February 19, 2025 |
Share on

ഋതുവിനെ എന്നും ന്യായീകരിച്ചിരുന്നത് അമ്മ; കൂട്ടക്കൊലയ്ക്കും കാരണം പറയുന്നത് മാനസിക പ്രശ്‌നം

ഇത്രയും ക്രൂരമായി കൊലപാതകം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല

ചേന്ദമം​ഗലം കൂട്ടക്കൊലയിലെ പ്രതിയായ ഋതുവിന്റെ ജീവിത പശ്ചാത്തലം ഞെട്ടിക്കുന്നതാണ്. ഋതുവിന്റെ എല്ലാ തെറ്റുകൾക്കും എന്നും പിന്തുണച്ചുകൊണ്ടിരുന്നത് അമ്മ തന്നെ. മകന് മാനസികപ്രശ്നമുണ്ട് എന്നതാണ് എല്ലാത്തിനും ന്യായീകരണമായി അമ്മ കൈരളി പറയുന്നത്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ ഋതു പ്രശ്നക്കാരനായിരുന്നു. പ്രതിയെക്കുറിച്ച് മുൻപും പരാതികൾ ലഭിച്ചിരുന്നെങ്കിലും ഇത്രയും ക്രൂരമായി കൊലപാതകം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. chendamangalam massacre

മകനെക്കുറിച്ച് പ്രദേശവാസികൾ നൽകിയ പരാതികൾ നാട്ടുകാർ പറഞ്ഞുണ്ടാക്കിയതാണെന്നും മാനസികപ്രശ്നം കാരണമാണ് ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്തതെന്നുമാണ് ഋതുവിന്റെ അമ്മ പറയുന്നതെന്ന് ചേന്ദമം​ഗലം വാർഡ് മെമ്പർ അഴിമുഖത്തോട് പറഞ്ഞു.

‘പ്രതിയായ ഋതു ജയൻ, സ്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ പ്രശ്നക്കാരനായിരുന്നു. വളരെയധികം ബുദ്ധിമുട്ടുകൾ പലർക്കും ഇയാളിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പ്രതി ലഹരിക്ക് അടിമയാണ്. പ്രതിയെക്കുറിച്ച് മുൻപും പല പരാതികളും നൽകിയിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഒരു തവണയാണ് ഈ വ്യക്തി പ്രശ്നമുണ്ടാക്കിയെന്ന പരാതി എനിക്ക് ലഭിക്കുന്നത്. ഞാൻ അത് അന്വേഷിക്കാൻ ഋതുവിന്റെ വീട്ടിൽ പോയിരുന്നു. എന്നാൽ ഇയാളുടെ അമ്മ അതിനോട് സഹകരിച്ചില്ല. ഇതെല്ലാം നാട്ടുകാർ പറഞ്ഞുണ്ടാക്കുന്നതാണ് എന്നാണ് അവർ അന്ന് പറഞ്ഞത്. കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. കൊല നടത്തിയ ശേഷം പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു. ഒട്ടും നോർമൽ അല്ലാത്ത രീതിയിലാണ് ഇയാളുടെ പെരുമാറ്റം. ലഹരി ഉപയോ​ഗമാണ് അതിന്റെ കാരണമെന്നാണ് അറിയാൻ സാധിച്ചത്. കൂടുതൽ സമയവും പ്രതി നാട്ടിൽ ഉണ്ടാകാറില്ല. ബാം​ഗ്ലൂരിലാണ് താമസിച്ചിരുന്നത്.’

‘പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജിതിൻ ആരെക്കുറിച്ചും മോശമായി സംസാരിക്കുന്ന ആളല്ല. അവർ ഇവിടേക്ക് വീട് വാങ്ങി താമസം തുടങ്ങിയിട്ട് കുറച്ച് നാളുകൾ മാത്രമേ ആയിട്ടുള്ളൂ. ജിതിൻ ​​ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്. ആറ് മാസമായതേയുള്ളൂ നാട്ടിൽ വന്നിട്ട്. അടുത്ത മാസം തിരികെ പോകാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവം നടന്നത്. അഞ്ചാം ക്ലാസിലും ഒന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ജിതിന്റെ ഭാര്യയും ഭാര്യയുടെ അച്ഛനും അമ്മയുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഋതുവും ജിതിൻ്റെ കുടുംബവുമായി മുൻപും തർക്കങ്ങളുണ്ടായിട്ടുണ്ടെന്ന് അയൽപക്കക്കാർ പറയുന്നു. ഞങ്ങൾക്കിതിനെക്കുറിച്ച് യാതൊരു അറിവും കിട്ടിയിട്ടില്ല.’

‘പ്രതിയുടെ അമ്മ ഇപ്പോഴും മകനെ പിന്തുണക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്നാണ് അമ്മ പറയുന്നത്. എന്നാൽ അത് ശരിയാണെന്ന് തോന്നുന്നില്ല. ചികിത്സക്ക് കൊണ്ട്പോയതിനെക്കുറിച്ചും ആർക്കും അറിവില്ല’, വാർഡ് മെമ്പർ ദിവ്യ ഉണ്ണികൃഷ്ണൻ പറയുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ജിതിന്റെ തലച്ചോറിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നും അവസ്ഥ അതീവ ​ഗുരുതരമാണെന്നും ബന്ധുവായ വിനീഷ് അഴിമുഖത്തോട് പ്രതികരിച്ചു. ‘എന്റെ അമ്മയുടെ അനിയത്തിയും ഭർത്താവും അവരുടെ മകളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ജിതിന്റെ നില അതീവ ​ഗുരുതരമാണ്. ആസ്റ്റർ മെഡിസിറ്റിയിലാണ് ജിതിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തലച്ചോറിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഇപ്പോൾ സർജറി നടക്കുകയാണ്. എന്റെ വീടിന്റെ പുറകിലായിരുന്നു ആദ്യം ഇവർ താമസിച്ചിരുന്നത്. നാല് കൊല്ലമേ ആയിട്ടുള്ളൂ ഇവിടെ താമസമാക്കിയിട്ട്.’

‘പ്രതിയെക്കുറിച്ച് മുൻപും പരാതികൾ പഞ്ചായത്തിലും മറ്റും അറിയിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇത്രയും ക്രൂരമായി കൊലപാതകം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ അധികം ഇവിടേക്ക് വരാറുണ്ടായിരുന്നില്ല. സംഭവം എന്നെ വല്ലാതെ ബാധിച്ചിട്ടുണ്ട്. എന്ത് ചെയ്യണമെന്ന് അറിയാത്ത മാനസികാവസ്ഥയിലാണ് ഞാൻ. അമ്മയുടെയും അച്ഛന്റെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കയറ്റിയിട്ടുണ്ട്. മകളുടെ പോസ്റ്റ്മോർട്ടം കൂടി കഴിഞ്ഞാൽ ഇന്ന് വൈകിട്ട് വൈപ്പിൻ മുരുക്കുംപാടം ശ്മശാനത്തിൽ സംസ്കാരം നടത്തും’, ബന്ധുവായ വിനീഷ് പറഞ്ഞു.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ചേന്ദമം​ഗലം സ്വദേശി ഋതു, അയൽവാസിയായ ജിതിന്റെ വീട്ടിലെത്തുകയും കൈയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോ​ഗിച്ച് കുടുംബത്തിലെ മൂന്ന് പേരെ തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ ജിതിൻ ചികിത്സയിലാണ്. കി​ഴ​ക്കു​മ്പു​റ​ത്ത് പെ​ര​യ​പ്പാ​ടം കാ​ട്ടു​പ​റ​മ്പി​ൽ വേ​ണു (65), ഭാ​ര്യ ഉ​ഷ (58), മ​ക​ൾ വി​നീ​ഷ (32) എ​ന്നി​വ​രാ​ണ് കൊല്ലപ്പെട്ടത്. chendamangalam massacre

Content summary: chendamangalam massacre, Amma always defended Ritu, citing psychological problems as the reason for the massacre
chendamangalam massacre ernakulam latest news

×