കേരളത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, നിയമ സംവിധാനങ്ങളുടെയും സാമൂഹിക മനോഭാവത്തിന്റെയും വീഴ്ചകൾ തുറന്നുകാട്ടുകയാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗവും അഭിഭാഷകയുമായ അഡ്വ. ജെ. സന്ധ്യ. നമ്മുടെ നിയമവ്യവസ്ഥയിൽ, കുട്ടികളുടെ സംരക്ഷണത്തിന് ആവശ്യമായ നിയമത്തിന്റെയും പദ്ധതികളുടെയും സംവിധാനങ്ങളുടെയും അഭാവമില്ല. എന്നിട്ടും, കുട്ടികൾ തുടർച്ചയായി അതിക്രമങ്ങൾക്ക് ഇരയാകുകയാണ്.
സാമൂഹിക സംവേദനക്ഷമതയുടെ കുറവും അവബോധം നൽകുന്നതിലെ സർക്കാർ പരാജയവുമാണ് ഇതിന് പിന്നിൽ. നിയമ സംവിധാനങ്ങൾക്കും അപ്പുറം, സാമൂഹിക സംവേദനക്ഷമത നഷ്ടപ്പെട്ട പൊതുസമൂഹത്തിനും അതുപോലെ അവബോധം നൽകുന്നതിൽ വീഴ്ച വരുത്തിയ സർക്കാരിനുമാണെന്ന് അഡ്വ. സന്ധ്യ അഴിമുഖത്തോട് പറയുന്നു.
കുടുംബമാണ് പ്രഥമം, സംരക്ഷണം ഉറപ്പാക്കേണ്ടത് സർക്കാർ
ബാലനീതി നിയമം അനുസരിച്ച്, കുട്ടികളുടെ പരിപാലനത്തിനുള്ള പ്രാഥമികവും പൂർണ്ണവുമായ ഉത്തരവാദിത്തം കുടുംബത്തിനാണ്. കുടുംബത്താൽ പരിപാലിക്കപ്പെടുക എന്നത് കുട്ടികളുടെ അവകാശമാണ്. എന്നാൽ, ഈ അവകാശം നിഷേധിക്കപ്പെടുകയോ, കുടുംബാംഗങ്ങൾ കുട്ടിയെ പരിപാലിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്യുമ്പോൾ മാത്രമാണ്, സംസ്ഥാന സർക്കാർ രക്ഷിതാവിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നത്.
കുട്ടികളെ പരിപാലിക്കാനുള്ള പ്രാഥമികവും നിയമപരവുമായ ഉത്തരവാദിത്തം മാതാപിതാക്കളിൽ നിക്ഷിപ്തമാണ്. കുട്ടികൾക്ക് നല്ല രീതിയിലുള്ള സംരക്ഷണവും പരിചരണവും നൽകുക എന്നത് അവരുടെ അടിസ്ഥാനപരമായ അവകാശമാണ്. എന്നാൽ, നിർഭാഗ്യവശാൽ ചില സാഹചര്യങ്ങളിൽ മാതാപിതാക്കളിൽ നിന്നോ കുടുംബത്തിൽ നിന്നോ കുട്ടികൾക്ക് വേണ്ടത്ര സംരക്ഷണം ലഭിക്കാതിരിക്കുകയോ, അവർ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ മാത്രമാണ് സർക്കാരിന് നിയമപരമായി ഇടപെടേണ്ടി വരുന്നത്. അത്തരം സന്ദർഭങ്ങളിൽ, കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള രക്ഷിതാവിന്റെ അധികാരം സർക്കാർ ഏറ്റെടുക്കുന്നു.
ഒരു കുട്ടിക്ക് മതിയായ സംരക്ഷണം ലഭിക്കുന്നില്ലെന്നോ, കുടുംബത്തിനുള്ളിൽ സുരക്ഷിതരല്ലെന്നോ കണ്ടെത്തിക്കഴിഞ്ഞാൽ, സംസ്ഥാനത്തിന് നിയമപരമായി ഇടപെടാൻ അധികാരമുണ്ട്. ബാലനീതി നിയമം പോലുള്ള ചട്ടങ്ങൾ ഉപയോഗിച്ച്, കുട്ടിയെ ആ കുടുംബ അന്തരീക്ഷത്തിൽ നിന്ന് പുറത്തുകൊണ്ടുവരുവാനും മാറ്റിപ്പാർപ്പിക്കുവാനും സർക്കാരിന് അവകാശമുണ്ട്. അങ്ങനെ പുറത്തുകൊണ്ടുവരുന്നതോടെ, കുട്ടിയുടെ പൂർണ്ണമായ ഉത്തരവാദിത്വം (പരിചരണം, വിദ്യാഭ്യാസം, സംരക്ഷണം എന്നിവ ഉൾപ്പെടെ) സർക്കാരിന്റെ ഉത്തരവാദിത്വമായി മാറുന്നു.
മാതാപിതാക്കൾക്ക് നിയമം നിശ്ചയിക്കുന്ന പരിധി
കുടുംബാംഗങ്ങളുടെയും രക്ഷിതാക്കളുടെയും അധികാരപരിധി, കുട്ടികൾക്ക് ഒരു തരത്തിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകളോ ഉപദ്രവങ്ങളോ ഉണ്ടാകാത്ത തരത്തിലുള്ള പരിപാലനമാണ് നിയമം അനുശാസിക്കുന്നത്. കുട്ടികളുടെ സംരക്ഷണ ചുമതലയുടെ ഈ പരിധി ലംഘിക്കപ്പെടുകയോ, കുട്ടികൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം നടക്കുകയോ ചെയ്താൽ, അത് ശിക്ഷാർഹമായ കുറ്റകൃത്യമായി നിയമം കണക്കാക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാഹചര്യങ്ങൾ കാരണം, കുട്ടികളെ വേണ്ടവിധം പരിപാലിക്കാനുള്ള മാനസികാവസ്ഥ നമ്മുടെ നാട്ടിൽ ഇപ്പോൾ പല മാതാപിതാക്കൾക്കും ഇല്ലാതെ വരുന്നു എന്ന് കാണാം.
അവരുടെ വ്യക്തിപരമായ സാഹചര്യങ്ങൾ എന്തുതന്നെയായാലും, ഈ അവസ്ഥയിൽ നമ്മുടെ കുട്ടികൾക്ക് കൂടുതൽ സംരക്ഷണം നൽകേണ്ടതിന്റെ ആവശ്യകത വർധിച്ചിരിക്കുന്നു.നമ്മൾ സാങ്കേതികമായും സാമൂഹികമായും എത്രയൊക്കെ പുരോഗമിച്ചു എന്ന് അവകാശപ്പെടുമ്പോഴും, നമ്മുടെ കുട്ടികൾ ഇപ്പോഴും തുടർച്ചയായി അതിക്രമങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നു.കേരളസമൂഹത്തിൽ കൈവരിച്ച എല്ലാ പുരോഗതിക്കും ഇവയൊക്കെ നാണക്കേട് ഉണ്ടാകുന്ന വസ്തുത തന്നെയാണ്.
നിയമ സംവിധാനങ്ങളുടെ വീഴ്ച
നമ്മുടെ നിയമങ്ങൾ, പ്രത്യേകിച്ച് ബാലനീതി നിയമം, ഒരു കാര്യം വ്യക്തമായി അനുശാസിക്കുന്നുണ്ട്. സാമൂഹിക വെല്ലുവിളികളിലൂടെ കടന്നുപോകുന്ന, അതിക്രമങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ള ‘ദുർബലരായ’ കുട്ടികളെ തിരിച്ചറിയേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമായ അതീവ പ്രധാനമായ ഉത്തരവാദിത്വം നമുക്കുണ്ട്. കൃത്യമായ ശ്രദ്ധയും ഇടപെടലും ആവശ്യമുള്ള അത്തരം കുട്ടികളെ പ്രത്യേകം പരിഗണിക്കണം. എന്നാൽ നിർഭാഗ്യവശാൽ, ഈ സുപ്രധാന ദൗത്യം നിർവഹിക്കുന്നതിൽ നമ്മുടെ സംവിധാനങ്ങൾ പലപ്പോഴും പരാജയപ്പെട്ടുപോയി എന്നതാണ് ഏറ്റവും വലിയ വീഴ്ച. ഈ കുട്ടികളെ കണ്ടെത്തി, അവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ നമ്മൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
വികേന്ദ്രീകരണം ഭരണത്തെ ജനങ്ങളിലേക്ക് അടുപ്പിക്കുകയും വികസന കാര്യങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു എന്നത് ഒരു വിജയമാണ്. എന്നാൽ, ദുർബല കുടുംബങ്ങളെ കണ്ടെത്തി, അവരുടെ സാമൂഹിക-സാമ്പത്തിക ഘടന മെച്ചപ്പെടുത്തുന്നതിൽ നാം പരാജയപ്പെടുന്നു.ഓരോ വാർഡിലുമുള്ള ഏറ്റവും ദുർബലരായ കുടുംബങ്ങളെ , പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും അതിക്രമങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ള കുട്ടികളുള്ളവരെയും കൃത്യമായി തിരിച്ചറിയുന്നതിൽ നിലവിലെ സംവിധാനങ്ങൾക്ക് പലപ്പോഴും കഴിയുന്നില്ല എന്ന പ്രശ്നമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. വികസനത്തിന്റെ ഫലം എല്ലാവർക്കും ഒരുപോലെ ലഭിക്കുമ്പോളാണ് വികേന്ദ്രീകരണം പൂർണ്ണമായും വിജയിക്കുന്നത്. ദുർബലരായ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ ആ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ.
നമ്മുടെ നാട്ടിൽ നിയമത്തിന്റെയോ, പദ്ധതികളുടെയോ, സംവിധാനങ്ങളുടെയോ അഭാവമില്ല. എന്നിട്ടും ഇത്തരം കേസുകൾ ഉണ്ടാകുമ്പോൾ, നിയമസംവിധാനത്തിന്റെ ഇടപെടലാണ് നിർണായകമാകുന്നത്. ഒരു കുട്ടി മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് ശ്രദ്ധയിൽ പെട്ടാൽ, ആ വിഷയത്തിൽ ജ്യുഡീഷ്യറിയാണ് അഥവാ നീതിന്യായ വ്യവസ്ഥയാണ് ഇടപെടേണ്ടത്.
ഒരു കുട്ടി മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നമ്മുടെ അറിവിൽപ്പെട്ടാൽ, ആ വിഷയത്തിൽ ഇടപെടാനും കുട്ടിയെ സംരക്ഷിക്കാനും ശിശുക്ഷേമ സമിതി, ചൈൽഡ്‌ലൈൻ, തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങളെ വിവരം അറിയിക്കാം. കുട്ടികൾ മോശം സാഹചര്യത്തിലാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ഈ സംവിധാനങ്ങൾ കുട്ടിയുടെ സാഹചര്യം വിലയിരുത്തുകയും ആവശ്യമെങ്കിൽ അവരെ കുടുംബത്തിൽ നിന്ന് മാറ്റി സുരക്ഷിത സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നു. നിയമപരമായ ഈ ഇടപെടലാണ് കുട്ടിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നത്.
നിയമവ്യവസ്ഥയുടെയും സംവിധാനങ്ങളുടെയും വിജയത്തിന് സാമൂഹിക സംവേദനക്ഷമതയും അനിവാര്യമാണ്.
‘കണ്ടില്ലെന്ന് നടിക്കരുത്’
“ഇതൊക്കെ ഓക്കെയാണ്” എന്ന തെറ്റായ ചിന്താഗതി നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. “അവൻ അവന്റെ കുട്ടിയെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യട്ടെ” എന്ന ലാഘവബുദ്ധിയോടെയുള്ള ഈ നിലപാട് തിരുത്തപ്പെടേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ, കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ സമൂഹം കൂടുതൽ സംവേദനക്ഷമതയുള്ളവരായി മാറേണ്ടതുണ്ട്.
ഒരു കുട്ടി ഉപദ്രവിക്കപ്പെടുന്നു എന്ന് അറിയുന്ന അയൽവാസികളോ മറ്റ് ആളുകളോ അത് കണ്ടില്ലെന്ന് നടിക്കുന്നത് ഈ വിഷയത്തിലെ ഏറ്റവും വലിയ ദുരന്തമാണ്. കുട്ടികളെ രക്ഷിക്കാൻ സംവിധാനങ്ങൾ മാത്രം ഉണ്ടായാൽ പോരാ. ചുറ്റും നിൽക്കുന്ന ആളുകൾ കൂടി അതിൽ സംവേദനക്ഷമരായി നിലനിൽക്കണം.പലപ്പോഴും, കുട്ടിയുടെ അവസ്ഥ കൂടുതൽ മോശവും ഗുരുതരവും ആകുമ്പോൾ മാത്രമാണ് അധികാരികൾ പോലും പല കാര്യങ്ങളും അറിയുന്നത്.
കുട്ടികളെ രക്ഷിക്കാൻ നിയമപരമായ സംവിധാനങ്ങൾ മാത്രം ഉണ്ടായിട്ട് കാര്യമില്ല. ചുറ്റും നിൽക്കുന്ന ആളുകൾ കൂടി അതിൽ സംവേദനക്ഷമരായി നിലകൊള്ളേണ്ടതുണ്ട്. കാരണം, പലരും പലതും അറിയുന്നത് കുട്ടിയുടെ അവസ്ഥ കൂടുതൽ മോശവും ഗുരുതരവും ആകുമ്പോഴാണ്.ചുറ്റും നിൽക്കുന്നവർ ഉത്തരവാദിത്തമുള്ളവരും അവിടെ നടക്കുന്നത് ഒരു അനീതിയാണ് എന്ന് തുറന്നുകാട്ടാൻ തയ്യാറാകണം.
വടിയും അടിയും വേണ്ട!
നമ്മുടെ സമൂഹത്തിൽ ഇപ്പോഴും വേരൂന്നിയ ഒരു ചിന്താഗതിയുണ്ട്:
“അച്ഛനും അമ്മയ്ക്കും തല്ലാം, കൊല്ലാനും അവകാശമുണ്ട്. അത് ശിക്ഷണത്തിന്റെ ഭാഗമാണ്.” ഈ മനോഭാവം കാരണം, കുട്ടികൾക്കെതിരായ ശാരീരികമായോ മാനസികമായോ ഉള്ള അതിക്രമങ്ങളെ പലരും ‘ഓക്കെയാണ്’ എന്ന മട്ടിൽ കാണുന്നു. നിയമം അനുശാസിക്കുന്ന പരിധിക്കപ്പുറമുള്ള ഈ നടപടികൾ ശിക്ഷാർഹമാണെന്ന് മനസ്സിലാക്കാൻ സമൂഹം തയ്യാറാകാത്തിടത്തോളം കാലം, നിയമ സംവിധാനങ്ങൾക്ക് ഒറ്റയ്ക്ക് കുട്ടികളെ സംരക്ഷിക്കാൻ കഴിയില്ല.സാമൂഹിക ചിന്താഗതിയിൽ ഒരു മാറ്റം വന്നാൽ മാത്രമേ, കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും പ്രതിരോധിക്കപ്പെടുകയും ചെയ്യുകയുള്ളൂ.
ജനപ്രതിനിധികളും കുടുംബശ്രീ പോലുള്ള പ്രാദേശിക സംഘടനകളും വിഷയത്തിൽ ഇടപെടണം. ജനപ്രതിനിധികൾക്കും പ്രാദേശിക സംഘടനകൾക്കും പോലും കുട്ടികളെ സംബന്ധിച്ച വിഷയങ്ങളിൽ എങ്ങനെ നിയമപരമായും മാനുഷികപരമായും ഇടപെടണം എന്നതിൽ കൃത്യമായ അവബോധം സൃഷ്ടിക്കണം. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളിലും വ്യക്തമായി പറയുന്നത്, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന് ഉണ്ട് എന്നാണ്. ഈ വിഷയങ്ങളിൽ അവബോധം നൽകാനുള്ള നിരന്തര ശ്രമം നിർഭാഗ്യവശാൽ പലപ്പോഴും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
“വടിയും അടിയും ഇല്ലാതെ” എങ്ങനെ പോസിറ്റീവ് പാരന്റിംഗ് നടത്താൻ കഴിയും, കുട്ടികളെ എങ്ങനെ മികച്ച രീതിയിൽ പരിപാലിക്കണം എന്നതിനെക്കുറിച്ച് തുടർച്ചയായി സംസാരിക്കേണ്ട ഒരു വിഷയമാണ്. എന്നാൽ, ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര അവബോധം എവിടെയും കാണുന്നില്ല.ഈ വിഷയത്തിൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണം.
തുടങ്ങാം പോസിറ്റീവ് പാരന്റിംഗ്
പോസിറ്റീവ് പാരന്റിംഗ് രീതികളെക്കുറിച്ച് രക്ഷിതാക്കളെ നിരന്തരം ബോധവൽക്കരിക്കേണ്ടതും, മാതാപിതാക്കളുടെ അധികാരപരിധി എവിടെ അവസാനിക്കുന്നു എന്ന് കൃത്യമായി പഠിപ്പിക്കേണ്ടതും സർക്കാരിന്റെ കടമയാണ്.”കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളാണ്” എന്ന് നിരന്തരം പറയുമ്പോഴും ആ വാഗ്ദാനങ്ങളെ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും സർക്കാർ തന്നെയാണ്. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്ക് പിന്തുണ നൽകാൻ, പാരന്റിംഗിൽ സർക്കാരിന്റെ മോണിറ്ററിംഗ് സംവിധാനങ്ങൾ ശക്തമാക്കേണ്ടതുണ്ട്.
നിലവിൽ കാര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും, അത് പോരാ എന്ന ചിന്താഗതി നിലനിർത്തിക്കൊണ്ട്, കുട്ടികളുടെ സുരക്ഷയിലും ക്ഷേമത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചും, കേരളത്തിന് ഒരു പ്രതികൂല ജനസംഖ്യാ അനുപാതം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, ജനിക്കുന്ന ഓരോ കുട്ടിയും സ്വർണ്ണത്തേക്കാൾ വിലമതിക്കുന്ന കുഞ്ഞുങ്ങളാണ്. അതുകൊണ്ടുതന്നെ, ആ കുഞ്ഞുങ്ങളെ അതേപോലെ അമൂല്യമായി പരിപാലിക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്കും സംസ്ഥാനത്തിനും മാത്രമല്ല, സമൂഹത്തിലെ എല്ലാവർക്കുമുണ്ട്.
content summary: children unsafe even within their homes: a crisis in progressive kerala
This post was last modified on November 16, 2025 6:39 am
Leave a Comment