണേഴ്സിന്റെ ഓഹരികള്‍ 21% ആണ് ഇടിഞ്ഞത്. അദാനിയിലെ തങ്ങളുടെ ഓഹരികള്‍ അവലോകനം ചെയ്യുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് പ്രമുഖ നിക്ഷേപകര്‍ പോലും അദാനി ഗ്രൂപ്പുമായുള്ള തങ്ങളുടെ നിക്ഷേപ സഹകരണം പുനഃപരിശോധിക്കുന്നതിന്റെ തെളിവാണ്. നിക്ഷേപകര്ക്കുണ്ടായിരിക്കുന്ന സംശയം ഭാവിയില്‍ അന്താരാഷ്ട്ര മൂലധന വിപണികളിലേക്ക്, പ്രത്യേകിച്ച് കൂടുതല്‍ നിയന്ത്രണ വിധേയമായ വിപണികളിലേക്ക് കടന്നുചെല്ലാന്‍ അദാനി ഗ്രൂപ്പിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും.
മൂലധന സമാഹരണം പ്രതിസന്ധിയിലാകും
യുഎസിന്റെ ആരോപണങ്ങള്‍ കേവലം ഒരു നിയമപ്രശ്നമല്ല; അവ കമ്പനിയുടെ പേരിന് ഭീഷണിയായി മാറിയിരിക്കുകയാണ്. ആഗോള സാമ്പത്തിക വിപണികളുടെ ഭരണ മാനദണ്ഡങ്ങള്‍, സുതാര്യത, നിയമത്തിന്റെ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കാനുള്ള കമ്പനികളുടെ കഴിവ് എന്നിവയെയാണ് ചോദ്യമുനയില്‍ നിര്‍ത്തിയിരിക്കുന്നത്. കൈക്കൂലി ആരോപണങ്ങളുടെ വ്യാപ്തിയും നിക്ഷേപകരെയും ധനകാര്യ സ്ഥാപനങ്ങളെയും വഞ്ചിച്ചുകൊണ്ട് അദാനി നീതിന്യായ വ്യവസ്ഥകള്‍ അട്ടിമറിച്ചുവെന്ന വസ്തുതയും കണക്കിലെടുത്ത്, അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കടുത്ത നിരീക്ഷണത്തിന് ഇനി മുതല്‍ വിധേയമാകും.
ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസിന് 61,000 കോടി രൂപ (ഏകദേശം 7 ബില്യണ്‍ ഡോളര്‍) അല്ലെങ്കില്‍ അതിന്റെ മാര്‍ക്കറ്റ് മൂല്യത്തിന്റെ 20% നഷ്ടമാണ് നേരിട്ടത്. അദാനി ഗ്രൂപ്പ് കമ്പനികളിലുടനീളമുള്ള സംയുക്ത നഷ്ടം 2.60 ലക്ഷം കോടി രൂപ (ഏകദേശം 31 ബില്യണ്‍ ഡോളര്‍)ആണ്. ആരോപണങ്ങള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം എത്രത്തോളം തകര്‍ത്തുവെന്ന് ഇത് അടിവരയിടുന്നു.
ആരാണ് സാഗർ അദാനി?
ഊര്‍ജം, തുറമുഖങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്നീ മേഖലകളില്‍ കൂടുതല്‍ വളരാന്‍ ആഗോള മൂലധന വിപണിയെ വന്‍തോതില്‍ ആശ്രയിക്കുന്ന അദാനിയെപ്പോലുള്ള ഒരു കമ്പനിക്ക്, ഈ വിശ്വാസ്യത നഷ്ടം വളരെ വിനാശകരമായിരിക്കും. 2024 മാര്‍ച്ച് വരെ മൊത്തം 2.4 ലക്ഷം കോടി രൂപ (ഏകദേശം 28.7 ബില്യണ്‍ ഡോളര്‍) കടബാധ്യതയുള്ള ഗ്രൂപ്പ്, അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനും വളര്‍ച്ചയ്ക്ക് ഫണ്ട് ലഭിക്കുന്നതിനുമായി ബാഹ്യ ധനസഹായത്തെ വളരെയധികം ആശ്രയിക്കുന്നുണ്ട്. നിലവിലുള്ളതുപോലെ, ബോണ്ടുകള്‍ വഴിയോ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ വഴിയോ ക്രെഡിറ്റ് ആക്സസ് ചെയ്യുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും. കൈക്കൂലി കുറ്റാരോപണം ഗ്രൂപ്പിന് ‘ക്രെഡിറ്റ് നെഗറ്റീവ്’ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മൂഡീസ് പോലുള്ള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ സൂചിപ്പിച്ചിക്കുന്നത്. അതായത് കമ്പനി ഗുരുതമായ നിയമനടപടികള്‍ നേരിടുന്നതിനാല്‍ കടം വാങ്ങുന്നത് കൂടുതല്‍ ബുദ്ധിമുട്ടാകും.
ആഗോള മോഹങ്ങളുടെ തിരച്ചടി
ഇപ്പോഴുണ്ടായിരിക്കുന്ന വീഴ്ച അദാനി ഗ്രൂപ്പിന്റെ ആഗോളതലത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് ഗുരുതരമായ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. അതിനുദ്ദാഹരണമാണ്, വൈദ്യുത നിലയങ്ങള്‍ നിര്‍മ്മിക്കുന്നതും രാജ്യത്തെ പ്രധാന വിമാനത്താവളം കൈകാര്യം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള പ്രധാന കരാറുകള്‍ കമ്പനിക്ക് നല്‍കാനുള്ള പദ്ധതികള്‍ കെനിയന്‍ ഗവണ്മെന്റ് ഉടനടി റദ്ദാക്കിയത്. ഈ ഇടപാടിലൂടെ 18 ബില്യണ്‍ ഡോളറിന്റെ നേട്ടം കമ്പനി പ്രതീക്ഷിച്ചിരുന്നു. കമ്പനിയുടെ സാമ്പത്തി നഷ്ടത്തിനൊപ്പം അവരുടെ സത്പേരിനും ആഘാതം ഉണ്ടായിരിക്കുന്നുവെന്നാണ് ഇതിലൂടെ മനസിലാക്കേണ്ടത്. ലോകമെമ്പാടുമുള്ള ഗവണ്മെന്റുകളും കോര്‍പ്പറേഷനുകളും അദാനി ഗ്രൂപ്പുമായി ബിസിനസ്സ് നടത്തുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്ത്തുന്നതോടെ, അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ മന്ദീഭവിപ്പിക്കും. മാത്രമല്ല, അഴിമതിയും വഞ്ചനയും സംബന്ധിച്ച യുഎസ് കുറ്റപത്രവും അന്വേഷണവും നടക്കുന്നതിനാല്‍, മറ്റ് രാജ്യങ്ങളില്‍ കരാറുകള്‍ നേടാന്‍ ഗ്രൂപ്പ് ഇനി മുതല്‍ പാടുപെടാം. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്ന ഒരു ഗ്രൂപ്പുമായി സഹകരിക്കുന്നതിന് അന്താരാഷ്ട്ര കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും മടിക്കും. നിയമപരമായുണ്ടായേക്കാവുന്ന അപകടങ്ങള്ക്കൊപ്പമാണ്, ആഗോളതലത്തില്‍ ഫണ്ട് സ്വരൂപിക്കാനുള്ള അദാനിയുടെ കഴിവും ഇതുമൂലം പരിമിതപ്പെടും.
വിപണികളില്‍ നേരിടേണ്ടി വരുന്ന നിയമപരമായ വെല്ലുവിളികള്‍
അമേരിക്കന്‍ സെക്യൂരിറ്റീസ് നിയമത്തിന്റെ ഭാഗമായുള്ള സൂക്ഷ്മപരിശോധന യുഎസില്‍ അദാനി നേരിടുന്ന നിയമപരമായ വെല്ലുവിളികളില്‍ വളരെ നിര്‍ണായകമാകും. കോര്‍പ്പറേറ്റ് അഴിമതിയില്‍ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാത്തവരാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍. യുഎസ് ഫെഡറല്‍ കേസുകളുടെ വിജയ നിരക്ക് അസാധാരണംവിധം ഉയര്‍ന്നതാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍, ഫെഡറല്‍ കേസുകളില്‍ പ്രതികളായവരില്‍ 89.5% പേരും കുറ്റം സമ്മതിച്ചിരുന്നു. വിചാരണ നടന്ന കേസുകളുടെ ശിക്ഷാ നിരക്ക് 90% ആയിരുന്നു. ഈ ഉയര്‍ന്ന വിജയശതമാനം അര്‍ത്ഥമാക്കുന്നത്, കേസ് വിചാരണയിലേക്ക് നീങ്ങുകയാണെങ്കില്‍ അദാനി ഗ്രൂപ്പിന് നിയമപരവും സാമ്പത്തികവുമായി കാര്യമായ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ്. ചെലവേറിയ നിയമപോരാട്ടങ്ങളും കമ്പനിക്ക് നടത്തേണ്ടി വരുമെന്നതും നിക്ഷേപകരുടെ പിന്‍വലിയലിന് കാരണമാകും. എസ്ഇസിയുടെ സിവില്‍ സെക്യൂരിറ്റീസ് വഞ്ചന കേസ്, ക്രിമിനല്‍ കൈക്കൂലി ആരോപണങ്ങള്‍ക്കൊപ്പം തന്നെ അദാനിക്ക് മുന്നില്‍ നിയമപരമായ വെല്ലുവിളികളുടെ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നുണ്ട്. ഗ്രൂപ്പിന് അന്താരാഷ്ട്രതലത്തില്‍ ഫണ്ട് സ്വരൂപിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം. ഇത്തരമൊരു സങ്കീര്‍ണ്ണവും ഗുരുതരവുമായ കേസില്‍ കുടുങ്ങിയ ഒരു കമ്പനിയുടെ ഭാഗമാകുന്നതിനോ അവര്‍ക്ക് കടം കൊടുക്കുന്നതിനോ ഉള്ള അപകടസാധ്യതകളെക്കുറിച്ച് നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പാലിക്കും, പ്രത്യേകിച്ചും കമ്പനി യുഎസ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് അറിഞ്ഞതില്‍ പിന്നെ.
ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍
അദാനി കുംഭകോണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗ്രൂപ്പിന് പുറത്തേക്കും വ്യാപിച്ചേക്കാം. ആഗോള വിപണിയില്‍ മൂലധനം സ്വരൂപിക്കാന്‍ ശ്രമിക്കുന്ന മറ്റ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം. നിയമപ്രശ്നങ്ങള്‍ നേരിടുന്നതോ, സര്‍ക്കാരുമായി കരാറുകളുള്ളതോ ആയ ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപിക്കുന്നതില്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ കൂടുതല്‍ ശ്രദ്ധാലുക്കളായേക്കാം. ഇത് ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭരണത്തിന്റെ മാനദണ്ഡങ്ങള്‍ ഗൗരവമായി പുനപരിശോധിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കാം. കൂടാതെ മറ്റ് കമ്പനികള്‍ക്ക് ആഗോള മൂലധന വിപണിയിലേക്ക് പ്രവേശിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും. മാത്രമല്ല, പ്രാദേശികവും അന്തര്‍ദേശീയവുമായ നിക്ഷേപകര്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെടുമെന്നതിനാല്‍, അദാനി കേസ് ഇന്ത്യയിലെ വിദേശ നിക്ഷേപങ്ങളുടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഇടയാക്കും. ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ നിക്ഷേപകര്‍ കരുതലോടെ വിലയിരുത്തുമെന്നതു കൊണ്ടും, അദാനിയ്ക്കുണ്ടായിരിക്കുന്ന തിരിച്ചടി, ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയെക്കൂടി ബാധിച്ചേക്കാം. പൊതു മൂലധന വിപണികളെ ആശ്രയിക്കുന്നതിനുപകരം കൂടുതല്‍ അനുകൂലമായ വിപണികളിലേക്ക് മാറാനോ സ്വകാര്യ നിക്ഷേപം തേടുന്നതോ ഉള്‍പ്പെടെയുള്ള ബദല്‍ ധനസഹായ മാര്‍ഗങ്ങള്‍ ഇനിയങ്ങോട്ട് കണ്ടെത്തേണ്ടി വന്നേക്കും. എന്നിരുന്നാലും, അദാനിയുടെ ധനസമാഹരണ ശ്രമങ്ങള്‍ക്ക് ഇപ്പോഴത്തെ കേസും ആരോപണങ്ങളും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഉറപ്പാണ്. കൈക്കൂലി ആരോപണങ്ങളും യുഎസ് അന്വേഷണവും അദാനി ഗ്രൂപ്പിനെ അപകടകരമായ അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ഇത് ആഗോള മൂലധന വിപണിയില്‍ നിന്നുള്ള അവരുടെ ധനസമാഹരണം വിചാരിക്കുന്നതിലും അപ്പുറം ബുദ്ധിമുട്ടിലാക്കും. ഗ്രൂപ്പിന്റെ നിയമപരമായ പ്രശ്നങ്ങള്‍, ഇപ്പോഴുണ്ടായിരിക്കുന്ന പേര് നഷ്ടം, പ്രതീക്ഷിക്കാവുന്ന ഉയര്‍ന്ന സാമ്പത്തിക പിഴ; ഇതെല്ലാം കൂടിച്ചേര്‍ന്ന്, ധനസമാഹരണത്തിന് കാര്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കും. ലോകമെമ്പാടുമുള്ള നിക്ഷേപകരും ഗവണ്മെന്റുകളും കമ്പനിയുമായുള്ള അവരുടെ ബന്ധം പുനഃപരിശോധിക്കുന്നതിനാല്‍, വിശ്വാസം തിരിച്ചു പിടിക്കാനും, മൂലധന നിക്ഷേപം വീണ്ടെടുക്കാനും അദാനിക്ക് കാര്യമായി വിയര്‍പ്പൊഴുക്കേണ്ടി വരും. Why Adani Will Now Struggle to Raise Funds Internationally