മിഡില്‍ ഈസ്റ്റിനെ മാത്രമല്ല, ലോകത്തെ തന്നെ ഭീഷണിയിലാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചിരിക്കുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചയോടെ ടെഹ്‌റാനില്‍ അടക്കം ഇസ്രയേല്‍ നടത്തിയിരിക്കുന്ന വന്‍ വ്യോമാക്രമണമാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. നിരവധി ആണവ ശാസ്ത്രജ്ഞരെയും അവരുടെ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് ഉള്‍പ്പെടെയുള്ള സൈനികോദ്യോഗസ്ഥരെയും വധിച്ചിരിക്കുന്നു. ആക്രമണം അവസാനിപ്പിച്ചിട്ടില്ലെന്നാണ് ബഞ്ചമിന്‍ നെതന്യാഹു പറയുന്നത്. ഇറാനില്‍ നിന്നുള്ള ഭീഷണി ഇല്ലാതാക്കാന്‍ വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി പറയുന്നത്. ഇറാന്റെ ആണവ ഭീഷണിയാണ് ഇസ്രയേല്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. തങ്ങള്‍ക്ക് ഈ ആക്രമണത്തില്‍ പങ്കില്ലെന്ന് അമേരിക്ക പറയുമ്പോഴും, ഇസ്രയേലിന് അവരുടെ വ്യക്തമായ പിന്തുണയുണ്ട്. ഇക്കാര്യം ഇറാന്‍ ആരോപിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മിഡില്‍ ഇനി കൂടുതല്‍ അപകടമേഖലയാകും.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. അതോരോ ഘട്ടത്തിലും കൂടുതല്‍ കൂടുതലായി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഈ സംഘര്‍ഷത്തിന്റെ സമീപകാല ചരിത്രം നോക്കിയാല്‍ തീവ്രതയറിയാം. നേരിട്ടുള്ള ഏറ്റുമുട്ടലുകളോടെയായിരുന്നില്ല അതിന്റെ തുടക്കം.
2019 ല്‍ ഇറാന്റെ സഖ്യകക്ഷികള്‍ക്കെതിരേ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. സിറിയ, ലെബനന്‍, ഇറാഖ് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്ക് ഇറാന്‍ അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പെടെ നല്‍കി സഹായിക്കുന്നുവെന്ന പരാതിയോടെയായിരുന്നു ഇസ്രയേല്‍ ആക്രമണങ്ങള്‍. ഇറാഖിലൂടെയും വടക്കന്‍ സിറിയയിലൂടെയും ലെബനനിലേക്കുള്ള ആയുധ വിതരണ പാത സ്ഥാപിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഇസ്രയേലിന്റെ പ്രധാന പരാതി. ലെബനനിലെ തീവ്രവാദ സംഘടനയായ ഹിസ്ബുള്ള ഇറാന്റെ പിന്തുണയില്‍ നിലനില്‍ക്കുന്നവരാണെന്നാണ് ആരോപണം. കിഴക്കന്‍ മെഡിറ്ററേനിയന്‍, ചെങ്കടല്‍ എന്നിവിടങ്ങളിലൂടെ ഇറാനിയന്‍ എണ്ണയും ആയുധങ്ങളും വഹിച്ചുകൊണ്ടിരുന്ന കപ്പലുകളെയും ആ കാലത്ത് ഇസ്രയേല്‍ ആക്രമിച്ചിരുന്നു.
2020 നവംബറില്‍ ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസാദേയെ ഇസ്രയേല്‍ സൈന്യം ഒരു റിമോട്ട് നിയന്ത്രിത മെഷീന്‍ ഗണ്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത് ഇരുവര്‍ക്കുമിടയിലെ ശത്രുത വര്‍ദ്ധിപ്പിച്ചിരുന്നു.
2021 ല്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായി. അത് കരയിലായിരുന്നില്ല, കടലിലായിരുന്നു. ഫെബ്രുവരിയില്‍ ഒമാന്‍ തീരത്ത് ഒരു ഇസ്രയേല്‍ കപ്പല്‍ ആക്രമിക്കപ്പെട്ടു. വാഹനങ്ങള്‍ കൊണ്ടുപോകുന്ന ഒരു ഇസ്രയേലി കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഇറാനാണെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചത്. മാര്‍ച്ചില്‍ ഇസ്രയേലില്‍ തീരത്ത് നിന്നും 50 മൈല്‍ ദൂരെ മാറി തങ്ങളുടെ ഒരു കാര്‍ഗോ കപ്പല്‍ ആക്രമിക്കപ്പെട്ടെന്ന് ഇറാന്‍ ആരോപിച്ചു. അവിടം കൊണ്ടും തീര്‍ന്നില്ല. ഏപ്രിലില്‍ ഇറാന്‍ ആരോപിച്ചത്, ചെങ്കടിലില്‍ നങ്കൂരമിട്ടിരുന്ന തങ്ങളുടെ ഒരു സൈനിക കപ്പലിനെതിരേ മൈന്‍ ആക്രമണം ഉണ്ടായി എന്നാണ്. ഇസ്രയേലിനെയാണ് അവര്‍ കുറ്റപ്പെടുത്തിയത്. ഇത്തരത്തില്‍ കടല്‍ പോരാട്ടം ആ കൊല്ലത്തില്‍ വീണ്ടും ഉണ്ടായിക്കൊണ്ടിരുന്നു.
2022 ല്‍ ഇറാന് വലിയൊരു തിരിച്ചടി ഉണ്ടായി. മെയ് മാസത്തില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കേണല്‍ സയാദ് ഖോഡായിയെ വെടിവച്ചു കൊന്നു. മോട്ടോര്‍ സൈക്കിളുകളിലെത്തിയ രണ്ട് കൊലയാളികളായിരുന്നു ഖോഡായിയെ വധിച്ചത്. ഇതിനു പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാന്‍ ആരോപിച്ചു. കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലുകളും നടത്തിയ ഒരു രഹസ്യ ഓപ്പറേഷന് ചുക്കാന്‍ പിടിച്ചിരുന്നയാളായിരുന്നു കേണല്‍ സയാദ് ഖോഡായി എന്നാണ് ഇസ്രയേല്‍ കുറ്റപ്പെടുത്തിയിരുന്നത്. അയാളുടെ വധത്തിന് പിന്നില്‍ തങ്ങള്‍ തന്നെയാണെന്ന് ഇസ്രയേല്‍ അമേരിക്കയോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അതേ മാസത്തില്‍ തന്നെ രണ്ട് മരണങ്ങള്‍ കൂടി ഇറാനെ ഞെട്ടിച്ചു. അവരുടെ സൈനിക ഗവേഷണ കേന്ദ്രത്തിലെ എയറോനോട്ടിക്കല്‍ എഞ്ചിനീയര്‍ അയൂബ് എന്റസാരി, ജിയോളജിസ്റ്റ് കമ്രാന്‍ അഘമോലൈ എന്നിവര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ഇസ്രയേല്‍ വിഷം നല്‍കി നടത്തിയ കൊലപാതകങ്ങള്‍ എന്നായിരുന്നു ഇറാന്റെ ആരോപണം. എന്നാല്‍ ഇസ്രയേല്‍ ഇത് നിഷേധിക്കുകയായിരുന്നു.
ഇസ്രയേലിന് ഇറാനോടുള്ള വിരോധം കൂട്ടിയ സംഭവമായിരുന്നു 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ കൂട്ടക്കൊല. ഇസ്രയേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായൊരു ദിവസം. അതിനെ തുടര്‍ന്നാണ്, അരക്കോടിയിലേറെ മനുഷ്യരെ കൊന്നൊടുക്കിയിട്ടും ഇപ്പോഴും ഇസ്രയേല്‍ തുടരുന്ന ഗാസ യുദ്ധം ആരംഭിക്കുന്നത്. ഹമാസിന ഇറാന്‍ പിന്തുണയ്ക്കുന്നുവെന്നതാണ് ഇസ്രയേലിന്റെ ആരോപണം. മേഖലയില്‍, ഇറാന്‍ പിന്തുണയ്ക്കുന്ന തീവ്രവാദ സംഘടനകള്‍ ഹമാസിനൊപ്പമാണ്. ഇവരില്‍ ലെബനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂതികളും ഇസ്രയേലിനെതിരേ ആക്രമണം നടത്തുന്നുണ്ട്.
ഒക്ടോബര്‍ 7 ലെ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞത്. എന്നാല്‍ മിഡില്‍ ഈസ്റ്റിലെ ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ സംഘടനകളില്‍ നിന്ന് തങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നായിരുന്നു ഹമാസ് നേതാക്കള്‍ സമ്മതിച്ചത്. ഹമാസ് ഇറാനുമായി തങ്ങളുടെ പദ്ധതികള്‍ ചര്‍ച്ച ചെയ്തിരുന്നതായി രേഖകള്‍ പുറത്തുവന്നിരുന്നു.
അതേ വര്‍ഷം ഡിസംബറില്‍ സിറിയയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ ഒരു ഉന്നത ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ കൊലപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ഇസ്രയേല്‍ ആണെന്നായിരുന്നു ഇറാന്റെ ആരോപണം.
2024 ല്‍ ഇറാന് വീണ്ടും വലിയ തിരിച്ചടികള്‍ ഇസ്രയേലില്‍ നിന്നുണ്ടായി. ഏപ്രിലില്‍ ദമാസ്‌കസിലെ ഇറാനിയന്‍ എംബസി കെട്ടിടത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ഉന്നത ഇറാനിയന്‍ കമാന്‍ഡര്‍മാരും നാല് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.
ഈ ആക്രമണമാണ്, ഇസ്രയേല്‍-ഇറാന്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത്.
ദമാസ്‌കസിലെ ആക്രമണത്തിന് പകരം വീട്ടാനായി ടെഹ്റാന്‍ ഇസ്രായേലിലേക്ക് 300-ലധികം ഡ്രോണുകളും മിസൈലുകളുമാണ് ഇസ്രയേലിലേക്ക് വിട്ടത്. ഇറാന്‍ ഇസ്രയേലിനെതിരേ നേരിട്ട് നടത്തുന്ന ആദ്യത്തെ ആക്രമണം. ഇറാന്റെ ഡ്രോണുകളും മിസൈലുകളും എല്ലാം തന്നെ വെടിവച്ചു വീഴ്ത്തി ഇസ്രയേല്‍ പ്രതിരോധിച്ചു. ഇറാനിലെ ഒരു ആണവ കേന്ദ്രത്തെ സംരക്ഷിക്കുന്ന ഒരു വിമാനവിരുദ്ധ സംവിധാനത്തെ തകര്‍ത്ത് ഇസ്രയേലും തിരിച്ചടിച്ചു.
ഇറാനെ ഞെട്ടിച്ചൊരു കൊലപാതകം ജൂലൈയില്‍ ടെഹ്‌റാനില്‍ നടന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ കീഴിലുള്ള ഒരു ഗസ്റ്റ് ഹൗസില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവ് ഇസ്മായില്‍ ഹനിയെ കൊല്ലപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന് ഇസ്രയേല്‍ പിന്നീട് സ്ഥിരീകരിച്ചു.
സെപ്റ്റംബറില്‍, ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് നടന്ന ഒരു പേജര്‍ ആക്രമണത്തില്‍ ലെബനനിലെ ഇറാന്‍ അംബാസഡര്‍ മൊജ്തബ അമിനിയുടെ ഒരു കണ്ണ് നഷ്ടപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സമാനമായ ആക്രമണങ്ങള്‍ നടക്കുകയുണ്ടായി. ഡസന്‍ കണക്കിന് ആളുകളെയാണ് ഈ വിധത്തില്‍ കൊലപ്പെടുത്തിയത്. ഈ ആക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ തങ്ങളാണെന്ന് ഇസ്രായേല്‍ പിന്നീട് സമ്മതിക്കുകയുണ്ടായി.
സെപ്തംബറില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ലയെ കൊലപ്പെടുത്തി ഇസ്രയേല്‍ തിരിച്ചടി കൊടുത്തത് ഇറാന് കൂടിയായിരുന്നു. നസ്റല്ല, ഹാനിയെ എന്നിവരുടെ കൊലപാതകത്തിന് പ്രതികാരമായി ഒക്ടോബറില്‍ ഇറാന്‍ വീണ്ടും ഇസ്രയേലിലേക്ക് വീണ്ടും വ്യോമാക്രമണം നടത്തി. സൈനിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യം വച്ച് ഏകദേശം 180 ബാലിസ്റ്റിക് മിസൈലുകളാണ് പ്രയോഗിച്ചു. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടാകാതെ ഇസ്രയേല്‍ അവയെല്ലാം പ്രതിരോധിച്ചു.
ഇസ്രയേലിന്റെ തിരിച്ചടി അതേ മാസത്തില്‍ തന്നെ ഉണ്ടായി. ഇറാനിലെ നിര്‍ണായക സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേ നടത്തിയ വ്യോമാക്രമണത്തിലൂടെ അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തു.
നേരിട്ടുള്ള ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ വര്‍ഷം(2025) ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുകയെന്നത് ഇസ്രയേല്‍ നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു. ഏപ്രിലില്‍ ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി സംസാരിച്ചിരുന്നുവെങ്കിലും നയതന്ത്ര മാര്‍ഗം സ്വീകരിക്കാനായിരുന്നു ട്രംപിന്റെ ഉപദേശം.
എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണവും നിര്‍ത്തലാക്കണമെന്ന ഇറാനോടുള്ള ആവശ്യങ്ങള്‍ അവര്‍ നിഷേധിക്കുകയായിരുന്നു. പകരം ആണവ പദ്ധതിയുമായി മുന്നോട്ടു പോവുകയാണവര്‍ ചെയ്തത്.
ജൂണ്‍ 12 ന്, ഇസ്രയേല്‍ ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറയിപ്പ് നല്‍കിയിരുന്നു. ഇത്തരമൊരു നീക്കം എല്ലാ നയതന്ത്ര ചര്‍ച്ചകളും മുടക്കുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് നിരാശ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നടന്നിരിക്കുന്ന ആക്രമണം അമേരിക്ക അറിഞ്ഞുകൊണ്ടാണെന്ന ഇറാന്റെ ആരോപണം മറുവശത്ത് നില്‍ക്കുമ്പോഴാണ് ട്രംപ് ഇപ്പോഴും നിഷ്‌കളങ്കത കളിക്കുന്നത്. ഇറാനെതിരേ ആക്രമണം തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പറയുന്നത്. ഇറാനും പ്രതികാരത്തിന് ഇറങ്ങിയാല്‍ മേഖല വലിയൊരു യുദ്ധത്തിലേക്ക നീങ്ങുമെന്നാണ് വിലയിരുത്തല്‍. Explainer: Iran-Israel conflicts recent history
Content Summary; Explainer: Iran-Israel conflicts recent history
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.