July 16, 2025 |

‘ഛാവ’ക്ക് ഒറ്റ ലക്ഷ്യം മാത്രം: മുസ്ലീം വിരുദ്ധത

തെറ്റായ ചരിത്രം, മോശം മേക്കിങ്, വൈകാരികത തള്ളുന്ന പ്രമോഷന്‍…

മധ്യകാലത്തെ മുഗള്‍ രാജാക്കളെ കുറിച്ചും അക്കാലത്തെ ഇന്ത്യയെ കുറിച്ചുമുള്ള കള്ളക്കഥകള്‍ ആധികാരികമായ ചരിത്ര സത്യമെന്ന മട്ടില്‍ പറയുന്ന പലരും ചരിത്രം പഠിച്ചത് ബോളിവുഡ് സിനിമ കണ്ടിട്ടാണ് എന്നൊരു തമാശ പറയാറുണ്ട്. പക്ഷേ ബോളിവുഡ് സിനിമയില്‍ നിന്ന് ചരിത്രം പഠിക്കുന്നവരാണ് നമ്മുടെ സോഷ്യല്‍ മീഡിയ ഭരിക്കുകയും പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യെുന്നത്. ‘ഛാവ’ എന്ന് സോഷ്യല്‍ മീഡിയയില്‍ പരതിയാല്‍ നമ്മള്‍ പലതും കാണും. തീയേറ്ററുകളില്‍ കണ്ണീര്‍ വാര്‍ത്ത് ഛത്രപതി സംബാജി മഹാരാജ് എന്ന് പറഞ്ഞ് മറാത്തിയില്‍ മുദ്രവാക്യം വിളിച്ച്, അവസാനം തീയേറ്റര്‍ മുഴുവന്‍ ‘ഹര്‍ ഹര്‍ മഹാദേവ്’ എന്ന ‘ശിവ ഗര്‍ജ്ജനം’ മുഴങ്ങുന്നതിന്റെ വിവിധ ദൃശ്യങ്ങളാണ് അതില്‍ പ്രധാനം.

വിക്കി കൗശല്‍ എന്ന ‘ഛാവ’യിലെ മുഖ്യ നടന്‍ നെറ്റിയില്‍ ചുവന്ന പൊട്ടെല്ലാം തൊട്ട് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ വന്നിരുന്നത് സംസാരിക്കുന്നതാണത്. സിനിമയുടെ ചിത്രീകരണ സമയത്ത് ആചാരം പോലെ ഒരു ഏര്‍പ്പാടുണ്ടായിരുന്നുവത്രേ! സംവിധായകന്‍ ലക്ഷ്മണ്‍ ഉഡേകറും അത് തന്നെ പറയുന്നുണ്ട്. ആചാരം ഇതാണ്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ‘ശിവഗര്‍ജ്ജനം’ നടത്തും. അഥവാ എല്ലാവരും കൂടി ‘ഹര്‍ ഹര്‍ മഹാദേവ്’ എന്ന് വിളിക്കും. അപ്പോള്‍ ചിത്രീകരണ സഹായികളും അനുബന്ധ പ്രവര്‍ത്തകരും എല്ലാം അതേറ്റ് പറയും. ആര്‍ട്ട് ഡയറക്ടര്‍ ‘ഛത്രപതി സംബാജി മഹരാജ് കീ’ എന്ന് വിളിക്കും. എല്ലാവരും കൂടി ജയ് എന്ന് പറയും. ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും അടങ്ങുന്ന ക്രൂ ആണ്. പക്ഷേ അത് എല്ലാവരും ഏറ്റു വിളിക്കുമത്രേ. ഡയറക്ടര്‍ ഇത് പറയുമ്പോള്‍ പ്രമോഷന്‍ പരിപാടിയില്‍ കാണികളായി ഇരിക്കുന്നവരും ‘ജയ്’ എന്ന് വിളിക്കുന്നുണ്ട്. ജോധാ അക്ബര്‍ ചിത്രീകരിക്കുന്നതിനോട് അനുബന്ധിച്ച് ‘അള്ളാഹു അക്ബര്‍’ എന്ന് ചിത്രീകരണത്തിന് മുമ്പ് വിളിക്കുകയും അത് ക്രൂ ഏറ്റ് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഒരു സാധ്യത ആലോചിക്കാന്‍ പറ്റുമോ? ആ ചോദ്യം ചോദിക്കാന്‍ പോലും ആരും ധൈര്യപ്പെടില്ല.

ഔറംഗസീബാണ് വില്ലന്‍. ‘ഔറംഗ്സീബ് കീ ഔലാത്ത്’ എന്നാണ് ഹൈന്ദവ തീവ്രവാദികള്‍ ഇന്ത്യന്‍ മുസ്ലീങ്ങളെ വിശേഷിപ്പിക്കുന്നത്- ഔറംഗസീബിന്റെ സന്തതി പരമ്പര. മുഗള്‍ ഭരണാധികാരികള്‍ ക്രൂരന്മാരും ചതിയന്മാരും ജുഗുപ്സാവഹമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ മടിയില്ലാത്തവരും എല്ലാവരേയും മുസ്ലീം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നവര്‍ ആയിരുന്നുവെന്നും മറാത്ത രാജാവായ, ഹിന്ദുക്കളുടെ പ്രതിപുരുഷനായ ശിവാജിയും സംബാജിയുമെല്ലാം ഭാരതഭൂവിലെ സകലമനുഷ്യരുടേയും ക്ഷേമത്തിന് നിലകൊണ്ടിരുന്ന നന്മ, സ്നേഹം, കരുണ തുടങ്ങിയ ഗുണങ്ങളുടെ മൂര്‍ത്തികളായിരുന്ന, എന്നാല്‍ അതിശക്തരും വീരപരാക്രമികളും ആയിരുന്ന യോദ്ധാക്കളാണെന്നുമാണ് സിനിമയുടെ ഭാഷ്യം. അത് സിനിമയ്ക്ക് എത്രമാത്രം അതരിപ്പിക്കായി എന്ന് സംശയമുള്ളത് കൊണ്ടാകണം ഹൈന്ദവ വികാരത്തെ പ്രമോഷന്‍ പരിപാടികളിലും ഇളക്കി വിടാന്‍ വിക്കി കൗശലും സംഘവും ശ്രമിച്ചിരുന്നത്. മറാത്ത രാജാക്കന്മാരുടെ കാവി കൊടി കെട്ടിയ വാഹനങ്ങളിലായിരുന്നു പ്രമോഷന് വിക്കി കൗശല്‍ സഞ്ചരിച്ചിരുന്നത് പോലും. ഔറംഗസീബ് സിനിമയില്‍ ആവശ്യപ്പെടുന്നത് കാവിക്കൊടിയെല്ലാം രക്തം തെറിപ്പിച്ച് ചുവപ്പിക്കണം എന്നതാണ്. അഥവാ കാവി എന്നത് മുഗളര്‍ക്ക്, മുസ്ലീങ്ങള്‍ക്ക് എതിരെയുള്ളതും ഹിന്ദുക്കളുടെ അഭിമാനവുമാണ് സിനിമയില്‍.

സിനിമയിലെ ചരിത്രം
ഛാവ അഥവാ മൃഗക്കുട്ടി എന്നത് കൊണ്ട് ഇവിടെ സിംഹകുട്ടി, പുലിക്കുട്ടി എന്നൊക്കെയാണ് അര്‍ത്ഥം. ശിവാജി സാവന്ത് രചിച്ചിട്ടുള്ള ഇതേ പേരുള്ള നോവലില്‍ നിന്നാണ് സിനിമ ഉണ്ടാകുന്നത്. ചരിത്രമാണെന്നെല്ലാം പറയുന്നുണ്ടെങ്കിലും ശിവജി തന്റെ പിന്‍ഗാമിയാക്കാന്‍ പോലും സംബാജിയെ ആലോചിച്ചിരുന്നില്ല എന്നും ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ മറാത്ത ചരിത്രത്തിലെ ആധികാരിക ശബ്ദമായി കണക്കാക്കിയിരുന്നത് മല്‍ഹര്‍ രാം റാവു ചിറ്റ്നിസ് എന്നയാളെയായിരുന്നു. മറാത്ത സാമ്രാജ്യത്തിന്റെ രേഖകള്‍ സൂക്ഷിച്ചിരുന്നവരുടെ പരമ്പരയില്‍ പെട്ടയാളാണ് മല്‍ഹര്‍ രാം റാവു. 1689 മാര്‍ച്ച് പതിനൊന്നിനാണ് സംബാജി കൊല്ലപ്പെടുന്നത്. അതിന് ഏതാണ്ട് 120 വര്‍ഷങ്ങള്‍ക്ക് ശേഷം, 1808-നും1810നും ഇടയില്‍ മറാത്ത രാജാക്കന്മാരുടെ ചരിത്രം എഴുതാന്‍ അക്കാലത്തെ രാജാവായിരുന്ന സാഹു രണ്ടാമന്‍ മല്‍ഹര്‍ രാം റാവുവിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ബാഖര്‍ എന്ന ജീവചരിത്രം എഴുതിയത്. ശിവജിയുടെ ദര്‍ബാറില്‍ രേഖാസൂക്ഷിപ്പുകാരനായിരുന്നു മല്‍ഹര്‍ രാം റാവുവിന്റെ പ്രപിതാമഹന്‍. എന്തായാലും മല്‍ഹര്‍ രാം റാവുവിന്റെ ബാഖര്‍ അനുസരിച്ച് സംബാജി മദ്യപാനിയും സ്ത്രീലമ്പടനുമായിരുന്ന കഴിവ് കെട്ട രാജാവായിരുന്നു. മദ്യപിച്ച് ബോധരഹിതനായിരിക്കുമ്പോഴാണ് സംബാജിയെ മുഗള്‍ സേന പിടികൂടിയതെന്നും മല്‍ഹര്‍ രാം റാവു പറയുന്നു. ഒരു കാലം വരെ ആധികാരിക രേഖയായിരുന്ന ഈ ചരിത്രം പിന്നീട് തിരുത്തപ്പെട്ടു. ഇതേ കുറിച്ച് നാടകങ്ങളും കഥകളുമെല്ലാം ഉണ്ടായി എങ്കിലും മല്‍ഹര്‍ രാം റാവുവിന്റേത് തെളിവുകളില്ലാത്ത ചരിത്രവിവരണമാണെന്ന് മറാത്ത സാമ്രാജ്യത്തിന്റെ കരുത്ത് പാടിപുകഴ്ത്തിയ പില്‍ക്കാല ചരിത്രകാരന്മാര്‍ അവകാശപ്പെട്ടു.

അതേസമയം ഇത് മറാത്ത എന്ന പിന്നാക്ക വിഭാഗക്കാരനും മുഗള്‍ സാമ്രാജ്യത്തിലെ ജാഗീര്‍ദാരും ആയിരുന്ന, പ്രവശ്യഭരണത്തില്‍ നിന്ന് വളര്‍ന്ന് വളര്‍ന്ന് ഛത്രപതിയായ ശിവജിയോടും അദ്ദേഹത്തിന്റെ പിന്‍ഗാമി സംബാജിയോടും ബ്രാഹ്‌മണര്‍ക്കുണ്ടായ അസൂയയുടെ തുടര്‍ച്ചയാണ് എന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്. ശിവാജിയുടെ മന്ത്രിസഭയില്‍ നിന്ന് സംബാജിക്ക് ഉണ്ടായിട്ടുള്ള എതിര്‍പ്പുകളും രണ്ടാനമ്മ സംബാജിക്കെതിരെ ഗൂഢാലോചന നടത്തുന്നതും ശിവാജി സാവന്തിന്റെ നോവലില്‍ നിന്ന് സിനിമയിലേയ്ക്ക് പകര്‍ത്തിയിട്ടുമുണ്ട്. ശിവജിയുടെ അഷ്ടപ്രധാന്‍ മണ്ഡലിലെ ചില മന്ത്രിമാര്‍ സംബാജിക്കെതിരെ ഗൂഢാലോചന നടത്താന്‍ സൊയ്രാബായ്ക്കൊപ്പം നിന്നതും അവരെ സംബാജി വധിക്കുന്നതും സിനിമയിലുണ്ട്.

രണ്ട് കാര്യങ്ങള്‍ അതിസൂക്ഷ്മമായി ചിത്രത്തില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. ശിവജിയുടെയും സംബാജിയുടേയും സ്വരാജ്യ എന്ന സങ്കല്‍പ്പം ഇന്ത്യയൊന്നാകെ മുസ്ലീം ഇതര, ഹിന്ദു സാമ്രാജ്യമാക്കി മാറ്റണം എന്നതായിരുന്നുവെന്ന് സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമമാണ് ഒന്നാമത്തേത്. അത് ചരിത്രപരമായി തന്നെ തെറ്റാണ്. ഒരു മുസ്ലീം സാമ്രാജ്യത്തിന് കീഴില്‍ കരം പിരിക്കാനും സ്വന്തമായി ഭരിക്കാനും മറ്റാളുകള്‍ക്ക് കൈമാറ്റം ചെയ്യാന്‍ പറ്റാത്തതുമായ പ്രദേശങ്ങള്‍ ലഭിക്കുന്നതിന് അക്കാലത്ത് വദന്‍ എന്നാണ് പറഞ്ഞിരുന്നത്. ഇത്തരത്തില്‍ തങ്ങള്‍ക്ക് ഭരിക്കാന്‍ ലഭിച്ച പ്രദേശം, വദന്‍, മറ്റ് ഭരണാധികാരികളുടെ സാമന്ത പദവിയിലല്ലാതെ ഭരിക്കാനും കരംപിരിക്കാനും ഭാവി തലമുറയ്ക്ക് കൈമാറാനുമുള്ള അവകാശം സ്ഥാപിച്ചെടുക്കുക എന്നതാണ് സ്വരാജ്യ എന്ന ആശയം തന്നെ. അതില്‍ കവിഞ്ഞ് ഹിന്ദു/മുഗള്‍ തുടങ്ങി മറ്റേതെങ്കിലും ഭരണാധിപത്യത്തിലുള്ള ദേശങ്ങളെ മോചിപ്പിച്ച് സ്വയം ഭരണത്തില്‍ കൊണ്ടുവരണം എന്ന ആശയം അവിടെ ഇല്ല. മാത്രമല്ല ശിവജി തന്റെ സാമ്രാജ്യത്തെ പദവിയിലെ ഒരിക്കലും ചാലൂക്യരോ മറ്റേതെങ്കിലും മുന്‍ ഹിന്ദു ഭരണാധികാരികളുടെ തുടര്‍ച്ചയായി കണക്കാക്കിയിട്ടുമില്ല. കുംഭി സമുദായാംഗമായ ശിവജിയെ രാജാവായി അഭിഷേകം ചെയ്യാന്‍ തയ്യാറാകാതിരുന്ന ബ്രാഹ്‌മണരോടുള്ള പ്രതിഷേധം അദ്ദേഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ സമകാലിക ഇന്ത്യയിലെ സ്വരാജ്യം എന്ന നിലയോടാണ് ഈ ആശയത്തെ സിനിമ ബന്ധിപ്പിക്കുന്നത്. രണ്ട്, എല്ലാ മനുഷ്യര്‍ക്കും തുല്യപദവിയും പരിഗണനയുമായിരുന്നു ശിവാജിയുടേയും സംബാജിയുടേയും ഭരണത്തില്‍ കീഴില്‍ ഉണ്ടായിരുന്നുതെന്നും മുസ്ലീങ്ങള്‍ മാത്രമായിരുന്നു എതിര് എന്നും സിനിമ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ രൂക്ഷമായ ജാതി വ്യവസ്ഥ നിലനിന്നിരുന്ന, ദളിതരേയും ആദിവാസികളേയും പഞ്ചമജാതിക്കാരേയും അകറ്റി നിര്‍ത്തിയിരുന്ന വ്യവസ്ഥ തന്നെയായിരുന്നു അന്നും നിലനിന്നിരുന്നത് എന്നതിന് ചരിത്രം മുഴുവന്‍ തെളിവുകള്‍ നല്‍കുന്നുണ്ട്.

മുസ്ലീം വിരുദ്ധത
ഡല്‍ഹിയില്‍ ഔറംഗസീബിന്റെ കൊട്ടാരത്തില്‍ ശിവാജിയുടെ മരണ വാര്‍ത്ത എത്തുന്നതും അതില്‍ അവര്‍ സന്തോഷിക്കുകയും ചെയ്യുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അക്ഷയ് ഖന്നയുടെ ഔറംഗസീബാകട്ടെ തന്റെ സിംഹാസനത്തില്‍ സദാസമയവും അലങ്കാരത്തയ്യല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ചര്‍ക്ക നെയ്യുന്ന ഗാന്ധിയെ പോലെ ഒരു പൊസിഷനില്‍ ഇരിക്കുന്ന വൃദ്ധനാണ് ഔറംഗസീബ്. അയാള്‍ ക്രൂരതയുടെ ആള്‍രൂപമാണ്. മുസ്ലീങ്ങളല്ലാത്തവരില്‍ നിന്ന് നികുതി പിരിച്ച് ഖജനാവ് വീര്‍പ്പിക്കുന്ന, ഹിന്ദുരാജാക്കാന്മാരെ ക്രൂരമായി ആക്രമിക്കുന്ന, സകല ഹിന്ദുക്കളേയും മതം മാറ്റുന്ന ഒരാള്‍ എന്ന മട്ടിലാണ് ചിത്രീകരണം. അക്കാലത്തെ നാട്ടുരാജ്യങ്ങളുടെ രീതി വച്ച് ഡക്കാന്‍ പ്രദേശങ്ങളിലുള്ള ധാരാളം മുസ്ലീം രാജാക്കന്മാരെ വകവരുത്തുകയും ഹിന്ദുരാജക്കളോട് സന്ധി ചെയ്തുമെല്ലാമാണ് ഔറംഗസീബ് ഭരണം നടത്തിയിരുന്നത് എന്നത് സിനിമയില്‍ നമുക്ക് മനസിലാകില്ല. തിന്മ സമം ഔറംഗസീബ്, നന്മ സമം സംബാജി എന്ന ലാളിത്യമാണ് സിനിമയുടെ രാഷ്ട്രീയം.

ക്രൂര മുഹമ്മദീയരായ ഔറംഗസീബും കൂട്ടരും സന്തോഷിച്ച് കൊണ്ടിരിക്കേ മുഗള്‍ സാമ്രാജ്യത്തിന്റെ തന്ത്രപ്രധാനമായ താവളമായ ബഹ്റാംപൂര്‍ ആക്രമിക്കപ്പെടുന്നു. സിംഹമേ മരിച്ചിട്ടുള്ളൂ, സിംഹകുട്ടി ജീവനോടെ ഉണ്ട് എന്ന പ്രഖ്യാപനത്തോടെ സംബാജിയുടെ ആക്രമണമാണിത്. സങ്കേതിക വിദ്യയെല്ലാം പുരോഗമിക്കുകയും ആക്ഷന്‍ കോറിയോഗ്രാഫി, പ്രദേശിക സിനിമകളില്‍ പോലും ലോക നിലവാരം സൂക്ഷിക്കുകയും ചെയ്യുന്ന കാലത്ത് ഇത്രയും ദയനീയമായ ചിത്രീകരണം നമ്മള്‍ അധികം കാണാന്‍ വഴിയില്ല. ആകാശത്തേയ്ക്ക് ഉയര്‍ന്ന് ചാടിയും ശരിക്കും സിംഹത്തെ വെറും കയ്യുകൊണ്ട് മല്‍പിടിച്ച് തോല്‍പ്പിച്ചും സംബാജി ബഹ്റാംപൂര്‍ കീഴടക്കി സ്വത്ത് കൊള്ളയടിച്ച് തിരിച്ച് പോകുന്നു. ഈ വാര്‍ത്ത ഡല്‍ഹിലെത്തുമ്പോള്‍ കുപിതനായ ഔറംഗസീബ് തന്റെ കിരീടം നിലത്ത് വയ്ക്കുകയും സംബാജിയെ ഇല്ലാതാക്കിയിട്ടേ അത് വയ്ക്കുകയുള്ളൂ എന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു.

അതിനിടയില്‍ സ്വന്തം മന്ത്രിസഭാംഗങ്ങള്‍, രണ്ടാനമ്മ, ഭാര്യാസഹോദരന്മാര്‍ എന്നിവരുടെ എല്ലാം ചതികളിലൂടെ കടന്ന് പോകുന്ന സംബാജി ധീരോദാത്തനായി നിലകൊള്ളുന്നു. സംബാജിയെ ആക്രമിക്കാന്‍ വരുന്ന മുഗള്‍ പടയാകട്ടെ പാവപ്പെട്ട മനുഷ്യരെ മുഴുവന്‍ കൊന്നുതള്ളുന്നുണ്ട്. സംബാജിയുടെ പീരങ്കി മുഴങ്ങുന്നതിനൊപ്പം ഇടമിന്നല്‍ ശബ്ദം കേട്ട് ആട് മേച്ചുകൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടി ആട്ടിന്‍ പറ്റത്തിനെ തിരിച്ച് വീട്ടിലേയ്ക്ക് നയിക്കുന്ന ഒരു ദൃശ്യം നമുക്ക് കാണാം. അടുത്ത കട്ടില്‍ മലയിറങ്ങി പായുന്ന ആട്ടിന്റെ പറ്റത്തിന്റെ പുറകില്‍ മുഗള്‍ പട കുതിച്ച് വരുന്നതാണ്. ആ മുഗള്‍ പടയ്ക്ക് മുന്നില്‍ തീയിലെരിയുന്ന ആ പെണ്‍കുട്ടി. തുടര്‍ന്ന് കിണറുകളിലേയ്ക്ക് അരിഞ്ഞ് തള്ളപ്പെടുന്ന ഗ്രാമീണര്‍, ബലാത്സംഗം ചെയ്യപ്പെടാന്‍ പിടിച്ച് കൊണ്ടുപോകുന്ന പെണ്‍കുട്ടികള്‍, ചോരപ്പുഴയായി അക്ഷരാര്‍ത്ഥത്തില്‍ മാറിയ നീര്‍ച്ചാലുകള്‍ എന്നിവ നമുക്ക് കാണാം. ‘ക്രൂര മുഹമ്മദീയ’രുടെ ആ വരവോട് കൂടി അവരുടെ സ്വഭാവം കൂടി സ്ഥാപിച്ചാണ് ഒന്നാം പകുതി കഴിയുന്നത്.

രണ്ടാം പകുതിയില്‍ ചതിയിലൂടെ മുഗള്‍ സേന പിടിക്കുന്ന സംബാജിയെ ഔറംഗസീബിന്റെ താത്പര്യത്താല്‍ ഉപദ്രവിക്കപ്പെടുന്നതാണ്. തീയേറ്ററുകളില്‍ മുദ്രവാക്യവും കണ്ണീരും മുഗളരോടും മുസ്ലീങ്ങളോടുമുള്ള പ്രതിഷേധവും നിറയ്ക്കുന്ന സീനുകളാല്‍ സമ്പന്നമാണ് ആ പകുതി. സിനിമയെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കണ്ടാല്‍ നമുക്കത് മനസിലാകും. മുസ്ലീങ്ങളുടെ തനി സ്വഭാവം നമുക്ക് ഈ സിനിമയില്‍ കാണാമെന്നും സംബാജിയുടെ ചോരയ്ക്ക് പ്രതികാരം ചെയ്യണമെന്നും ഇത് ഹിന്ദുത്വയുടെ സുരക്ഷിത കരങ്ങളിലേയ്ക്ക് ബോളിവുഡ് എത്തുന്നതിന്റെ സൂചനയാണ് എന്നും സംഘപരിവാര്‍ അനുകൂലികള്‍ ചര്‍ച്ച ചെയ്യുന്നു. ‘ഖാന്‍’മാരില്‍ നിന്നും ഇസ്ലാമിസ്റ്റുകളില്‍ നിന്നും ബോളിവുഡിനെ മോചിപ്പിക്കാന്‍ സമയമായി എന്നാണ് ചിലരുടെ നിലപാട്. പലയിടങ്ങളിലും അക്ബര്‍ റോഡ്, ബാബര്‍ റോഡ് തുടങ്ങിയ സൈനേജുകളില്‍ മൂത്രമൊഴിച്ചും കറുത്ത ചായം തേച്ചും അതിനെ ‘ഛത്രപതി ശിവജി’ എന്ന് മാറ്റിയെഴുതിയും ഹിന്ദുത്വസംഘങ്ങള്‍ ആഘോഷിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും മുതല്‍ സംഘപരിവാര്‍ സേനയിലെ മുഴുവന്‍ അണികളും ‘ഛാവ’ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

chaava movie

വിക്കി കൗശലിന്റെയും രശ്മിത മണ്ഡാനയുടേയും അഭിനയം മുതല്‍ സകല രംഗങ്ങളിലും നിലവാരമില്ലാത്ത ഒരു സിനിമയെ ഹിന്ദുത്വയുടെ ആശയപ്രചാരണത്തിനുള്ള ഒരു ഉപാധി എന്ന നിലയില്‍ വിജയിപ്പിക്കാനും ആഘോഷിക്കാനും ഈ ഭരണകൂടത്തിലും ഈ കാലത്തിനും സാധിക്കുന്നുണ്ട് എന്നതാണ് ദുഖകരം. കാവികൊടി കെട്ടിയ രഥങ്ങളില്‍ താരങ്ങള്‍ ഒരുപരിധിയുമില്ലാതെ മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുകയും അതിന് ചരിത്രം വളച്ചൊടിച്ച് ഉപയോഗിക്കുകയും ചെയ്യുമെന്നതിന് മറ്റൊരു ഉദാഹണമാണ് ‘ഛാവ’. chhaava is a Bollywood movie that allegedly distorts history to spread anti-Islam sentiments

Content Summary; chhaava is a Bollywood movie that allegedly distorts history to spread anti-Islam sentiments

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×