June 23, 2025 |
Share on

അധികാരമേറ്റ് ആറാം നാള്‍ മെകിസ്‌ക്കോയിലെ മേയര്‍ കൊല്ലപ്പെട്ടു

ലഹരി മാഫിയ ശക്തമായ പ്രദേശത്താണ് മേയറുടെ മൃതദേഹം കണ്ടെത്തിയത്

ലഹരി മാഫിയ ശക്തമായ മെക്‌സിക്കോയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മേയര്‍ കൊല്ലപ്പെട്ടു. അധികാരമേറ്റ് ഒരാഴ്ച്ചപോലും തികയും മുന്നേയാണ് മേയര്‍ അലസാണ്ട്രോ ആര്‍ക്കോസിന്റെ ജീവന്‍ നഷ്ടപ്പെട്ടത്. മെക്‌സിക്കോയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ ഗുറേറോയിലെ ചില്‍പാന്‍സിംഗോ നഗരത്തിലെ മേയറായിരുന്നു ആര്‍ക്കോസ്. ഇവിടെ തന്നെയാണ് മൃതദേഹം കണ്ടെത്തിയതും. കൊലപ്പെടുന്നതിന് ആറു ദിവസം മുമ്പാണ് ആര്‍ക്കോസ് മേയര്‍ ആയി ചുമതലയേല്‍ക്കുന്നത്. മെക്‌സിക്കന്‍ സിറ്റിയുടെ പുതിയ സെക്രട്ടറിയായി നിയമിതനായ ഫ്രാന്‍സിസ്‌കോ ടാപിയയെ വെടിവച്ച് കൊന്ന് മൂന്നാം ദിവസമാണ് മേയറും കൊല്ലപ്പെട്ടത്. ആരാണ് മേയറുടെ കൊലപാതകത്തിന് പിന്നിലെന്നോ, അന്വേഷവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ലോകത്ത് തന്നെ കുപ്രസദ്ധിമായ മെക്‌സിക്കന്‍ ഡ്രഗ് കാര്‍ട്ടലുകള്‍ക്ക് ഏറെ സ്വാധീനമുള്ള സ്ഥലമായാണ് ഗുറേറോ അറിയപ്പെടുന്നത്. ലഹരി സംഘങ്ങളുടെ ആക്രമണം ഇവിടെ കൂടുതലാണ്. രാഷ്ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും, പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം കൊല്ലപ്പെടുന്നത് മെക്‌സിക്കോയില്‍ പതിവാണ്. പലതിനു പിന്നിലും ലഹരി മാഫിയ ആയിരിക്കും.

മേയര്‍ ആര്‍ക്കോസിന്റെതാണെന്ന് പറയുന്ന മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മേയറുടെ കൊലപാതകം അധികൃതര്‍ സ്ഥിരീകരിക്കുന്നത്.

ജോണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത വെള്ളപ്പൊക്കം നേരിട്ടിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ മേയറുടെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച് ആര്‍ക്കോസ് സജീവമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വ്യക്തമാക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തകരുമായും ദുരന്തബാധിതരായ ജനങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുന്ന ചിത്രങ്ങളും കൊലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായി സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

ആര്‍ക്കോസിന്റെയും താപിയയുടെയും കൊലപാതകങ്ങള്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അക്രമങ്ങളും ശിക്ഷകളും അവസാനിപ്പിക്കണമെന്നും, ഗുറേറോയിലെ ജനങ്ങള്‍ പേടിച്ച് ജീവിക്കേണ്ടവരുമല്ലെന്നാണ്, ആര്‍ക്കോസിന്റെ പാര്‍ട്ടിയായ ഇന്‍സ്റ്റിറ്റിയൂഷണല്‍ റെവല്യൂഷണറി പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍ക്കോസിന് നീതി കിട്ടണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. പ്രാദേശിക തലത്തിലുള്ള രാഷ്ട്രീക്കാരാണ് അഴിമതിയുടെയും ലഹരി വ്യാപരത്തിന്റെയും ഇരകളായി കൂടതലും കൊല്ലപ്പെടുന്നതെന്നാണ് വിവരം. ലഹരി വ്യാപരത്തിന്റെ ദുരിതം ഏറ്റവുമധികം ബാധിക്കുന്നൊരു സംസ്ഥാനമാണ് ഗുറേറോ. പസഫിക് തീരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ മയക്കുനരുന്ന് കച്ചവടത്തിന്റെ കേന്ദ്രമാണിവിടം. ശക്തരായ ലഹരി മാഫിയകളായ അര്‍ഡിലോസും ട്‌ലാകോസും നിരന്തരം ഏറ്റുമുട്ടുന്ന ഒരു യുദ്ധഭൂമിയാണ് മേയറുടെ മൃതദേഹം കണ്ടെത്തിയ ചില്‍പാന്‍സിംഗോ. ജൂണ്‍ രണ്ടിന് നടന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുറേറോയില്‍ ആറ് സ്ഥാനാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.

2006ല്‍ മയക്കുമരുന്ന് കടത്ത് തടയാന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചതിന് ശേഷം മെക്‌സിക്കോയിലുടനീളം 450,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. chilpancingo mayor murdered just 6 days after taking office in mexico

Content Summary; chilpancingo mayor murdered just 6 days after taking office in mexico

Leave a Reply

Your email address will not be published. Required fields are marked *

×